വാര്‍ത്തക്കപ്പുറം: ഉഭയസമ്മത പ്രായ നിയമം

പാസ്റ്റർ സണ്ണി പി. സാമുവൽ, റാസ് അൽ ഖൈമ

വാളയാറിൽ ഒമ്പതും പതിനൊന്നും വയസ്സ് വീതം പ്രായമുള്ള രണ്ടു പെൺകുട്ടികൾ ലൈംഗിക അതിക്രമത്തിന് ഇരയായി ഒടുവിൽ കൊല്ലപ്പെട്ട സംഭവത്തിൽ കേരളം അക്ഷരാർത്ഥത്തിൽ ഇളകി മറിഞ്ഞുകൊണ്ടിരിക്കുകയാണല്ലോ. പ്രതിഷേധമായി സന്തോഷ് കീഴാറ്റൂരിന്റെ തെരുവു നാടകം, വാളയാറിൽ എത്തിയ മുതിർന്ന പാർട്ടി അംഗം വി. എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ പോലിസിനെയും പിന്നെ ഗവൺമെന്റിനെ ആകമാനമായി തള്ളിപ്പറഞ്ഞത് ഒക്കെ ആകെ കോലാഹലം. കുട്ടികൾ ബലാൽക്കാരം ചെയ്യപ്പെടുകയല്ലായിരുന്നു എന്നും ഉഭയകക്ഷി സമ്മത പ്രകാരമുള്ള ബന്ധമാണെന്നും FIR സമർപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥൻ. “ഒമ്പതു വയസ്സു മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞ് പീഡിപ്പിക്കപ്പെട്ടതിനെ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികതയായി ചിത്രീകരിച്ച അന്വേഷണ ഉദ്യോഗസ്ഥനെ ശിക്ഷിക്കണം” എന്ന വാദവുമായി ജസ്റ്റീസ് കെമാൽ പാഷ. ഇതിലൂടെ FIR – ന്റെ സാംഗത്യം തന്നെ നിയമപരമായി ചോദ്യം ചെയ്യപ്പെടുന്നു. തെളിവുണ്ടെങ്കിൽ പുനരന്വേഷണം നടത്താമെന്ന് മന്ത്രി. മരിച്ചു പോയവർ കുഴിയിൽ നിന്നും വന്ന് തെളിവു നല്കണമോ എന്നു ചോദിക്കുന്ന സോഷ്യൽ മീഡിയ. വനിതാ കമ്മീഷന്റെ മൗനത്തെ പരിഹസിച്ചു ട്രോളുകൾ. പ്രതികൾക്കു വേണ്ടി ഹാജരായ വക്കീലിന്റെ ഇരട്ടത്താപ്പിനെയും കപട മുഖത്തെയും ചൊല്ലി വീണ്ടും ട്രോളുകൾ. അങ്ങനെ അന്തരീക്ഷം ആകെ ശബ്ദമുഖരിതം.

ഇത്തരുണത്തിൽ ഉഭയ സമ്മത പ്രായനിയമം (AGE CONSEND BILL) എന്നശിശു/ബാല സംരക്ഷണ നിയമത്തെ കുറിച്ചു ചില കാര്യങ്ങൾ കുറിക്കട്ടെ. ലൈംഗിക ബന്ധത്തിനു പ്രാപ്തയായി എന്നു നിഷ്കർഷിക്കുന്ന പ്രായപൂർത്തീ സമയം നിജപ്പെടുത്തിയ ബില്ലാണ് AGE CONSEND BILL. ഇത്തരം ഒരു ബില്ല് ആദ്യമായി നടപ്പിലാക്കിയത് ഇംഗ്ലണ്ടിലാണ്. 1275-ലെ വെസ്റ്റ്മിൻസ്റ്റർ ചട്ടപ്രകാരം ഉഭയ സമ്മത പ്രായം പന്ത്രണ്ടായി ഉയർത്തി. ലോകത്തിലെ മിക്ക രാജ്യങ്ങളിലും ശൈശവ വിവാഹമാണ് നടന്നിരുന്നത്. പത്തു വയസ്സിനു മുമ്പു തന്നെ പെൺകുട്ടികളെ വിവാഹം ചെയ്ത് അയച്ചിരുന്നു. അഞ്ചു വയസ്സുള്ള പെൺകുട്ടിയും പത്തു വയസ്സുള്ള ആൺകുട്ടിയും വിവാഹം ചെയ്യുകയും പെൺകുട്ടി സ്വഗൃഹത്തിൽ പാർക്കുകയും ആൺകുട്ടി പ്രായപൂർത്തിയാകുമ്പോൾ പ്രത്യേക ചടങ്ങുകളോടെ പെൺകുട്ടിയെ ആൺകുട്ടി തന്റെ വീട്ടിലേക്ക് കൊണ്ടുപോകുന്നതും ഒക്കെ സർവ്വസാധാരണമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് AGE CONSEND BILL മുഖേന പ്രായം പന്ത്രണ്ടായി ഉയർത്തുന്നത്. 1875-ൽ ഇത് പുനഃപരിശോധിക്കുകയും പ്രായം പതിമൂന്നായി ഉയർത്തുകയും ചെയ്തു.

1275 മുതൽ പ്രായപരിധി നിയമം നിലവിൽ ഉണ്ടായിരുന്നുവെങ്കിലും 1885 ഓഗസ്റ്റ് 15-ന് ആണ് ഇംഗ്ലണ്ടിൽ Age Consend bill നിലവിൽ വരുന്നത്. അതിനു കാരണമായത് സാൽവേഷൻ ആർമി എന്ന ക്രൈസ്തവ സംഘടനയാണ്. പരിഷ്കൃത രാജ്യമെന്ന് സ്വയം അഭിമാനിച്ചിരുന്ന ഗ്രേറ്റ് ബ്രിട്ടനിൽ ബാലികമാരെ വ്യഭിചാരത്തിനായി വില്ക്കുന്നന്ന മ്ലേച്ഛമായ സമ്പ്രദായം ഉണ്ടായിരുന്നു. ഇതിനായി ഭരണ ശ്രേണിയിലുള്ളവരും സമൂഹത്തിലെ സമ്പന്ന വർഗ്ഗവും കൈകോർത്തപ്പോൾ ശൃംഖല ബലപ്പെട്ടു. അന്ന് ബ്രിട്ടീഷ് സമൂഹം അഞ്ചു തട്ടുകളായി (Class) വിഭജിക്കപ്പെട്ടിരുന്നു.ഈ class system അടിസ്ഥാനമാക്കിയാണ് അന്തസ്സ് (social status) നിശ്ചയിക്കപ്പെട്ടിരുന്നത്. താഴേത്തട്ടിലുള്ള ദരിദ്ര കുടുംബങ്ങളെ ലക്ഷ്യമിട്ട് മേല്പറഞ്ഞ ഗ്രൂപ്പിലെ ചാരന്മാർ വട്ടമിട്ടു പറക്കും. അവിടെയുള്ള പെൺകുട്ടികളെ ഉന്നത കുടുംബങ്ങളിലെ വിളമ്പുകാരിയാക്കാം (parlour maid) എന്ന മോഹന വാഗ്ദാനങ്ങൾ നല്കി വിലക്കു വാങ്ങും.
ഉന്നതവരുമാനവും നല്ല ഭാവിയും ലഭിക്കുമെന്ന പ്രലോഭനത്തിൽ വീഴുന്ന പെൺകുട്ടികൾ അതിനു സമ്മതിക്കുകയും ചെയ്യുന്നു. എന്നാൽ പെൺകുട്ടികളെ വാങ്ങുന്നവർ അവരെ മറിച്ചു വില്ക്കും. അവിടെ അവർ അതിക്രമത്തിനും കടന്നുകയറ്റത്തിനും ഇരയാകുന്നു. കൂടാതെ ഇങ്ങനെ വാങ്ങുന്ന പെൺകുട്ടികളെ കള്ളക്കടത്തിലൂടെ ഫ്രാൻസിലേക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും, ശവപ്പെട്ടിയിൽ മയക്കി കിടത്തി, അടച്ചു ഭദ്രമാക്കി കടത്തി കൊണ്ടു പോയി ഉയർന്ന തുകക്ക് വേശ്യാലയങ്ങളിൽ വിറ്റിരുന്നു.

ഈ സമയം സാൽവേഷൻ ആർമി അതിന്റെ പ്രവർത്തനം വിശാലമാക്കി soap, soup, salvation എന്ന ആപ്ത വാക്യവുമായി ലണ്ടനിലെ തെരുവുകളിലേക്ക് ഇറങ്ങുകയായിരുന്നു. അവിടെ അവർ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടവരും, വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്നവരും, സെക്സ് മാഫിയായുടെ പിടിയിൽ നിന്നു രക്ഷപ്പെട്ടവരുമായ ആയിരക്കണക്കിനു കുട്ടികളെയും യുവതികളെയും സ്ത്രീകളെയും കണ്ടുമുട്ടി. വില്ല്യം ബൂത്തിന്റെ മകൻ ബ്രാംവെൽ ബൂത്തിന്റെ ഭാര്യ ഫ്ലോറൻസ് ബൂത്താണ് ഈ പ്രവർത്തനങ്ങൾക്കു നേതൃത്വം നല്കിയിരുന്നത്. തുടർന്ന് സാൽവേഷൻ ആർമിയുടെ തീരുമാനപ്രകാരം അവരുടെ വനിതാ വിഭാഗം 1884-ൽ ലണ്ടനിൽ മേല്പറഞ്ഞവർക്കായി ഒരു റെസ്ക്യൂ ഹോം ആരംഭിച്ചു. അതോടൊപ്പം, മേല്പറഞ്ഞ മൂന്നു പേരും ചേർന്ന് നിയമയുദ്ധത്തിനു കളമൊരുക്കി. അതിനായി അവർ പത്രപ്രവർത്തകനായ W.T. സീഡ്, പെൺകുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങൾക്കായി പോരാടിയിരുന്ന ജോസഫൈൻ ബട്ലർ എന്നിവരെ തങ്ങളുടെ കൂടെ കൂട്ടി. കത്തോലിക്കാ സഭയുടെ ലണ്ടനിലെ ബിഷപ്പിനെയും ചില പാർലമെന്റ് അംഗങ്ങളെയും ഒപ്പം നിറുത്തി. യുദ്ധത്തിൽ അവർ വിജയം കണ്ടു. അങ്ങനെയാണ് പെൺകുട്ടിയുടെ ഉഭയ സമ്മത പ്രായം പതിനാറായി ഉയർത്തുന്ന 1885-ലെ Age Consend bill പാർലമെന്റിൽ പാസ്സാക്കിയെടുക്കുന്നത്. 1917-ൽ പ്രായം പതിനേഴായി ഉയർത്തി. എന്നാൽ ഈ നിയമത്തിനെതിരെ നിലകൊണ്ട അയർലാൻഡ് 1950-ൽ ആണ് പ്രായപൂർത്തി പതിനേഴായി ഉയർത്തിയത്.

നിയമയുദ്ധം നടക്കുന്ന കാലയളവിലും അതിനു ശേഷവും സെക്സ് മാഫിയ സാൽവേഷൻ ആർമിക്കെതിരെ ശക്തമായ ആക്രമണ പരമ്പര അഴിച്ചു വിട്ടു. ചില പാർലമെന്റ് അംഗങ്ങളുടെ പിന്തുണയും അതിനു ലഭിച്ചു എന്നത് ലജ്ജാകരമായ ചരിത്ര സത്യമാണ്. തുടർന്ന് ജപ്പാൻ സന്ദർശിച്ച വില്ല്യം ബൂത്ത് അവിടെയും ഈ നിയമം നടപ്പിലാക്കുവാൻ അധികാരികളെ ഉൽസാഹിപ്പിക്കുകയും വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്ന അനേകം പേരെ രക്ഷിച്ചെടുക്കുകയും ചെയ്തു.

ഇൻഡ്യയിൽ ഈ നിയമം നടപ്പിലാക്കുന്നത് 1891-ൽ ആണ്. അതിദാരുണമായ ഒരു സംഭവമാണ് ഇതിനു കാരണമായത്. ഫൂൽമണി ദാസി എന്ന ഒറീസ്സാക്കാരി പെൺകുട്ടിയെ ഹരിമോഹൻ മൈത്തി എന്ന വ്യക്തി വിവാഹം ചെയ്തു. വധൂവരന്മാർക്ക് യഥാക്രമം പത്ത്, മുപ്പത്തിയഞ്ച് വയസ്സ് വീതം പ്രായം. വിവാഹ രാത്രിയിൽ തന്റെ അരക്കെട്ടു തകർന്ന് വധു മരിച്ചു. Marital rape! രാജ്യത്തെ നടുക്കിയ ഈ സംഭവത്തിനു ശേഷം പെൺകുട്ടിയുടെ വിവാഹ പ്രായം പത്തിൽ നിന്നും പന്ത്രണ്ടായി ഉയർത്തി. കാലം പുരോഗമിക്കുകയും ജനം അഭ്യസ്ത വിദ്യരാവുകയും ചെയ്തതോടെ; പന്ത്രണ്ടാം വയസ്സിൽ ഗർഭവതിയാകുന്ന ഒരു ബാലികയുടെ ശാരീരിക-മാനസ്സിക ശേഷിയും ക്ഷമതയും ചോദ്യം ചെയ്ത് വനിതാ കൂട്ടായ്മകൾ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചതിന്റെ ഫലമായി 1949-ൽ വിവാഹപ്രായം പന്ത്രണ്ടായി ഉയർത്തി. ലൈംഗിക അതിക്രമങ്ങൾക്കെതിരെ ബാലകരെ സംരക്ഷിക്കുന്ന നിയമം 2012-ൽ നിലവിൽ വന്നപ്പോൾ പ്രായം പതിനെട്ടായി ഉയർത്തി. ഈ നിയമപ്രകാരം ഉഭയകക്ഷി സമ്മതം ഉണ്ടായിരുന്നാലും പെൺകുട്ടിയുടെ പ്രായം പതിനെട്ടിൽ കുറവാണെങ്കിൽ അവരുടെ സമ്മതത്തിനു നിയമസാധുതയില്ല. ഈ പശ്ചാത്തലത്തിലാണ് വാളയാർ കേസിൽ FIR തയ്യാറാക്കിയ ഉദ്യോഗസ്ഥൻ ശിക്ഷിക്കപ്പെടണമെന്ന് ജസ്റ്റീസ് കെമാൽ പാഷ ആവശ്യപ്പെടുന്നത്. എന്നിരുന്നാലും ഇതിന് ഒരു മറുപുറം ഉണ്ട്. ഉഭയകക്ഷി സമ്മതപ്രകാരം ബന്ധപ്പെടുന്നതിനെ പില്ക്കാലത്ത് പീഡനമായി ചിത്രീകരിച്ച് കള്ളക്കേസുകൾ പെരുകിയപ്പോൾ, ഉഭയകക്ഷി സമ്മതബന്ധം പീഡനം അല്ലെന്നു കോടതി വിധിച്ചിരുന്നു. ആ പഴുതു പിടിച്ചാണ് FIR തയ്യാറാക്കിയതെന്ന് അനുമാനിക്കാം. ഇവിടെ വിവേചനാധികാരം ഉപയോഗിക്കുന്നതിൽ പാളിച്ച സംഭവിച്ചിട്ടുണ്ട്.

ഈ സംഭവങ്ങളെ ബൈബിൾ വെളിച്ചത്തിൽ വിശകലനം ചെയ്യുമ്പോൾ അന്ത്യകാല ലക്ഷണമായി കാണാൻ കഴിയും. പൗലോസ് ശ്ളീഹാ ഇങ്ങനെ എഴുതുന്നു, വാൽസല്യമില്ലാത്തവരും ഇണങ്ങാത്തവരും, ഭോഗപ്രീയരായി ഭക്തിയുടെ വേഷം ധരിച്ച് … (2 തിമോ:3:4-5). വാത്സല്യവും ലാളനയും ലഭിക്കേണ്ട ഇളം പ്രായത്തിൽ കുട്ടികളെ പീഡിപ്പിച്ചു കൊല്ലുന്ന കിരാതലോകം. ഇത് ഇങ്ങനെ അധികനാൾ മുന്നോട്ടു പോകില്ല. ഉടയവൻ ഇടപെടും തീർച്ച. ഇതാ ന്യായാധിപതി വാതിൽക്കൽ.. നമ്മുടെ കർത്താവ് എതു നിമിഷവും വരാം. അതിനായി നമുക്ക് ഒരുങ്ങാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.