ലേഖനം: കലങ്ങിപ്പോകരുത് | അനീഷ് ജോൺ ജേക്കബ്, കുവൈറ്റ്

ലോകം മുഴുവനും സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നു പോയികൊണ്ടിരിക്കുന്നു. എങ്ങും ദൃശ്യമാകുന്നത് അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടം . മരണവും ജീവനും തമ്മിലുള്ള നേർക്കുനേർ യുദ്ധം. ചുറ്റും ഭീതിയുടെ ശ്രുതി ഉയരുമ്പോഴും ഒരു ദൈവപൈതലിന് ആശ്വസിക്കുവാൻ കഴിയുന്നത് കർത്താവായ യേശുക്രിസ്തുവിൻറെ വാക്കുകളിൽ മാത്രമാണ്.
ശിഷ്യഗണങ്ങൾ നേരിടുവാൻ പോകുന്ന പ്രതിസന്ധിയുടെ ആഴം തിരിച്ചറിഞ്ഞ അരുമനാഥൻ അവരോടായിട്ട് പറഞ്ഞത് “നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത് ” എന്നാണ് (യോഹ 14: 1) . “നിങ്ങളുടെ ഹൃദയം കലങ്ങി പോകരുത്” എന്ന് യേശു കർത്താവ് പറഞ്ഞതിന്റെ കാരണങ്ങൾ.

1 . ദൈവത്തിൽ വിശ്വസിപ്പിൻ (യോഹ 14 : 1 )
ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസം ആണ് ഒരു ഭക്തനെ സധൈര്യം മുന്നോട്ട് പോകുവാൻ പ്രേരിപ്പിക്കുന്നതും സഹായകരമാകുന്നതും. വിശ്വസ്തനും വിശ്വസിക്കുവാൻ യോഗ്യനുമായ ഒരു ദൈവം നമുക്കുണ്ട് .പൗലോസിനോട് ചേർന്ന് നമുക്കും ഉറപ്പോടെ പറയാം ” ആ ദിവസം വരെ സൂക്ഷിക്കുവാൻ ” അവിടുന്ന് ശക്തനത്രെ (2 തിമോ 1:12 )
2 .അപേക്ഷ കേൾക്കും ( യോഹ 14 : 14 )
ഭക്തനായ ദാവീദ് ദൈവത്തെ വിശേഷിപ്പിക്കുന്നത് “പ്രാർത്ഥന കേൾക്കുന്നവൻ’ എന്നാണ് (സങ്കീ65: 2 ). പൗലോസ് ഫിലിപ്പ്യ വിശ്വാസികളോട് പറയുന്നു ” എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടു കൂടെ ദൈവത്തോട് അറിയിക്കയത്രേ വേണ്ടത് ” (ഫിലി 4 : 6 ).
3 .ആത്മാവ് എന്ന കാര്യസ്ഥൻ (യോഹ 14 : 16 )
ബലഹീനതകളിൽ തുണനിൽക്കുന്ന , തളരുമ്പോൾ ശക്തിപകരുന്ന , വിശുദ്ധജീവിതത്തിനു യോഗ്യരാക്കുന്ന ‘സത്യത്തിന്റെ ആത്മാവ്’ എന്ന കാര്യസ്ഥൻ നമുക്കുള്ളത് കൊണ്ട് ഹൃദയം കലങ്ങിപ്പോകേണ്ട .

4. അനാഥരായി വിടുകയില്ല (യോഹ 14 ; 18 )
അതിമഹത്തായ ഒരു വാഗ്ദത്തം യേശു കർത്താവ് നൽകുന്നു ” ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല”. ഒരിക്കലും കൈവിടാത്ത,തള്ളിക്കളയാത്ത കർത്താവ് നമുക്കുണ്ട് .
5 .ദൈവിക സമാധാനം (യോഹ 14 : 27 )
ഹൃദയങ്ങളെയും നിനവുകളെയും വാഴുന്ന സകലബുദ്ധിയെയും കവിയുന്ന ദിവ്യസമാധാനമാണ് ക്രിസ്തിയജീവിതത്തിന്റെ മഹത്വം വെളിപ്പെടുത്തുന്നത്. അത് ലോകം നൽകുന്ന പോലെ അൽപ്പായുസ്സുള്ളതല്ല നിത്യവും ഭദ്രവുമാണ്‌ .
6 സ്ഥലം ഒരുക്കുന്നു (യോഹ 14 .2)
നശ്വരമായ ഈ ലോകം ദുഖങ്ങളും വേദനകളും മാത്രം സമ്മാനിക്കുമ്പോൾ കണ്ണീരില്ലാത്ത വേദനകളില്ലാത്ത ഒരു സ്ഥലം കർത്താവു നമുക്കായ് ഒരുക്കുന്നു. ഇളക്കമില്ലാത്തതും എന്നേക്കും നിലനിൽക്കുന്നതുമായ നിത്യനഗരം നമുക്കായ് ഒരുക്കുന്നതിനാൽ ഹൃദയം കലങ്ങാതെ പ്രത്യാശയോടെ യാത്ര തുടരാം.

” കഷ്ടത പട്ടിണി ഇല്ലാത്ത നാട്ടിൽ നാം
കർത്താവൊരുക്കുന്ന സന്തോഷ വീട്ടിൽ നാം “

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.