ഒരു കാലഘട്ടത്തിന്റെ പ്രാർത്ഥനാ പോരാളിക്ക് കണ്ണീരോടെ വിട

ബിനു പ്രവീൺ, കൊല്ലം

വളരെ ദുഃഖത്തോടെയാണ് പ്രിയപ്പെട്ട സാറാഭായി അമ്മച്ചിയുടെ വേർപാടിന്റെ വാർത്ത ശ്രവിച്ചത്. കോട്ടയം ചർച്ച് ഓഫ് ഗോഡ് സഭയുടെ പ്രാരംഭകാല വിശ്വാസികളിൽ ഒരാളായിരുന്നു ഈ പ്രിയ ദൈവദാസി. ഒരു കാലഘട്ടത്തിന്റെ പ്രവാചികയും ശക്തയായ പ്രാർത്ഥനാ പോരാളിയും ദൈവം ഏൽപ്പിച്ച കൃപാവരങ്ങളെല്ലാം ദൈവരാജ്യത്തിന്റെ വളർച്ചയ്ക്കായി വിശ്വസ്തതയോടെ വിനിയോഗിച്ച ശ്രേഷ്ഠ വനിതയുമായിരുന്നു അമ്മച്ചി.

News Middle Advt Banner

അഞ്ചുവിധ ശുശ്രൂഷകളിൽ ഇടയശുശ്രൂഷ ഒഴികെയുള്ള മറ്റെല്ലാ ശുശ്രൂഷകളിലും ദൈവം അമ്മച്ചിയെ ശക്തമായി ഉപയോഗിച്ചു. ജീവിതത്തിലെ ലാളിത്യവും ആത്മീയ അഭിഷേകത്തിന്റെ അധികാരവും ഒരുപോലെ സമന്വയിച്ച വ്യക്തിത്വമായിരുന്നു അമ്മച്ചിയുടേത്. യാതൊരു പരസ്യപ്രചാരണവും ആഗ്രഹിക്കാതെ, മനുഷ്യരിൽനിന്ന് പ്രതിഫലമോ സ്തോത്രകാഴ്ചയോ സ്വീകരിക്കാതെ അനേകർക്കുവേണ്ടി പ്രാർത്ഥിച്ച ആ ജീവിതം സമർപ്പണത്തിന്റെ ഉത്തമ മാതൃകയാണ്.

തകർന്നുപോയ കുടുംബങ്ങളെ യഥാസ്ഥാനപ്പെടുത്താനും അനേകരെ ക്രിസ്തുവിനായി നേടാനും സുവിശേഷവേലയ്ക്കായി നിരവധി പേരെ ഒരുക്കാനും ദൈവം അമ്മച്ചിയെ ഉപയോഗിച്ചു. പ്രാർത്ഥനയിലൂടെയും വചനശുശ്രൂഷയിലൂടെയും അനേകം ജീവിതങ്ങളിൽ ആത്മീയ പരിവർത്തനത്തിന് കാരണമാകാൻ അവിടുത്തേക്ക് കഴിഞ്ഞു.

വചനത്തിലുള്ള ആഴമായ പരിജ്ഞാനവും പ്രവാചക ശുശ്രൂഷയും

അമ്മച്ചിയുടെ ഔപചാരിക വിദ്യാഭ്യാസ യോഗ്യത എത്രയെന്നു എനിക്കറിയില്ല. എന്നാൽ തിരുവചനത്തിലുള്ള ആഴമായ പരിജ്ഞാനം എന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ബൈബിളിലെ ലേഖനങ്ങളിലെ അധ്യായങ്ങളും വാക്യങ്ങളും തെറ്റുകൂടാതെ വ്യക്തമായി ഓർത്തുപറയാനുള്ള കഴിവ് ശ്രദ്ധേയമായിരുന്നു. ദൈവവചനത്തെ ആഴത്തിൽ അറിയുകയും ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്ത അപൂർവ വ്യക്തിത്വമായിരുന്നു അമ്മച്ചിയുടേത്.

അമ്മച്ചിയുടെ ശുശ്രൂഷയിലെ ഏറ്റവും സവിശേഷമായ ഒരു വശം പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. വീട്ടിനോടു ചേർന്ന് പ്രാർത്ഥനയ്ക്കായി കടന്നുവരുന്നവർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കാൻ ഒരു വീട് തന്നെ ക്രമീകരിച്ചിരുന്നു. അടുത്ത ദിവസം ആരൊക്കെ, ഏതൊക്കെ സ്ഥലങ്ങളിൽനിന്ന് വരുമെന്നും അവർ ആരാണെന്നും അവരുടെ പ്രാർത്ഥനാവിഷയങ്ങൾ എന്താണെന്നും തലേദിവസം തന്നെ പരിശുദ്ധാത്മാവ് വെളിപ്പെടുത്തിക്കൊടുക്കുമായിരുന്നു.

ദൈവം ആരുടെ വിഷയത്തിൽ പ്രാർത്ഥിക്കാനാണോ നിയോഗം നൽകുന്നത്, അവർക്കുവേണ്ടി മാത്രമേ അമ്മച്ചി പ്രാർത്ഥിക്കുമായിരുന്നുള്ളൂ. മറ്റുള്ളവരോട്, “പരിശുദ്ധാത്മാവ് ഇപ്പോൾ പ്രാർത്ഥിക്കാൻ നിയോഗം തരുന്നില്ല. മറ്റൊരു ദിവസം പ്രാർത്ഥിക്കാൻ ക്രമീകരിച്ച് വരിക” എന്ന് പറയുമായിരുന്നു.

ഈ ശുശ്രൂഷയുടെ പ്രത്യേകത വ്യക്തമാക്കുന്ന മറക്കാനാവാത്ത ഒരു അനുഭവം പങ്കുവയ്ക്കട്ടെ.

വർഷങ്ങൾക്കുമുമ്പ് ഒരു ദൈവദാസിയോടൊപ്പം അമ്മച്ചിയുടെ അടുക്കൽ പ്രാർത്ഥിക്കാനായി പോയി. പോകുന്ന വഴിയിൽ ആ ദൈവദാസി എന്നോട് പറഞ്ഞു: “ഞാൻ ആരാണെന്ന് ചോദിച്ചാൽ ഒരു പാസ്റ്ററുടെ ഭാര്യയാണെന്ന് മാത്രം പറഞ്ഞാൽ മതി.”

എന്നാൽ ഞാൻ മറുപടി പറഞ്ഞു: “സാറാഭായി അമ്മച്ചി പ്രാർത്ഥിക്കാൻ വരുന്നവരോട് അവരുടെ വിഷയങ്ങളോ മറ്റു വിവരങ്ങളോ ചോദിക്കാറില്ല. പരിശുദ്ധാത്മാവ് പറഞ്ഞുകൊടുത്താൽ മാത്രമേ പ്രാർത്ഥിക്കുകയുള്ളൂ. അതാണ് അമ്മച്ചിയുടെ ശുശ്രൂഷയുടെ പ്രത്യേകത.”

ഞങ്ങൾ അവിടെ എത്തിച്ചേർന്നു. അമ്മച്ചി പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. തുടർന്ന്, ഞങ്ങളെക്കുറിച്ച് ഒന്നും ചോദിക്കാതെയും മുഖംപോലും നോക്കാതെയും പരിശുദ്ധാത്മാവ് നൽകിയ വെളിപ്പാടിൻപ്രകാരം ആ ദൈവദാസിയുടെ പേര്, ഭർത്താവിന്റെ പേര്, മക്കളുടെ എണ്ണം, ഓരോ മക്കളെയും സംബന്ധിച്ച വ്യക്തമായ ദൂത് എന്നിവ അമ്മച്ചി പറഞ്ഞു. അവിടെനിന്ന് മടങ്ങുമ്പോൾ ആ ദൈവദാസിക്ക് അത്ഭുതത്തോടെ പറയാനുണ്ടായിരുന്നത്, “ഇതൊരു വേറിട്ട അനുഭവമായിരുന്നു” എന്നായിരുന്നു.

മറ്റൊരു അനുഭവം കൂടി പങ്കുവയ്ക്കട്ടെ.

ഞാൻ കോട്ടയം ബസേലിയസ് കോളേജിൽ ബി.എസ്‌സി. അവസാനവർഷം പഠിക്കുന്ന കാലം. അതിനുശേഷം ബൈബിൾ കോളേജിൽ പോകണമെന്ന് തീരുമാനിച്ചിരുന്നെങ്കിലും ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല.

ഒരു ദിവസം അമ്മച്ചിയുടെ അടുത്ത് പ്രാർത്ഥിക്കാനായി ചെന്നു. ഞാൻ എത്തുമ്പോൾ അമ്മച്ചി വാതിലടച്ച് അന്യഭാഷയിൽ ആരാധിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുറച്ചുനേരം കാത്തുനിന്നതിനുശേഷം ഞാൻ വാതിലിൽ പതുക്കെ തട്ടി. ഉടൻതന്നെ അകത്തുനിന്ന്, “അനുവാണോ മോളേ? കയറിപ്പോരൂ. കൊച്ചുവരും” എന്ന് അമ്മച്ചി വിളിച്ചുപറഞ്ഞു. പരിശുദ്ധാത്മാവ് രാവിലെ തന്നെ ഇക്കാര്യം അറിയിച്ചിരുന്നതായി അമ്മച്ചി പറഞ്ഞു.

എന്റെ ശബ്ദംപോലും കേൾക്കാതെ പേര് വിളിച്ചത് എന്നെ അത്ഭുതപ്പെടുത്തി. അകത്തുചെന്ന ഉടൻ അമ്മച്ചി ചോദിച്ചു: “ബൈബിൾ കോളേജിൽ പോകാൻ ഒരുങ്ങുകയാണോ?”

ഞാൻ അതെയെന്ന് മറുപടി പറഞ്ഞു.

ഉടൻ അമ്മച്ചി പറഞ്ഞു: “നീ പഠിക്കുന്ന കോളേജിൽ എം.എ. ഇംഗ്ലീഷ് പഠിക്കും.”

പെട്ടെന്ന് ഞാൻ പറഞ്ഞു: “അമ്മച്ചീ, ഞാൻ ബി.എസ്‌സി. സുവോളജിയാണ് പഠിക്കുന്നത്. സയൻസ് പഠിക്കുന്നവർക്ക് ആർട്സ് എടുക്കാൻ കഴിയില്ലല്ലോ.”

അപ്പോൾ കർത്താവിന്റെ ദാസി നൽകിയ മറുപടി ഇന്നും എന്റെ ഹൃദയത്തിൽ മായാതെ നിൽക്കുന്നു:

“പരിശുദ്ധാത്മാവിന് തെറ്റുപറ്റത്തില്ല!”

ദൈവം വിശ്വസ്തനായിരുന്നു. അതേ വർഷം അതേ കോളേജിൽത്തന്നെ എം.എ. ഇംഗ്ലീഷ് പഠിക്കാൻ എനിക്ക് അവസരം ലഭിച്ചു. അമ്മച്ചിയുടെ ദൈവത്തോടുള്ള അടുപ്പവും പ്രവാചക ശുശ്രൂഷയുടെ പ്രത്യേകതയും ബോധ്യപ്പെടുത്തിയ അനുഭവമായിരുന്നു അത്.

ഏകദേശം 38 വർഷത്തിലധികം പ്രവാചികയായും ദൈവത്തിന്റെ ശബ്ദമായും ദൈവവേലയിൽ അമ്മച്ചിയെ കർത്താവ് പ്രയോജനപ്പെടുത്തി.

ജീവിതംകൊണ്ട് സാക്ഷ്യം പറഞ്ഞ ദൈവദാസി

ക്രിസ്തുയേശുവിന്റെ മാതൃക സ്വന്തം ജീവിതത്തിലൂടെ വരച്ചുകാട്ടിയ വ്യക്തിയായിരുന്നു അമ്മച്ചി. ആത്മീയ അധികാരത്തോടൊപ്പം വിനയവും ലാളിത്യവും പുലർത്തിയ ജീവിതം. ലോകത്തിന്റെ കാഴ്ചപ്പാടിൽ വലിയ അംഗീകാരങ്ങളോ സ്ഥാനമാനങ്ങളോ അമ്മച്ചിക്ക് ഉണ്ടായിരുന്നില്ല. ഒരു പാസ്റ്ററുടെ ഭാര്യ എന്ന നിലയിലായിരുന്നില്ല അമ്മച്ചിയുടെ ശുശ്രൂഷയുടെ സ്വീകാര്യതയും അധികാരവും. മനുഷ്യരുടെ അംഗീകാരങ്ങൾക്കായി കാത്തുനിൽക്കാതെ ദൈവം ഏൽപ്പിച്ച ദൗത്യം വിശ്വസ്തതയോടെ നിർവഹിക്കുകയായിരുന്നു അവിടുത്തെ ജീവിതലക്ഷ്യം.

അമ്മച്ചിയുടെ ഭർത്താവ് ബിസിനസ് രംഗത്തായിരുന്നു. ദൈവം അവർക്ക് നാലു മക്കളെ നൽകി. അവരിൽ രണ്ടുപേർ പൂർണസമയ കർത്തൃവേലയിലും മറ്റു രണ്ടുപേർ തങ്ങളുടെ ജോലിയോടൊപ്പം ദൈവവേലയിലും വ്യാപൃതരാണെന്നത് ഏറെ അഭിമാനകരമാണ്.

എം.എസ്.ഡബ്ല്യു. പഠനകാലത്ത് എന്റെ സഹപാഠിയായിരുന്ന പാസ്റ്റർ എബനേസർ (ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ്, മുണ്ടക്കയം സെന്ററിലെ ഇളംകോട് സഭയുടെ ശുശ്രൂഷകൻ) അമ്മച്ചിയുടെ മകനാണ്.

എന്റെ ജീവിതത്തിലെ അമ്മച്ചിയുടെ സ്വാധീനം

1996 മുതൽ കോട്ടയം കഞ്ഞിക്കുഴി ചർച്ച് ഓഫ് ഗോഡിൽ ഒരുമിച്ച് ദൈവത്തെ ആരാധിക്കാൻ ലഭിച്ച ഭാഗ്യം ഇന്നും നന്ദിയോടെ ഓർക്കുന്നു. എന്റെ ജീവിതത്തിൽ സുവിശേഷവേലയ്ക്കായി എന്നെ ഒരുക്കാൻ ദൈവം ഉപയോഗിച്ച വ്യക്തികളിൽ പ്രമുഖ സ്ഥാനമാണ് പ്രിയ അമ്മച്ചിക്കുള്ളത്.

എപ്പോൾ കണ്ടാലും സ്നേഹത്തോടെ ‘അനു’ എന്ന് വിളിച്ച് പ്രോത്സാഹിപ്പിച്ചിരുന്ന ആ സ്നേഹനിർഭരമായ ശബ്ദം ഇനി കേൾക്കാനാവില്ല എന്നത് ഹൃദയത്തെ വല്ലാതെ വേദനിപ്പിക്കുന്നു.

ചിലരുടെ ജീവിതം അവസാനിക്കുമ്പോഴും അവർ പകർന്നുനൽകിയ വിശ്വാസവും ആത്മീയ സ്വാധീനവും തലമുറകളിലൂടെ തുടരും. പ്രിയ സാറാഭായി അമ്മച്ചിയുടെ ജീവിതവും അത്തരത്തിലുള്ള ഒന്നാണ്. അവിടുത്തെ പ്രാർത്ഥനയിലൂടെ അനുഗ്രഹം പ്രാപിച്ചവരും വചനത്താൽ ശക്തിപ്പെട്ടവരും സുവിശേഷവേലയ്ക്കായി ഒരുക്കപ്പെട്ടവരും ആ ജീവിതത്തിന്റെ നിത്യസാക്ഷികളായി നിലനിൽക്കും.

തിരുവചനം പറയുന്നു:

“നീതിമാൻ എന്നേക്കും ഓർമ്മിക്കപ്പെടും.” (സങ്കീർത്തനങ്ങൾ 112:6)

അതെ, അത്തരമൊരു ജീവിതമായിരുന്നു പ്രിയ സാറാഭായി അമ്മച്ചിയുടേത്. ഭൂമിയിലെ തന്റെ ഓട്ടം വിശ്വസ്തതയോടെ പൂർത്തിയാക്കി നിത്യതയിൽ പ്രവേശിച്ച പ്രിയ ദൈവദാസിക്ക് കണ്ണീരോടെ വിടപറയുന്നു. അപ്പൊസ്തലനായ പൗലൊസ് പറഞ്ഞതുപോലെ, “ഞാൻ നല്ല പോർ പൊരുതി, ഓട്ടം തികച്ചു, വിശ്വാസം കാത്തു” (2 തിമൊഥെയൊസ് 4:7) എന്ന വാക്കുകൾ അമ്മച്ചിയുടെ ജീവിതത്തോടും എത്രയോ ചേർന്നുനിൽക്കുന്നു.

വേർപാട് താൽക്കാലികമാണെന്നും ക്രിസ്തുവിൽ വീണ്ടും കണ്ടുമുട്ടാമെന്നുമുള്ള മഹത്തായ പ്രത്യാശയിൽ ആശ്വസിക്കുന്നു.

വേർപാടിന്റെ ദുഃഖത്തിൽ കഴിയുന്ന പ്രിയ മക്കളെയും കുടുംബാംഗങ്ങളെയും കർത്താവ് തന്റെ സാന്നിധ്യത്താൽ ആശ്വസിപ്പിക്കട്ടെ എന്ന് ഹൃദയപൂർവം പ്രാർത്ഥിക്കുന്നു.

മറുകരയിൽ വീണ്ടും കാണാം പ്രീയ അമ്മച്ചി❤️

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading