ലേഖനം:ദൈവാലയങ്ങൾ പ്രാർത്ഥനാലയങ്ങൾ ആയിരിക്കട്ടെ !!! | പാസ്റ്റർ ഷാജി ആലുവിള

ദൈവം മനുഷ്യനെ സ്രഷ്ടിച്ചു, മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മനുഷ്യനും മതങ്ങളും ദൈവത്തെ പങ്കുവെച്ചു.ഇത് വളരെ യാഥാർഥ്യമാണ്.പ്രപഞ്ചോ ൽപ്പത്തിയുടെയും, മനുഷ്യ സൃഷ്ടിപ്പിന്റെയും ചരിത്രം വിവിധ മതങ്ങൾ വ്യത്യസ്ത നിലകളിൽ പഠിപ്പിക്കുന്നു. ഇന്നും പുരോഗമന ചിന്താഗതിയിൽ ശാസ്ത്രവും അതിന്റെ വഴിയിൽ ഉൽപ്പത്തി ഗവേഷണം തുടർന്നുകൊണ്ടേ ഇരിക്കുന്നു. അന്വേഷകർ അവസാനിക്കുന്നതല്ലാതെ ദൈവീക ഉല്പത്തിയുടെ ആരംഭം ആർക്കും കണ്ടു പിടിക്കുവാൻ സാധിക്കുന്നതും ഇല്ല.
ശിലായുഗത്തിലെ മനുഷ്യൻ ഭയത്തിൽനിന്നും വനാന്തരങ്ങളിൽ ഇടിമിന്നലിനെയും തീയേ യും ശിലകളെയും ദൈവമായി സങ്കല്പിച്ചു വണങ്ങി നമസ്കരിച്ചു. ശാസ്ത്രവും മനുഷ്യനും പുരോഗമനത്തിൽ എത്തിയ ഈ ശാസ്ത്ര യുഗത്തിലും സാങ്കൽപ്പിക ദൈവമായി മനുഷ്യർ ഇതിനെ ഒക്കെ വണങ്ങുന്നു എന്നത് മറ്റൊരു സത്യം അത്രേ. അരൂപിയും സർവ്വവ്യാപിയും സർവ്വശക്തനുമായ ദൈവത്തെ മനുഷ്യൻ സങ്കല്പികമായി ഖരവസ്തുക്കളിൽ രൂപ കല്പ്പന ചെയ്തു നമസ്കരിച്ചു പോരുന്നു ഇപ്പോഴും.

എന്നാൽ ക്രൈസ്തവ വിശ്വാസ പ്രകാരം ബൈബിൾ പഠിപ്പിക്കുന്ന ആലയവും ആരാധനയും ദൈവത്തിന്റെ പ്രാർത്ഥനാലയം ആയിരിക്കേണം എന്നുള്ളതാണ്. ആദിമ ആരാധന ആരംഭിക്കുന്നത്, ആദമിന്റെ മകനായ ശേത്തിന്റെ മകൻ ഏനോശ് ന്റെ കാലത്ത് ആണ്.അന്ന് യെഹോവയുടെ നാമത്തിലുള്ള ആരാധന ആരംഭിച്ചു (ഉൽ:4:25,26). ദൈവത്തിനു ഭക്തി പൂർവ്വമായ ബഹുമാനം കൊടുക്കുക, വിശുദ്ധ സേവനം അനുഷ്ഠിക്കുക എന്നൊക്കെയാണ് ആരാധനകൊണ്ട് നിവർത്തി ആകേണ്ടത്.
ആദ്യത്തെ മന്ദിരം നാം കാണുന്നത് പുറപ്പാട് : 25:8 ൽ ആണ്. ദൈവം തന്നെ മോശയോട് കല്പ്പിക്കുന്നു ഞാൻ യിസ്രായേൽ ജനത്തിന്റെ നടുവിൽ വസിക്കേണ്ടതിന് എനിക്ക് ഒരു വിശുദ്ധ മന്ദിരം ഉണ്ടാക്കേണം. ദൈവം ജനത്തിന് കൊടുപ്പാൻ പോകുന്ന സാക്ഷ്യം സൂക്ഷിക്കാൻ ഒരു പെട്ടകം കൂടി നിർമിക്കുവാനും അതും ഖദിര മരം കൊണ്ടു മാത്രമേ ആകാവൂ എന്നും ഓർമിപ്പിച്ചു.പേട്ടകത്തിന്റെ അളവും മറ്റ് നിർമ്മിത നിർദ്ദേശങ്ങളും വ്യക്തമായി ദൈവം മോശയോട് കല്പ്പിച്ചു. ദൈവം കൊടുത്ത സാക്ഷ്യം പണിയപ്പെട്ട പെട്ടകത്തിൽ സൂക്ഷിക്കുകയും, ആ പെട്ടകം മന്ദിരത്തിൽ സൂക്ഷിക്കയും പിന്നീട് സാക്ഷ്യം പെട്ടകത്തിന് മുകളിൽ നിൽക്കുന്ന രണ്ട് കെരൂബുകളുടെ നടുവിൽ നിന്നുമാണ് യിസ്രായേലിനോട് ദൈവം സംസാരിച്ചതും. മോശയാൽ നിർമ്മിതമായ ആ മന്ദിരത്തിൽ തിരുനിവാസം അഥവാ ദൈവീക വാസം ഉണ്ടായിരുന്നു. ദൈവം തന്റെ പൂർണ തേജസിൽ നിലനിൽക്കുന്ന വിശുദ്ധ സ്ഥലം ആണ് ദൈവീകമന്ദിരം അഥവാ ദൈവാലയം.
മറ്റൊരു മന്ദിരം അല്ലങ്കിൽ ദൈവാലയം കാണുന്നത് എഫ്രയീം മലനാട്ടിലെ ശീലോവിൽ ഏലി പുരോഹിതൻ ശുശ്രൂഷ ചെയ്തതും ഹന്ന പ്രാർത്ഥിക്കയും ചെയ്ത ദൈവാലയം ആണ്. മനോവ്യസന ത്തോടെ ദൈവത്തോട് കരഞ്ഞു പ്രാർത്ഥിക്കുന്ന ഹന്നക്കു മറുപടി ലഭിച്ച സ്ഥലമാണ് ആ ദൈവാലയം. എന്നാൽ പുരോഹിതനായ ഏലിയുടെ വാർദ്ധക്യം തന്റെ മക്കൾക്ക് മന്ദിരത്തോടുള്ള ബന്ധത്തിൽ പാപം ചെയ്യുവാൻ വേദി ആയി. ദൈവം അവരെ കൊല്ലു വാൻ നിശ്ചയിച്ചതുകൊണ്ട് അവർ അപ്പന്റെ വാക്ക് കേട്ടതും ഇല്ല. അതിൽനിന്നും നാം മനസിലാക്കുക ദൈവം വിശുദ്ധൻ ആകയാൽ ദൈവലയവും വിശുദ്ധ മായിരിക്കണം.ദൈവാലയത്തിൽ കരഞ്ഞു പ്രാർത്ഥിക്കുന്നവരും വിശുദ്ധരുമായവർ ഉണ്ടായിരിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു
മറ്റൊരു ദൈവാലയം കാണുന്നത് ദാവീദ് രാജാവിന് ശേഷം തന്റെ മകനായ ശലോമോൻ പണിത ദൈവാലയം ആണ്. ആ ആലയത്തിന്റെ നിർമ്മാണ വിവരണം 1രാജ:6ൽ പറഞ്ഞിരിക്കുന്നു. യെഹോവക്ക് പണിത ആലയം അറുപതു മുഴം നീളവും ഇരുപതു മുഴം വീതിയും മുപ്പതുമുഴം ഉയരവും ഉള്ളതായിരുന്നു. വെട്ടു കുഴിയിൽ വെച്ച് തന്നെ കല്ലുകളെ വെടിപ്പാക്കിയതിനാൽ ആലയത്തിന്റെ പണിക്കു ആയുധങ്ങളുടെ ഒച്ച ആലയത്തിൽ കേൾപ്പാൻ ഇല്ലായിരുന്നു. അതിൽ നിന്നും മനസിലാക്കാൻ നമുക്ക് ഒരു സന്ദേശം ഉണ്ട് ദൈവാലയത്തിനുള്ളിൽ ദൈവഹിതം അല്ലാത്ത ഒരു ശബ്ദവും ഉണ്ടാകരുത്. ആ ആലയത്തിൽ മാത്രമേ തിരു സാന്നിധ്യം ഉണ്ടാകയുള്ളു.
പുതിയ നിയമത്തിൽ യേശു ക്രിസ്തു പഠിപ്പിച്ചതും ദൈവത്തിന്റെ ആലയം പ്രാർത്ഥന ആലയം എന്ന് വിളിക്കപ്പെടണം എന്നാണ് . ഭക്തിയുടെ വേഷം ധരിച്ചു ആത്മീയ ശക്തി കെടുത്തി കളയുന്ന കപട ശക്തികളെ യേശു അടിച്ചു പുറത്താക്കി. ഇപ്പോൾ യഥാർത്ഥ ആത്മീയരെ പുറത്താക്കി കളഞ്ഞിട്ടു, ആത്മീയ രാക്ഷ്ട്രീയത്തെ വളർത്തി പ്രാർത്ഥന ആലയങ്ങൾ എന്ന് അറിയപ്പെടണ്ട ദൈവാലങ്ങൾ രാഷ്ട്രീയത്തിന്റെയും അനാത്മ പോരാട്ടങ്ങളുടെയും കേളി നിലങ്ങൾ ആയി മാറുന്നു. ചാട്ടവാർ എടുക്കണ്ട മഹാ പുരോഹിതൻമാർ ഒരുപക്ഷത്തു നിന്ന് മറുപക്ഷത്തെ തകർക്കുന്നു. വോട്ടിനും സീറ്റിനും വേണ്ടി ഒച്ചപ്പാട് ഉണ്ടാക്കി കയ്യ ആം കളിയിൽ എത്തി കേസും കോടതി യുമായി നീങ്ങുന്നു. വിമർശിക്കുന്നവരെയും തിരുത്തു ന്നവരെയും തുരത്തുന്നു. പല പുരോഹിതൻ മാരും, ശുശ്രുഷകരും നിലവാരം വിട്ടു ദൈവ സാന്നീദ്യം ഇല്ലാത്തവരും ആയി തീരുന്നു. ആല യത്തിന്റെ പേരിൽ അടിയും വഴക്കും കുത്തും വെട്ടുമായി ക്രൈ സ്തവ സമൂഹം നിരത്തിൽ ഇറങ്ങി തമ്മിൽ അടിക്കുന്നു. ചിലർ വിശ്വാസ സമൂഹത്തെ ആലയത്തിനകത്ത് അനേക ഗ്രൂപ്പുകൾ ആക്കി തമ്മിൽ തല്ലിച്ച് ചെന്നായെ പോലെ ചോര കുടിക്കുന്നു. ഒപ്പം ആലയങ്ങളെ പിളർത്തി മറ്റൊന്ന് സ്ഥാപിതമാക്കുന്നു. ഈ നിലവാരം മാറ്റി ഇല്ലങ്കിൽ ആത്മീയ മൂല്യച്യുതി നമ്മുടെ ഇടയിൽ വർധിക്കും.

ദൈവത്തെ തേടി അതിലൂടെ സമാധാനം അന്വേഷിച്ചു വരുന്ന ഒരു പാപിക്ക് നമ്മുടെ പ്രാർത്ഥന ആലയ ത്തിൽ നിന്നുകൊണ്ട് ദൈവ രാജ്യം കാണിച്ചു കൊടുക്കുവാൻ സാധിക്കുന്നുണ്ടോ?. ഇല്ലങ്കിൽ കള്ളൻ മാരുടെ ഗുഹ ആയി മാറി നമ്മുടെ ആലയങ്ങൾ. മതങ്ങൾ നിർമിച്ച ദൈവത്തെ അല്ല നാം സേവിക്കുന്നതും ആരാധിക്കുന്നതും. ലോകത്തെയും മനുഷ്യനെയും സ്രഷ്ടിച്ച ദൈവത്തെ ആണ്. അപ്പോൾ ദൈവത്താൽ നിർമിതമായ ദൈവാലയത്തിൽ ദൈവീക പ്രമാണം അനുസരിച്ചു ദൈവത്തെ ആരാധിക്കണം. മാത്രമല്ല യേശുവിന്റെ രണ്ടാമത്തെ വരവിങ്കിൽ എടുക്കപ്പെടുന്ന വിശുദ്ധന്മാരുടെ ആ സഭയിൽ നാമും എടുക്ക പ്പെടുവാൻ വിശുദ്ധിയോടെ നമുക്ക് ഒരുങ്ങാം.
ദൈവത്തിലുള്ള അടിയുറച്ച വിശ്വാസത്തിന്റെയും ആഴമായ ആശ്രയത്തിന്റെയും പ്രാർത്ഥനകേന്ദ്രമായിരിക്കണം ദൈവാലയം. അവിടെ വരുന്നവർ നിത്യ ജീവനെ സ്വന്തം ആക്കുവാൻ ഉള്ള അന്തിരീക്ഷം ഉണ്ടായിരിക്കണം. നോസ്റ്റിക് തത്വ ജ്ഞാനം സഭക്ക് വലിയ ഭീഷണി ആയ കാലത്തും സഭക്കുള്ളിൽ പ്രാർത്ഥിക്കുന്ന അപ്പോസ്തോലന്മാർ ഉണ്ടായിരുന്നതുകൊണ്ട് സഭക്ക് വളർച്ചയുണ്ടായി. ഇന്നും പ്രാർത്ഥിക്കുന്ന, ഐക്കമായി നിൽക്കുന്നവരുടെ ദൈവാലയങ്ങൾ വളർന്നുകൊണ്ടിരിക്കും. പിളരുന്നതും പിളർത്തുന്നതും അല്ല പ്രാർത്ഥന ആലയം. ഒരുമയിൽ വളരുന്നതാണ് ദൈവാലയം. ദൈവാലയത്തിലെ ഭരണാധികാരി ദൈവം ആയിരിക്കണം. ദൈവം ഭരണം ചെയ്യുമ്പോൾ വിശുദ്ധന്മാർ ദൈവത്തിനു കീഴടങ്ങി മുന്നേറും. അവിടെ പകയും പിണക്കവും വഷളത്വവും കാണുകയില്ല. വളരുന്ന തലമുറയ്ക്ക് കൈ മാറി കൊടുക്കുവാൻ ആത്മീയതയുടെ ഒരു പിടി നല്ല ഫലങ്ങൾ ആകട്ടെ നമ്മുടെ കൈകളിൽ ഉള്ളത്. പൗലോസ് ശ്ലീഹ പറയുന്നു നമ്മുടെ ശരീരം ദൈവത്തിന്റെ മന്ദിരം ആകുന്നു. അതിനെ പിശാശിന്റെ കുടിയിരുപ്പാക്കുന്ന ജഡത്തിന്റെ പ്രവർത്തികളെ കളഞ്ഞു ദൈവാത്മാവ് വസിക്കുന്ന സാക്ഷ്യപെട്ടകം സൂക്ഷിക്കുന്ന ദൈവാലയങ്ങളായി നമുക്ക് തീർക്കാം,ഒപ്പം പ്രാർത്ഥിക്കുന്ന വീരൻമാരായും ആകുവാൻ ഇടയാകട്ടെ. ദൈവത്തിന്റെ ആലയം പ്രാർത്ഥനാലയം എന്ന് എന്നും വിളിക്കപ്പെടട്ടെ. പ്രാർത്ഥനയുടെ ശബ്ദം എപ്പോഴും ആലയത്തിൽ മുഴങ്ങട്ടെ. !!!

-ADVERTISEMENT-

-ADVERTISEMENT-

You might also like