ലേഖനം: ഉണർവ്വിന് വേണ്ടി ഇടിഞ്ഞു കിടക്കുന്ന യാഗപീഠം പണിയുക | ജോണ്‍സന്‍ ഡി സാമുവേല്‍

റിയ നാളുകളായി ദൈവജനം ഒരു ഉണർവ്വിനുവേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയാണ്. ദൈവജനത്തിന് ദൈവത്തിങ്കലേക്ക് മടങ്ങി വരുവാൻ ഇതിലും നല്ല ഒരു അവസരം ഇനി കിട്ടുമെന്ന് ചിന്തിക്കേണ്ട .ദൈവവചനത്തിന്റെ സത്യം ഗ്രഹിച്ചു പാപത്തെ വെറുത്ത് അനുതാപത്തോടും ഏറ്റുപറച്ചിലോടും കൂടെ ദൈവത്തോട് അടുക്കുമ്പോൾ യഥാർത്ഥ ഉണർവ്വ് സംഭവിക്കും ആയതിനാൽ ഈ സമയത്തെ തക്കത്തിൽ ഉപയോഗിക്കാം .

1. വ്യക്തിപരമായ ജീവിതത്തിൽ ക്രമീകരണങ്ങൾ വരുത്തുക. അവർ തങ്ങളുടെ ദുർമാർഗ്ഗം വിട്ടുതിരിഞ്ഞു എന്ന് ദൈവം അവരുടെ പ്രവർത്തികളാൽ കണ്ടപ്പോൾ താൻ അവർക്ക് വരുത്തുമെന്ന് അരുളിച്ചെയ്ത അനർത്ഥത്തെക്കുറിച്ച് അനുതപിച്ചു അത് വരുത്തിയതും ഇല്ല. (യോനാ 3:10) ഈ അവസരത്തിൽ നമ്മെ ഒന്ന് ശോധന ചെയ്യുന്നത് നല്ലതായിരിക്കും. നമ്മുടെ കുറവുകളെ കണ്ടുപിടിച്ചു തിരുത്തുവാൻ നമുക്ക് തയാറാകാം തീരുമാനങ്ങൾ വാക്കിൽ മാത്രം പോരാ പ്രവർത്തിയിൽ വെളിപ്പെടുമ്പോൾ ദൈവ പ്രവർത്തി കാണുവാൻ കഴിയും. ആദ്യ ഉണർവ്വ് വെളിപ്പെടേണ്ടത് വ്യക്തികളിൽ ആണ് വൃസനത്തിനുള്ള മാർഗ്ഗം എന്നിൽ ഉണ്ടോ എന്ന് നോക്കി ശാശ്വത മാർഗത്തിൽ എന്നെ നടത്തേണമേ (സങ്കീർത്തനങ്ങൾ 139 :24 )

2. ദൈവത്തിന് പ്രഥമസ്ഥാനം കൊടുക്കുന്നതിൽ പരാജയപ്പെട്ടു എങ്കിൽ മടങ്ങിവരാം മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിക്കുക അതോടെകൂടെ ഇതൊക്കെയും നിങ്ങൾക്ക് കിട്ടും(മത്തായി6:33) . പലതിനെയും നോട്ടമിട്ട് ലക്ഷ്യം തെറ്റി ഓടി ദൈവത്തെ പിന്നിലാക്കിയ മനുഷ്യാ നീ ദൈവത്തിങ്കലേക്ക് മടങ്ങി വരിക ലോക സ്നേഹം ദൈവത്തോട് ശത്രുത്വം ആകുന്നു എന്തിനുംമേതിനും ദൈവത്തിൽ ആശ്രിയിച്ചിരുന്ന നാം ഇന്ന് തിരക്കിലായി ദൈവിക കാര്യങ്ങൾക്ക് സമയം ഇല്ലാതെയായി. എന്തിനേറെ പ്രാർത്ഥനകൾ പോലും ചുരുക്കമായി പലരിലും ഇത് ഇല്ലാതെയായി . ദൈവത്തെ പിന്തള്ളിയവരൊക്കെ പരാജയത്തിന്റെ പടുകുഴിയിലേക്ക് വീണുകൊണ്ടിരിക്കുന്നു. ദൈവത്തെ കൂടാതെ നാം കെട്ടിപ്പൊക്കിയതൊക്കെ നഷ്ടപ്പെടാൻ ദൈവം അയക്കുന്ന ഒരു പുഴുവും വൈറസും വെള്ളപ്പൊക്കവും ഒക്കെ ധാരാളം ആണ് എന്ന് മനസ്സിലാക്കി ദൈവത്തിങ്കലേക്ക് മടങ്ങാം.

3. വിശുദ്ധിയിലേക്ക് മടങ്ങിവരാം വിശുദ്ധൻ ഇനിയും തന്നെ തന്നെ വിശദ്ധീകരിക്കട്ടെ .വിശുദ്ധിയെ കുറിച്ചുള്ള പ്രസംഗങ്ങളും ഉപദേശങ്ങളും പഴങ്കഥയാക്കി കർണ്ണരസമാകുമാറ് ഇളക്കപെരുപ്പത്തിന്റേയും ഭൗതിക അനുഗ്രഹത്തിന്റേയും ഒക്കെ വഞ്ചനയിൽ ജനത്തെ തള്ളി വിടുന്ന പുതുതലമുറ ശുശ്രൂഷകൻമാർ അരങ്ങു വാഴുമ്പോൾ ഈ അടച്ചുപൂട്ടൽ നമ്മുടെ ജീവിതത്തെ വിശുദ്ധിയിലേക്ക് മടങ്ങിവരാനുള്ള ഒരു അവസരമായി കണക്കാക്കി വ്യക്തിപരമായ വിശുദ്ധിയിലേക്കും കുടുംബ വിശുദ്ധിയിലേയ്ക്കും മടങ്ങിവരാം.

4. പ്രാർത്ഥനാ ജീവിതത്തിലേക്ക് മടങ്ങിവരാം വ്യക്തിപരമായ പ്രാർത്ഥനകളും കുടുംബ പ്രാർത്ഥന യുമൊക്കെ നാമമാത്രമായിരിക്കുന്നു. നമ്മുടെ പിതാക്കന്മാർ ദൈവസന്നിധിയിൽ കഴിച്ച പ്രാർത്ഥനാ ജീവിതത്തിന്റെ അനുഗ്രഹങ്ങളാണ് നാമിന്ന് അനുഭവിക്കുന്നത് എന്ന് അറിഞ്ഞോ അറിയാതെയോ മറന്നുപോകുന്നു രാത്രിയുടെ യാമങ്ങളിലും ക്രമീകൃതമായ സമയങ്ങളിലും അവർ ഒഴുക്കിയ കണ്ണുനീരിന്റെ മറുപടി അല്ലാതെ എന്തനുഗ്രഹമാണ് നമുക്കുള്ളത് അവർ അനുഭവമുള്ളവർ ആയിരുന്നിട്ടും നാം അഭിനയിക്കുന്നവർ ആയെങ്കിൽ നമ്മുടെ തലമുറ എന്താകും എന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും.

5.വചനത്തിലേയ്ക്ക് മടങ്ങാം മൊബൈൽ ഫോണിന്റേയും ഇൻറർനെറ്റിന്റേയും സമൂഹമാധ്യമങ്ങളുടെയും ഒക്കെ വരവിനാൽ നമ്മിൽ നിന്ന് അനൃപെട്ടുപോയ വചന ധ്യാനത്തിലേക്ക് നമുക്ക് മടങ്ങിവരാം. ഒരുദിവസം മൊബൈൽ ഉപയോഗിക്കാൻ കഴിയാതിരുന്നാൽ ഉണ്ടാകുന്ന മാനസിക സമ്മർദ്ദം ദൈവവചനം വായിക്കാതിരുന്നാൽ നമുക്ക് ഉണ്ടാകാറുണ്ടോ? യേശവില്ലാത്ത പ്രസംഗങ്ങൾ നാഥനില്ലാത്ത കളരി പോലെയാണ്.ആകയാൽ യേശുവിനെ പ്രസംഗിക്കാം. ദൈവം നമ്മോട് സംസാരിക്കുന്ന മാധ്യമമാണ് ദൈവവചനം ദൈവത്തിൽനിന്നു കേൾക്കുവാൻ നാം ഒരിക്കമുള്ളവരായി വചനധ്യാനത്തിനു വേണ്ടി സമയം വേർതിരിക്കാം.

6 . വിശുദ്ധ ആരാധന യിലേക്ക് മടങ്ങാം സഭായോഗം ഉപേക്ഷയായി വിചാരിക്കരുത് .ഇഷ്ടംപോലെ സമയവും സ്വാതന്ത്ര്യവും ഉണ്ടായിരുന്നപ്പോൾ അതൊക്കെ ഉപേക്ഷയായി വിചാരിച്ചതിന്റെ തിക്തഫലം കൂടെയാണ് നാം അനുഭവിക്കുന്നത്. വിശുദ്ധ ആരാധനയെക്കാൾ അന്യാരാധനാ വർദ്ധിച്ചു വരുന്ന ഒരു കാലഘട്ടമാണിത് . ദൈവത്തെ പ്രസാദിപ്പിക്കുന്നതിനേക്കാൾ വാദ്യോപകരണങ്ങളിലൂടെ, കടന്നുവന്നിരിക്കുന്ന ജനങ്ങളെ പ്രസാദിപ്പിക്കുന്ന ആരാധന വിശുദ്ധ ആരാധനയോ അതോ അന്യാരാധനയോ? ഒരു ഉപകരണവും ഇല്ലാതെ നമ്മുടെ പിതാക്കന്മാർ ആത്മനിറവിൽ ദൈവത്തെ ആരാധിച്ചിരുന്നു. എന്നാൽ ഇന്ന് എല്ലാ ഉപകരണങ്ങളുംകൊണ്ട് അതിന്റെ അത്യുച്ചകോടിയിൽ ആരാധിച്ചിടും ദൈവസാന്നിധ്യം ഇറങ്ങുന്നില്ല .ആയതിനാൽ പലരും അന്യാഗ്നി കത്തിക്കുകയാണ് .ജീവനും വിശുദ്ധിയും ദൈവത്തിന് പ്രസാദവുമുള്ള യാഗമായി നമ്മെത്തന്നെ സമർപ്പിക്കാം. ഈ ലോകത്ത് അനുരൂപപ്പെടാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന് മനസ്സ് പുതുക്കി രൂപാന്തരപ്പെടുക.( റോമൻസ് 12:1,2)

7. ഉപവാസത്തിസലേയ്ക്ക് മടങ്ങിവരാം ആത്മീയ ജീവിതത്തിന്റെ അഭിവൃദ്ധിക്ക് ഉപവാസം കൂടിയേതീരൂ. പഴയനിയമ ന്യായപ്രമാണത്തിന്റെ മദ്ധ്യസ്ഥനായ മോശെയും പുതിയ നിയമത്തിന്റെ മധ്യസ്ഥനായ യേശുവും ഉപവസിച്ചിരുന്നു .ക്രിസ്തീയ ജീവിതത്തിൽ എതിരായി വരുന്ന സകല തടസ്സങ്ങളടെമേലും ജയമെടുക്കുവാൻ ഉപവാസം വളരെ ആവശ്യമാണ് .ഈ പ്രതികൂല സാഹചര്യത്തിൽ ഉപവാസത്തിലൂടെയും പ്രാർത്ഥനയിലൂടെയും ഇതിനെ അതിജീവിക്കാനുള്ള കൃപ പ്രാപിക്കാം. വസ്ത്രത്തെ അല്ല ഹൃദയങ്ങളെ തന്നെ കീറി ദൈവസന്നിധിയിൽ മുറയിടാം. ദൈവം നമ്മുടെ ദേശത്തിന് സൗഖ്യം വരുത്തും .

8. പരിശുദ്ധാത്മാവിലേയ്ക്ക് മടങ്ങിവരാം. പരിശുദ്ധാത്മാവിനെ ദു:ഖിപ്പിക്കരുത് (എഫെ-4:30) ദൈവിക നിലവാരത്തിൽ വിശ്വാസികൾ ജീവിക്കാതിരിക്കുമ്പോൾ പരിശുദ്ധാത്മാവ് ദുഃഖിക്കുന്നു. കർത്താവിന്റെ ദാസൻ ജോൺ ഫിലിപ്പിന്റെ വാക്കുകൾ ഇവിടെ വളരെ ശ്രദ്ധേയമാണ് “വാദ്യോപകരണങ്ങളുടെ ചടുതാളത്തിനൊത്ത് ആരാധന എന്ന പേരിൽ ആടിപ്പാടി പുറത്തിറങ്ങുന്നവരിൽ സൃഭാവവൈശിഷ്ടൃങ്ങൾ ഇല്ലായെങ്കിൽ എങ്ങനെ അതിനെ ആത്മ പ്രവർത്തനമായി അംഗീകരിക്കും? ആത്മ പ്രവർത്തനങ്ങൾ ചില മിനിറ്റിനുള്ളിൽ ഉരുകിത്തീരുന്നതല്ല നിരന്തരം നിലനിൽക്കുന്നതാണ് സൽസ്വഭാവികളെ രൂപപ്പെടാത്ത ഒരു ആത്മീയ ഉണർവ്വും വചനാധിഷ്ഠിതമല്ല അത് കൃത്രിമവും ദുരൂഹത നിറഞ്ഞതുമാണ്”. പരിശുദ്ധാത്മാവിന് വിചാരവികാരങ്ങളിൽ കാര്യമായ മാറ്റം വരുത്താൻ കഴിയും. ആത്മാവിന് വിധേയമായ ജീവിതത്തിലേക്ക് മടങ്ങി വരണം. സമസ്തമേഖലകളിലും പരിശുദ്ധാത്മാവിന് പ്രവർത്തിക്കുന്നതിന് അനുവാദം കൊടുത്തു ആത്മാവിനെ അനുസരിച്ചു നടക്കുക.

9. ആത്മീയ കപടതകളെ ഉപേക്ഷിക്കണം . മനുഷ്യാ നല്ലതെന്തെന്ന് അവൻ നിനക്ക് കാണിച്ചു തന്നിരിക്കുന്നു. ന്യായം പ്രവർത്തിക്കുവാനും ദൈവ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നത് .(മീഖാ6: 8 ) സകല കപടഭക്തിയും, നിഗളവും, സ്വാർത്ഥതയും, സൃയനീതിയും, ഉപായങ്ങളും , അഹങ്കാരങ്ങളും, അധികാര മോഹങ്ങളും വിട്ടുകളഞ്ഞ് ദയയും ന്യായവും ഉള്ളവരായി ദൈവത്തിന്റെ മുമ്പാകെ താഴ്മയോടെ നടക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു.അങ്ങനെ ചെയ്താൽ ദൈവജനത്തിന്റെ പ്രാർത്ഥന കേട്ട് ദൈവം ദേശത്തിന് സൗഖ്യം നൽകുമെന്നതാണ് ദൈവവചനം.

10. പിതാക്കന്മാരിട്ട അടിസ്ഥാനം ഇളകിയിട്ടുണ്ടെങ്കിൽ (ഉപദേശം) മടങ്ങിവരാം.. മനസ്സിന്റെ വികാരവിചാരങ്ങളെ പരിശുദ്ധാത്മാവിന്റേതെന്ന ലേബലിൽ ജനത്തെ അടിച്ചേൽപ്പിക്കുന്ന ഉപദേശകന്മാർ പെരുകികൊണ്ടിരിക്കുന്നു. കുത്തഴിഞ്ഞ പുസ്തകമല്ല ദൈവസഭ . ദൈവസഭയ്ക്ക് വ്യക്തമായി ഉപദേശങ്ങളുണ്ട്. വചനാടിസ്ഥാനത്തിലുള്ള ഉപദേശങ്ങളിൽ നിന്ന് വ്യതിചലിച്ചു പോയെങ്കിൽ ദൈവസഭ മടങ്ങിവന്നേ മതിയാകയുള്ളു.

11. ദൈവത്തിൽ ആശ്രയിക്കാം. മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നതു നല്ലതു . ദൈവത്തിൽതന്നെ ആശ്രയിക്കാം .ആശ്രയം ലോകത്തിലല്ല, ധനത്തിലല്ല, മറ്റൊന്നിലുമല്ല ദൈവത്തിൽ തന്നെ ആയിരിക്കട്ടെ .

12. ദൈവശബ്ദം തിരിച്ചറിഞ്ഞ് ദൈവഹിതത്തിനു സമർപ്പിക്കുക.. ഇന്നത്തെ സാഹചര്യത്തിൽ ദൈവശബ്ദം തിരിച്ചറിയുക എന്നത് അല്പം പ്രയാസമുള്ള ഒരു കാര്യം തന്നെയാണ്. ദൈവാലോചന എന്ന പേരിൽ അനേകർ മാനുഷിക ശബ്ദത്തിന് പിന്നാലെ പായുന്ന ഒരു പ്രവണത ഇന്നത്തെ ദൈവ മക്കളിൽ ധാരാളമായി കണ്ടുവരുന്നു .ദൈവവചനം വായിച്ചു മനസ്സിലാക്കാൻ സമയമില്ലാത്തവർ ദൈവ ശബ്ദത്തിനായി പരതി നടക്കുന്ന ദയനീയ അവസ്ഥ ഇന്നത്തെ സാധാരണ സംഭവമായി മാറിക്കഴിഞ്ഞു. ദൈവശബ്ദം തിരിച്ചറിഞ്ഞവർ അത് അനുസരിക്കുന്നതിൽ വീഴ്ചവരുത്തുന്നു എന്നത് സങ്കടകരമായ മറ്റൊരു വസ്തുതയാണ്. ദൈവത്തിന്റെ ആലോചനയിലേക്കും ദൈവിക വഴിയിലേക്കും നാം തിരിച്ചു വരണം. ഇടിഞ്ഞുപോയ യാഗപീഠത്തെ യിസ്രായേലിന്റെ ഗോത്ര സംഖൃയ്ക്ക് ഒത്തവണ്ണം ക്രമമായി പണിത് വ്യവസ്ഥപ്രകാരം പ്രാർത്ഥിച്ച ഏലിയാവിനെപ്പോലെ നമുക്ക് പ്രാർത്ഥിക്കാം .ദൈവം ഒരു വലിയ ഉണർവ്വ് അയക്കട്ടെ .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.