ലേഖനം:’രോഗത്തിന് കാരണങ്ങൾ ഉണ്ടോ?’ ഒരു വേദപുസ്തക വീക്ഷണം | പാസ്റ്റർ ബൈജു സാം, നിലമ്പൂർ

നാനാവിധ പ്രശ്നങ്ങളാലും,സങ്കീർണ്ണതകൾ നിറഞ്ഞ ജീവിത വിഷയങ്ങളുമായി മല്ലിടുന്നവരാണ് വിശ്വാസികളിൽ ഭൂരിഭാഗം ദൈവമക്കളും. അതിന്റെ കൂട്ടത്തിൽ രോഗങ്ങളുടെ പിടിമുറുക്കം കൂടിയാവുമ്പോൾ ജീവിതം ദുസ്സഹമാകുന്ന സഹചര്യങ്ങളാണ് കൂടുതലും കണ്ടു വരുന്നത്.

രോഗം ഇല്ലാത്ത ഒരു അവസ്ഥ ഈ ലോകത്തിൽ ജീവിക്കുന്നിടത്തോളം കാലം അസാദ്ധ്യമാണ്.മനുഷ്യ ശരീരം ബാഹ്യലോകവുമായി സമ്പർക്കം പുലർത്തുന്നതിനാൽ പല രോഗങ്ങളും പിടിപെടാം.

എന്നാൽ വിശ്വാസികളിൽ വിട്ട് മാറാത്ത രോഗങ്ങൾ ഉണ്ടാകുന്നത് എന്തുകൊണ്ടാണ് എന്നാണ് ഞാൻ ബൈബിൾ വെളിച്ചത്തിൽ പറയാൻ ആഗ്രഹിക്കുന്നത്.

post watermark60x60

1.പാപം നിമിത്തം

ഇന്ന് കാണുന്ന എല്ലാം രോഗങ്ങളുടെയും അടിസ്ഥാന കാരണം പാപം തന്നെയാണ്. ഏക മനുഷ്യന്റെ അനുസരണക്കേടിനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ദൈവം സൃഷ്ട്ടിച്ച ആദ്യ ഭൂമിയിൽ പാപമോ,ശാപമോ ,രോഗമോ,ദുഃഖമോ , ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ആദ്യ മനുഷ്യരുടെ പാപത്തിന്റെ ഫലമായാണ് ഇന്ന് കാണുന്ന എല്ലാം രോഗങ്ങളും ദുരിതങ്ങളും ഈ ഭൂമിയിൽ രംഗ പ്രവേശനം ചെയ്തത്.

ആ നിലക്ക് പാപം ആണ് രോഗത്തിന്റെ പ്രഥമ കാരണം. പാപം നിമിത്തം രോഗത്തിൽ അകപ്പെട്ടവരെ യേശു സൗഖ്യമാക്കിയിട്ടുണ്ട്.വ്യക്തികൾ ചെയ്യുന്ന പാപ പ്രവൃത്തികൾ നിലനിൽക്കുന്ന രോഗങ്ങൾക്ക് കാരണമാകുന്നു അതിന് പരിഹാരം പാപക്ഷമ പ്രാപിക്കുക എന്നുള്ളത് ആണ്. അല്ലാതെ പ്രാർത്ഥന പരിഹാര മാർഗ്ഗം അല്ല. യേശു ചിലരെ സൗഖ്യമാക്കിയപ്പോൾ ആദ്യം പാപക്ഷമയും അതിനോട് ചേർന്ന് സൗഖ്യമാക്കിയതായിട്ടും സുവിശേഷങ്ങളിൽ കാണാൻ സാധിക്കും.

2. ദുരാത്മാക്കളാൽ ഉണ്ടാകുന്ന രോഗങ്ങൾ.

ചില രോഗങ്ങൾ ദുരാത്മക്കളുടെ പ്രവർത്തനഫലമായി ഉണ്ടാകും.നിലനിന്നു ഫലം കായ്ക്കുന്ന തിന്മ പ്രവൃത്തികൾ ചെയ്യുന്നവരിൽ ദുരാത്മാവിന്റെ സ്വാധീനം ഉണ്ടാകാൻ സാധ്യത വളരെയാണ്. യേശു സൗഖ്യമാക്കിയ ചന്ദ്രരോഗി യിലും,വർഷങ്ങൾ കൂനിയായി ദൈവാലയത്തിൽ ഉണ്ടായിരുന്ന സ്ത്രീയിലും,അനേക വർഷങ്ങൾ ബധിരരായും,ഊമരായും നടന്നവരിലും വ്യാപരിക്കപ്പെട്ടത് ദുരാത്മാവ് ആയിരുന്നു. ഈ ദുരാത്മാക്കളാണ് അവരെ അത്തരം രോഗങ്ങൾക്ക് അടിമപ്പെടുത്തിയത്.അവരെ ഒക്കെ യേശു ശാസിച്ചു കൈ വെച്ചുമൊക്കെയാണ് സൗഖ്യമാക്കിയത്.ചില രോഗങ്ങൾക്കു പിന്നിൽ ദുരാത്മാവിന്റെ പ്രവർത്തനങ്ങൾ ഉണ്ടെന്ന് നാം തിരിച്ചറിയണം. ദുരാത്മക്കൾക്ക് രോഗം വരുത്തുവാൻ കഴിയും. ലൂക്കോസ് 13:11-16.
മാനസിക വ്യഥ വരുത്തുന്നു. മത്തായി 8:28-33.
സംസാരശേഷി നഷ്ടപ്പെടുത്തുന്നു മത്തായി 9:32.
അന്ധത വരുത്തുന്നു മത്തായി 12:22.ect… .അതിനെ നസാറായന്റെ നാമത്തിൽ ആശ്രയിച്ച് ശാസിക്കുകയും,പ്രാർത്ഥിക്കുകയും ചെയ്യുകയാണ് ഏക പോം വഴി
3. ശുദ്ധീകരണം കൂടാതെ കർതൃമേശ അനുഭവിക്കുന്നത്.

കർതൃമേശ വളരെ ഭയഭക്തിയോടുകൂടിയും ശുദ്ധീകരണത്തോടുകൂടിയും അനുഭവിക്കേണ്ട ഒന്നാണ്. ജീവിത വിശുദ്ധി ഇല്ലാതെ, ശരീരത്തെ വിവേചിക്കാതെ(കർത്താവിന്റെ ശരീരം) കർതൃമേശ എടുക്കുന്നവർ സ്വയം ബന്ധിക്കപ്പെടുകയാണ് ചെയ്യുന്നത്.
ശരീരത്തെ വിവേചിക്കാഞ്ഞാൽ തനിക്ക് തന്നെ ശിക്ഷാവിധി തിന്നുകയും കുടിക്കുകയും ചെയ്യുന്നു, ഇത് ഹേതുവായി നിങ്ങളിൽ പലരും ബലഹീനരും രോഗികളും ആകുന്നു. 1 കൊരിന്ത്യർ 11:30.

നുണയും, ചതിയും,പരദൂക്ഷണവും നടത്തി,
വായി തോന്നുന്നത് മുഴുവനും വിളിച്ചു പറയുകയും സഹോദരന് ഇടർച്ച വരുത്തുകയും ,പക ,ദുർന്നടപ്പ്,അസൂയ, പാരവെപ്പ്, വഴക്ക് വക്കാണം തുടങ്ങി ജഡത്തിന്റെ എല്ലാം പ്രവർത്തനങ്ങളിലും മുഴുകിയിട്ട് ശുദ്ധീകരണമോ പാപ ക്ഷമയോ പ്രാപിക്കാതെ കർതൃമേശ അനുഭവിക്കുന്നതാണ് പെന്തക്കോസ്തുക്കാരുടെ ഭൂരിപക്ഷ രോഗത്തിന്റെയും അടിസ്ഥാന കാരണം, എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.വർഷങ്ങളുടെ അതിപരിചയത്തിൽ സംഭവിക്കപ്പെടുന്ന തെറ്റ് ആണ് ഇത് . വ്യവസ്ഥ തെറ്റിച്ചുളള കർതൃമേശ രോഗത്തിനും മരണത്തിനുവരെ കാരണമാകുന്നു.
അവ മനസ്സിലാക്കി സ്വയം തിരുത്തി മടങ്ങിവരുന്നവർക്ക് സൗഖ്യം ഉണ്ടെന്നുളളത് തർക്കമറ്റ സംഗതി ആണ്.
4. ദൈവത്താൽ അനുവദിക്കപ്പെടുന്ന രോഗങ്ങൾ.
ദൈവമക്കൾ ദൈവ ഇഷ്ട്ടപ്രകാരം സഞ്ചരിച്ച് ദൈവത്തിനുവേണ്ടി പ്രയോജനപ്പെടണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത് .ദൈവ ഹിതപ്രകാരമുള്ള വിശുദ്ധ ജീവിതം നയിക്കപ്പെടേണ്ടതിന് ദൈവം ചിലരെ ചില ശോധനകളിലൂടെ കടത്തി വിടും, അത് ആ വ്യക്തിയെ ശുദ്ധീകരിക്കുന്നതിനു ദൈവ മുൻമ്പാകെ സ്വയം താഴ്ത്തുന്നതിനുമാണ്.ദൈവം തരുന്ന അത്തരം പരിശോധനകളെ ബാലശിക്ഷയായി ബൈബിൾ പഠിപ്പിക്കുന്നു .

നിങ്ങൾ ബാലശിക്ഷ സഹിച്ചാൽ ദൈവം മക്കളോടു എന്നപോലെ നിങ്ങളോടു പെരുമാറുന്നു; അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു എബ്രായർ 12:7

രോഗങ്ങളും ബാലശിക്ഷയായി നൽകപ്പെടാം അത് ആത്മീക നിലവാരം കൈവെടിയാതെ കൊണ്ട് പോകുന്നതിനും അഭേദ്യമായ ദൈവീക ബന്ധത്തിനുമാണ്.പൗലോസിന് ജഡത്തിലുണ്ടായ ശൂലം. ഇയ്യോബിന്റെ കഷ്ട്ടത,തിമഥെയോസിന്റെ ഉദരത്തിലെ രോഗം, ഇവയൊക്കെ ദൈവീക ബാലശിക്ഷക്ക് ഉദാഹരണം ആണ്.

ദൈവം തരുന്ന ബാലശിക്ഷയിൽ അത് രോഗമായാലും മറ്റേത് പ്രതിസന്ധിയായാലും അവിടെ ധൈര്യസമേതം ഉറച്ചുനിൽക്കാൻ സർവ്വശക്തൻ ബലം പകരുകയും ദൈവ മക്കൾ അവയെ നിസ്സാരമായി കണ്ട് മുന്നേറുകയും ചെയ്യും.
5. ദൈവ നാമ മഹത്വത്തിന് ഉതകുന്ന രോഗങ്ങൾ.

ചില രോഗങ്ങൾ ദൈവ നാമം മഹിമപ്പെടുന്നതിന് വ്യക്തികളിൽ ഉണ്ടാകാം.പക്ഷെ ആ രോഗം സ്ഥിരമല്ല.ദൈവീക ഉദ്ദേശ്യം പൂർത്തീകരിക്കുന്നതിനുവേണ്ടി നൽകപ്പെടുന്ന ശാരീരിക പ്രശ്നങ്ങൾ ആണ് അവ. ജന്മനാ കുരുടനായ വ്യക്തിയെ സൗഖ്യമാക്കുമ്പോൾ യേശു പറഞ്ഞത് ഇങ്ങനെ ആണ്. “ ഇവനോ ഇവന്റെ അമ്മയപ്പന്മാരോ പാപം ചെയ്തിട്ടല്ല ഇവൻ കുരുടനായത് ഇവങ്കൽ ദൈവ പ്രവൃത്തി വെളിപ്പെടേണ്ടതിനത്രേ എന്നാണ്”. യോഹന്നാൻ 9:3

6. പ്രകൃതി ദത്തമായി ഉണ്ടാകുന്ന രോഗങ്ങൾ.

പ്രകൃതിയിൽ ഉണ്ടാകുന്ന പല കാലാവസ്ഥ വ്യതിയാനങ്ങൾ നമ്മുടെ ജീവിത ക്രമങ്ങളെയും ശരീരത്തെയും സമ്മർദ്ദത്തിലാക്കാറുണ്ട് ,അതെല്ലാം മനുഷ്യനെയും ഒരു പരിധിവരെ ദോഷമായി ബാധിക്കാറുണ്ട്.മനുഷ്യന്റെ പുറംചട്ടയായ ദേഹം ബാഹ്യ ലോകവുമായി താരതമ്യേന ബന്ധം പുലർത്തുന്നതിനാൽ പല അസുഖങ്ങളും പിടിപ്പെടുക സ്വാഭാവികമാണ്.അത് പെട്ടെന്ന് മാറി പോകുകയും ചെയ്യും. അത് പ്രകൃതി ദത്ത പ്രതിഭാസമായിട്ട് സംഭവിക്കപ്പെടുന്ന കാര്യം ആണ്.

മേൽ പറയപ്പെട്ട നിലകളിൽ ആണ് ഇന്ന് പലരെയും പല രോഗങ്ങളും വേട്ടയാടുന്നത്.ഇതിൽ ദൈവീക താൽപ്പര്യങ്ങൾ ഒഴികെയുള്ള മറ്റിതര പരിശോധനകളെയും രോഗങ്ങളെയും എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ഒരോരുത്തരെയും പിൻതുടരുന്നത് എന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും .പാപം മുഖേനയും ,കൈയ്യിലിരിപ്പുകൊണ്ടും,വിശുദ്ധി കൈവെടിഞ്ഞുളള കർതൃമേശാനുഭവം കൊണ്ടും വന്നു പെടുന്ന രോഗങ്ങളെ സ്വയം തിരുത്തി ,ദൈവത്തിങ്കലേക്ക് മടങ്ങിവന്ന് പ്രാർത്ഥിച്ചാൽ മാത്രമേ പരിഹാരമുണ്ടാകുകയുളളു. അല്ലാതെ ഒരൗഷധവും ,ചികിത്സകളും, ,മാനുഷിക പ്രയത്നങ്ങളും ഈ കാര്യത്തിന് പരിഹാരമാകയില്ല എന്ന് നാം തിരിച്ചറിയണം.ആകയാൽ പിടിപ്പെടുന്ന രോഗങ്ങളുടെ പിന്നിലെ കാരണങ്ങൾ മനസ്സിലാക്കി വചന പ്രകാരമുളള പരിചരണം കൊടുക്കുകയാണ് വേണ്ടത്.

ഞാൻ നിങ്ങളെ സൗഖ്യമാക്കുന്ന യഹോവ ആണ് എന്ന വചനം അതിന്റെ നിലയിൽ പരിവർത്തിക്കപ്പെടാൻ നമ്മെ സമർപ്പിക്കാം.

-ADVERTISEMENT-

-ADVERTISEMENT-

You might also like