ലേഖനം:ഒരു ദൈവപൈതലിന്റെ ക്രിസ്തീയ ജീവിതം | ബിൻസൺ കെ ബാബു, കൊട്ടാരക്കര

ക്രിസ്തീയ ജീവിതം അനുഗ്രഹിക്കപ്പെട്ട ജീവിതം തന്നെ ആണ്. ഈ ലോകത്തിൽ ഒരു മനുഷ്യന് സന്തോഷിക്കാനുള്ള എല്ലാം ഉണ്ട്. ഏതുവിധേനയും ജീവിക്കാം. എന്നാൽ ഓർക്കുക ഈ ജീവിതം കൊണ്ട് നാം എന്ത് നേടി? ഈ ജീവിതം കൊണ്ട് ദൈവത്തിന് എന്തെങ്കിലും പ്രയോജനം ആയോ? എത്ര നാൾ ജീവിച്ചു എന്നല്ല മറിച്ചു കുറച്ചു നാൾ മാത്രമേ കിട്ടിയുള്ളൂ എങ്കിലും യേശുവിനോടൊപ്പം ഉള്ള ജീവിതം ആണെങ്കിൽ നീയാണ് ലോകത്തിൽ ഏറ്റവും വലിയ ഭാഗ്യവാൻ.

1.ക്രിസ്തീയ ജീവിതം യേശുവിനോടു കൂടെ ഉള്ള ജീവിതം ആണ്.

ഇന്ന് എല്ലാവരും വിചാരിക്കുന്നത് ക്രിസ്തീയ ജീവിതത്തിൽ ഉയർച്ചകൾ (ഭൗതിക )കിട്ടുമെന്ന്. എന്നാൽ അതല്ല ആത്മീയ വളർച്ച  ആണ് നമ്മുക്ക് ഉണ്ടാകേണ്ടത്. ഇത് എഴുതുമ്പോൾ കർത്താവിന്റെ ദാസൻ പിജി വർഗീസ് എഴുതിയ ഭാഗം ഓർക്കുന്നു “ക്രിസ്തീയ ജീവിതം എന്നാൽ കസേരകളിലെ മാറ്റം അല്ല, ഉയർച്ചകൾ അല്ല മറിച്ചു ആത്മീയ വളർച്ച ആണ്”. അതെ ഇതാണ് ഇന്ന് ആവശ്യം.

*വാക്കുകളിലൂടെ :നമ്മുടെ ആത്മീയ ജീവിതം നമ്മുടെ സംസാരങ്ങളിലൂടെ വെളിപ്പെടും. യേശു ജീവിതത്തിൽ ഉണ്ടോ എന്ന് നമ്മുടെ വായിൽ നിന്ന് വരുന്ന വാക്കുകളിൽ നിന്ന് മനസിലാകും. അതുകൂടാതെ എന്താണോ ഹൃദയത്തിൽ ഉള്ളത് അത് പുറത്തു വരുന്നത് വാക്കുകളിലൂടെ ആണ്. ഒരു ആത്മീകൻ ദൈവഹിതമില്ലാത്ത വാക്കുകൾ പറയില്ല അവൻ എപ്പോഴും യേശുവുമായി ബന്ധപ്പെട്ടിരിക്കും.

*പ്രവർത്തികളിലൂടെ :ക്രിസ്തീയ ജീവിതം നയിക്കുന്ന ഒരു ദൈവപൈതൽ അവന്റെ പ്രവൃത്തികൾ ക്രിസ്തുവിൽ അടിസ്ഥാനപ്പെട്ടിരിക്കും. ജഡീകൻ ജഡീകമായതു പ്രവർത്തിക്കുമ്പോൾ ആത്മീകൻ ആത്മീകമായതു പ്രവർത്തിക്കും. ഒരു ആത്മീകന്റെ പ്രവർത്തികൾ അത്രെ യേശു പ്രസാദിക്കുന്നതു. അതു നിത്യതക്കു വേണ്ടിയുള്ള ഒരുക്കം അത്രേ.

*ചിന്തകളിലൂടെ :ഒരു ദൈവപൈതലിന്റെ ചിന്ത ഏപ്പോഴും ഉയരത്തിലുള്ളത് ആയിരിക്കും എന്നുപറഞ്ഞാൽ ദൈവത്തിലുള്ളതായിരിക്കും. ഇവിടെയുള്ള താൽക്കാലിക സുഖത്തിനല്ല പ്രധാനം കൊടുക്കുന്നത്  അത് ഇവിടം കൊണ്ട് അവസാനിക്കും എന്നാൽ ഉയരത്തിലുള്ള അതിപ്രധാനമായ യേശുവിലുള്ള ചിന്തകളാൽ നിറയപെടുന്ന ഒരു ദൈവപൈതൽ ഈ ലോകത്തിൽ ജീവിക്കുമ്പോൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായിരിക്കും. അതെ നമ്മുടെ ചിന്തകൾ യേശുവിനെ വെളിപ്പെടുത്തട്ടെ.

 

*അനുകരിക്കുന്നതിലൂടെ :ഇന്ന് മറ്റുള്ളവരുടെ ജീവിതശൈലികളും മറ്റും അനുകരിച്ചു ജീവിതം നയിക്കുന്നവരുടെ സമൂഹത്തിൽ ആണ് നാം ജീവിക്കുന്നത്. അവരുടെ ജീവിതം എങ്ങനെ ആണോ അതുപോലെ ജീവിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. എന്നാൽ ഒരു ദൈവപൈതൽ ഈ ലോകത്തിൽ ആയിരിക്കുമ്പോൾ യേശുവിനെ അനുകരിക്കുന്നവർ ആയിരിക്കണം. യേശുവിന്റെ ഭാവം ഉണ്ടായിരിക്കണം. അതാണ് ക്രിസ്തീയ ജീവിതത്തിൽ വേണ്ടത്.

2.ക്രിസ്തുവിന്റെ അനുകാരികൾ ആകുക

ദൈവം നമ്മെ കുറിച്ചു ആഗ്രഹിക്കുന്നത് ദൈവത്തിന്റെ ഉദ്ദേശം അനുസരിച്ചു ജീവിക്കുക എന്നതാണ്. അതിനുവേണ്ടി ആണ് നമ്മെ ഓരോരുത്തരെയും ഈ ഭൂമിയിൽ ആക്കിവച്ചിരിക്കുന്നതു. പുതിയനിയമ വിശ്വാസികളായ നാം ഓരോരുത്തരും ക്രിസ്തുവിന്റെ അനുകാരികൾ ആയിരിക്കണം എന്നാണ് അപ്പോസ്തലനായ പൗലോസ് പറയുന്നത്. ഒരു ദൈവപൈതൽ ക്രിസ്തുവിനെ അനുഗമിക്കുന്നവൻ ആയി തീരണം അവിടെയാണ് നല്ല ക്രിസ്തീയ ജീവിതത്തിനു ഉടമയായി തീരുന്നതു. പലപ്പോഴും നാം ചിന്തിക്കാറുണ്ട് ഈ ലോകത്ത് എങ്ങനെ വിശുദ്ധനായി ജീവിക്കും അത് സാധ്യമാണോ എന്നൊക്കെ എന്നാൽ ദൈവത്തോട് അടുത്തുചെന്നു ദൈവത്തോട് ഒരുമിച്ചു ജീവിക്കുന്ന ഒരു ദൈവപൈതലിന് ഈ ലോകം അല്ല വലുത് യേശുവിനോടു ഒപ്പം ഉള്ള വാസം ആണ് വലുത് അവർക്ക് മാത്രമേ നല്ല ക്രിസ്തീയ ജീവിതം ഈ ലോകത്തിൽ നയിക്കുവാൻ പറ്റുകയുള്ളു.

3.ദൈവശബ്ദത്തിനു ചെവികൊടുക്കുക

ക്രിസ്തീയജീവിതത്തിൽ ഒരു ദൈവപൈതലിനു വേണ്ടുന്നത് ദൈവശബ്ദത്തിനു കാതോർക്കുകയെന്നതാണ്. ഇന്ന് പലരും ദൈവഹിതത്തിനു നോക്കിനിൽകാതെ മാനുഷിക കരങ്ങളാൽ കഴിയുന്നത് ചെയ്യുന്നു. ദൈവീക ശബ്ദത്തിനു കാത്തിരുന്ന ഭക്തന്മാരെ ദൈവം അത്ഭുതങ്ങളാൽ വഴി നടത്തി അവർ ആരും ലജ്ജിച്ചു പോയിട്ടില്ല. നമ്മുടെ ജീവിതത്തിൽ ആശ്രയം കർത്താവ് ആണെങ്കിൽ നമ്മുടെ ഭാവിയും അവൻ നോക്കിക്കൊള്ളും. ജീവിതയാത്രയിൽ ആവശ്യം വേണ്ടുന്നതും എങ്ങനെ മുൻപോട്ടു പോകണം എന്ന ആലോചനയും കർത്താവ് തക്ക സമയത്തു വെളിപ്പെടുത്തിത്തരും. ദൈവഹിതത്തിനു വേണ്ടി കാത്തിരിക്കുമ്പോൾ ദൈവഹിതം നമ്മിൽ പ്രവർത്തിക്കുമ്പോൾ അത് എന്നും നിലനില്കും അതാണ് ഒരു ദൈവപൈതലിനു ആവശ്യം.

4.പ്രാർത്ഥനയുടെ ശക്തി

പ്രാർത്ഥന ക്രിസ്തീയ ജീവിതത്തിനു അത്യന്താപേക്ഷിതമാണ്. ഈ ലോകജീവിതത്തിൽ ആത്മീകജീവിതം നയിക്കണമെങ്കിൽ ദൈവസന്നിധിയിൽ പ്രാർത്ഥന ഉണ്ടായിരിക്കണം. ഒരു പക്ഷെ പലരും ചിന്തിക്കും പ്രാർത്ഥനയുടെ ആവശ്യം ഇല്ല അല്ലാതെയും ജീവിക്കാം എന്ന്. ജീവിക്കാം പക്ഷെ പ്രാർത്ഥനയിലൂടെ കിട്ടുന്ന സന്തോഷം, ശക്തി ഒരു ദൈവപൈതലിനെ വിജയകരമായ ക്രിസ്തീയജീവിതത്തിനു കൂട്ടാളിയാക്കിത്തീർക്കും. യേശുവും അതു തന്നെ ആണ് പഠിപ്പിക്കുന്നത് പ്രാർത്ഥന വേണം അത് യേശുവിന്റെ ജീവിതത്തിലൂടെ കാണിച്ചുതന്നു. പ്രാർത്ഥനാനുഭവം ഒരു ഭക്തനെ ഉറപ്പിക്കും.

ദൈവസന്നിധിയിൽ പ്രാർത്ഥിച്ചു കരയുന്ന ഒരു ദൈവഭക്തനെ പൊതിഞ്ഞു നിർത്തുന്നത് ദൈവീക പ്രവർത്തികൾ നടക്കേണ്ടതിനാണ്. ഒരു പക്ഷെ പലതും വിചാരിച്ചത് പോലെ അല്ല വിപരീതമായിട്ടായിരിക്കും ജീവിതത്തിൽ സംഭവിക്കുന്നത് എന്നാലും ദൈവം തന്ന ദർശനം മുറുകെ പിടിച്ചുകൊൾക, ദൈവത്തിൽ ആശ്രയിച്ചു വിശ്വസ്ഥതയോടെ ജീവിക്കുക, ദൈവപ്രവത്തിക്കായി സമർപ്പിക്കുക.ദൈവം അത്ഭുതം ചെയ്യും.

5.നിത്യതക്കു വേണ്ടി ഒരുങ്ങുക

ക്രിസ്തീയ ജീവിതയാത്രയിൽ ഒരു ദൈവപൈതലിനു കൂടുതൽ പ്രത്യാശ നൽകുന്ന ഒരു കാര്യമാണ് നിത്യതയിൽ യേശുവിനോടുകൂടെ വാഴുക എന്നത്. ഒരു ദൈവപൈതലിന്റെ ഏറ്റവും വലിയ പ്രത്യാശ നിത്യതയിൽ യേശുവിനോടുകൂടെ കാണുക എന്നതാണ്. ഈ ലോകത്തിൽ ഒരു ദൈവഭക്തൻ സകല പാപങ്ങളെയും വിട്ടൊഴിഞ്ഞു വിശുദ്ധിയോടും വേർപാടോടും ജീവിച്ചു മുന്നോട്ടുപോകുന്നത് മരണത്തിനപ്പുറം ക്രിസ്തുവിനോടുകൂടെ വാഴാനാണ്. ഈ Iലോകസുഖങ്ങളെക്കാൾ,ലൗകീകനന്മകളേക്കാൾ ഏറ്റവും ശ്രെഷ്ഠമാണ് യേശുവിന്റെ കൂടെയുള്ള ജീവിതം. നമ്മുക്ക് നമ്മുടെ മരണം എപ്പോഴാണെന്ന് അറിയില്ല അതല്ല കർത്താവിന്റെ വരവ് എപ്പോഴാണെന്നും അറിയില്ല. ഏതു നിമിഷവും സംഭവിക്കാം. എന്നാൽ നമ്മുടെ ക്രിസ്തീയജീവിതത്തിൽ നമ്മുക്ക് വേണ്ടത് പ്രാർത്ഥനയും, വിശുദ്ധിയും ആണ്. സ്വർഗീയനാടിനെ കാണുവാനുള്ള ആഗ്രഹം ഓരോദിവസവും നമ്മിൽ വർദ്ധിക്കുകയും യേശുവിൽ ആശ്രയിച്ചുകൊണ്ടുള്ള ജീവിതം നയിക്കുകയും ചെയ്യാം.സ്വർഗീയസന്തോഷം ഒരു ദൈവഭക്തന്റെ ജീവിതം.ഈ ലോകത്തിൽ ഒരു ദൈവപൈതലിന് സന്തോഷം കൊടുക്കുന്ന ഇതിൽ കവിഞ്ഞു വേറൊന്നില്ല.

പ്രിയ സ്നേഹിതരെ, നമ്മുടെ ക്രിസ്തീയ ജീവിതം യേശുവിന്റെ കൂടെ ജീവിച്ച്, അവന്റെ അനുകാരികൾ ആയി, പ്രാർത്ഥനയുടെ ശക്തിയറിഞ്ഞു, നിത്യതക്കു വേണ്ടി ഒരുങ്ങി ഓരോദിവസവും ജീവിക്കാം. ദൈവത്തിന് പ്രസാധകരമായ ജീവിതമാണ് നമ്മിൽ നിന്ന് ദൈവം ആഗ്രഹിക്കുന്നത്. നമ്മുക്ക് ജീവിക്കാം വിശുദ്ധിയോടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.