ലേഖനം: വാളെടുത്തവരെല്ലാം വെളിച്ചപ്പാടും വായെടുത്തവരെല്ലാം വിധികർത്താക്കളും | സുവി. ജിനു തങ്കച്ചൻ, കട്ടപ്പന

ഏതു വിത്ത് വാരിയെറിഞ്ഞാലും ഫലം തരുന്ന ഒരു മണ്ണ് ഏതൊരു കർഷകന്റെയും സ്വപ്നമാണ്. ഭാഗ്യം എന്ന് പറയണമോ നിർഭാഗ്യമെന്ന് പറയണോ.. നിർഭാഗ്യവശാൽ മലയാളി പെന്തക്കോസ്ത് സമൂഹമാണ് ഈ മണ്ണ്. നവീനോപദേശങ്ങളുടെ അന്തഃസത്ത തിരിച്ചറിയാതെ അതിനെ പുൽകുന്ന ആളുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. സമൂഹ മാധ്യമങ്ങളുടെ അതിപ്രസരം ഈ കൃഷിയുടെ പ്രധാന വളമായി മാറി അത് തഴച്ചു വളരുകയാണ്. സമൂഹ മാധ്യമങ്ങളുടെ ഇടനാഴിയിൽ പതിയിരുന്ന് കുഞ്ഞാടുകളെ കടിച്ചു കീറുന്ന ഹിംസ്രജന്തുക്കളാണ് ദുരുപദേശത്തിന്റെ ഈ ചെന്നായ്ക്കൂട്ടം. ക്രിസ്തുവില്ലാത്ത ഒരു കൂട്ടം ക്രിസ്ത്യാനികളാണ് ഇവയുടെ പരിണിതഫലം. മറ്റെന്തോ ഭ്രമത്തിനു പുറകെ എന്തൊക്കെയോ വെട്ടിപിടിക്കാൻ വചനത്തെ കോട്ടിവളച്ച് ഗത്യന്തരമില്ലാത്ത യാത്രയിലാണവർ. സഭകളുടെ പൊതുവായ ഒരു ഉപദേശ ഐക്യവും പ്രഖ്യാപനവുമാണ് ഇതിനെ ചെറുക്കാൻ കഴിയുന്ന ഏക ആയുധം. എന്നാൽ സഭാ നേതൃത്വങ്ങളുടെ മൗനം ആശങ്കാജനകമാണ്. യാഥാസ്ഥിതിക പെന്തക്കോസ്ത് സമൂഹത്തിന് ദൈവ വചന അടിസ്ഥാനത്തിലൂന്നിയ ഐക്യഖണ്ഡേനമായ ഒരു നിലപാട് വ്യക്തമാക്കുവാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞു. വെള്ള അണിഞ്ഞവരെല്ലാം പാസ്റ്റർമാരല്ല. വചനം അറിയാവുന്നരും പാസ്റ്റർമാരല്ല. അതിനു ദൈവനിയോഗവും കൃപയും ആവശ്യമാണ്. ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു നാലു വാക്കുകൾ പറയാൻ കഴിയുന്നവരെല്ലാം പാസ്റ്റർ ആകണമെന്നുണ്ടോ. കൃത്യമായ ദൈവ വചന പഠനവും അഭിഷേകവും വിളിയും ഉള്ളവരാണ് ആ ശൂശ്രൂഷകൾ നിർവ്വഹിക്കേണ്ടത്. തിരുവചനം അതിനേ അനുമതി നൽകുന്നുള്ളു. കള്ളകമ്മട്ടങ്ങളെ വിവേചിച്ചറിയുക.
വായെടുത്തവരെല്ലാം വിധികർത്താക്കൾ ആകുന്ന ഒരു നൂതന പ്രതിഭാസത്തിനു കൂടി നാം സാക്ഷ്യം വഹിക്കുകയാണ്. ചായക്കടയിലിരുന്ന് രാഷ്ട്രീയ സമവാക്യങ്ങൾക്കെതിരെ വിധിയെഴുത്ത് നടത്തുന്ന ലാഘവത്തോടെ വെള്ള വസ്ത്രധാരികളായ വിധികർത്താക്കളും പ്രബലപ്പെട്ടിട്ടുണ്ട്. വിധികർത്താക്കളുടെ ഈ നീണ്ടനിര പ്രതിഭാഗത്തെ അസഹ്യപ്പെടുത്തുന്നത് ചെറുതായിട്ടൊന്നുമല്ല. ഏകപക്ഷീയമായ ഒരു ലഹള മാത്രമാണ് ഫലം. പ്രതിപക്ഷ ബഹുമാനത്തോടെ കൂടിയ ഒരു സമീപനമാണ് നമുക്കാവശ്യം. ആവേശ തീവ്രമായ പ്രതികരണങ്ങൾ സഭ്യതയുടെയും പരസ്പര ബഹുമാനത്തിന്റെയും അതിർ വരമ്പുകൾ ലംഘിക്കുന്നത് തുടർക്കാഴ്ചയാണ്. പക്ഷെ അതിനെതിരെ മൗനം അവലംബിക്കുന്നതും ശരിയല്ല. അപ്പോൾ എങ്ങനെ പ്രതികരിക്കണം ?
ഒന്നാം നൂറ്റാണ്ടിലും സമാന സാഹചര്യത്തിലൂടെ ദൈവസഭ യാത്ര ചെയ്തിട്ടുണ്ട്. ” അവയിൽ ഗ്രഹിപ്പാൻ പ്രയാസമുള്ളതു ചിലതുണ്ടു. അറിവില്ലാത്തവരും അസ്ഥിരന്മാരുമായവർ ശേഷം തിരുവെഴുത്തുകളെപ്പോലെ അതും തങ്ങളുടെ നാശത്തിന്നായി കോട്ടിക്കളയുന്നു.” ( 2പത്രൊസ് 3:16).
“കുഞ്ഞുങ്ങളേ, ഇതു അന്ത്യനാഴിക ആകുന്നു; എതിർക്രിസ്തു വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾ അനേകം എതിർക്രിസ്തുക്കൾ എഴുന്നേറ്റിരിക്കയാൽ അന്ത്യനാഴിക ആകുന്നു എന്നു നമുക്കു അറിയാം.അവർ നമ്മുടെ ഇടയിൽനിന്നു പുറപ്പെട്ടു എങ്കിലും നമുക്കുള്ളവർ ആയിരുന്നില്ല; അവർ നമുക്കുള്ളവർ ആയിരുന്നു എങ്കിൽ നമ്മോടുകൂടെ പാർക്കുമായിരുന്നു; എന്നാൽ എല്ലാവരും നമുക്കുള്ളവരല്ല എന്നു പ്രസിദ്ധമാകേണ്ടതല്ലോ.”( 1യോഹന്നാൻ 2:18-19).
അവർ പത്ഥ്യോപദേശം പൊറുക്കാതെ കർണ്ണരസമാകുമാറു സ്വന്ത മോഹങ്ങൾക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുകയും
സത്യത്തിന്നു ചെവികൊടുക്കാതെ കെട്ടുകഥ കേൾപ്പാൻ തിരികയും ചെയ്യുന്ന കാലം വരും. (2 തിമൊഥെയൊസ് 4:3-4). ഈ തിരുവെഴുത്തുകളെല്ലാം നമുക്ക് നൽകുന്ന ബോധ്യം സഭയ്ക്ക് ഈ സാഹചര്യം പുതുമയല്ല എന്നുള്ളതാണ്. പക്ഷെ സഭ അതിനോട് എങ്ങനെ പ്രതികരിച്ചു എന്നു തിരച്ചറിയേണ്ടത് അനിവാര്യമാണ്. അവർ തങ്ങളുടെ വിശ്വാസി സമൂഹത്തെ ലേഖനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും സത്യ ഉപദേശം ശക്തിയുക്തമായി പഠിപ്പിച്ചു. ആരെയും വ്യക്തിഹത്യ ചെയ്യുക എന്ന നിലപാട് സഭയ്ക്കില്ലായിരുന്നു. പക്ഷെ ഇന്ന് ആരുടെയൊക്കെ വാക്കുകളിൽ രക്തക്കറ പുരണ്ടിട്ടുണ്ട് എന്ന് പരിശോധിക്കുക. ജീവനുള്ള ദൈവത്തെ ആരാധിക്കുന്ന സഭ ദൈവത്തെ വിഗ്രഹമാക്കി സ്വന്തം ബുദ്ധിശക്തി കൊണ്ട് കാര്യങ്ങളെ പരിഹരിക്കാം എന്ന് ധരിക്കരുതേ. ചരിത്രത്തിന്റെ താളുകളിൽ മാത്രമല്ല എന്നും സഭയുടെ നാഥൻ സജീവമായി പ്രവർത്തിക്കും.
വിശ്വാസി സമൂഹത്തെ പത്ഥ്യവചനം പഠിപ്പിക്കുക. കേരളത്തിലെ സഭയുടെ പ്രാരംഭ കാലങ്ങളിൽ ഉപദേശ പ്രഭാഷണങ്ങൾ ഉണ്ടായിരുന്നു എന്നത് പഴയകാല മാസികകളും ലേഖനങ്ങളും തെളിവു നൽകുന്നുണ്ട്.എന്നാലിന്നത്തെ അവസ്ഥ ശോചനീയമാണ്. എഴുതി തയ്യാറാക്കിയ തിരക്കഥ പോലെ വാക്കുകളുടെ വശീകരണത്തിൽ ആളുകളെ നിർവ്വൃതിയിൽ എത്തിക്കുന്ന കൃത്രിമ ആത്മീയത. പെന്തക്കോസ്തിന്റെ പുതിയ തലമുറ വിദ്യാസമ്പന്നരാണ് അതിലുപരി യഥാർത്ഥ്യങ്ങളുടെ പുറകെ സഞ്ചരിക്കുന്നവരും. അവർ ചോദ്യങ്ങൾ ഉയർത്തി തുടങ്ങി. ഉപദേശപരമായി അവരെ ഉറപ്പിക്കേണ്ടത് അനിവാര്യമാണ്. നമുക്കാവശ്യം വിധികർത്താക്കളെയല്ല മറിച്ച് സത്യവചനത്തെ യഥാർത്ഥമായി പഠിപ്പിക്കുന്ന ഒരു കൂട്ടം ദൈവാത്മാവുള്ള മനുഷ്യരെയാണ്.
കള്ളനാണയങ്ങളെ തിരിച്ചറിയാൻ ആദ്യം സത്യം പഠിക്കട്ടെ. ഇനിയും സമൂഹ മാധ്യമങ്ങളിൽ വ്യക്തിഹത്യകൾ നടക്കാതിരിക്കട്ടെ. സഭയുടെ സഭ്യത നിലനിൽക്കട്ടെ. ദൈവം പ്രവർത്തിക്കട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.