ലേഖനം: ക്രിസ്തുവിനെ പുറത്താക്കിയ ലവൊദിക്ക്യാ!| ജീൻ ടെറൻസ്, പട്ന

ലൈക്കസ് നദിക്കരയിൽ (ഇന്നത്തെ ഇസ്താൻബൂളിൽ) ചുറ്റും വലിയ മതിലുകളാൽ ഉറപ്പാക്കപ്പെട്ട ഒരു പ്രസിദ്ധമായ നഗരമായിരുന്നു ലവൊദിക്ക്യ. റോം നഗരം പോലെ തന്നെ ഏഴു മലകളിലായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണം. അപ്പോസ്തലനായ പൗലോസിന്റെ സുവിശേഷ പ്രവർത്തനം മൂലം രൂപീകൃതമായതാണ് അവിടുത്തെ സഭ. ആ സഭയ്ക്ക് പൗലോസ് തന്നെ ലേഖനം എഴുതിയതായി കൊലൊസ്സ്യ ലേഖനത്തിന്റെ അവസാന അദ്ധ്യായത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. അവിടെയുള്ള ചിലരെ അഭിവാദ്യം ചെയ്യുന്നുമുണ്ട്. കൊലൊസ്സ്യയിൽ നിന്നും 20 മൈൽ ദൂരത്തിലും ഫിലദെൽഫിയയിൽ നിന്നും 40 മൈൽ തെക്കു കിഴക്കുമായി സ്ഥിതി ചെയ്യുന്ന പട്ടണമാണ് ലവൊദിക്ക്യ. ഒരു സാമ്പത്തിക കേന്ദ്രം കൂടെയായിരുന്നതിനാൽ തങ്ങളുടെ സമ്പത്തിൽ അതിയായി ഊറ്റം കൊണ്ടിരുന്നവരാണ് ലെവോദിക്യർ. AD 60-ൽ ഉണ്ടായ ഭൂകമ്പം ആ പട്ടണത്തിൽ കടുത്ത നാശം വിതച്ചെങ്കിലും പരസഹായം കൂടാതെ അതിൽ നിന്നും ഉയർന്നു വരുവാൻ ലെവോദിക്യയ്ക്കു കഴിഞ്ഞു. കറുത്ത കമ്പിളി പുതപ്പുകളുടെ കയറ്റുമതി, അറിയപ്പെട്ട ഇനത്തിലുള്ള കൺലേപനത്തിന്റെ വ്യാപാരം എന്നിവയ്ക്ക് ആ പട്ടണം പേര് കേട്ടിരുന്നു.

ഈ ഭൗതികതയുടെ അതിപ്രസരം തന്നെയായിരുന്നു ലാവോദിക്യ സഭയുടെ പ്രശ്നവും. ഭൗതികത സഭയ്ക്കുള്ളിൽ കടന്നതോടെ ഒന്നിനും കുറവില്ലാത്തവരായി അവർ മാറി. ആവശ്യങ്ങൾ നിറവേറ്റാനുള്ള പണം സ്വന്തം കൈയ്യിൽ ഉണ്ടായിരുന്നതുകൊണ്ട് ദൈവത്തിൽ ആശ്രയിക്കേണ്ടതില്ലെന്ന് അവർ ചിന്തിച്ചു. ഭൗതീകതയുടെ മുൾപ്പടർപ്പുകൾ സഭയെ ഞെരുക്കുവാൻ തുടങ്ങിയപ്പോൾ തീവ്ര സ്വഭാവമുള്ള അത്മീകത ശീതോഷ്ണാവസ്ഥയിലേക്കു നിപതിച്ചു. അദ്ധ്യാത്മികതയിലുള്ള താത്പര്യം നഷ്ടപെട്ട സഭ അനാത്മീകതയിലേക്കും ആത്മീക ഉഴപ്പിലേക്കും കൂപ്പുകുത്തി. ഇത്തരത്തിലുള്ള ആത്മീയ ജീവിതം കർത്താവിനു പോലും സഹിക്കാവുന്നതിനപ്പുറമാണ് (”ശിതോഷ്ണവാനാകയാൽ നിന്നെ എന്റെ വായിൽ നിന്നു ഉമിണ്ണുകളയും”, വെളിപ്പാട് 3.16). തിരസ്കാരമാണ് അതിന്റെ അന്ത്യം.

തന്നെയുമല്ല, അവർ ഒന്നിനും കുറവില്ലാത്ത സഭ എന്ന വിചാരത്തിൽ അഭിരമിക്കുവാൻ തുടങ്ങി (“ഞാൻ ധനവാൻ; സമ്പന്നനായിരിക്കുന്നു; എനിക്കു ഒന്നിനും മുട്ടില്ല” 3.17). എന്നാൽ കർത്താവ് നോക്കിയപ്പോൾ കണ്ടത് “നിർഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും” ആയ ഒരു സഭയെയാണ്. ഭൗതികതയ്ക്കു പ്രാധാന്യം കൊടുക്കുന്ന സഭകളെയും ഭൗതികതയിൽ അടിസ്ഥാനപ്പെട്ടിരിക്കുന്ന സഭയെയും കർത്താവ് കാണുന്നത് എത്ര വ്യത്യസ്തമായിട്ടാണ് എന്ന കാര്യം ചിന്തനീയമാണ്. സ്വയ നീതീകരണത്തിന്റെ കണ്ണടകളിലൂടെ നോക്കി കുറവുകൾ കാണാൻ കഴിയാതെ വഞ്ചിതരായ ഒരു സമൂഹമായി ഇന്ന് സഭകൾ മാറിപ്പോയി. നമുക്കുണ്ടായിരുന്നു ക്രിസ്തുവിന്റെ കാഴ്ചപ്പാടുകൾക്കു തീർത്തും മങ്ങലുമേറ്റു.

എന്നാൽ സഭയെ അങ്ങനെ തന്നെ ഉപേക്ഷിക്കാതെ രക്ഷപെടാനുള്ള മാർഗ്ഗവും കർത്താവു അവർക്കു ഉപദേശിച്ചു കൊടുക്കുന്നുണ്ട്, ” നീ സമ്പന്നൻ ആകേണ്ടതിന്നു തീയിൽ ഊതിക്കഴിച്ച പൊന്നും നിന്റെ നഗ്നതയുടെ ലജ്ജ വെളിവാകാതവണ്ണം ധരിക്കേണ്ടതിന്നു വെള്ളയുടുപ്പും നിനക്കു കാഴ്ച ലഭിക്കേണ്ടതിന്നു കണ്ണിൽ എഴുതുവാൻ ലേപവും എന്നോടു വിലെക്കു വാങ്ങുവാൻ ഞാൻ നിന്നോടു ബുദ്ധിപറയുന്നു” (3.18).

ഇപ്പറഞ്ഞതെല്ലാം അവരുടെ കൈയ്യിൽ ഉള്ള കാര്യമാണെങ്കിലും അത് “എന്നോടു വിലയ്ക്ക് വാങ്ങണം” എന്നാണ് കർത്താവു ബുദ്ധി ഉപദേശിക്കുന്നത്. ചുരുക്കം പറഞ്ഞാൽ ഇതൊക്കെ കൈയ്യിൽ ഉള്ളപ്പോഴും ആശ്രയം ദൈവമായിരിക്കണം എന്നാണ് പറഞ്ഞതിന്റെ അന്തഃസത്ത.

പക്ഷെ അതിലേറെ,ഭൗതികതയിൽ അടിസ്ഥാനപ്പെട്ട സഭയുടെ ഏറ്റവും വലിയ ശോഷണം കർത്താവു സഭയുടെ പുറത്താണെന്നാണ്. കർത്താവിനു ഉള്ളിലേക്ക് കയറുവാൻ പുറത്തു നിന്നും മുട്ടേണ്ട അവസ്ഥയിലാണ്, (“ഞാൻ വാതിൽക്കൽ നിന്നു മുട്ടുന്നു” 3.20). ഭൗതീക അനുഗ്രഹം ദൈവീക പ്രീതിയാണെന്നു തെറ്റിധരിച്ചു(അതിൽ ദൈവീക നീതിയുണ്ട് എന്നതിൽ സംശയമില്ല) പ്രഥമസ്ഥാനത്തു അവരോധിക്കപ്പെടേണ്ട ദൈവീകത്വത്തെ രണ്ടാം സ്ഥാനത്തേക്കോ, മൂന്നാംസ്ഥാനത്തേക്കോ തള്ളിക്കളഞ്ഞപ്പോൾ കർത്താവ് സഭയുടെ പടിയിറങ്ങി. എന്നാൽ സഭ ഇത് തിരിച്ചറിയാനുള്ള സംവേദനക്ഷമത ഇല്ലാതെ അവരുടെ കാര്യപരിപാടികൾ തുടരുന്നു എന്നതാണ് ഏറ്റവും സങ്കടകരം.

കർത്താവ് പുറത്തു നിൽക്കുകയാണ് എന്ന തിരിച്ചറിവ് ഉണ്ടായി വാതിൽ തുറക്കുമ്പോൾ മാത്രമേ നമ്മുടെ സഭകൾ യഥാർത്ഥ സമ്പന്നത അനുഭവിക്കുകയുള്ളു. ആ തിരിച്ചറിവിൽ നിന്നും പാഠം ഉൾക്കൊണ്ട് കാഴ്ചപ്പാടിൽ മാറ്റം വരുത്തുവാൻ തയ്യാറുള്ള കൂട്ടായ്മകളിൽ (അത്താഴത്തിൽ) മാത്രമേ ദൈവസാന്നിധ്യവും അനുഭവിച്ചറിയുവാൻ കഴിയൂ. പണമല്ല, ആത്യന്തികമായി ദൈവമാണ് സഭയിൽ ഉണ്ടാകേണ്ടത്, ജീവിതത്തിലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.