അബോര്‍ഷനെതിരെ അയര്‍ലണ്ടില്‍ നേഴ്സുമാര്‍ പ്രതിഷേധത്തില്‍

ഡബ്ലിന്‍: “ആരോഗ്യ പരിപാലന രംഗത്തെ കേള്‍ക്കപ്പെടാത്ത ശബ്ദമാണ് തങ്ങളുടേത്” എന്ന് പ്രഖ്യാപിച്ച് അയര്‍ലണ്ടിലെ ഗര്‍ഭഛിദ്ര ബില്ലിനെതിരായി നടന്നുവരുന്ന പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു നേഴ്സുമാരും. രാജ്യത്തെ നിരവധി ഡോക്ടര്‍മാര്‍ അബോര്‍ഷനെ അംഗീകരിക്കുന്നില്ല എന്നവകാശപ്പെട്ടുകൊണ്ടാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍ അബോര്‍ഷന്‍ ബില്ലിനെതിരെ പ്രതിഷേധിക്കുകയാണ്. 2019 ജനുവരി 1 മുതല്‍ നിയമപരമായി അബോര്‍ഷനുകള്‍ നടത്തിത്തുടങ്ങുവാനാണ് സര്‍ക്കാരും, അബോര്‍ഷന്‍ അനുകൂലികളും ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

എന്നാല്‍ വേഗത്തില്‍ നിയമം പ്രാബല്യത്തില്‍ വരുത്തുവാന്‍ ശ്രമിക്കേണ്ടതില്ലെന്നാണ് നേഴ്സുമാരും, മിഡ്-വൈവ്സും അടങ്ങുന്ന ഒരു സംഘം ‘നേഴ്സസ് & മിഡ്-വൈവ്സ് 4 ലൈഫ് അയര്‍ലണ്ട്’ എന്ന പേരില്‍ ഡിസംബര്‍ 10-ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ബില്ലിനെക്കുറിച്ച് തങ്ങളുമായി കൂടിയാലോചിച്ചിട്ടില്ലെന്നും, പുതിയ ബില്ലിന്റെ ആഘാതം തങ്ങളെയാണ് നേരിട്ട് ബാധിക്കുന്നതെന്നും കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്.

ഇക്കാര്യത്തെക്കുറിച്ച് നേഴ്സസ് & മിഡ്-വൈവ്സ് 4 ലൈഫ് അയര്‍ലണ്ടുമായി കൂടിയാലോചിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസിനയച്ച കത്തില്‍ അഞ്ഞൂറോളം നേഴ്സുമാരും, മിഡ് വൈവ്സുമാണ് ഒപ്പിട്ടിരിക്കുന്നത്. ഡോക്ടര്‍മാര്‍ ഗര്‍ഭഛിദ്രം ശുപാര്‍ശ ചെയ്യണമെന്ന വ്യവസ്ഥക്കെതിരെ കഴിഞ്ഞ നവംബറില്‍ സമര്‍പ്പിച്ച പരാതിയില്‍ 640 ഡോക്ടര്‍മാരായിരുന്നു ഒപ്പിട്ടിരുന്നത്. മാര്‍ച്ചില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ രാജ്യത്തെ 70% ഡോക്ടര്‍മാരും അബോര്‍ഷനെ അംഗീകരിക്കുന്നില്ലെന്നും വ്യക്തമായിരുന്നു. കഴിഞ്ഞയാഴ്ച ഒരു സംഘം ഡോക്ടര്‍മാര്‍ ഇതുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചയില്‍ നിന്നും ഇറങ്ങിപോയതും സര്‍ക്കാരിനു തിരിച്ചടിയായി.

കഴിഞ്ഞ മെയ് മാസത്തില്‍ നടന്ന ജനഹിത പരിശോധനയുടെ അടിസ്ഥാനത്തില്‍ ഭരണഘടനയുടെ എട്ടാം ഭേദഗതി റദ്ദാക്കിയതിനെ തുടര്‍ന്നാണ്‌ അബോര്‍ഷന്‍ നിയമപരമാക്കിക്കൊണ്ടുള്ള ഹെല്‍ത്ത് (റെഗുലേഷന്‍ ഓഫ് ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി) ബില്‍ 2018-ല്‍ അവതരിപ്പിക്കപ്പെട്ടത്. ഐറിഷ് നിയമസഭ ഡിസംബര്‍ 5-ന് പാസാക്കിയ ഈ ബില്‍ ഇപ്പോള്‍ സെനറ്റിന്റെ പരിഗണനയിലാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.