അനുസ്മരണം: മരണം വരെ ദൈവരാജ്യത്തിനായി അധ്വാനിച്ച ദൈവഭക്തൻ; പാസ്റ്റർ എബ്രഹാം ജോർജ്ജ് | ഷിബിൻ ശാമുവേൽ, മുൻ പിവൈപിഎ പ്രസിഡന്റ്

ആലപ്പുഴയിൽ ദൈവരാജ്യത്തിന്റെ മഹത്വത്തിനായി ഇത്രത്തോളം കഠിനാധ്വാനം ചെയ്ത മറ്റൊരു ദൈവഭക്തൻ ഉണ്ടായിരുന്നോ എന്ന് സംശയമാണ്. അത്രമേൽ ആത്മാർഥതയോടെയും സമർപ്പണത്തോടെയും ദൈവവേലയ്ക്കായി ജീവിതം സമർപ്പിച്ച വ്യക്തിത്വമായിരുന്നു പ്രിയ പാസ്റ്റർ എബ്രഹാം ജോർജ്ജ് (തമ്പിച്ചായൻ).

News Middle Advt Banner

ഇന്നലെ പ്രിയ പാസ്റ്റർ സാം ജോർജ്ജിനോടോപ്പം പോയി കണ്ടതായിരുന്നു അവസാനത്തെ കൂടിക്കാഴ്ച. അതൊരു അവസാന കൂടിക്കാഴ്ചയായിരിക്കുമെന്ന് ഹൃദയം അറിഞ്ഞിരുന്നില്ലെങ്കിലും, ഈ അനിവാര്യമായ വേർപാട് ഒരുനാൾ സംഭവിക്കുമെന്ന ബോധ്യം മനസ്സിൽ നേരത്തേ തന്നെയുണ്ടായിരുന്നു.

എന്റെ ജീവിതത്തിൽ പറഞ്ഞുതീർക്കാനാകാത്തത്ര കടപ്പാടുള്ള വ്യക്തിയാണ് തമ്പിച്ചായൻ. എവിടെയൊക്കെ പ്രതിസന്ധികൾ ഉയർന്നുവന്നിട്ടുണ്ടോ, അപ്പോഴൊക്കെ ഒരു പിതാവിനെപ്പോലെ ചേർത്തുപിടിച്ച് ധൈര്യം പകർന്ന മനുഷ്യൻ. തളർന്നുപോയ നിമിഷങ്ങളിൽ താങ്ങായി നിന്ന, പ്രതിസന്ധികളിൽ കൈവിടാതെ കൂടെനിന്ന ഒരു വലിയ മനസ്സിന്റെ ഉടമ.

എൺപതാം ജന്മദിനം പോലും അദ്ദേഹം ആഘോഷിച്ചത് വ്യത്യസ്തമായിട്ടായിരുന്നു. ആലപ്പുഴ നഗരഹൃദയത്തിൽ സ്വന്തം വസതിക്കു മുന്നിൽ ഒരു സുവിശേഷയോഗം സംഘടിപ്പിച്ചുകൊണ്ട്. അന്ന് പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സനെയും എന്നെയും പ്രഭാഷണത്തിനായി ക്ഷണിച്ചു. ദൈവവചനത്തിന്റെ ശുശ്രൂഷയ്ക്കുശേഷം രാത്രി കേക്ക് മുറിച്ച് ആ ജന്മദിനം ഞങ്ങൾ ആഘോഷിച്ചു. ദൈവവേലയോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും മനോഹരമായ ഓർമയാണത്.

ഈ അനിവാര്യമായ വേർപാട് ഏതു നിമിഷവും കേൾക്കേണ്ടിവരുമെന്ന തിരിച്ചറിവുണ്ടായിരുന്ന അന്നുമുതൽ മനസ്സിൽ ഒരു ഭയമുണ്ടായിരുന്നു. കാരണം, നമ്മുടെ സ്വന്തമെന്ന് കരുതിയവർ കടന്നുപോകുമ്പോൾ അവശേഷിക്കുന്ന ശൂന്യതയും നഷ്ടവും വാക്കുകൾകൊണ്ട് വിവരിക്കാനാവില്ല.

വിട്ടുവീഴ്ചയില്ലാതെ സത്യമെന്ന് ഉറച്ച ബോധ്യമുള്ള കാര്യങ്ങൾക്കുവേണ്ടി നിലകൊണ്ട ക്രിസ്തുഭക്തനായിരുന്നു അദ്ദേഹം. ചേർത്തുപിടിച്ചവരുടെയും സ്നേഹിച്ചവരുടെയും കണ്ണീരൊപ്പിയവരുടെയും ഹൃദയങ്ങളിൽ തമ്പിച്ചായൻ എന്നും ജീവിക്കും.

പ്രിയ സുഹൃത്ത് വെസ്ലിക്കും കുടുംബത്തിനും പ്രിയ പ്രിസ്ലിയ്ക്കും ബിനോയിച്ചായനും കുടുംബാംഗങ്ങൾക്കും ദൈവം ഈ ദുഃഖവേളയിൽ ആശ്വാസവും കൃപയും നൽകട്ടെ.

ചില മനുഷ്യർ കടന്നുപോകുമ്പോൾ ഒരു ജീവിതകാലത്തിന്റെ സ്നേഹവും കരുതലും ഓർമകളും കൂടിയാണ് അവശേഷിപ്പിക്കുന്നത്. തമ്പിച്ചായൻ അങ്ങനെയൊരാളായിരുന്നു.

പ്രിയ തമ്പിച്ചായാ, ഹൃദയത്തിൽ നിറഞ്ഞ നന്ദിയോടെ, പുനരുത്ഥാന പ്രത്യാശയിൽ യാത്രാമൊഴി…

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading