ലേഖനം: അടയുന്ന കണ്ണും തുറക്കുന്ന സ്വർഗ്ഗവും | ബിജു പി. സാമുവൽ

പുതിയ നിയമത്തിലെ പഴയ നിയമം എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന
ഒരു അധ്യായമാണ് പ്രവർത്തികളുടെ പുസ്തകം ഏഴാം അധ്യായം .
യിസ്രായേലിന്റെ ചരിത്രത്തെപ്പറ്റി സ്തെഫാനോസിനുള്ള
ആഴമായ അറിവ് ആ പ്രസംഗത്തിൽ വെളിപ്പെടുന്നുണ്ട് .

ഇത്ര ആഴമായ അറിവും ദൈവീക ജ്ഞാനവും ഉണ്ടായിരുന്ന സ്തെഫാനോസിനെ മേശമേൽ ഉള്ള ശുശ്രൂഷക്കായി നിയോഗിച്ചിട്ടുംപിറുപിറുപ്പില്ലാതെ താൻ അത് ഏറ്റെടുത്തു. എന്നാൽ ദൈവം അദ്ദേഹത്തെ വേറൊരു ശുശ്രൂഷക്കായി വഴി തിരിച്ചു വിട്ടു .പ്രസംഗത്തിന്റെ അവസാന മൂന്നു വാക്യങ്ങൾ ( 7:51-53 ) കേൾവിക്കാരെ പ്രകോപിപ്പിച്ചു .

ഇന്നും ആളുകൾക്ക് കഥകളും ചരിത്ര വസ്തുക്കളും കേൾക്കാൻ താല്പര്യമാണ്. പക്ഷേ വ്യക്തിപരമായ ജീവിതത്തിലേക്ക് വിരൽ ചൂണ്ടുന്ന ദൈവിക സന്ദേശങ്ങൾ ആളുകളെ ചൊടിപ്പിക്കുന്നു. സന്ദേശങ്ങൾ അറിവ് പകരുന്നത് (വിജ്ഞാനപ്രദം-Informative) മാത്രമാകരുത് . അത് ആളുകളുടെ ഹൃദയത്തെ കുത്തി മുറിവേൽപ്പിക്കുന്നതും ( Piercing- പ്രവൃത്തി 2:37 ) ജീവിതത്തെ രൂപാന്തരപ്പെടുത്തുന്നതും (Transformative) ആയിരിക്കണം. മുഖം മനസ്സിന്റെ കണ്ണാടിയാണല്ലോ . മനസ്സിലെ വികാരങ്ങൾ മുഖത്ത് വെളിപ്പെടും. സാഹചര്യമനുസരിച്ച് മുഖഭാവം വ്യത്യാസപ്പെടുകയും ചെയ്യും .

post watermark60x60

പക്ഷേ ഇവിടെ , ആളുകൾ മുഖത്തു നോക്കി ആക്രോശിക്കുകയും അധിക്ഷേപിക്കുകയും ചെയ്തപ്പോഴും സ്തെഫാനൊസിന്റെ മുഖം ഒരു ദൈവദൂതന്റെ മുഖം പോലെ പ്രകാശിച്ചു .(6:15) . എന്തായിരിക്കാം കാരണം?.

കേൾവിക്കാർ ചീറി അടുത്തപ്പോൾ അവൻ പരിശുദ്ധാത്മാവു നിറഞ്ഞവനായാണ് സ്വർഗ്ഗത്തേക്ക് ഉറ്റു നോക്കിയത്. ലക്ഷ്യം മാറാതെ, ആശ്രയം കൈവിടാതെ ദൈവത്തിലേക്ക് മാത്രമുള്ള നോട്ടം . അങ്ങനെ നോക്കുന്നവരുടെ മുഖമാണല്ലോ പ്രകാശപൂരിതമാകുന്നത് ( സങ്കീ. 34:10) .

പേർഷ്യൻ എഴുത്തുകാരനായ ഖലീൽ ജിബ്രാൻ ,
സ്തെഫാനൊസിന്റെയും മറ്റ് രക്തസാക്ഷികളുടെ മരണത്തെപ്പറ്റി പ്രസ്താവിച്ചത് ഇങ്ങനെയാണ് : “അവരെ പിടികൂടി വധിക്കാൻ കൊണ്ടുപോകുമ്പോഴു അവർ സന്തോഷവാൻമാരാണ്. അവരുടെ മുഖങ്ങൾ വിവാഹ ആഘോഷത്തിലെ വരന്റെ മുഖംപോലെ ശോഭിക്കുന്നു”.

പപ്പടം പൊടിക്കുന്നത് പോലെ പൊടിക്കാനുള്ള വാശിയോടെ വന്ന ശത്രുക്കളെ സ്തെഫാനൊസ് സംബോധന ചെയ്യുന്നത് സഹോദരന്മാർ എന്നാണ് (7:2). പക്ഷെ ഇന്ന് ദൈവദാസന്മാർ ആണെന്ന് അഭിമാനിക്കുന്നവർ പോലും സോഷ്യൽ മീഡിയകളിൽ വന്ന് ചുണയുണ്ടെങ്കിൽ വാടാ എന്ന വെല്ലുവിളി ശബ്ദമുയർത്തുന്നത് എങ്ങനെ ആത്മനിറവിലെ ജീവിതമാകും ?. ഗൊല്യാത്തിനെതിരെ ചുണ കാണിക്കാൻ മറന്ന ശൗൽ , ദാവീദിനെ കൊല്ലാൻ പിന്തുടരുന്നതാണ് ഓർമ്മ വരുന്നത് .

എതിരാളികൾ പല്ലു കടിക്കുമ്പോൾ തിരിച്ച് മുഷ്ടി ചുരുട്ടുന്നത് ദൈവീകതയല്ല .
ശത്രുക്കൾ മൂർച്ചയുള്ള വാൾ എടുക്കുമ്പോൾ, വിഷലിപ്തമായ നാവു കൊണ്ട് അവരെ നേരിടുന്നത് ക്രിസ്തുവിന്റെ ഭാവവുമല്ല . സഭയിലെ ഭിന്നപക്ഷങ്ങൾ ഇന്ന് തെരുവിൽ പോലും യുദ്ധ ഭീഷണി മുഴക്കുന്നു . സഭാ തർക്കങ്ങൾ കോടതികളിലേക്ക് വലിച്ചിഴക്കപ്പെടുന്നു . ജയത്തിനു വേണ്ടിയുള്ള ഈ താൽപര്യം കണ്ട് സ്വർഗ്ഗം തീർത്തും സന്തോഷിക്കുകയായിരിക്കും അല്ലേ? .

സ്തെഫാനൊസിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ സത്യ വിരുദ്ധമായിരുന്നു . ന്യായത്തിന്റെ കണിക പോലും അതിൽ ഇല്ലായിരുന്നു. അന്യായം സഹിക്കുമ്പോഴും കണ്ണു പറിക്കാതെ അവൻ സ്വർഗ്ഗത്തിലേക്ക് തന്നെ നോക്കി ; അപ്പോൾ സ്വർഗ്ഗം തുറന്നു ( ഒരറ്റം മുതൽ മറ്റേ അറ്റം വരെ തുറന്നു എന്ന അർത്ഥമാണത് ) .

എന്തിനാണ് സ്വർഗം തുറന്നത് ?
ഒരു ഭക്തനെ നിഷ്കരുണം വേട്ടയാടുന്നത് കണ്ട് , സ്വർഗ്ഗത്തിൽ നിന്ന് തീ ഇറക്കി ശത്രുക്കളെ നശിപ്പിക്കുന്നതിനു വേണ്ടിയായിരുന്നോ ? . അല്ല, കഷ്ടം സഹിക്കുന്ന ഭക്തനെ തന്നേ തിരിച്ചു വിളിക്കുന്നതിന്‌ വേണ്ടിയായിരുന്നത് .

“കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളണമേ” എന്ന അപേക്ഷ ഉയരുന്നതിന് മുമ്പ് തന്നെ സ്തെഫാനോസിനെ സ്വീകരിക്കാൻ സ്വർഗ്ഗം തയ്യാറെടുപ്പ് നടത്തി. ദൈവത്തിന്റെ വലതുഭാഗത്ത് യേശു എഴുന്നേറ്റു നിന്നു .
സ്തെഫാനൊസിന്റെ ശരീരത്തിൽ ഒരു കല്ല് പോലും വന്നു പതിക്കുന്നതിനു മുമ്പെയാണ് ഈ തയ്യാറെടുപ്പ് . അവന് സംഭവിക്കാൻ പോകുന്നത് ദൈവം മുന്നമേ അറിഞ്ഞു . ആ മരണം തടയുന്നതിനുള്ള ക്രമീകരണമല്ല , മറിച്ച് , വരുന്നവനെ സ്വീകരിക്കാനുള്ള ക്രമീകരണം ആണത് . ഭക്തന്മാരുടെ മരണം യഹോവയ്ക്ക് വിലയേറിയതാണല്ലോ .

എബ്രായ നിയമമനുസരിച്ച് വധശിക്ഷ നടപ്പാക്കുന്നതിനുള്ള സാധാരണ മാർഗമാണ് കല്ലെറിഞ്ഞു കൊല്ലൽ . അതിനായി അവർ അവനെ നഗരത്തിൽ നിന്നും തള്ളി പുറത്താക്കി . ശത്രുക്കളോടുള്ള പ്രതികാരാഗ്നി ജ്വലിക്കുന്ന വാക്കുകളാണ് യുദ്ധത്തടവുകാരായ പല രാഷ്ട്രീയ നേതാക്കളും അവസാനമായി ഉയർത്തിയിട്ടുള്ളത് .
ജീവൻ വേർപെട്ട് പോകുന്നതിനു മുമ്പേ ഒരു വാക്ക് സ്തെഫാനോസിനും ബാക്കിയുണ്ടായിരുന്നു . അതിനായി താൻ മുട്ടു കുത്തി, അതൊരു ചെറു പ്രാർത്ഥന ആയിരുന്നു. ഒരു ചെറു ക്ഷമാ മൊഴി . “കർത്താവേ , അവർക്ക് ഈ പാപം നിറുത്തരുതേ”. അത് പറഞ്ഞിട്ട് താൻ നിദ്ര പ്രാപിച്ചു .

ക്രിസ്ത്യാനിത്വം എന്താണെന്ന് കൃത്യമായി വെളിപ്പെടുത്തുന്നതായിരുന്നു സ്തെഫാനോസിന്റെ മരണം. രാജ്യങ്ങളും നിയമങ്ങളും ക്രിസ്ത്യാനിത്വത്തിന് എതിരാകുമ്പോൾ തിരിച്ച് മുഷ്ടി ചുരുട്ടാനല്ല കർത്താവ് പഠിപ്പിച്ചത്; സ്നേഹത്തിന്റെയും ക്ഷമയുടെയും മാർഗ്ഗമാണിത് .

സ്തെഫാനോസ് അത്ഭുതങ്ങൾ ചെയ്തതായൊന്നും പുതിയനിയമത്തിൽ രേഖപെടുത്തിയിട്ടില്ല . ചെയ്ത ഏക പ്രസംഗ ശേഷം താൻ വിശ്രമത്തിനായി പോയി.

മരിക്കുന്നത് എല്ലാവർക്കും നഷ്ടബോധം ഉളവാക്കും . പക്ഷേ സ്തെഫാനോസിന്റെ മരണം ക്രൈസ്തവസഭയ്ക്ക് നഷ്ടം അല്ലായിരുന്നു . അത് ഒരു പുതിയ യുഗത്തിന്റെ തുടക്കമായിരുന്നു . അവന്റെ മരണത്തിന്റെ കൂട്ടുപ്രതി ആയിരുന്ന ശൗൽ, അധികം കഴിയും മുമ്പേ ക്രിസ്തുവിന്റെ മരണത്തിൽ പങ്കാളിയായിത്തീർന്നു . അതെ, രക്തസാക്ഷികളുടെ രക്തം സഭയുടെ വിത്താണ്…ആ ചരിത്രം ഇന്നും തുടരുന്നു.

ബിജു പി. സാമുവൽ,
ഒയാസിസ് മിനിസ്ട്രീസ്, ബംഗാൾ
Mob: 08016306857

-ADVERTISEMENT-

-ADVERTISEMENT-

You might also like