ലേഖനം:ചില തിരഞ്ഞെടുപ്പ് ചിന്തകൾ | ബിജു പി സാമുവൽ,ബംഗാൾ.

യൂദായ്ക്കു പകരമായി തിരഞ്ഞെടുക്കപ്പെട്ട ശിഷ്യനാണ് മത്ഥ്യാസ്. തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പത്രോസ് അപ്പോസ്തലൻ നൽകുന്ന ചെറു സന്ദേശത്തിന്റെ ഒരു ഭാഗം അപ്പോസ്തല പ്രവർത്തികൾ 1 : 21-22 വാക്യങ്ങളിൽ വായിക്കാവുന്നതാണ്.

തിരഞ്ഞെടുക്കപ്പെടേണ്ടവന്റെ യോഗ്യതയെപ്പറ്റിയാണ് പത്രോസ് ഒന്നാമത് വ്യക്തമാക്കുന്നത്. യേശുക്രിസ്തുവിന്റെ സ്നാനം മുതൽ സ്വർഗാരോഹണം വരെ യേശുവിനോടൊപ്പം സഞ്ചരിച്ചവൻ ആയിരിക്കണം തിരഞ്ഞെടുക്കപ്പെടേണ്ടത്. മൂന്നര വർഷം യേശുവിനോടൊപ്പം സഞ്ചരിച്ച് ശുശ്രൂഷ കണ്ട പരിചയം എന്നതിനപ്പുറം യേശുവുമായി ആഴമായ ബന്ധമാണിവിടെ ഉദ്ദേശിക്കുന്നത്.

തിരഞ്ഞെടുക്കപ്പെടുന്നവൻ യേശുവിനോടൊപ്പം എന്നും നടക്കുന്നവൻ ആയിരിക്കണം. ക്രൂശ് മരണത്തിന്റെ മാഹാത്മ്യം മനസിലാക്കിയവനും ഉയർത്തെഴുന്നേല്പിന്റെ പ്രത്യാശയാൽ നിറഞ്ഞവനും ആയിരിക്കണം തിരഞ്ഞെടുക്കപ്പെടേണ്ടത്. അല്ലാത്തവർ അധികാര സ്ഥാനങ്ങളിൽ വരുന്നത് ദുരന്തമാണ് . നേതാക്കന്മാരോടൊപ്പം അവരുടെ പെട്ടി എടുത്തു നടന്ന പരിചയം മാത്രമാകരുത് , മറിച്ച് യേശുവിനോടൊപ്പം നടന്ന അനുഭവമാണ് തുടർ ശുശ്രൂഷയുടെ ബലമാകേണ്ടത്.

post watermark60x60

ശുശ്രൂഷകന്റെ ശക്തി സ്രോതസ് കർത്താവ് തന്നെ ആയിരിക്കണം.
തന്റെ വിളിയുടെ പിന്നിലുള്ളത് ദൈവം ആണെന്ന ഉറപ്പ് ഒരു സുവിശേഷകന് ഉണ്ടാകണം . ആ ഉറപ്പ് ഇല്ലാത്തതു കൊണ്ടാണ് പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോൾ മനുഷ്യ സഹായം തേടുന്നത്.

പത്രോസ് രണ്ടാമത് വ്യക്തമാക്കുന്നത് തിരഞ്ഞെടുപ്പിന്റെ ഉദ്ദേശമാണ് . തിരഞ്ഞെടുക്കുന്നത് തങ്ങളോടൊപ്പം യേശുക്രിസ്തുവിന്റെ സാക്ഷി ആയിത്തീരുവാനാണ്. പണസഞ്ചി സൂക്ഷിച്ചിരുന്നവൻ പോയി, അതിനു പകരമായി ഒരാൾ വേണം എന്ന ചിന്തയിൽ അല്ല അവർ തിരഞ്ഞെടുപ്പ് നടത്തിയത് . പുതിയ ആളിനെ ഭാരവാഹി ആയിട്ടല്ല , മറിച്ച് യേശുവിന്റെ സാക്ഷി ആകുവാനാണ് തിരഞ്ഞെടുത്തത്.

ഇന്ന് നടക്കുന്ന സഭാ തിരഞ്ഞെടുപ്പുകൾ പദവികൾക്കു വേണ്ടി മാത്രമുള്ളതായി പലപ്പോഴും മാറുന്നു. പാനൽ തിരിഞ്ഞു വോട്ടു പിടിക്കുമ്പോഴും ചേരി തിരിഞ്ഞു ചെളി വാരി എറിയുമ്പോഴും ക്രിസ്തു സാക്ഷീകരിക്കപ്പെടുകയല്ല , തമസ്ക്കരിക്കപ്പെടുകയാണ് ചെയ്യുന്നത്‌. അധികാരത്തിനു വേണ്ടി കലപില കൂടുന്നവർ ഒരു യാഥാർഥ്യം മനസിലാക്കുക. യേശുവിനെ സാക്ഷീകരിക്കാൻ ഒരാൾ കുറയരുത് എന്ന ചിന്തയിലായിരുന്നു മത്ഥ്യാസിനെ തിരഞ്ഞെടുത്തത്.

ഇന്ന് യേശുവിനെ സാക്ഷീകരിക്കുവാൻ എവിടെ നമുക്ക് സമയം?
പക്ഷെ ഫ്ളക്സ് ബോർഡുകളിൽ എങ്ങും നിറയുന്നത് കൊയ്ത്തിന്റെ ഉത്സവങ്ങളാണ് . വിതക്കാതെ എങ്ങനെ കൊയ്യും? യേശുവിനെ സാക്ഷീകരിക്കാതെ എങ്ങനെ നമ്മുടെ സഭ വളരും?.
യേശുവിനെ സാക്ഷീകരിക്കാത്ത സഭ സ്വന്തം വിനാശത്തെയാണ് വിളിച്ചു വരുത്തുന്നത്.
(The church that does not evangelise invites it’s own extinction-
C.F.H. Henry ).

ഭൂമിയുടെ അറ്റത്തോളം എന്റെ സാക്ഷികൾ ആകുവിൻ എന്ന് അരുളിച്ചെയ്‌ത യേശുനാഥന്റെ അന്ത്യ വചനങ്ങൾ ഏറ്റെടുക്കാൻ അവനോടൊപ്പം സഞ്ചരിക്കുകയും അവനിൽ നിന്ന് പ്രാപിക്കുകയും ചെയ്യുന്ന ഒരു സമർപ്പിത സമൂഹം എഴുന്നേറ്റിരുന്നെങ്കിൽ….

-ADVERTISEMENT-

-ADVERTISEMENT-

You might also like