കാല്‍നടക്കാരുടെ മേല്‍ വാന്‍ ഇടിച്ചുകയറ്റി കാനഡയിൽ 10 മരണം; 15 പേര്‍ക്ക് പരിക്ക്

ടൊറന്റോ: കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറന്റോയില്‍ കാല്‍നടയാത്രക്കാരുടെ മേല്‍ വാന്‍ ഇടിച്ചുകയറ്റിയ അക്രമി 10 പേരെ കൊലപ്പെടുത്തി. 15 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. മരിച്ചവരിലോ പരിക്ക് പറ്റിയവരിലോ മലയാളികളോ ഇന്ത്യക്കാരോ ഉള്‍പ്പെട്ടിട്ടുള്ളതായി ഇതുവരെ റിപ്പോര്‍ട്ടില്ല.

post watermark60x60

ടൊറന്റോയിലെ ഫിഞ്ച് & യംഗില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30നാണ് രാജ്യത്തെ നടുക്കിയ സംഭവം. തീവ്രവാദി ആക്രമണമാണ് എന്ന് ആദ്യം സംശയം ഉയര്‍ന്നെങ്കിലും അത്തരത്തിലുള്ള സൂചനകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. വാന്‍ ഓടിച്ചിരുന്ന അലെക് മിനാസിയന്‍ എന്ന ഇരുപത്തഞ്ചുകാരനെ പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി. ഏതെങ്കിലും തീവ്രവാദസംഘടനയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നതിന് ഇപ്പോള്‍ തെളിവുകള്‍ ഇല്ലെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവസ്ഥലം വളഞ്ഞ പോലീസ് ഇവിടേയ്ക്ക് ആള്‍ക്കാര്‍ കടക്കുന്നത്‌ നിരോധിച്ചു.

കഴിഞ്ഞയാഴ്ച ഉണ്ടായ കനത്ത മഞ്ഞുവീഴ്ചയ്ക്ക് ശേഷം ടൊറന്റോ നല്ല കാലാവസ്ഥയിലേക്ക് മാറിയതോടെ തെരുവില്‍ നല്ല ജനത്തിരക്കുണ്ടായിരുന്നു. ഫുട്പാത്തിലൂടെ സഞ്ചരിച്ചിരുന്നവരാണ് ആക്രമണത്തിന് ഇരയായത്. വഴിയില്‍ നിന്ന് ഫുട്പാത്തിലേക്ക് വാന്‍ ഓടിച്ചുകയറ്റിയ അക്രമി കണ്ണില്‍ കണ്ടവരെയെല്ലാം ഒന്നിന് പുറകെ ഒന്നായി ഇടിച്ചുവീഴ്ത്തുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സ്ഥലത്തെ ബസ് ഷെല്‍ട്ടറിന് ഉള്ളില്‍ ഉണ്ടായിരുന്നവരെപ്പോലും ഇയാള്‍ വെറുതവിട്ടില്ല.
കുതിച്ചെത്തിയ പോലീസ് ഇയാള്‍ ഓടിച്ചിരുന്ന വാന്‍ വളഞ്ഞു. തുടര്‍ന്ന് വാനില്‍ നിന്ന് പുറത്തുവന്ന അക്രമി ആയുധവുമായി ആക്രമിക്കാന്‍ ഒരുങ്ങിയെങ്കിലും പോലീസ് ബലപ്രയോഗത്തിലൂടെ ഇയാളെ കീഴടക്കുകയായിരുന്നു.

Download Our Android App | iOS App

Courtesy: India News

-ADVERTISEMENT-

You might also like