അനുസ്മരണം: പ്രസംഗിച്ചിരുന്നത് ജീവിതത്തിലും ശുശ്രൂഷയിലും പ്രാവർത്തികമാക്കിയ വ്യക്തിത്വം: പാസ്റ്റർ കെ. കെ. ചെറിയാൻ | പാസ്റ്റർ ഫെയ്ത്ത്സൻ. ടി. വർഗീസ്, റാന്നി
പാസ്റ്റർ കെ. കെ. ചെറിയാൻ എന്ന ദൈവദാസൻ എന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം വാക്കുകളിൽ അളക്കാനാവാത്തതാണ്. കർത്തൃവേലയിലേക്ക് എന്നെ കൈപിടിച്ച് ഇറക്കുവാൻ ദൈവം ഉപയോഗിച്ച മനുഷ്യനായിരുന്നു അദ്ദേഹം. എന്റെ ജീവിതയാത്രയിലെ നിർണായകമായ പല ഘട്ടങ്ങളിലും ഒരു ഉപദേശകനായും പ്രോത്സാഹകനായും ആത്മീയ പിതാവായും അദ്ദേഹം ഒപ്പമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വേർപാട് എനിക്ക് ഒരു ദൈവദാസന്റെ വിയോഗം മാത്രമല്ല; എന്റെ ജീവിതത്തിന്റെ ഒരു പ്രധാന അധ്യായം അവസാനിച്ചതുപോലെയുള്ള വേദനയാണ്.

പത്തൊമ്പതാം വയസ്സുമുതൽ അദ്ദേഹത്തോടൊപ്പം ദേശമായ ദേശമെല്ലാം സഞ്ചരിക്കുവാൻ എനിക്ക് ഭാഗ്യം ലഭിച്ചു. അദ്ദേഹത്തോടൊപ്പമുള്ള ഓരോ യാത്രയും ഓരോ കൺവൻഷനും ഓരോ കൂടിക്കാഴ്ചയും എനിക്ക് ഓരോ പാഠങ്ങളായിരുന്നു. പ്രസംഗത്തിലൂടെ മാത്രമല്ല, ജീവിതത്തിലൂടെയും അദ്ദേഹം എന്നെ പഠിപ്പിച്ചു. അദ്ദേഹത്തിന്റെ സ്വഭാവത്തിൽ കാർക്കശ്യവും ഗൗരവവും നിലപാടുകളിലെ ഉറപ്പും ഉണ്ടായിരുന്നു. ഒരിക്കൽ ഒരു കാര്യത്തിൽ ബോധ്യപ്പെട്ടാൽ, പണത്തിനുവേണ്ടിയോ വ്യക്തിപരമായ താൽപര്യങ്ങൾക്കുവേണ്ടിയോ തന്റെ നിലപാടുകളിൽ വെള്ളം ചേർക്കുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നില്ല.
വേദികളിൽ അദ്ദേഹം പ്രസംഗിച്ചിരുന്ന സത്യങ്ങൾ ജീവിതത്തിലും അതേ ശക്തിയോടെ പ്രാവർത്തികമാക്കിയ വ്യക്തിത്വമായിരുന്നു പാസ്റ്റർ കെ. കെ. ചെറിയാൻ. വാക്കും ജീവിതവും തമ്മിൽ വലിയ അന്തരം ഉണ്ടായിരുന്നില്ല. വിശ്വാസത്തെക്കുറിച്ച് പ്രസംഗിച്ചപ്പോൾ വിശ്വാസത്തോടെ ജീവിച്ചു. ത്യാഗത്തെക്കുറിച്ച് സംസാരിച്ചപ്പോൾ ത്യാഗം ചെയ്തു. ദൈവസ്നേഹത്തെക്കുറിച്ച് പ്രസംഗിച്ചപ്പോൾ അതേ സ്നേഹം മറ്റുള്ളവരോട് കാണിച്ചു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രസംഗങ്ങൾക്ക് ഇത്രയും ആത്മീയ ഭാരമുണ്ടായിരുന്നത്.
അദ്ദേഹത്തോടൊപ്പം കൺവൻഷനുകൾക്ക് പോകുമ്പോൾ, തന്റെ പ്രഭാഷണത്തിന് മുമ്പ് അല്പസമയം പ്രസംഗിക്കുവാൻ പല വേദികളിലും എനിക്ക് അവസരം ഒരുക്കിത്തന്നത് നന്ദിയോടെ ഓർക്കുന്നു. കുന്നംകുളത്ത് നടന്ന ഒരു കൺവൻഷനിലാണ് എനിക്ക് ആദ്യമായി അദ്ദേഹം വേദിയൊരുക്കിത്തന്നത്. പിന്നീട് റാന്നിയിൽ നടന്ന പല കൺവൻഷനുകളിലും അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ പ്രസംഗിക്കുവാൻ എനിക്ക് അവസരം ലഭിച്ചു. ഒരു യുവാവിന്റെ കഴിവുകളെ തിരിച്ചറിഞ്ഞ് അവനെ മുന്നോട്ട് കൊണ്ടുവരാനുള്ള അദ്ദേഹത്തിന്റെ മനസ്സിന്റെ വിശാലതയാണ് അതിലൂടെ ഞാൻ അനുഭവിച്ചത്.
സാമ്പത്തികമായി ബുദ്ധിമുട്ടിയ പല സന്ദർഭങ്ങളിലും ഒരു മകനെപ്പോലെ എന്നെ കരുതി, എന്റെ ആവശ്യങ്ങൾ മനസ്സിലാക്കി ഹൃദയപൂർവം സഹായിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സഹായം ചെയ്യുമ്പോൾ അത് മറ്റുള്ളവരെ അറിയിക്കണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഒരു ദൈവമനുഷ്യന്റെ സ്നേഹവും വാത്സല്യവും കരുതലും അനുഭവിക്കുവാൻ ദൈവം എനിക്ക് നൽകിയ വലിയ അനുഗ്രഹമായിരുന്നു പാസ്റ്റർ കെ. കെ. ചെറിയാൻ.
എന്റെയും എന്റെ സഹോദരിയുടെയും വിവാഹത്തിന് ആശീർവാദം നൽകിയതും ഈ ദൈവദാസനാണ്. എന്റെ ആദ്യ രണ്ടു മക്കളെയും ദൈവസന്നിധിയിൽ സമർപ്പിച്ച് പ്രാർത്ഥിച്ചതും അദ്ദേഹം തന്നെയാണ്. അതുകൊണ്ടുതന്നെ അദ്ദേഹവുമായുള്ള എന്റെ ബന്ധം ഒരു ശുശ്രൂഷകന്റെയും അനുയായിയുടെയും ബന്ധത്തിൽ ഒതുങ്ങിയിരുന്നില്ല. അതിലുപരി, അത് ഒരു ആത്മീയ പിതാവും മകനും തമ്മിലുള്ള ആഴമുള്ള ബന്ധമായിരുന്നു.
അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു വശം, ദൈവം നൽകിയ അനുഗ്രഹങ്ങൾ മറ്റുള്ളവരുടെ അനുഗ്രഹത്തിനായി ഉപയോഗിച്ചതാണ്. വിദേശരാജ്യങ്ങളിൽ പോയി ശുശ്രൂഷിച്ച് ലഭിച്ച മുഴുവൻ തുകയും സ്വന്തം സൗകര്യങ്ങൾക്കായി മാറ്റിവയ്ക്കാതെ, ആവശ്യക്കാരെ സഹായിക്കുവാൻ അദ്ദേഹം ഉപയോഗിച്ചു. പ്രത്യേകിച്ച് റാന്നി വെസ്റ്റ് ഡിസ്ട്രിക്ടിലെ നിർധനരായ പെൺകുട്ടികളുടെ വിവാഹത്തിനായി അദ്ദേഹം വലിയ സഹായങ്ങൾ നൽകി. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി ദൈവദാസന്മാർക്കും അദ്ദേഹം കൈത്താങ്ങായി. തന്റെ കൈകളിലൂടെ കടന്നുപോയ അനുഗ്രഹങ്ങൾ മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ ഉപയോഗിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
റാന്നിയിൽ ഐ.പി.സി. സഭയ്ക്ക് അഭിമാനകരമായ പെനിയേൽ കൺവൻഷൻ ഗ്രൗണ്ട് പണിയുന്നതിലും പാസ്റ്റർ കെ. കെ. ചെറിയാൻ മുൻകൈ എടുത്തു. ഒരു കൺവൻഷൻ ഗ്രൗണ്ട് എന്നതിലുപരി, വരും തലമുറകൾക്ക് ദൈവവചനം കേൾക്കാനും ആത്മീയമായി വളരാനും കഴിയുന്ന ഒരു ഇടം ഒരുക്കണമെന്ന ദർശനമായിരുന്നു അതിനു പിന്നിൽ. ദൈവരാജ്യത്തിന്റെ പ്രവർത്തനങ്ങൾക്ക് ഭൗതികമായ സൗകര്യങ്ങൾ ഒരുക്കുന്നതിലും അദ്ദേഹം തന്റെ പങ്ക് നിർവഹിച്ചു.
അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളിൽനിന്ന് എനിക്ക് നിരവധി പാഠങ്ങൾ പഠിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. ജീവിതത്തിന്റെ യാഥാർഥ്യങ്ങളെ അടുത്തറിഞ്ഞ മനുഷ്യനായിരുന്നു അദ്ദേഹം. പ്രയാസങ്ങളിലൂടെ കടന്നുപോയിട്ടും ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്താതെ മുന്നോട്ട് പോകുവാൻ അദ്ദേഹം പഠിപ്പിച്ചു. വചനത്തിൽ ആഴമേറിയ ചിന്തകൾ ദൈവത്തിൽനിന്ന് പ്രാപിച്ച് ദൈവജനത്തിന് പകർന്നുനൽകിയ പ്രഭാഷകനായിരുന്നു അദ്ദേഹം. കേവലം അറിവ് പകരുന്ന പ്രസംഗകനല്ല, കേൾക്കുന്നവന്റെ ഹൃദയത്തിൽ ചിന്തയും ആത്മപരിശോധനയും ഉണർത്തുന്ന ശുശ്രൂഷകനായിരുന്നു.
എറണാകുളത്ത് സഭാശുശ്രൂഷയിലായിരുന്ന കാലഘട്ടത്തിലെ ഒരു സംഭവം ഇന്നും എന്റെ മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു. ഒരു പാവപ്പെട്ട കുടുംബത്തിന്റെ വീട് പണി നടക്കുകയായിരുന്നു. മൈക്കാട് വാരാത്തതിനാൽ പണി മുടങ്ങുന്ന സാഹചര്യമുണ്ടായി. അന്നേദിവസം വൈകുന്നേരം പാസ്റ്റർ കെ. കെ. ചെറിയാന് ഒരു കൺവൻഷനിൽ പ്രസംഗിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ തന്റെ പ്രസംഗത്തിനായി മാത്രം സമയം മാറ്റിവയ്ക്കാതെ, ആ കുടുംബത്തിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കി അവരെ സഹായിക്കുവാൻ അദ്ദേഹം തയ്യാറായി.
ഇതാണ് പാസ്റ്റർ കെ. കെ. ചെറിയാൻ എന്ന വ്യക്തിത്വത്തെ എനിക്ക് കൂടുതൽ വ്യക്തമായി കാണിച്ചുതരുന്ന സംഭവങ്ങളിലൊന്ന്. വേദിയിൽ ദൈവത്തെക്കുറിച്ച് പ്രസംഗിച്ച മനുഷ്യൻ, വേദിക്ക് പുറത്തും ദൈവസ്നേഹം പ്രവർത്തിയായി കാണിച്ചു. പ്രസംഗിക്കേണ്ട സമയത്തേക്കാൾ പ്രധാനപ്പെട്ടതായി ഒരു പാവപ്പെട്ട കുടുംബത്തിന്റെ ബുദ്ധിമുട്ടിനെ കണ്ട മനുഷ്യനായിരുന്നു അദ്ദേഹം. മറ്റൊരാളുടെ കണ്ണീരിന് മുന്നിൽ തന്റെ സൗകര്യങ്ങൾക്ക് വിലകുറഞ്ഞുപോകുന്ന മനസ്സായിരുന്നു അദ്ദേഹത്തിന്റേത്.
അദ്ദേഹത്തിന്റെ ജീവിതം എന്നെ പഠിപ്പിച്ച ഏറ്റവും വലിയ പാഠങ്ങളിലൊന്ന് ഇതാണ്—ശുശ്രൂഷ പ്രസംഗവേദിയിൽ മാത്രം അവസാനിക്കുന്നതല്ല. മനുഷ്യരുടെ ആവശ്യങ്ങളിൽ കൂടെ നിൽക്കുമ്പോഴാണ് ശുശ്രൂഷയ്ക്ക് യഥാർത്ഥ അർത്ഥം ലഭിക്കുന്നത്. അദ്ദേഹം അത് ജീവിതംകൊണ്ട് തെളിയിച്ചു.
കാർക്കശ്യക്കാരനായിരുന്നെങ്കിലും ഹൃദയത്തിൽ വലിയ സ്നേഹമുണ്ടായിരുന്നു. നിലപാടുകളിൽ ഉറച്ചിരുന്നെങ്കിലും ആവശ്യക്കാരോട് കരുണയുള്ളവനായിരുന്നു. വചനത്തിൽ വിട്ടുവീഴ്ച ചെയ്യാതിരുന്നെങ്കിലും വേദനിക്കുന്ന മനുഷ്യന്റെ കണ്ണുനീർ കാണാതെ പോകാത്തവനായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ അടുത്തറിഞ്ഞവർക്ക് അദ്ദേഹം ഒരേസമയം ശക്തനായ നേതാവും സ്നേഹമുള്ള പിതാവുമായിരുന്നു.
പ്രിയപ്പെട്ട ദൈവദാസന്റെ വിടവാങ്ങൽ എന്നെ സംബന്ധിച്ച് വലിയൊരു നഷ്ടമാണ്. എനിക്ക് ഒരു ദൈവദാസനെ മാത്രമല്ല, ഒരു ആത്മീയ പിതാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. എന്റെ ജീവിതത്തിൽ അദ്ദേഹം നിക്ഷേപിച്ച വിശ്വാസവും ധൈര്യവും കർത്തൃവേലയോടുള്ള ആത്മാർത്ഥതയും നിലപാടുകളിലെ ഉറപ്പും ഒരിക്കലും മറക്കാനാവില്ല.
അദ്ദേഹം എനിക്ക് നൽകിയ ഉപദേശം: “സമ്പത്തിന്റെ പുറകെ പോകരുത്, അധികാരത്തിന്റെ പിന്നാലെ പോകരുത്, ധാർമ്മിക ജീവിതത്തിന് കർശനമായി വില കൊടുക്കണം.”
അദ്ദേഹം എനിക്ക് ഒരുക്കിത്തന്ന വേദികൾ, നൽകിയ ഉപദേശങ്ങൾ, സാമ്പത്തികമായി താങ്ങിയ നിമിഷങ്ങൾ, എന്റെ കുടുംബത്തോടു കാണിച്ച സ്നേഹം, എന്റെ മക്കൾക്കുവേണ്ടി നടത്തിയ പ്രാർത്ഥനകൾ—ഇവയെല്ലാം എന്റെ ഓർമ്മകളിൽ എന്നും നിലനിൽക്കും. അദ്ദേഹത്തിന്റെ ജീവിതം എനിക്ക് ഒരു മാതൃകയും അദ്ദേഹത്തിന്റെ വാക്കുകൾ ഒരു വഴികാട്ടിയും അദ്ദേഹത്തിന്റെ വിശ്വാസം ഒരു പ്രചോദനവുമായിരിക്കും.
ഒരു തലമുറയെ സ്വാധീനിച്ച ദൈവദാസന്റെ ഭൗമിക ശുശ്രൂഷ അവസാനിച്ചെങ്കിലും അദ്ദേഹം പകർന്ന വിശ്വാസവും വചനസ്നേഹവും ആത്മാർത്ഥതയും ത്യാഗമനോഭാവവും അനേകരുടെ ജീവിതത്തിലൂടെ തുടർന്നുകൊണ്ടിരിക്കും. ഒരു മനുഷ്യന്റെ യഥാർത്ഥ സ്വാധീനം അദ്ദേഹം ജീവിച്ചിരുന്ന കാലയളവിൽ മാത്രമല്ല; അദ്ദേഹം മറ്റുള്ളവരുടെ ജീവിതത്തിൽ നിക്ഷേപിച്ച മൂല്യങ്ങളിലൂടെയാണ് അളക്കപ്പെടുന്നത്. ആ അർത്ഥത്തിൽ പാസ്റ്റർ കെ. കെ. ചെറിയാന്റെ ജീവിതം അനേകരിൽ തുടർന്നുകൊണ്ടിരിക്കും.
പ്രിയപ്പെട്ട ആത്മീയ പിതാവേ,
എന്നെ കൈപിടിച്ച് കർത്തൃവേലയിലേക്ക് നയിച്ച അച്ചായാ,
എന്റെ ജീവിതത്തിലെ നിർണായക നിമിഷങ്ങളിൽ ഒപ്പമുണ്ടായിരുന്ന ദൈവദാസാ,
താങ്കൾ പകർന്നുതന്ന വിശ്വാസം ഞാൻ കാത്തുസൂക്ഷിക്കും.
താങ്കൾ പഠിപ്പിച്ച സത്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കും.
നിത്യതയുടെ തീരത്ത് വീണ്ടും കാണുംവരെ വിട!
കർത്താവിന്റെ സന്നിധിയിൽ വിശ്രമിക്കട്ടെ.
താങ്കളുടെ ഓർമ്മകൾ ഞങ്ങൾക്ക് അനുഗ്രഹമായി തുടരട്ടെ.


- Advertisement -


Comments are closed.