ലേഖനം: മണമുള്ള പൂക്കളും ഗുണമുള്ള ഫലങ്ങളും

മോൻസി തങ്കച്ചൻ

ർഷകൻ തീർച്ചയായും തന്റെ അധ്വാന ഫലം കാണുവാൻ ആഗ്രഹിക്കാറുണ്ട് . എന്നാൽ പലപ്പോഴും ആശക്കൊത്തു ചില വിളകൾ ആകാറില്ല. അവ തളിരിട്ട്‌ തടിവെച്ച് മേഘങ്ങളെ തഴുകുന്നു . നട്ടുനനച്ചവൻ , വളരുമാറക്കിയവൻ മൗനമായി നോക്കിക്കൊണ്ടിരിക്കുന്നു. ക്രിസ്തു സൗജന്യമായി നൽകിയ രക്ഷ സ്വീകരിച്ച് ഇഹലോകജീവിതം ആനന്ദകരമാക്കി ഞാനും എൻറെ കുടുംബവും തിന്നും കുടിച്ചും ആനന്ദിക്കും( ലൂക്കോസ് 17:27) എന്ന രീതിയാണ് ക്രിസ്ത്യാനികളിൽ ഒരു കൂട്ടം സ്വയംപ്രഖ്യാപിത ജനവിഭാഗങ്ങൾ. എന്നാൽ ദൈവം താൻ തിരഞ്ഞെടുത്ത ജനത്തിൽ നിന്നും ആശിക്കുന്നത് നീരുറവിനരികെ ഫലപ്രദമായ ഒരു വൃക്ഷം പോലെയത്രെ( ഉല്പത്തി 49:22).

ഫലങ്ങളിൽ ഏറ്റവും ഗുണമുള്ള ഫലമായി കാണുന്നത് ഏദനിൽ നഷ്ടമായ കൂട്ടായ്മയുടെ പുനരാവിഷ്കാരമായ നിത്യതയിലേക്കുള്ള നമ്മുടെ സംഭാവനകളാണ്. എന്നാൽ ഈ ഫലം നൽകുവാൻ ഒട്ടിച്ചു ചേർക്കപ്പെട്ട ഫലപ്രദമായ ഒലിവ് വേരിലൂടെയേ സാധ്യമാകുകയുള്ളൂ.( റോമർ 11:17) ഈ ഫലം ക്രിസ്തു സ്വർഗ്ഗാരോഹണ സമയത്ത് ആവശ്യപ്പെട്ടതിലൊന്നാണ്. കൊമ്പുകൾ പലതും കൃത്യമായി ഫലം നൽകിത്തുടങ്ങി. അതിൻറെ ഭാഗമായി സഭകൾ രൂപീകൃതമായി. സഭകൾ അതിന്റെ രൂപീകരണ ഉദ്ദേശം ചെയ്തുപോന്നു. എന്നാൽ ഇന്ന് വേർപെട്ട വിശ്വാസികൾക്ക് കാഴ്ചപ്പാടുകൾ ദിശമാറി സഞ്ചരിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു.

വിവാഹം, സംസ്കാരം തുടങ്ങിയവയ്ക്കുവേണ്ടി തങ്ങളുടെ ജീവിതത്തിൻറെ ഭാഗമായി കണ്ടുവരുന്ന ആചാരങ്ങൾ ആവർത്തിക്കുവാനുള്ള ഒരു മതപരമായ കൂട്ടായ്മ എന്ന തലത്തിലേക്ക് എത്തി നിൽക്കുന്നു. എങ്കിലും കൃത്യമായി ആലയത്തിൽ പോവുകയും സഭാ നടപടിക്രമങ്ങൾ പാലിക്കുകയും വരുമാനത്തിൽ ഒരു അംശം കൊടുക്കുകയും ചെയ്തു വരാറുണ്ട്. ബാഹ്യമായ എല്ലാ സവിശേഷതകളും കാണുവാൻ കഴിയുമെങ്കിലും വൃക്ഷത്തിന്റെ പുഷ്ടി കണ്ടു ഫലം നോക്കുമ്പോൾ നിരാശപ്പെടേണ്ടി വരുന്നു( മർക്കോസ് 11:13). ആലയം സൗരഭ്യമാകുന്നത് കടന്നുവരുന്ന ഓരോ വ്യക്തിയുടെയും ദൈവവുമായുള്ള അകലം കുറയുന്നുതിലൂടെയാണ്. അതിനാവശ്യമായ എല്ലാ സാധ്യതകളും ഉൾക്കൊള്ളുന്നതാവണം ഒരു സഭ. വിശുദ്ധിയുടെ ബാഹ്യമായ ആട ആഭരണങ്ങളിൽ ശ്രദ്ധചെലുത്തുന്നവർ ദൈവത്തോട് അകലം വിട്ടു നടക്കുന്ന ഒരു കൂട്ടം ജനത്തെ അറിഞ്ഞോ അറിയാതെയോ വിസ്മരിച്ചു പോകുന്നു. തിരുവചനത്തിൽ പലഭാഗങ്ങളിലും നഷ്ടമായതിനെ, നിന്ദ ആയതിനെ, ബലഹീനമായതിനെ ചേർത്തു പിടിക്കുവാൻ മനപ്പൂർവമായ നീക്കങ്ങൾ കാണ്മാൻ കഴിയും. അതിൻറെ ഏറ്റവും വലിയ ഉദാഹരണമാണ് നാം ഇന്ന് കാണുന്ന ദൈവസഭ. എന്നാൽ അതിവിശുദ്ധർ ആചാരസംരക്ഷണത്തിൻറെ ഭാഗമായി സഭകൾ തങ്ങളുടെ വരുതിയിലാക്കി കഴിഞ്ഞു.

വിശുദ്ധിയും, സഭാ നിയമങ്ങളും പാലിക്കേണ്ടവ ആയിരിക്കുമ്പോൾ തന്നെ കൊമ്പുകൾ തളിർത്ത് പൂവിട്ട് ഫലം ആകുന്നുണ്ടോ എന്ന് വീക്ഷിക്കുന്നത് ഉചിതമാണ്. കാട്ടിൽ ഒറ്റപ്പെട്ട ആട് താരതമ്യേന കൂട്ടിൽ ഉള്ളതിനേക്കാളും അപകടത്തിലാണ്. സഹോദരന്മാരെ നിങ്ങൾ സ്വാതന്ത്ര്യത്തിനായി വിളിക്കപ്പെട്ടിരിക്കുന്നു. ഈ സ്വാതന്ത്ര്യം ജഡത്തിന് അവസരമാക്കുക മാത്രം ചെയ്യാതെ സ്നേഹത്താൽ അന്യോന്യം സേവിപ്പിൻ( ഗലാത്യർ 5 :13 ). ഇത് മറ്റൊരു ഫലമാണ്, ആത്മാവിൻറെ ഫലങ്ങളുടെ കൂട്ടത്തിൽ കായികേണ്ടത് ( ഗലാത്യർ 5 :22 ). സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം ഇവയെല്ലാം ഒരു കുലയിൽ കായിക്കേണ്ടതുമാണ്. ഇവയിൽ ചില ഫലങ്ങൾ ഒട്ടിച്ചു ചേർക്കപ്പെടാത്ത കൊമ്പുകൾപോലും നൽകാറുണ്ട്. എന്തുകൊണ്ടെന്നാൽ അതിൻറെ വേരുകൾ ഉല്പത്തിയിൽ കാണുവാൻ കഴിയും(ഉല്പത്തി 1:27 ). എന്നാൽ ഒട്ടിച്ചു ചേർക്കപ്പെട്ട കൊമ്പുകൾ ശൂന്യമായി നിൽക്കുന്നു അത് സ്വയം ചീർക്കുക അല്ലാതെ ഫലം ഒന്നും കാണുന്നില്ല. നന്മ ചെയ്യുവാൻ തേടി പോകേണ്ടതില്ല അത് നമ്മെ തേടി വരും അപ്പോൾ നാം മുഖംതിരിച്ചു നടക്കരുത് (മത്തായി 25:42-45). വിശക്കുന്നവനായി, ദാഹിക്കുന്നവനായി, വസ്ത്രം ഇല്ലാത്തവനായി, രോഗിയായി പല അവസ്ഥകളിൽ നമ്മുടെ ജീവിത പാതയിൽ ഈ ചെറിയവരിൽ ഒരുവൻ നമ്മെ എതിരേൽക്കും. നാം സമയമായി,ധനമായി, സ്വാന്തനമായി അവനെ എതിരേൽക്കുക.
അത് അത്ര എളുപ്പമല്ല, നമ്മുടെ സ്വകാര്യ ജീവിതത്തിൽ നിന്നും നാം കണ്ടത്തേണ്ടിവരുന്നതുകൊണ്ട് തന്നെ പലരും ഇന്ന് അതിന് മുതിരാറില്ല. പല പല ഒഴിവുകൾ നിരത്തി അതിൽ നിന്നും സമർഥമായി ഒഴിഞ്ഞുമാറി സ്വന്തം മനസ്സാക്ഷിയെ കളിയാക്കുന്നു.

ആകയാൽ നട്ടവൻറെ ആശയ്ക്കൊത്തു ആകുവാൻ ഒട്ടിച്ചുചേർക്കപ്പെട്ട വേരിൽനിന്ന് ഗുണമുള്ള ഫലങ്ങൾക്കാവശ്യമായ എല്ലാം തന്നെ പ്രാപിച്ചു കൊണ്ട് ഫലം നൽകുവാൻ കൃപ ഉണ്ടാകട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.