ലേഖനം:ആല്‍ഫയും, ഒമേഗയും – ആദിയിലെ വചനം | വര്ഗീസ് ജോസ്

യേശു പറഞ്ഞു ‘ ഞാന്‍ ആല്‍ഫയും, ഒമേഗയും ആകുന്നു ‘
പുതിയ നിയമത്തിന്റെ മൂലഭാഷയായ ഗ്രീക്ക് ല്‍ , ആല്‍ഫാ എന്നാല്‍ ആദ്യവും ( ആദ്യ അക്ഷരവും) ഒമേഗ എന്നാല്‍ അന്ത്യവും ( അവസാന അക്ഷരവും ) ആണ് എന്ന് നമ്മില്‍ പലര്‍ക്കും അറിയാവുന്നതാണ്.
ആരംഭവും, അവസാനവും ഞാന്‍ തന്നെ എന്ന് യേശു പറയുമ്പോള്‍, തന്റെ ദൈവീകഭാവത്തെ വ്യക്തമാക്കുന്നു എന്നും നമുക്കറിയാം.

എന്നാല്‍ ; ആല്‍ഫാ , ഒമേഗ എന്നീ രണ്ട് വാക്കുകള്‍ക്ക് കൂടുതൽ ചിലത് നമ്മോട് പറയുവാനുണ്ട്.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഓരോ വാക്കുകള്‍ക്കും, അക്ഷരങ്ങള്‍ക്കും, തിരുവചനാടിസ്ഥാനത്തില്‍ ഒട്ടേറെകാര്യങ്ങള്‍ നമ്മോട് വിളിച്ചുപറയുവാനുണ്ട്.

എന്താണ് ആല്‍ഫാ ?

post watermark60x60

ആല്‍ഫാ , ബീറ്റാ എന്നൊക്കെ വിദ്യാലയങ്ങളില്‍ പഠിച്ചിട്ടുള്ളവരാണ് നാമെല്ലാവരും. ഗ്രീക്ക് ഭാഷയില്‍ ആല്‍ഫാ ആദ്യത്തെ അക്ഷരവും,ബീറ്റാ രണ്ടാമത്തെ അക്ഷരവുമാണ് എന്നും നമുക്കറിയാം.
എന്നാല്‍ ഇങ്ങിനെയൊരു ഭാഷയും ഈ വാക്കുകളും എന്ത്, എങ്ങിനെ എന്നിങ്ങനെയുള്ള ചരിത്രം പരിശോധിച്ചാല്‍ വളരെ അര്‍ത്ഥവത്തായ ഒത്തിരി ആശയങ്ങള്‍ നമുക്ക് മനസിലാക്കാൻ സാധിക്കും എന്ന് പഠനങ്ങള്‍ വിളിച്ചുപറയുന്നു.

ഭാഷകൾ………

പുരാതനഭാഷയായ, ഹീബ്രു ( Ancient Hebrew )

ഹീബ്രു ഭാഷയ്ക്ക് തന്നെ പ്രധാനമായും മൂന്ന് വിധം വ്യതിയാനങ്ങള്‍ കാണപ്പെടുന്നു.
1 പുരാതന ഹീബ്രു ഭാഷ, 2 മദ്ധ്യകാലങ്ങളില്‍ ഉപയോഗത്തില്‍ ഉണ്ടായിരുന്ന ഹീബ്രു, (ചില രേഖകളില്‍ കനാന്യ ഭാഷ എന്നും കാണാം ) 3 ഇന്ന് പ്രചാരത്തിലുള്ള മോഡേണ്‍ ഹീബ്രു .

പുരാതന ഹീബ്രു ഭാഷയില്‍ നിന്ന്,  ഈജിപ്ഷ്യന്‍ ഭാഷയും, അരാമിയ, പേര്‍ഷ്യന്‍ ഭാഷകള്‍ ( അറബി / ഉറുദു പോലുള്ളവ ) അക്ഷര ക്രമങ്ങളും രൂപപ്പെട്ടു എന്ന് പല ആധികാരിക രേഖകളിലും കാണുന്നു,  അധികാരങ്ങളും, അധിനിവേശവും മാറിവരുന്ന ക്രമത്തില്‍ ഈജിപ്ഷ്യന്‍ ഭാഷയിൽ നിന്ന് റോമന്‍ ഭാഷയും, ആ ഭാഷ പരിണമിച്ച് ഗ്രീക്ക് ( യവന ) ഭാഷയും ഉണ്ടായി എന്ന് കാണുന്നു.
ഇന്ന് നമ്മുടെ ലോകഭാഷയായ ഇംഗ്ലീഷ് ഉരുത്തിരിഞ്ഞ് വന്നത് പോലും റോമന്‍, ഗ്രീക്ക് ഭാഷകളെ പിന്‍പറ്റിയാണ് എന്ന് കാണാം.
അപ്രകാരം ഒരു സാമ്യവും ഇംഗ്ലീഷ് ഭാഷയ്ക്ക് ഉള്ളതായി നാം ഒരുപക്ഷേ ശ്രദ്ധിച്ച്കാണും.
ആല്‍ഫാ യില്‍ നിന്ന് A, ബീറ്റാ ഉരുത്തിരിഞ്ഞ് B എന്നിങ്ങനെ അക്ഷരമാലാ ക്രമം പോലും !

എന്താണ് ആല്‍ഫാ ? എന്താണ് ബീറ്റാ ?

ഗുഹാമനുഷ്യരും , നായാടികളുമായിരുന്ന ഗോത്രവര്‍ഗ്ഗക്കാരുടെ ഭാഷ എന്നനിലയിലാണല്ലോ പുരാതന ഭാഷകളുടെ ലിപിയും സംസാരവും പോലും ഉടലെടുക്കുന്നത് .
തൂവലും, മഷിയും , കരിയും, ചായക്കൂട്ടുകളും,  ഉപയോഗിച്ച് തുടങ്ങും മുൻപേയുള്ള ലിപി.
ന്യായപ്രമാണം കല്‍പ്പലകകളില്‍ പകര്‍ത്തി രചിക്കപ്പെട്ട ലിപി !
സ്വാഭാവികമായും ഗുഹാമനുഷ്യരുടെ രീതി അനുസരിച്ച് പാറകളില്‍, ഉളിയും കൊട്ടുവടിയും ( ചുറ്റിക ) ഉപയോഗിച്ച് കൊത്തിയെടുത്താണ് ഓരോ അക്ഷരങ്ങളും അവര്‍ രേഖപ്പെടുത്തുക.
ഇടം കയ്യിൽ ഉളിയും, വലം കയ്യിൽ ചുറ്റികയും ആയിരുന്നത് കൊണ്ടുതന്നെ ഈ ഭാഷ വലത് വശത്ത് നിന്ന് ഇടത്തേക്ക് മാത്രമേ ഒന്നൊന്നായി കൊത്തിയെടുക്കുക സാദ്ധ്യമാകുകയുള്ളല്ലോ.
അത്കൊണ്ടാണ്  ഹീബ്രു, അറബി പോലുള്ള ഭാഷാ ലിപികള്‍ വലത്ത് നിന്ന് ഇടത്തു വശത്തേക്ക് എഴുതുന്നത് എന്നതാണ് ചരിത്രം വിളിച്ചുപറയുന്ന വസ്തുത !
അത്ര പുരാതനമായ ഹീബ്രു ഭാഷ !
ഗുഹാമനുഷ്യരുടെ കാലഘട്ടത്തില്‍ ഉരുത്തിരിഞ്ഞ ഭാഷ ആയതുകൊണ്ടുതന്നെ ഓരോ അക്ഷരങ്ങള്‍ എന്നതിനേക്കാളുപരി ഓരോ ചിത്രങ്ങള്‍ ( ഗുഹാചിത്രങ്ങള്‍ ) കൊണ്ടാണ് ഓരോ അക്ഷരങ്ങളെ അവര്‍ രേഖപ്പെടുത്തിയിരുന്നത്.
Aleph (കാള ) Beth (വീട് )Gimel (ഒട്ടകം )എന്നിങ്ങനെ യഥാക്രമം ഓരോ ചിത്രങ്ങളും ഓരോ അക്ഷരങ്ങളും വാക്കുകളും ആണ്. ഓരോ അക്ഷരങ്ങള്‍ക്കും ( ചിത്രലിപികള്‍ക്കും ) ഒന്നിലേറെ അര്‍ത്ഥങ്ങളും കാണും.
ഉദാഹരണത്തിന് ,
ആദ്യ അക്ഷരമായ ആലേഫ്.
Aleph ( A ) എന്നാല്‍ കാളയുടെ തലയുടെ രൂപമുള്ള രേഖാചിത്രമാണ്.
അര്‍ത്ഥം – കാള,തല,ശക്തനായവന്‍, ദൈവം എന്നെല്ലാമാണ്.
ആദ്യ അക്ഷരം തന്നെ ശക്തനായ ദൈവത്തെ പ്രതിനിധീകരിക്കുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

രണ്ടാമത്തെ അക്ഷരമായ Beth (B) എന്നാല്‍ ഭവനം. ( ഉദാഹരണം , ബെദ്ലഹേം = അപ്പത്തിന്റെ ഭവനം, ബെഥേല്‍ = ദൈവത്തിന്റെ ഭവനം )

അങ്ങിനെയെങ്കില്‍
ആലേഫ്  ( A ) ഉം ബേത്ത് ( B ) ഉം ചേരുമ്പോള്‍ ആബാ ( Aba )
ആബാ = എന്നാല്‍ ഭവനത്തിന്റെ തല / കരുത്ത്  = പിതാവ് ( അപ്പന്‍ )
എന്നര്‍ത്ഥം.
മറ്റൊരു തരത്തില്‍, അവിടെയും സര്‍വ്വശക്തനായ പിതാവായ ദൈവത്തെ മഹത്വീകരിക്കുന്നു.
ആലേഫ് ല്‍ നിന്ന് ആല്‍ഫയും ( ഗ്രീക്ക് ) ബേത്ത് ല്‍ നിന്ന് ബീറ്റയും ഉണ്ടായി.
ആല്‍ഫയും ബേറ്റും ചേര്‍ന്ന അക്ഷരമാലയെ നാം ഇന്നും ‘ ആല്‍ഫബെറ്റ് ‘ ( A to Z )എന്ന് തന്നെയാണ് വിളിച്ചുപോരുന്നത് എന്നത് ഈ അവസരത്തില്‍ പ്രത്യേകം ഓര്‍മ്മപ്പെടുത്തേണ്ടല്ലോ…

ഇനി നമ്മുടെ ഇംഗ്ലീഷ് അക്ഷരമാലയിലെ O എന്ന അക്ഷരത്തിന്റെ പൂര്‍വ്വികനായി അറിയപ്പെടുന്ന ഗ്രീക്ക് ലെറ്റര്‍ ‘ ഒമേഗ ‘ യ്ക്ക് എന്താണ് പറയാനുള്ളത് എന്ന് നോക്കാം….

ഗ്രീക്ക് അക്ഷരമാലയിലെ അവസാന അക്ഷരമാണല്ലോ ഒമേഗ, അന്ത്യം അവസാനം എന്നതിന്റെ പ്രതിരൂപമായി ഒമേഗയെ പറയപ്പെടുന്നതിന്റെ കാരണവും ഇത് തന്നെ.
എന്നാല്‍ Ancient Hebrew അക്ഷരങ്ങളില്‍ അവസാനത്തേത് നമ്മുടെ ഇംഗ്ലീഷ് അക്ഷരം T യുടെ പൂര്‍വികനായ + ( Tav ) ആണ്.
കുരിശ് രൂപത്തിലുള്ള ഈ അക്ഷരത്തിന് , അടയാളം, ഉടമ്പടി എന്നൊക്കെ അര്‍ത്ഥം വരുന്നു.

അങ്ങിനെയെങ്കില്‍, പുതിയനിയമ പുസ്തകത്തില്‍ കൃസ്തുവിന്റെ വചനം രേഖപ്പെടുത്തപ്പെട്ടപ്പോള്‍ , പുതിയ നിയമത്തിന്റെ മൂലഭാഷയായ ഗ്രീക്ക് ല്‍ അത് ആല്‍ഫയും ( ആദിയും )  ഒമേഗയും ( അന്ത്യവും ) ആയി എങ്കില്‍,
അതേ വാക്കുകള്‍ ഹീബ്രുവില്‍ ആണ് രേഖപ്പെടുത്തപ്പെട്ടിരുന്നത് എങ്കില്‍ എന്ത് വ്യത്യാസമാണ് വരുന്നത് എന്ന് നോക്കാം….

അങ്ങിനെയെങ്കില്‍ ഹീബ്രു ഭാഷയില്‍ ഞാന്‍ ആല്‍ഫയും ഒമേഗയും ആകുന്നു എന്ന് പറയപ്പെട്ടാല്‍
യഥാക്രമം , ആലേഫും, ടാവും ആകുന്നു.

ഹീബ്രു ബൈബിലിലെ ആദ്യ വാക്കായ ‘ ബാരാഷീത്ത് ‘  ( ആദിയില്‍ ) നോടൊപ്പം മേല്‍പ്പറയപ്പെട്ട ആദിയും അന്തവും അടയാളങ്ങള്‍ രേഖപ്പെടുത്തപ്പെട്ടതായി വേദപഠിതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. പക്ഷെ ഈയൊരു പ്രയോഗം മാത്രം പ്രായോഗികമായി തര്‍ജിമ ചെയ്ത് വ്യക്തമാക്കാന്‍ പഴയനിയമകാലത്ത്  ( കൃസ്തുവിന് മുമ്പ് ) സാധിക്കുമായിരുന്നില്ല.
കാരണം അതിമഹത്തായ ഒരു ആത്മീയ മര്‍മ്മം ആദിമുതല്‍ക്കേ ഈ അക്ഷരങ്ങളുമായി, അത്ഭുതകരമായി ബന്ധപ്പെട്ടുകിടക്കുന്നു !
അത് മറ്റൊന്നുമല്ല …….

ആല്‍ഫാ അഥവാ ആലേഫ് ….
സര്‍വ്വശക്തനായ ദൈവവമായവന്‍,
തലയായവന്‍, സര്‍വ്വം സഹയായ ഒരു ബലിമൃഗമായി ( കാള ) മാറി,
ഒമേഗ അഥവാ , Tav (+) എന്ന പ്രായശ്ചിത്തത്തിന്റെ, പാപപരിഹാരത്തിന്റെ ബലിപീഠത്തില്‍, കുരിശില്‍ , സ്വയം ബലിയായി സമര്‍പ്പിക്കുന്നു. വീണ്ടെടുപ്പിന്റെ ഉടമ്പടിയായി, അടയാളമായി എന്നും ആ ബലിപീഠം നിലകൊള്ളേണ്ടതാകുന്നു.
എന്നതാണ് തിരുവചനത്തിലെ ഏറ്റം വിലയേറിയ ആ മര്‍മ്മം….
വെറും രണ്ടേ രണ്ട് അക്ഷരങ്ങള്‍ വിളിച്ചുപറയുന്ന സത്യം.
വിചിത്രമായ ഒരു നാമം !

അതെ, ആദിയില്‍ വചനം ഉണ്ടായിരുന്നു !

ആമേന്‍ .

-ADVERTISEMENT-

-ADVERTISEMENT-

You might also like