ലേഖനം:ദൈവവേലയിൽ വർദ്ധിച്ചു വരാം കളങ്കപ്പെടാതെ | ഷാജി ആലുവിള

അനുകരണം അല്ല അനുഭവം ആണ് വിശ്വാസ ജീവിതം എന്നാണല്ലോ നാം പറയുന്നതും യാഥാർഥ്യവും. അങ്ങനെ എങ്കിൽ അഭംഗി ആയ ഒരു വേഷവും സുവിശേഷ വേലയിൽ നാം കെട്ടരുത്. കള്ളന്മാരും, അധാർമ്മികരും, തട്ടിപ്പുകാരും, വെട്ടിപ്പുകാരും കുടിയേറി പാർക്കുന്ന വിളനിലമായി നമ്മുടെ സമൂഹം മാറുമ്പോൾ പിൻ തലമുറയോട് നമ്മൾ എന്തു പറയും.

ദൈവ വേലയുടെ മഹത്വം എന്താണ്? ഈ ചോദ്യത്തിന് ഉത്തരം സ്വയംകണ്ടെത്തണ്ടതാണ്. “നീ അധമമായത് ഒഴിച്ച് ഉത്തമം ആയത് പ്രസ്താവിച്ചാൽ നീ എന്റെ വായ് പോലെ ആകും”. ദൈവമക്കൾ ദൈവത്തിന്റെ വായാണ്, സ്വർഗ്ഗത്തിന്റെ ആധികാരിക വാക്താക്കൾ ആണ്. അതിനാൽ അവർ അജയ്യരാണ്, അന്തിമ വിജയം അവരുടേതാണ്. ലോകത്തിനുവേണ്ടി സ്വന്ത പുത്രനിലൂടെ പിതാവായ ദൈവം സാധിപ്പിച്ച നിരപ്പിൽ വചനം ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നവർ അതു കൈകാര്യം ചെയ്യുമ്പോൾ അവർ ക്രിസ്തുവിനുവേണ്ടി ക്രിസ്തുവിനു പകരം ജനത്തോട് സംസാരിക്കുകയാണ്. ദൈവമക്കളുടെയും ശുശ്രൂഷകരുടെയും പദവിയും ഉത്തരവാദിത്വ വും വളരെ നിസ്തുല്യമത്രേ. അത്‌ അറിഞ്ഞു വേണം നമ്മുടെ ഒരോ നീക്കങ്ങളും. നെഞ്ചിടിപ്പിനും, നിരാശക്കും, വിമർശനത്തിനും കാരണമാകുന്ന തിക്താനുഭവങ്ങൾ, മാറാതെ അനുഭവിക്കേണ്ടി വരുന്ന ദുർഘട സന്ധികൾ, ഇവയൊക്കെ ശുശ്രൂഷയിൽ ധാരാളം ഉണ്ട്.

ഇന്നല്ലെങ്കിൽ നാളെ ഒളിഞ്ഞും തെളിഞ്ഞും നേർക്കു നേർ ശത്രുക്കൾ ആകുന്നവരാണ് മനുഷ്യർ. അതേ ചേതോവികാരം കൈവിട്ടില്ലാത്തവരാണ് മിക്ക വിശ്വാസികളും. തെറ്റുകാരയി കാണുന്നവരെ ആലയത്തിലെ സാക്ഷ്യത്തിലും, പ്രസംഗത്തിലും കുറ്റപ്പെടുത്തി ഇല്ലായ്മ ചെയ്യുന്നത് അവരുടെ ആത്മീയ മുന്നേറ്റത്തെ തളർത്തി കളയും. കുരങ്ങിന്റെ വാലിൽ തീ കത്തിച്ച് ഗോതമ്പ് വയലിൽ ശിംശോൻ വിട്ടതുപോലെ ചില വാർത്തകൾ സൃഷ്ടിക്കപ്പെടുന്ന സാഹചര്യങ്ങൾ നാം ഉപേക്ഷിക്കണം. വേദികൾ നോക്കി വേണം നാം സന്ദർഭങ്ങൾ ഉപയോഗിക്കുവാൻ. ” ഒരു കാര്യം മിനയുമ്പോൾ പലരോട് നിനയണം” എന്നുള്ളത് മറക്കരുത്. പൊതുവിൽ ചെയ്യുന്ന ഒരു കാര്യം മറ്റുള്ളവരാൽ വിമർശിക്കപ്പെടുമോ എന്ന്‌ പല പ്രാവശ്യം ആലോചിച്ചു വേണം ചെയ്യുവാൻ. പ്രത്യേകിച്ചു യൗവ്വനക്കാർ അനുഭവസ്ഥരുമായി ആലോചിച്ചു കാര്യങ്ങളിൽ ഇടപെട്ടാൽ ഏറെ കുറെ സാമൂഹിക അക്രമങ്ങളിൽ നിന്നു ഒഴിഞ്ഞു മാറാം.

തിരുത്തലിന് വേണ്ടി ഒരാൾ ചൂണ്ടിക്കാണിക്കുന്നത് ഏറ്റെടുക്കണം. അതിന്റെ പിന്നിലുള്ള ഉദ്ദേശ ശുദ്ധിയിൽ ക്രിയാത്മകമായ വിമർശനങ്ങൾ നല്ലതാണ്. നമ്മളെ വീക്ഷിക്കുന്ന വായിക്കുന്ന വലിയ ഒരു സമൂഹം ആണ് നമ്മുടെ ചുറ്റുമുള്ളത്. ഒരാൾക്ക് നല്ലതു എന്നു തോന്നുന്നത് അനേകർക്ക് നല്ലതാക്കണം എന്നില്ല. അനുകരണം അല്ല അനുഭവം ആണ് വിശ്വാസ ജീവിതം എന്നാണല്ലോ നാം പറയുന്നതും യാഥാർഥ്യവും. അങ്ങനെ എങ്കിൽ അഭംഗി ആയ ഒരു വേഷവും സുവിശേഷ വേലയിൽ നാം കെട്ടരുത്. കള്ളന്മാരും, അധാർമ്മികരും, തട്ടിപ്പുകാരും, വെട്ടിപ്പുകാരും കുടിയേറി പാർക്കുന്ന വിളനിലമായി നമ്മുടെ സമൂഹം മാറുമ്പോൾ പിൻ തലമുറയോട് നമ്മൾ എന്തു പറയും. ഭൗതീകത്തിന്റെ അസൂയാർഹമായ മുന്നേറ്റവും, ആത്മീയതയോടുള്ള വ്യക്തമായ വിരസതയും മുഖമുദ്രയായുളള്ള ഏദൻകാലം, സത്യ ശുശ്രൂഷകർക്ക് അശേഷം യോജിച്ചതല്ല. ലോകമയത്വത്തിന്റെയും, അനാത്മികതയുടെയും അതിപ്രസരം നിഴലിച്ചുനിൽക്കുന്ന പശ്ചാത്തലത്തിൽ ശുശ്രൂഷ നിർവിഘ്‌നം നിർവ്വഹിക്കേണം. പ്രത്യേകിച്ചു സഹകാരികളാൽ എപ്പോഴും വിമർശന സന്ദർഭം ഉണ്ടാകുമെന്നും ഓർത്തു നന്നായി നാം ശ്രദ്ധിക്കയും വേണം. പൊതു ജന ചിന്താധാരയിൽ നിന്ന് ഒഴിഞ്ഞു നിന്നുകൊണ്ട് ദൈവത്തോട് അടുത്തുനിൽക്കുന്നവർ ആയിരിക്കണം നാം. വിമർശനങ്ങളും അഭിപ്രായങ്ങളും ആരുടെയും വിശ്വാസ ജീവിതത്തെ താറു മാറാക്കരുത്. ഏകന്റെ പ്രവർത്തിയാൽ മറ്റാരെയും തകർക്കുന്നതായിരിക്കരുത് അഭിപ്രായങ്ങൾ. സ്വാതിന്ത്രൃം ഉപയോഗിക്കുന്നത് ബലഹീനരെ ഒരു രീതിയിലും ഹനിക്കുന്ന രീതിയിൽ ആകരുത് എന്ന്‌ പൗലോസ്‌ ശ്ലീഹ കോരിന്തു സഭയെ ഓർമ്മിപ്പിക്കുന്നു.(1 കോരി. 8: 9) മാനവികതയുടെ അപ്പോസ്ത്തോലന്മാരായി നാം മാറണം. ക്ഷമിക്കുന്നവരും തിരുത്തുന്നവരും കൈതാങ്ങുന്നവരുമായി നാം തീർന്നാൽ ധാർമിക ബോധം പകർത്തിക്കൊടുക്കുവാൻ സാധിക്കും.
ധാർമ്മിക മൂല്യങ്ങൾക്കു വേണ്ടി നിലനിൽക്കുന്ന മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ നാലാം തൂണാണ്. ജനങ്ങളുടെ പക്ഷത്ത് നിന്ന് സംസാരിക്കുന്നതാണ് മാധ്യമം. നീതിയുടെ , പരിവർത്തനത്തിന്റെ, ജീവന്റെ ശബ്ദം ഉയർത്തുന്നവരാണ് മാധ്യമങ്ങൾ. അതു മനസിലാക്കി വേണം ആത്മീയർ മുന്നേറേണ്ടത്.

ആദർശങ്ങൾക്ക് സ്ഥാനം നൽകാത്ത വല്ലാത്ത തലമുറയുടെ മദ്ധ്യേ ആണ് ശുശ്രൂഷകരായ നമ്മൾ ആയിരിക്കുന്നത്. താൽക്കാലിക ലാഭത്തിനും പെരുമക്കും വേണ്ടി ജീവിത മൂല്യങ്ങൾ വലിച്ചെറിഞ്ഞ്, വിലകുറഞ്ഞ കാര്യങ്ങൾക്ക് പിമ്പേ ത്വരിതഗമനം ചെയ്യരുത്. ആത്മീയരെന്നു പറയുന്ന പലരും ജനശ്രദ്ധ പിടിച്ചുപറ്റി സ്ഥാനമാനം നിലനിർത്താൻ തന്ത്രപ്പെടുന്നത് വേദനാ ജനകമാണ്. സമൂഹം ഒഴുകി നീങ്ങുന്ന നേടും ചാലിൽ നിന്നു മാറി ആത്മീയ ദർശനത്തിൽ നിലനിൽക്കുന്നത് ഒഴുക്കിനെതിരെ നീന്തുന്നതിലും ദുഷ്കരമായി തീർന്നിരിക്കുന്നു. പിതാക്കൻമ്മാർ നൂറ്റാണ്ടായി നേടി എടുത്ത ആത്മീയ പൈതൃകം കാത്തുസൂക്ഷികണ്ടത് നമ്മുടെ ഉത്തരവാദിത്വം ആണ്. കാലചക്രങ്ങൾക്ക് മാറ്റം വരാം എന്നാൽ ദൈവ വചനത്തിന് മാറ്റം വരുത്തരുത്. പ്രിയരേ നമ്മുടെ ശുശ്രൂഷയിലും ആത്മീയ ജീവിതത്തിലും പരസ്പരം കൈതാങ്ങുന്നവരും, സ്നേഹത്തിലുള്ള തിരുത്തലുകളും പരസ്പരം പങ്കുവെച്ചാൽ ആരും വേദനിക്കില്ല.

ജീവിത ദർശനത്തിൽ പൗലോസ് ഉറച്ചുനിന്നു. ലക്ഷ്യബോധത്തിൽ താൻ ഏകാഗ്രചിത്തൻ ആയിരുന്നു. ജീവിതന്ത്യത്തോട് അടുക്കുംന്തോറും ആദർശ സ്ഥിരത പൂർവ്വാധികം ശക്തിപ്പെട്ടു. ഒടുവിൽ താൻ ഇങ്ങനെ പറഞ്ഞു ശുശ്രൂഷ തികച്ചു.” ഞാൻ നല്ല പോർ പൊരുതു, വിശ്വാസം കാത്തു, ഓട്ടം തികച്ചു. ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു.” നമുക്കും ഒടുക്കത്തെ നാളിൽ അങ്ങനെ പറയുവാൻ ഇടയാകട്ടെ. സുവിശേഷത്തിനും ശുശ്രൂഷക്കും ഭംഗം വരാതെ നമുക്കും ഓടി ശുശ്രൂഷ തികക്കാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.