ലേഖനം :“അനുകൂലത്തിൻ കാറ്റുകളാൽ ക്ഷീണിച്ചീടരുതേ” | ഡോ. അജു തോമസ്, സലാല

“കാഹളനാദം കേൾക്കാറായി കുഞ്ഞാട്ടിൻ കാന്തേ” എന്ന് ആരംഭിക്കുന്ന ഗാനത്തിൻറെ അവസാനത്തിങ്കൽ കാണുന്ന ഒരു ഭാഗമാണ് “പ്രതികൂലത്തിൻ കാറ്റുകളാൽ ക്ഷീണിച്ചീടരുതേ ” എന്ന വരി . ക്രിസ്തുവിനെ സ്വന്ത രക്ഷിതാവും നാഥനും ആയി സ്വീകരിച്ചു പുതിയ വഴി തിരഞ്ഞെടുത്തു വന്ന വിശ്വാസി സമൂഹത്തിനു ഒരു കാലത്തു വളരെ അധികം കഷ്ടതകൾ മലയാളക്കരയിൽ നേരിടേണ്ടി വന്നിട്ടുണ്ട്.വേർപെട്ട വിശ്വാസ സമൂഹത്തിൻറെ ഭാഗമായി മാറി കഴിയുമ്പോൾ മറ്റുള്ളവരുടെ നിന്ദയും പരിഹാസവും ഏറ്റു വാങ്ങേണ്ട അവസ്ഥകൾ ഒരു വിശ്വാസിയെ സംബന്ധിച്ചു ജീവിതത്തിൻറെ ഭാഗം ആയി തന്നെ മാറിയ ഒരു കാലഘട്ടം ഉണ്ടായിരുന്നു.

മാത്രമല്ല, പട്ടിണിയും പരിവട്ടവും മറുവശത്തു വിശ്വാസി സമൂഹത്തിനു നിത്യം നേരിടേണ്ടി വന്നിട്ടുണ്ട്.യേശു എന്ന് നാമം അല്ലാതെ മറ്റൊന്നും അവകാശപ്പെടാൻ അവർക്കു ഇല്ലായിരുന്നു.അങ്ങനെ, ജീവിതത്തിൻറെ എല്ലാ വശങ്ങളിലും ഒരു പോലെ പ്രതിസന്ധികൾ നേരിടേണ്ടി വന്നപ്പോൾ, പ്രതികൂലങ്ങൾ മാത്രം തുടർക്കഥ ആയി മാറിയപ്പോൾ ” കഷ്ടത്തെയോ പല പട്ടിണിയോ ഉണ്ടായീടട്ടെ, പ്രതിഫലമേറ്റം പെരുകീടും ബാഖാവാസികളെ, പ്രതികൂലത്തിൻ കാറ്റുകളാൽ ക്ഷീണിച്ചീടരുതേ , മശിഹാ രാജൻ നിൻ കൂടെ ബോട്ടിൽ ഉണ്ടല്ലോ ” എന്ന ഗാന ഭാഗം വിശ്വാസി സമൂഹത്തിനു ഒരേ പോലെ ആശ്വാസവും പ്രത്യാശയും പകർന്നു നൽകി. വിളിച്ച ദൈവം വിശ്വസ്തൻ എന്ന് എണ്ണി കൊണ്ട് കഷ്ടതയിലും പട്ടിണിയിലും നിന്ദയിലും പരിഹാസത്തിലും പതറി പോകാതെ പിടിച്ചു നിന്ന് വിശ്വാസ ജീവിതം ജയകരമായി പൂർത്തീകരിച്ചു ആ തലമുറകൾ വിശ്രമത്തിനായി മറുകരയിലേക്കു പോയി.

കഷ്ടതയും പട്ടിണിയും കണ്ടു വളർന്നു വിശ്വാസി സമൂഹത്തിൻറെ തലമുറയും ദൈവ മുഖം അന്വേഷിച്ചു ദൈവ നാമത്തിനായി നില കൊണ്ടു. എന്നാൽ കാലത്തിൻറെ മാറ്റത്തിങ്കൽ അവരുടെ ജീവിത അവസ്ഥയ്ക്ക് ഭേദം വന്നു. ഒരു കാലത്തു ” എൻറെ ചെറ്റ പുര എന്ന മാറും , ജീർണ വസ്ത്രം എന്ന് മാറും ” എന്ന് സ്വയം ചോദിച്ച സമൂഹം കാലഘട്ടം മാറിയപ്പോൾ എല്ലാം ഉള്ളവരായി മാറ്റപ്പെട്ടു.ഉന്നതമായ വിദ്യാഭ്യാസവും സമൂഹത്തിൽ സ്ഥാനവും ഉള്ളവരായി വിശ്വാസി സമൂഹം മാറി. ലോകത്തിൻറെ പല കോണുകളിലും സജീവ സാന്നിധ്യമായി വിശ്വാസി സമൂഹം തീർന്നു. ഒന്നാം തലമുറ വേർപെട്ട സമൂഹത്തിൽ നിന്ന് നാലും അഞ്ചും ആറും തലമുറകളിൽ ഇന്ന് എത്തി നിൽക്കുമ്പോൾ മുൻപേ പറഞ്ഞ ഗാന ഭാഗത്തിന് അൽപം വ്യത്യാസം വരുത്തേണ്ട സാഹചര്യം ഉണ്ട് എന്ന് വിസ്മരിച്ചുകൂടാ.

“പ്രതികൂലത്തിൻ കാറ്റുകളാൽ ക്ഷീണിച്ചീടരുതേ ” എന്ന് പാടുന്ന സ്ഥാനത്തു അല്പം മാറ്റം വരുത്തി “അനുകൂലത്തിൻ കാറ്റുകളാൽ ക്ഷീണിച്ചീടരുതേ ” എന്ന് പാടേണ്ട അവസ്ഥകൾ ആണ് ഇന്ന് വിശ്വാസി സമൂഹത്തിനു ഉള്ളത് എന്ന് നമ്മുടെ ആത്മീയ അവസ്ഥ നമ്മെ ചൂണ്ടിക്കാട്ടുന്നു. പൊതുവിൽ പറഞ്ഞാൽ, നാമാകുന്ന വിശ്വാസി സമൂഹത്തിൻറെ വിശ്വാസവും ദൈവ ഭക്തിയും വർഷങ്ങൾ മുന്നോട്ടു പോകുന്നതിനു അനുസരിച്ചു കുറഞ്ഞു കുറഞ്ഞു വരുന്നു എന്ന് നമുക്ക് കാണാൻ കഴിയും. “സ്ഥാനങ്ങൾ മാനങ്ങൾ നശ്വരമായി” എന്ന് പാടിയവരുടെ പിൻ തലമുറ സ്ഥാനങ്ങൾക്കും മാനങ്ങൾക്കും നെട്ടോട്ടമോടുന്ന കാഴ്ചകൾ സർവ്വ സാധാരണമായി കഴിഞ്ഞിരിക്കുന്നു. വിശുദ്ധിക്കും വേർപാടിനും സ്ഥാനം കൊടുത്തവരുടെ പിൻഗാമികൾ വിശുദ്ധിയേയും വേർപാടിനെയും പുറം കാലു കൊണ്ട് തട്ടി തെറിപ്പിച്ചു ലോക പ്രകാരമുള്ള ജീവിതത്തിൽ മുന്നേറി കൊണ്ടിരിക്കുന്നു. പ്രാർത്ഥനയ്ക്കും വചന ധ്യാനത്തിനും സമയം കണ്ടെത്താൻ കഴിയാതെ പേര് കൊണ്ട് മാത്രം വിശ്വാസി ആയി ജീവിക്കുന്നു. ആത്മീയമായ ഒരു മന്ദത വിശ്വാസി സമൂഹത്തെ ബാധിച്ചിരിക്കുന്നു. ചുരുക്കി പറഞ്ഞാൽ , നാളുകൾ കഴിഞ്ഞു പോകുമ്പോൾ വിശ്വാസവും, വിശുദ്ധിയും, വേർപാടും, ദൈവ ഭക്തിയും ആരാധനയും എല്ലാം ഒരു ചടങ്ങായും ആചാരമായും മാറ്റപ്പെട്ടു ജീവനുള്ളവർ എന്ന് പേരെങ്കിലും സാവധാനം നാം ആത്മീയമായി മരിച്ചു കൊണ്ടിരിക്കുന്നു. അനുകൂലത്തിൻ കാറ്റുകൾ ഒരു മയക്കത്തിലേക്ക് നമ്മെ തള്ളിവിട്ടു കൊണ്ടിരിക്കുന്നു

അതെ, ജീവിതത്തിൻറെ എല്ലാ വശങ്ങളിലും അനുകൂലമായ കാറ്റുകൾ വീശിക്കൊണ്ടിരിക്കുമ്പോൾ ആ കാറ്റുകൾ ഏറ്റു ക്ഷീണിച്ചീടരുതേ എന്ന് ചിന്തിക്കേണ്ട സമയമാണ് ഇത്.വർഷങ്ങൾക്കു മുൻപ് ശുശ്രൂഷകനായ എൻറെ പിതാവ് തൻറെ പ്രസംഗങ്ങളിൽ ഈ ആശയം പറയുന്നത് ഇന്ന് എന്ന പോലെ ഞാൻ ഓർക്കുന്നു. പ്രിയ ദൈവത്തിൻറെ പൈതലേ, എന്താണ് നമ്മുടെ ഇന്നത്തെ അവസ്ഥ? ഒരു സ്വയം ശോധനയ്ക്കു നമ്മെ തന്നെ നമുക്കു ഒന്ന് വിധേയമാക്കാം. എവിടെ ആരംഭിച്ചു , എവിടെ എത്തി നിൽക്കുന്നു എന്നതിന് ഉത്തരം നാം കണ്ടു പിടിച്ചേ മതിയാവൂ.ദൈവം ആഗ്രഹിക്കുന്ന പാതകളിൽ നടക്കാൻ നമ്മെ തന്നെ നമുക്ക് സമർപ്പിക്കാം.അനുകൂലത്തിൻ കാറ്റുകൾ കൊണ്ട് ആത്മീയമായി ക്ഷീണിക്കാതെ ഏതു അവസ്ഥയിലും ദൈവം ആഗ്രഹിക്കുന്ന ആത്മീയ വളർച്ച നേടാൻ നമ്മെ തന്നെ നമുക്ക് സമർപ്പിക്കാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.