ലേഖനം:കൈയിട്ടു വാരാനോ കൈ മാറാനോ? | ബിജു പി. സാമുവൽ,ബംഗാൾ

ആദിമ നൂറ്റാണ്ടിൽ വിശ്വാസികൾ അവരുടെ ജന്മഭൂമികളും വസ്തുക്കളും വിറ്റ് അതിന്റെ വില അപ്പോസ്തലന്മാരുടെ കാൽക്കൽ വച്ചു. അവർ അത് എല്ലാവർക്കുമായി പങ്കിട്ടു( പ്രവൃത്തി 2:45, 4:34-35 ). പങ്കിട്ടു എന്ന വാക്കിന് വിതരണം ചെയ്തു എന്നാണ് അർത്ഥം.

ആ അപ്പോസ്തലർ വിശ്വസ്തർ ആയിരുന്നതിനാൽ ആ വിതരണത്തിൽ പാളിച്ചകൾ ഒന്നും ഇല്ലായിരുന്നു . ഇഷ്ടക്കാർക്കായി കൂടുതൽ നല്കിയെന്നോ ബന്ധുക്കൾക്കായി മാറ്റി വച്ചെന്നോ ഒന്നും അവിടെ പരാതി ഉയർന്നില്ല.

എല്ലാ കാര്യങ്ങളും വളരെ സുതാര്യമായി അഴിമതി ഇല്ലാതെ ചെയ്യേണ്ടത്‌ ദൈവ മക്കളാണ് . പക്ഷേ മിക്കപ്പോഴും നാം അതിൽ പരാജയപ്പെടുന്നു . അപ്പോസ്തലന്മാരുടെ കാൽക്കൽ വച്ച വില അവർ കൈ കൊണ്ട് എടുത്തില്ല . പണത്തിന്റെ സ്ഥാനം എപ്പോഴും കാൽക്കീഴിൽ തന്നേ ആയിരിക്കണം . അത് ഹൃദയത്തോട് ചേർത്തു വയ്ക്കുമ്പോഴാണ് അവിശ്വസ്തത വർദ്ധിക്കുന്നത് .

ദൈവത്തിനു വേണ്ടി മുഴുവൻ വേർതിരിച്ചു എന്നു അവകാശപ്പെട്ടതിൽ നിന്നും കൈയിട്ടു വാരിയവരാണ് അനന്യാസും സഫീരയും . വീടിനകത്തു രണ്ടു പേരും ചേർന്നു നടത്തിയ ആ കൈയിട്ടു വാരൽ ഒരു ഒളിക്യാമറയുടെയും സഹായമില്ലാതെ ദൈവാത്മാവ് പുറത്തു കൊണ്ടു വന്നു . (പ്രവർത്തി 5:1-9) .

പ്രവർത്തികളുടെ പുസ്തകം ആറാം അദ്ധ്യായത്തിന്റെ തുടക്കത്തിൽ ഭക്ഷണ(വിതരണ)ത്തിലെ കല്ലുകടിയുടെ ശബ്ദമാണ് കേൾക്കുന്നത് . എബ്രായ ഭാഷക്കാർ ഭക്ഷണ വിതരണത്തിൽ അവിശ്വസ്തത കാണിച്ചു . വിശ്വസ്തതയോടെ വിതരണം ചെയ്യേണ്ടവർ അവിശ്വസ്ത കാണിക്കുമ്പോഴും പിറുപിറുപ്പും പരാതികളും ഉയരും .

യേശു അഞ്ചപ്പവും രണ്ടു മീനും കൊണ്ടു അയ്യായിരം പുരുഷന്മാരെ പോഷിപ്പിച്ച സംഭവം എല്ലാ സുവിശേഷങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട് . യേശു ആ അപ്പം നുറുക്കി ശിഷ്യരുടെ പക്കൽ നൽകിയത് അവർ വിശ്വസ്തതയോടെ വിതരണം ചെയ്‌തു . അവിടെ ജനം സംതൃപ്തരായി .

എന്നാൽ ആധുനിക ശിഷ്യർ യേശുവിന്റെ നാമത്തിൽ കിട്ടുന്നതും, സുവിശേഷീകരണത്തിന്റെ പേര് പറഞ്ഞു വാങ്ങുന്നതുമൊന്നും ഒരു ലഘുലേഖ പോലും അടിക്കാൻ പ്രയോജനപ്പെടുത്താതെ സ്വസൗകര്യങ്ങൾ വർധിപ്പിക്കാനും സ്വന്തം പോക്കറ്റ് വീർപ്പിക്കുവാനുമാണ് മന:പ്പൂർവ്വം ഉപയോഗിക്കുന്നത് .

പഴയ നിയമ കാലത്തും ഇങ്ങനെ തങ്ങളുടെ തന്നേ പോക്കറ്റ് വീർപ്പിക്കുന്ന ശുശ്രൂഷകന്മാരും നേതാക്കളും ഉണ്ടായിരുന്നു . ആടുകളെ മേയിക്കേണ്ട ഇടയർ തങ്ങളെത്തന്നെ മേയിക്കുന്നവരായി മാറി എന്ന് യെഹസ്‌കേലിലൂടെ (34:2, 8) ദൈവം നിലവിളിക്കുന്നുണ്ട് .

അങ്ങനെയുള്ളവരെ യേശു വിശേഷിപ്പിച്ചത് കൂലിക്കാർ എന്നാണ് (യോഹന്നാൻ 10:13 ).
കൂലിക്കാർ എന്നതിന് ബംഗാളി ഭാഷയിൽ വേതൻ ജീവി എന്നാണ് കൊടുത്തിരിക്കുന്നത് . വളരെ മനോഹരമായ പ്രയോഗം . വേതനം മാത്രമാണ് അവരുടെ ലക്ഷ്യം . ആടിന്റെ നന്മയും കരുതലും അവർക്ക് വിഷയമേ അല്ല .

പ്രാർത്ഥനയുടെ ലേബലിൽ എത്തി വിധവമാരുടെ വീടുകളെ വിഴുങ്ങുന്നവരെപ്പറ്റിയും യേശു മുന്നറിയിപ്പ് നൽകുന്നുണ്ട് . ( മത്തായി 23:13) . അങ്ങനെ ഉള്ളവരും ഇന്ന് കുറവല്ല . ആരെ വിഴുങ്ങേണ്ടു എന്ന്‌ തിരഞ്ഞു ചുറ്റി നടക്കുന്ന പ്രതിയോഗിയായ പിശാചിന്റെ ആത്മാവിനെ വഹിക്കുന്നവരാണ് അവർ .

ശമുവേൽ പ്രവാചകൻ തന്റെ വാർധക്യത്തിൽ യിസ്രയേലിനെ മുഴുവൻ വിളിച്ചു വരുത്തി അവരുടെ മുൻപിൽ വെല്ലുവിളിയായി ഉയർത്തിയ ഒരു ചോദ്യം നാം മനസ്സിരുത്തി വായിക്കണം .
ഞാൻ വല്ലവന്റേയും കയ്യിൽ നിന്ന് കൈക്കൂലി വാങ്ങി എന്റെ കണ്ണ് കുരുടാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ജനം ഒറ്റ സ്വരത്തിൽ പറഞ്ഞ ഉത്തരം “ഇല്ല” എന്നാണ് . തന്റെ സാമ്പത്തിക വിശ്വസ്തതക്കെതിരെ തെളിവ്‌ നിരത്താൻ ശമുവേൽ പ്രവാചകൻ ജനത്തിന് അവസരം നൽകുകയാണ്
(1 ശമുവേൽ 12:1-4). അങ്ങനെയൊരവസരം ജനത്തിനു നൽകാൻ നമുക്കിന്ന് ധൈര്യമില്ല .

ചതിക്കുന്നവരും വഞ്ചിക്കുന്നവരും ജനത്തിന്റെ പോക്കറ്റിലേക്കു നോക്കി ആലോചന പറയുന്നവരും ആയ ശ്രുശൂഷകന്മാർ ഇന്ന് വർധിച്ചു വരുന്നു .

അപ്പോസ്തലനായ പൗലോസിനെപ്പറ്റി എഫേസോസ് പട്ടണ മേനവൻ ( City Clerk ) പറഞ്ഞ സാക്ഷ്യം പ്രവർത്തി 19 :37-ൽ വായിക്കുക . ഈ പുരുഷന്മാർ ക്ഷേത്രം കവർച്ച ചെയ്യുന്നവർ അല്ല . ക്ഷേത്രം കവർച്ചക്കാരൻ എന്നതിന് അമ്പലം വിഴുങ്ങി എന്നാണ് നാടൻ പ്രയോഗം . ദൈവത്തിനു വേണ്ടി നിവേദിക്കപ്പെട്ടിരിക്കുന്ന വസ്തുക്കൾ വ്യക്തിപരമായ ആവശ്യങ്ങൾക്കായി എടുക്കുന്നവരാണ് ക്ഷേത്രക്കവർച്ചക്കാരൻ . പൗലോസിനെപ്പറ്റി സാക്ഷ്യം പറയുന്നത് ഒരു അവിശ്വാസിയാണ് .

സഭയിലോ സമൂഹത്തിലോ തല ഉയർത്തി നടക്കാൻ നമുക്ക് കഴിയാത്തത് ഈ സാക്ഷ്യജീവിതം നഷ്ടമായതുകൊണ്ടാണ് .

പഴയനിയമത്തിലെ രണ്ട് അമ്പലം വിഴുങ്ങികൾ ആണ് എല്യാശീബ് പുരോഹിതനും തോബിയാവും .

ദൈവാലയ അറകൾക്ക് മേൽവിചാരകൻ ആയിരുന്ന എല്യാശീബ് പുരോഹിതൻ ബന്ധുത്വ നിയമനത്തിലൂടെ അകത്ത് എത്തിച്ച വ്യക്തിയാണ് തോബിയാവ് .
(നെഹെമ്യാവ് 13:4)

ലേവ്യർക്കുള്ള ദശാംശങ്ങൾ സൂക്ഷിച്ചു വെച്ചിരുന്ന അറയുടെ അധികാരം
തോബിയാവിന് ആയതോടെ ലേവ്യർക്ക് ലഭിക്കേണ്ട ദശാംശം നൽകാതെ താൻ അത് പിടിച്ചുവച്ചു; സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചു .

ദശാംശം ആണ് ലേവ്യരുടെ ഉപജീവനം . അനുദിന ആവശ്യങ്ങൾ നിറവേറ്റുവാനായി ദശാംശം ലഭിക്കാതെ വന്നപ്പോൾ ജീവിതം മുന്നോട്ടു നീക്കുവാൻ മറ്റു മാർഗ്ഗങ്ങളില്ലാതെ ലേവ്യർ ആലയവേല ഉപേക്ഷിച്ച് കൃഷിപ്പണിക്കായി പോയി . താക്കോൽ സ്ഥാനങ്ങളിൽ കയറിയിരുന്ന് സ്വന്തം കീശ വീർപ്പിക്കാൻ ശ്രമിച്ചവർ മൂലം ആലയത്തിന് വന്ന നഷ്ടം കുറെ ലേവ്യരെയാണ് .
പിന്നെ നെഹെമ്യാവ് എത്തിയാണ്തോബിയാവിനെ പുറത്താക്കിയതും ലേവ്യരെ
മടക്കി വരുത്തിയതും നമ്മുടെ സംഘടനകളിലെ സാമ്പത്തിക തിരിമറികളും കയ്യിട്ടു വാരലും കണ്ടു മനം മടുത്ത അടുത്ത തലമുറ ദൈവത്തിൽനിന്ന്
അകലുകയാണ് നേതൃത്വത്തിൽ ഉള്ളവരിൽ ഉത്തമൻ മുൾപ്പടർപ്പ് പോലെയും നേരുള്ളവൻ വല്ലാത്തവനുമായി മാറിയിരിക്കുന്നു
( മീഖാ 7:4) .

എഴുന്നേൽക്കുമോ നെഹെമ്യാവിനെ പോലെ ഒത്തുതീർപ്പിന് തയ്യാറാകാത്തവർ? .
ആരെങ്കിലുമുണ്ടോ ശമുവേലിനെപ്പോലെ സാക്ഷ്യ ജീവിതം ഉള്ളവർ? .
മാതൃക കാണിക്കാൻ ഉണ്ടോ പൗലോസിനെപ്പോലെ അമ്പലം വിഴുങ്ങികൾ അല്ലാത്തവർ? .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.