ലേഖനം:പ്രയോജനമുള്ള തിരുവെഴുത്തുകൾ | ജോസ് പ്രകാശ്

ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കുമായി എഴുതുന്നതു;
പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.

വിശുദ്ധ വേദപുസ്തകത്തിലെ എല്ലാ തിരുവെഴുത്തുകളും പ്രയോജനമുള്ളതാണ്. ഉല്പത്തി മുതൽ വെളിപ്പാട് വരെയുള്ള എല്ലാ തിരുവചനങ്ങളും സത്യവും വിശ്വാസ യോഗ്യവുമാണ്. ജീവനും ചൈതന്യവുമുള്ള ഈ ദിവ്യ വചനങ്ങളാണ്
ദൈവമക്കളുടെ പാതയ്ക്കു പ്രകാശം നല്കി വഴികാട്ടുന്നത്.

തിരുവചനത്തിൽ അധിഷ്ഠിതമായ ക്രിസ്തീയ ശുശ്രൂഷകളിലാണ് ദൈവം പ്രസാദിക്കുന്നത്. അതുകൊണ്ട് ക്രിസ്തുവിനായുള്ള പാട്ടുകൾ, പ്രസംഗങ്ങൾ, എഴുത്തുകൾ (ലേഖനങ്ങൾ), പ്രവർത്തനങ്ങൾ ഇവ എല്ലാം ദൈവവചന അടിസ്ഥാനത്തിൽ ആയിരിക്കേണം. കാരണം ദൈവവചനത്തിൽ നിന്നും ഉരുത്തിരിഞ്ഞ ഗാനങ്ങൾക്കേ നുറുങ്ങിയ ഹൃദയത്തെ ആശ്വസിപ്പിക്കുവാൻ കഴിയുകയുള്ളൂ. തിരുവചനത്തിൽ നിന്നും വിളംബരം ചെയ്യുന്ന സന്ദേശങ്ങൾക്കേ മനുഷ്യരെ ശാസനയിലൂടെ ഗുണപ്പെടുത്തി ഉപദേശത്തിൽ നിലനിർത്തുവാൻ സാധിക്കയുള്ളൂ. തിരുവെഴുത്തിൽ നിന്നും അടർത്തിയെടുക്കുന്ന ചിന്തകൾക്കും ആശയങ്ങൾക്കും മാത്രമേ നമ്മെ നീതിയോടെ അഭ്യസിപ്പിക്കുവാൻ കഴിയുകയുള്ളൂ.

” ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ആർക്കും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവർക്കോ പിതാവും പുത്രനും ഉണ്ടു.” അതിനാൽ
ഉപദേശം ലഭിക്കുന്നത് ദൈവ വചനത്തിൽ നിന്നാണെന്ന് വ്യക്തം.

നമുക്കു ലഭിച്ച കൃപെക്കു ഒത്തവണ്ണം വെവ്വേറെ വരം ഉള്ളതുകൊണ്ടു പ്രവചനം, ശുശ്രൂഷ, ഉപദേശം ഇവയെല്ലാം ഉത്ഭവിക്കേണ്ടത് തിരുവെഴുത്തിൽ നിന്നായിരിക്കേണം, പ്രദർശിപ്പിക്കേണ്ടതും തിരുവെഴുത്തിലൂടെ ആയിരിക്കേണം.

നാം ദൈവത്തിന്റെ ഗൃഹവിചാരകരാകയാൽ വിരോധികൾക്ക് അപവാദത്തിനു ലേശവും അവസരം കൊടുക്കാതെ ശക്തരാകേണ്ടതിന് ഉപദേശപ്രകാരമുള്ള വിശ്വാസ്യവചനം മുറുകെ പിടിക്കേണം.

തർക്കിക്കുവാനോ, തർക്കം തീർക്കുവാനോ ഉള്ളതല്ല ദൈവവചനം. പ്രാർത്ഥനയും, ധ്യാനവും കൂടാതെ വികലമായി വ്യാഖ്യാനിച്ച് വിരൂപപ്പെടുത്തുവാൻ ഉള്ളതുമല്ല ഇത്.

തർക്കിച്ചേ പറ്റുകയുള്ളൂ, വാദിച്ചേ മതിയാകയുള്ളൂ എന്നുള്ളവർ, അങ്ങനെ തോന്നുമ്പോൾ ദയവായി ഭക്തനായ ദാവീദിന്റെ വാക്കുകൾ ഓർത്തുകൊൾക :
“….എന്റെ ബുദ്ധിക്കെത്താത്ത വൻകാര്യങ്ങളിലും അത്ഭുതവിഷയങ്ങളിലും ഞാൻ ഇടപെടുന്നതുമില്ല ”
(സങ്കീർത്തനങ്ങൾ 131:1).
ബുദ്ധിക്ക് അതീതമായ ആത്മീക മർമ്മങ്ങളെ തെറ്റായി അവതരിപ്പിക്കാതെ ദൈവം വെളിപ്പെടുത്തി നൽകിയ പ്രമാണമനുസരിച്ച് നടക്കുവാൻ നമുക്ക് ബദ്ധപ്പെടാം. എന്തെന്നാൽ
” മറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമ്മുടെ ദൈവമായ യഹോവെക്കുള്ളവയത്രേ; വെളിപ്പെട്ടിരിക്കുന്നവയോ നാം ഈ ന്യായപ്രമാണത്തിന്റെ സകലവചനങ്ങളും അനുസരിച്ചു നടക്കേണ്ടതിന്നു എന്നേക്കും നമുക്കും നമ്മുടെ മക്കൾക്കും ഉള്ളവയാകുന്നു ”
(ആവർത്തനം 29:28).

ആരോഗ്യകരമായ സംശയങ്ങൾക്കുള്ള മറുപടി വചനാടിസ്ഥാനത്തിൽ നൽകാമെങ്കിലും,
ഭക്തിവിരുദ്ധമായ തർക്കസൂത്രങ്ങളുമായ് വരുന്നവരെ ഒഴിഞ്ഞു നിൽക്കുക. ദയവായി നിങ്ങളുടെ വിലയേറിയ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇട്ടു കൊടുക്കരുതു.

“നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവരോടും സൌമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ”
(1പത്രൊസ് 3:15).
മുകളിൽ ഉദ്ധരിച്ച വചനാടിസ്ഥാനത്തിൽ പ്രതിവാദം പറയേണ്ടത് പ്രധാനമാണെങ്കിലും അത് ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളാത്ത പ്രാകൃത മനുഷ്യരുമായ് അരുതെന്ന് മാത്രം.

ആത്മാവിനെ കെടുക്കയും, വീണ്ടെടുപ്പുനാളിന്നായി മുദ്രയിട്ടിരിക്കുന്ന പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കയും ചെയ്യുന്ന വിധം വാക്കിലൂടെയും എഴുത്തിലൂടെയുമുള്ള പോരാട്ടമല്ല നമുക്കാവശ്യം.
ദൈവത്തിൽ നിന്നുള്ള ആത്മാവിനെ പ്രാപിച്ച നാം മാനുഷജ്ഞാനം ഉപദേശിക്കുന്ന വചനങ്ങളാൽ അല്ല, ആത്മാവു ഉപദേശിക്കുന്ന വചനങ്ങളാൽ ആത്മികന്മാർക്കു ആത്മികമായതു തെളിയിക്കേണ്ടത് വളരെ പ്രധാനമാണ്. ചെവിയുള്ളവർ കേൾക്കട്ടെ, ആത്മാവുള്ളവർ വിവേചിക്കട്ടെ.

തിരുവെഴുത്തുകളെ ചോദ്യം ചെയ്യാതെ അനുസരിക്കുകയും പ്രമാണിക്കുകയും ചെയ്യുന്നവർ നന്മ കണ്ടെത്തും. അവർ നിത്യജീവനായ് നിയമിക്കപ്പെടും, തള്ളിക്കളയുന്നവരും നാശത്തിനായി കോട്ടിക്കളയുന്നവരും നിത്യജീവന് അയോഗ്യരായിത്തീരും. ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം തർക്കിക്കുവാനല്ല, പ്രത്യുത ഉപദേശിച്ചു കൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവാനാണ് യേശു ക്രിസ്തു അരുളിചെയ്തത്.

ക്രിസ്തുശിഷ്യരായ നമ്മെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാർ നമ്മുടെ ഇടയിൽ നിന്നും എഴുന്നേറ്റു കഴിഞ്ഞു. ആകയാൽ നമുക്ക് ആത്മികവർദ്ധന വരുത്തുവാനും സകല വിശുദ്ധന്മാരോടും കൂടെ അവകാശം തരുവാനും കഴിയുന്ന ദൈവത്തിലും തന്റെ കൃപയുടെ വചനത്തിലും നമ്മെ ഭരമേല്പിക്കാം.

ലോക രക്ഷകനായ യേശുക്രിസ്തുവിന്റെ പുനരാഗമനത്തിനായി ഭയഭക്തിയോടെ ജാഗരിക്കേണ്ടവർ ക്രിസ്തു ജനിച്ച സ്ഥലത്തെക്കുറിച്ചും തീയതിയെക്കുറിച്ചും സമയത്തെപ്പറ്റിയും നവമാധ്യമങ്ങളിലൂടെ തമ്മിൽ വാദിച്ചും തർക്കിച്ചും ഒടുവിൽ അതിന്റെ ശബ്ദ സന്ദേശങ്ങളും സ്ക്രീൻ ഷോട്ടുകളും കാണുന്ന ഗ്രൂപ്പുകളിലെല്ലാം അയക്കുമ്പോൾ
“നിങ്ങൾ നിമിത്തം യേശുവിന്റെ നാമം അക്രൈസ്തവരുടെ ഇടയിൽ ദുഷിക്കപ്പെടുന്നു” എന്ന കാര്യം മറന്നു കളയരുത്.

ആദാമും ഹവ്വയും പാപം ചെയ്യുമെന്ന് അറിവുള്ള സർവ്വജ്ഞാനിയായ ദൈവം എന്തുകൊണ്ട് തോട്ടത്തിന്റെ നടുവിൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം മുളപ്പിച്ചു എന്ന ശൈശവ ചോദ്യങ്ങൾ ഉന്നയിക്കുന്നവർ ഗഹനമായി ചിന്തിക്കേണ്ട വിഷയമെന്തെന്നാൽ, കല്പന ലംഘിച്ച് പാപം ചെയ്തവർ തോട്ടത്തിൽ നിന്നും പുറത്താക്കപ്പെട്ടതു പോലെ ഇത്രവലിയ രക്ഷയെ അവഗണിച്ചാൽ താങ്കളും സ്വർഗ്ഗത്തിന്റെ പുറത്താകും എന്നതാണ്.

കേൾക്കുന്നവരെ മറിച്ചുകളയുന്നതിനാല്ലാതെ ഒന്നിന്നും കൊള്ളാത്ത വാഗ്വാദം വീണ്ടും ജനനം പ്രാപിച്ചവർക്ക് ഭൂഷണമല്ല. ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെ ഒഴിഞ്ഞിരിക്ക; ബുദ്ധിയില്ലാത്ത മൌഢ്യതർക്കം ശണ്ഠ ജനിപ്പിക്കുന്നു എന്നറിഞ്ഞു അതും ഒഴിഞ്ഞിരിക്ക. ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരെ വിട്ടൊഴിയുക (2 തിമൊഥെയൊസ് 2:14,16,23).

വൃഥാവാചാലന്മാരും മനോവഞ്ചകന്മാരുമായി വഴങ്ങാത്തവരാണ് കൂടുതലായും അനാരോഗ്യപരമായ സംശയങ്ങൾ ഉന്നയിക്കുന്നത്. ദൈവവചനം വിശ്വാസയോഗ്യമാണ് നാം ഇതു ഉറപ്പിച്ചു പറയേണം. ഇതു ശുഭവും മനുഷ്യർക്കു ഉപകാരവും ആകുന്നു. നിഷ്‌പ്രയോജനവും വ്യർത്ഥവുമായ മൌഢ്യതർക്കവും, കലഹവും, വാദവും ഒഴിവാക്കുന്നവർ ഭാഗ്യമുള്ളവർ.

ഏകനാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചിലർ സഭകളിലും നവമാധ്യമങ്ങളിലും നുഴഞ്ഞുകയറിക്കഴിഞ്ഞു. ആകയാൽ ഉറക്കം അഭിനയിക്കുന്നവരെ ഉണർത്തുവാൻ ശ്രമിക്കാതെ ആത്മനിദ്രയിൽ ആണ്ടുപോയവരെ നമുക്ക് ഉപദേശത്താൽ തട്ടിയുണർത്താം.

നമുക്കെങ്ങനെ വിശ്വാസത്തിൽ നിലനില്ക്കാം, ദൈവത്തോട് ചേർന്നിരിക്കാം, കൂടുതൽ പ്രാർത്ഥിക്കാം, വചനം ധ്യാനിക്കാം, വിശുദ്ധ ജീവിതം നയിക്കാം എങ്ങനെ വിശ്വസ്തരായിരിക്കാം തുടങ്ങിയവക്ക് മാത്രം പ്രധാന്യത നല്കുക. ഉപായം പ്രയോഗിച്ചും ദൈവവചനത്തിൽ കൂട്ടുചേർത്തും സത്യത്തെ വളച്ചൊടിക്കുന്നവരുടെ മദ്ധ്യത്തിൽ നമുക്ക് ഉത്തമരായി ഉത്തമകാര്യങ്ങളെ ചിന്തിക്കാം; ഉത്തമകാര്യങ്ങളിൽ ഉറ്റുനില്ക്കാം.

തർക്കവും സംവാദവുമല്ല, പ്രത്യുത ന്യായപ്രമാണത്തിലെ അത്ഭുതങ്ങളെ കാണേണ്ടതിന്നു എന്റെ കണ്ണുകളെ തുറക്കേണമേ എന്ന പ്രാർത്ഥനയോടു കൂടിയ വചനധ്യാനമാണ് അകത്തെ മനുഷ്യനെ പുഷ്ടിപ്പെടുത്തുന്നത്.

യെരൂശലേമിൽ നിന്നും എമ്മവുസ്സിലേക്ക് വാടിയ മുഖത്തോടെ വഴിനടന്നു തമ്മിൽ വാദിച്ചവർക്ക്: തന്നെക്കുറിച്ചുള്ള തിരുവെഴുത്തുകൾ വ്യാഖ്യാനിച്ചു കൊടുത്ത യേശു നാഥൻ പ്രയോജനമുള്ള തിരുവെഴുത്തുകൾ ഗ്രഹിക്കുവാൻ നമ്മുടെ ഹൃദയ ദൃഷ്ടികളെയും പ്രകാശിപ്പിക്കട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.