ക്രൈസ്തവ എഴുത്തുപുര കുടുംബ സമ്മേളനവും ശില്പശാലയും നടന്നു

ഷാജി ആലുവിള

പള്ളിപ്പാട്: ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ ക്രമീകരിച്ച പ്രഥമ കുടുംബ സംഗമവും ശില്പശാലയും പള്ളിപ്പാട് ടൌൺ അസ്സബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ വെച്ചു ഇന്ന് രാവിലെ 9 മണിക്ക് നടന്നു. എഴുത്തുപുരയുടെ സാമൂഹിക പ്രവർത്തന സംഘടനയായ ശ്രദ്ധ യുടെ ഡയറക്ടർ ഡോ. പീറ്റർ ജോയി അധ്യക്ഷത വഹിച്ച യോഗത്തിൽ പാസ്റ്റർ ജിബിൻ ഫിലിപ്പ് സ്വാഗതം അറിയിച്ചു. കഴിഞ്ഞുപോയ കേരളത്തിലെ ജലപ്രളയത്തിൽ എഴുത്തുപുരയുടെ സാമൂഹിക സൽപ്രവർത്തികളെ താൻ അനുസ്മരിച്ചു. എബി മാവേലിക്കരയും ഭാര്യ ഫേബയും ആരാധനയ്ക്ക് നേതൃത്വം കൊടുത്തു. പാസ്റ്റർ സാജൻ സാമുവൽ പ്രാർത്ഥിച്ചു. എഴുത്തുപുരയുടെ ലക്ഷ്യവും, നേട്ടങ്ങളും, പ്രവർത്തനങ്ങളെയും പറ്റിയും അധ്യക്ഷ പ്രസംഗത്തിൽ ഡോ. പീറ്റർ ജോയി സംസാരിച്ചു. സുവിശേഷ സത്യത്തെ സാമൂഹിക സേവനത്തിനൊപ്പം സമൂഹത്തിലേക്ക് എത്തിക്കുന്ന ഒരു പെന്തക്കോസ്ത് എക്യൂമെനിക്കൽ പ്രസ്ഥാനം ആണ് ക്രൈസ്തവ എഴുത്തുപുരയെന്നും, ഒപ്പം നവ സാഹിത്യകാരൻമാരെ വളർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നും അധ്യക്ഷൻ ഓർമിപ്പിച്ചു.

സമ്മേളനത്തിന്റെ ഉൽഘാടനം ആഷേർ മാത്യു നടത്തി. വായനയുടെ പ്രാധാന്യതയും വിലയും എന്താണെന്ന് ഉത്ഘാടന പ്രസംഗത്തിൽ എഴുത്തുകാരനും എഴുത്തുപുര പത്രം ചീഫ്‌ എഡിറ്ററും ആയ ആഷേർ മാത്യു ഓർമിപ്പിച്ചു. ബൈബിളിനെ പോലെ ഇത്ര മഹനീയമായ സാഹിത്യ കൃതി മറ്റൊന്നില്ല എന്നും സഭാപ്രസംഗിയിൽ നിന്നും ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ചൂണ്ടി കാട്ടി. പാസ്റ്റർ ബ്ലസൻ പി.ബി, (ഡൽഹി), സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ (ഡൽഹി), ജോഷി ഐസക്, ജെറ്റ്സൺ സണ്ണി എന്നിവർ ആശംസകൾ അറിയിച്ചു. പ്രാർത്ഥനാ വിഭാഗമായ അപ്പർ റൂം കോ ഓർഡിനേറ്റർ ഷോളി വർഗീസ് അപ്പർ റൂമിന്റെ പ്രവർത്തനങ്ങളെ കുറിച്ചു വിവരിച്ചു. ക്രൈസ്തവ എഴുത്തുപുര വൈസ് പ്രസിഡന്റ് (മിഷൻ) ഡാർവിൻ വിൽസൻ അശംസയോടൊപ്പം എഴുത്തുപുരയുടെ പ്രവർത്തനങ്ങളെ കുറിച്ചു അവലോകനം നടത്തി. എഴുത്തുപുര വെറും ഒരു പ്രസ്ഥാനം മാത്രം അല്ലെന്നും ആത്മീയ മുന്നേറ്റത്തിന് എല്ലാ സഭാവിഭാഗങ്ങളോടും ചേർന്ന് സാമൂഹിക പ്രതിബദ്ധതയോടെയും, ഐക്യദാർഢ്യ ത്തോടും പ്രവർത്തിക്കുന്ന ഒരു ആത്മീയ പ്രസ്ഥാനമാണന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പ്രൊഫ. തോമസ് നീലാർമഠം (കാർത്തികപ്പള്ളി) ശില്പശാലയിൽ ക്ലാസ് നയിച്ചു. സാഹിത്യം പറന്നുയരുന്ന പട്ടം പോലെ അനേകരെ ആകർഷിക്കുന്നതാണന്ന് പ്രാരംഭത്തിൽ താൻ ഓർമ്മിപ്പിച്ചു. ഹൃദയങ്ങളെ തമ്മിൽ അടുപ്പിക്കുന്ന വൈകാരിക ബന്ധം പുലർത്തുന്ന തായിരിക്കണം സാഹിത്യം. ആത്മീക ശക്തി പ്രാപിച്ചാൽ മാത്രമേ ശാരീരിക ശക്തിയും സാമൂഹിക പ്രതിബദ്ധതയും ഉണ്ടാകയുള്ളൂ. വികാരം തിരിച്ചറിയാത്ത ഒരു സമൂഹമാണ് നമ്മുടേത്. ഈ സമൂഹത്തിൽ സുതാര്യമായ ഇടപെടൽ വേണ്ടും വണ്ണം ഇല്ലാത്തതുകൊണ്ടാണ് സ്നേഹവും പ്രേമവും, കുത്തിയും കത്തിച്ചും കൊണ്ട് ആക്രമിക്കുന്ന കാടത്വമായി മാറിയത്. വികാരങ്ങളെ തിരിച്ചറിയാൻ സാഹിത്യ ബോധവത്കരണം അനിവാര്യമാണ്. പ്രലോപനങ്ങളിൽ വഴുതി വീഴുന്ന ഈ തലമുറക്ക് നല്ല വഴികാട്ടി ആയി തീരണം നമ്മൾ. സമൂഹത്തെ ത്രസിപ്പിക്കുന്ന സാഹിത്യങ്ങൾ പുറത്തുവന്നെങ്കിൽ മാത്രമേ നവബോധം ജനത്തിൽ വരുത്തുവാൻ പറ്റുകയുള്ളു. ചുറ്റുപാടുകളെ നന്നായി നിരീക്ഷിച്ചും, ശ്രദ്ധിച്ചും, പഠിച്ചും വേണം ഒരു എഴുത്തുകാരൻ എഴുതുവാൻ. സദ്വാർത്തകൾ ആയിരിക്കണം സാഹിത്യകാരന്റെ സൃഷ്ട്ടി. പ്രതിസന്ധികളെ പ്രതിരോധിക്കുന്നതായിരിക്കണം എഴുത്തുകൾ. ഇടപെടലുകൾ സമൂഹത്തിനു കൊടുക്കുമ്പോൾ ആണ് സാഹിത്യത്തിന്റെ അസ്തിത്വം അനേകരിലേക്ക് കൈമാറുന്നത്. പ്രണയം എന്ന വാക്ക് പ്രതികാരമായി മാറുന്ന സമൂഹത്തിന് അതിന്റെ തനിമ വെളിപ്പെടുന്ന സാഹിത്യ കൃതികൾ പുറത്തിറക്കുന്ന ഏഴുത്തുകാർ ഇനിയും എഴുന്നേൽക്കണം. അതിനു കഴിവുള്ള സാഹിത്യകാരന്മാർ ക്രൈസ്തവ എഴുത്തുപുരയിൽ ഉണ്ടന്നും അവർ അതിനായി ശക്തിപ്പെടട്ടെ എന്നും പ്രൊഫസർ തോമസ് നീലാർ മഠം ആശംസിച്ചു. എഴുത്തുപുര അതിനായി ക്രമീകരിച്ച ഈ ശില്പശാലയെ അദ്ദേഹം അഭിനന്ദിച്ചു. ശില്പശാലയിൽ പങ്കെടുത്തവർക്കായി പരിശീലന കളരിയും പ്രൊഫസർ തോമസ് നടത്തി. “ബാബു സാറിന്റെ വീട്” എന്നതായിരുന്നു വിഷയം. അനേകർ വ്യത്യസ്ത നിലകളിൽ ലേഖനം എഴുതി സാഹിത്യ അഭിരുചി വെളിപ്പെടുത്തിയത് ഈ ശില്പശാലയുടെ മൂല്യതയാണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ യൂന്നിറ്റുകളിൽ നിന്നും എഴുത്തുപുര പ്രവർത്തകരും ഭാരവാഹികളും സംബന്ധിച്ചു. ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ സെക്രട്ടറി സുജ സജി നന്ദി അറിയിച്ചു. കഴിഞ്ഞതിനെക്കാൾ വീണ്ടും ബഹുദൂരം നമുക്ക് എഴുത്തുപുരക്കൊപ്പം പ്രവർത്തിക്കേണ്ടതായിട്ടുണ്ടെന്നും ഒന്നായി നിന്നുകൊണ്ട് സാമൂഹിക പ്രതിബദ്ധതയോടെ നമുക്ക് മുന്നേറാം എന്നും സുജ സജി അറിയിച്ചു. തുടർന്ന് എഴുത്തുപുര കുടുംബ സംഗമവും നടന്നു. പള്ളിപ്പാട് ടൌൺ അസംബ്ലീസ് ഓഫ് ഗോഡ് സഭയും കമ്മറ്റിയും ക്രമീകരണങ്ങൾക്ക് നേതൃത്വം കൊടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.