ലേഖനം: ബാബേൽ നദിക്കരയിലെ കിന്നരങ്ങളും ജീവവൃക്ഷത്തിൻ്റെ പ്രത്യാശയും | ബിജു ജോസഫ്, ഷാർജ
സങ്കീർത്തനം 137-ൽ ബാബേൽ നദീതീരത്തെ അരളിമരങ്ങളിൽ തങ്ങളുടെ കിന്നരങ്ങൾ തൂക്കിയിട്ട്, പ്രവാസത്തിന്റെ വേദനയിൽ കരയുന്ന ഇസ്രായേൽ മക്കളെ നാം കാണുന്നുണ്ട്. കഷ്ടതകളുടെയും ബന്ധനങ്ങളുടെയും ചുട്ടുപൊള്ളുന്ന അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ, തങ്ങളുടെ സന്തോഷവും ദൈവത്തോടുള്ള സ്തുതിയും അരളിമരങ്ങളിൽ തൂക്കിയിട്ട് ആത്മാവ് മരിച്ചതുപോലെ ജീവിച്ച അവസ്ഥയാണത്. ആത്മീയമായി ചിന്തിച്ചാൽ, അരളിമരത്തിന്റെ ഇലകളും വേരുകളും പൂക്കളും കായുമെല്ലാം വിഷമയമാണ്; അത് മരണത്തിന് കാരണമാകുന്നു.

ദൈവകല്പന ലംഘിച്ച് പിശാചിന്റെ വശീകരണത്തിൽ വീണ്, എദൻ തോട്ടത്തിൽ മനുഷ്യൻ വരിച്ച ആദാമ്യ പാപത്തിന്റെ വിഷമയമായ അവസ്ഥയെയാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാൽ, ആ പാപത്തിന്റെ വിഷം നിറഞ്ഞ അരളിമരങ്ങളിൽ നമ്മുടെ സ്തുതിയുടെ കിന്നരങ്ങൾ തൂക്കിയിട്ട് തളർന്നുജീവിക്കാനല്ല ദൈവം നമ്മെക്കുറിച്ചാഗ്രഹിക്കുന്നത്. പകരം, ആ വിഷമയമായ അവസ്ഥയിൽ നിന്നും നമ്മെ വീണ്ടെടുത്ത്, അതതു മാസത്തിൽ ഫലം നൽകുന്ന ജീവവൃക്ഷത്തിന്റെ ആത്മീയ അനുഭവത്തിലേക്ക് മാറ്റാനാണ്.
ജീവിതത്തിൽ മരണകരമായ പീഡനങ്ങളും കഷ്ടതകളും വിശ്വാസജീവിതത്തിന്റെ മരുഭൂമി യാത്രയിൽ നമുക്ക് കടന്നുവന്നേക്കാം. എന്നാൽ ക്രിസ്തു സകലതിനും മാതൃകയാണ്. അവനുപിമ്പേ പോയി ജയിച്ച വലിയൊരു സാക്ഷിസമൂഹം നമുക്ക് ചുറ്റുമുണ്ട്. പഴയനിയമത്തിലൂടെ കടന്നുപോയാൽ വിശ്വാസത്തിന്റെ കഠിനപാതകൾ പിന്നിട്ട വിശുദ്ധന്മാരെയും, പുതിയ നിയമത്തിലൂടെ വരുമ്പോൾ അപ്പസ്തോലന്മാരായ പൗലോസ്, പത്രോസ്, യോഹന്നാൻ, സ്തേഫാനോസ് തുടങ്ങിയ രക്തസാക്ഷികളായ ശിഷ്യന്മാരുടെയും ജീവിതങ്ങൾ നമുക്ക് കാണാൻ കഴിയുന്നു. ഈ യാത്രയിൽ നമുക്ക് മുമ്പേ കടന്നുപോയവരെ നോക്കിക്കാണുന്നത് തളർച്ചയുടെ ഘട്ടങ്ങളിൽ വലിയ ആത്മീയബലം പകർന്നുതരും.
കുടുംബത്തിലെ ഇളയമകനായിരുന്നിട്ടും യാതൊരു പരിഗണനയും ലഭിക്കാതെയാണ് ദാവീദ് വളർന്നത്. മുതിർന്ന സഹോദരങ്ങളെല്ലാം രാജാവിനെ സേവിക്കുന്ന പടയാളികളായപ്പോൾ, മാതാപിതാക്കൾ അവനെ ക്രൂരമൃഗങ്ങളുള്ള കാട്ടിലേക്ക് ആടുകളെ നോക്കാൻ അയക്കുകയാണുണ്ടായത്.
എന്നാൽ ആ കാട്ടിൽ അവൻ കയ്യിൽ കരുതിയിരുന്ന കിന്നരം ഏത് പ്രതിസന്ധിയെയും ജയിക്കാനുള്ള ആത്മീയ ആയുധമായി, വലിയൊരു ശക്തിയായി അത് മാറി. തന്റെ അപ്പൻ ഏൽപ്പിച്ച ഒരു ആടിനെപ്പോലും ഒരു ദുഷ്ടനും പൈശാചിക ശക്തിക്കും അവൻ വിട്ടുകൊടുത്തില്ല. രാത്രിയുടെ ഏകാന്ത യാമങ്ങളിൽ ഉറക്കം വെടിഞ്ഞ് അവൻ ആടുകളെ ജീവനുതുല്യം കാത്തുസൂക്ഷിച്ചു.
രാത്രിയിൽ ഉറക്കം വെടിഞ്ഞ് ആടുകൾക്ക് കാവലിരുന്ന ആ ഇടയന്റെ ജീവിതം വലിയൊരു ആത്മീയ സത്യത്തിലേക്ക് നമ്മെ വിരൽ ചൂണ്ടുന്നു. രാത്രിയിൽ ഉറക്കം വെടിഞ്ഞ് ആടുകൾക്ക് കാവലിരുന്ന ഇടയന്മാരുടെ നടുവിലേക്കാണ് സ്വർഗ്ഗം ഇറങ്ങി വന്നതും, ലോകത്തിന്റെ മിശിഹായുടെ ജനനവാർത്ത സ്വർഗ്ഗീയ ദൂതന്മാർ ആദ്യം അറിയിച്ചതും! ഇന്ന് ആടുകളെ ജീവനുതുല്യം പരിപാലിക്കുന്ന അത്തരം വിശ്വസ്തരായ ഇടയന്മാർ അന്യംനിന്നുപോയിക്കൊണ്ടിരിക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്.
തന്റെ ഏകാന്തതയിൽ അവൻ മീട്ടിയ ആ കിന്നരം അവന്റെ സ്വന്തം ആശ്വാസത്തിന് മാത്രമായിരുന്നില്ല; അത് ശൗൾ രാജാവിന്റെ രോഗസൗഖ്യത്തിനും കാരണമായി. പിന്നീടൊരിക്കൽ അപ്പന്റെ നിർദ്ദേശപ്രകാരം ഭക്ഷണവുമായി ചെല്ലുമ്പോൾ, ജ്യേഷ്ഠന്മാരാൽ ദാവീദ് പരിഹസിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്തു. എന്നാൽ, ദൈവത്തെയും ഇസ്രായേൽ സൈന്യത്തെയും വെല്ലുവിളിച്ച ഗോലിയാത്ത് എന്ന മല്ലന് മുൻപിൽ ഭയപ്പെടാതെ നിൽക്കാൻ ദാവീദിന് കഴിഞ്ഞത്, കാട്ടിൽ വെച്ച് അവൻ നേടിയ ആത്മീയ അനുഭവങ്ങളുടെ ബലത്തിലായിരുന്നു. അവിടെ ദൈവം ദാവീദിനെ ഉപയോഗിച്ച് രാജ്യത്തെ രക്ഷിക്കുകയും, പിന്നീട് അവനെ ഇസ്രായേലിന്റെ രാജാവായി ഉയർത്തുകയും ചെയ്തു.
ജീവിതത്തിലെ പ്രശ്നങ്ങളും പ്രതിസന്ധികളും നമ്മെ ഇതുപോലെ കടത്തിവിടുന്നത്, ദൈവനാമമഹത്വത്തിനു വേണ്ടിയുള്ള വീര്യപ്രവർത്തികൾ ചെയ്യാൻ വേണ്ടിയാണ്. കേവലം ഒരു ബാലനായ ആട്ടിടയൻ ദാവീദിനെക്കൊണ്ട് രാജാവിന് സൗഖ്യം വരുത്താനും, ഒരു രാജ്യത്തെ തന്നെ രക്ഷിക്കാനും ദൈവം അവന്റെ ആ കിന്നരത്തെയും ആത്മീയ കരുത്തിനെയും ഉപയോഗിച്ചു.
അതിനാൽ, ഒറ്റപ്പെടലിന്റെയോ നിന്ദയുടെയോ പരിഹാസത്തിന്റെയോ അവസ്ഥകളിൽ മനുഷ്യർ നമ്മെ ഉപേക്ഷിച്ചാലും, ലോകത്തിന്റെ വിഷമയമായ അരളിമരങ്ങളിൽ കിന്നരത്തെ തൂക്കിയിടരുത്. ഏത് പ്രതിസന്ധി ഘട്ടത്തിലും ഹൃദയത്തോട് ചേർത്തുപിടിച്ചിരിക്കുന്ന ആ കിന്നരമെടുത്ത് ദൈവത്തെ ആത്മാവിൽ ആരാധിക്കാനും സ്തുതിക്കാനും നമുക്കു കഴിയണം. പരിശുദ്ധാത്മാവിന്റെ നിറവുള്ള നിർമ്മലമായ ഒരു ഹൃദയം ദൈവം നമുക്ക് ദാനമായി നൽകും. രക്തച്ചൊരിച്ചിലൂടെ നടത്തുന്ന ഏത് യാഗങ്ങളെക്കാളും വിശുദ്ധവും നിഷ്കളങ്കവുമായ ഹൃദയ കിന്നരത്തിൽ നിന്നും ഉയരുന്ന സ്തുതി സ്തോത്രങ്ങളാണ് ഒരു ദൈവപൈതലിൽ നിന്നും പിതാവായ ദൈവം ആഗ്രഹിക്കുന്ന വിശുദ്ധ യാഗം.
ബാബേൽ നദീതീരത്തെ പ്രവാസത്തിന്റെ അരളിമരങ്ങളിൽ തൂക്കിയിട്ടിരിക്കുന്ന കിന്നരമെടുത്തു പ്രത്യാശാനിർഭരമായ സ്തുതിഗീതങ്ങൾ ആലപിക്കുവിൻ. പ്രവാസത്തിന്റെ കോട്ടമതിലുകൾ ഇടിഞ്ഞുവീഴും. പഴയ സീയോനെ ഓർത്ത് വിലപിക്കേണ്ട, പുതിയ സീയോനെ ഓർത്ത് അതിനെ വരവേൽക്കുവാൻ പ്രത്യാശയുടെ ജയഗീതം പാടുവിൻ. പഴയതു കഴിഞ്ഞു, പുതിയതൊന്ന് ഉത്ഭവിച്ചിരിക്കുന്നു! പ്രവാസത്തിലേക്ക് പോയ ദൈവമക്കളുടെ കരച്ചിലിന്റെയും വിലാപത്തിന്റെയും ഇടയിലേക്ക് കൃപയുടെയും നീതിയുടെയും വാഗ്ദത്ത ജീവമൊഴിയായി അവിടുന്ന് എത്തിയിരിക്കുന്നു. രാത്രിയിൽ രാപാർത്ത കരച്ചിൽ പുലരിയിൽ ആനന്ദഘോഷമായി ഉയരുന്നു. കിന്നരവും തപ്പുമെടുത്ത്, നൃത്തത്തോടെ സൃഷ്ടാവിനെ ഉച്ചത്തിൽ സ്തുതിക്കുവിൻ!
ബിജു ജോസഫ്, ഷാർജ

- Advertisement -


Comments are closed.