അനുസ്മരണം: പാസ്റ്റർ കെ. കെ. ചെറിയാൻ ഇടയശുശ്രൂഷയിൽ കൈപിടിച്ച് ഉയർത്തി; പ്രസംഗ വേദിയിൽ സ്വാധീനിച്ചു | ഡോ. വി.പി.ഫിലിപ്പ്

നേരിന്റെ ശബ്ദമായിരുന്ന പാസ്റ്റർ കെ. കെ. ചെറിയാൻ സുവിശേഷത്തിന്റെ അചഞ്ചലനായ പ്രഭാഷകനും നിരവധി ശിഷ്യ സമ്പത്തിന്റെ ഉടമയുമായിരുന്നു. അച്ചായനോടൊപ്പം റാന്നി വെസ്റ്റ് സെന്ററിൽ ഒരുമിച്ച് ശുശ്രൂഷിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ അനുഗ്രഹീത അനുഭവങ്ങളിലൊന്നാണ്. അദ്ദേഹം റാന്നി വെസ്റ്റ് സെന്റർ മിനിസ്റ്റർ ആയിരുന്നപ്പോൾ, അതെ സെന്ററിൽ എന്റെ പിതാവ് പാസ്‌റ്റർ വി. എം. ഫിലിപ്പ് മന്ദമരുതി സഭയിലും ഞാൻ പടയണിപ്പാറ സഭയിലും ശുശ്രൂഷകരായിരുന്നു. പി വൈ പി എ ഡിസ്റ്റ്രിക്റ്റ്‌ പ്രസിഡന്റായിരുന്നപ്പോൾ ഞങ്ങളുടെ ടീമിന് എല്ലാ പ്രോത്സാഹനവും നൽകി. എന്റെ വിവാഹം നടത്തുകയും ആശീർവദിക്കുകയും ചെയ്തതു പാസ്റ്റർ കെ.കെ. ചെറിയാനായിരുന്നു. എന്റെ മകളെ ആദ്യമായി പ്രാർത്ഥിച്ച് സ്കൂളിലേക്ക് അയച്ചതും അച്ചായനായിരുന്നു.

News Middle Advt Banner

ഇടയ ശുശ്രൂഷയിൽ എന്നെ സമർപ്പിച്ചു പ്രാർത്ഥിച്ചതും ദൈവനിയോഗത്താൽ അയച്ചതും ഈ ആത്മീയ പിതാവുതന്നെയായിരുന്നു. പടയണിപ്പാറയിൽ എന്റെ ആദ്യകാല ശുശ്രൂഷയിൽ ആദ്യ സ്നാനം നടത്തുവാൻ ആവശ്യപ്പെട്ടപ്പോൾ അച്ചായൻ ചിരിച്ചുകൊണ്ട് പറഞ്ഞ വാക്കുകൾ ഇന്നും ഓർമ്മയിലുണ്ട്: “ഞാൻ വരും, തോടിന്റെ കരയിൽ നിൽക്കും. നീ സ്നാനപ്പെടുത്തും. ശരിയായോ ഇല്ലയോ എന്ന് ഞാൻ പറഞ്ഞോളാം.” ആ വാക്കുകളിൽ സ്നേഹവും കരുതലും ഒരു ഗുരുവിന്റെ ഉത്തരവാദിത്വബോധവും ഉണ്ടായിരുന്നു.

മന്ദമരുതി സെമിനാരിയിൽ ഒരുമിച്ച് പഠിപ്പിക്കുവാനും ശുശ്രൂഷിക്കുവാനും അവസരം ലഭിച്ചു. ചിലപ്പോഴൊക്കെ അച്ചായന്റെ കാർ ഡ്രൈവറായും കൂടെയുണ്ടായിരുന്നു. അക്കലത്തു അച്ചായന്റെ കാർ കേടായപ്പോൾ എന്നെവിളിച്ചു “മോനെ നീ വണ്ടിയുമായി വരണം ഇന്നു വെണ്മണിയിലാണ് കൺവൻഷൻ.” വെൺമണിയിൽ എത്തിയപ്പോൾ എന്നോട് പറഞ്ഞു നീ ആദ്യം പ്രസംഗിക്കണം. ഞാൻ അമ്പരന്നുപോയി. യോഗം കഴിഞ്ഞു തോന്നിയാമല വീട്ടിലെത്തിയപ്പോൾ അന്ന് അവിടെത്തന്നെ വിശ്രമിക്കണം എന്നായി. അടുത്ത പ്രഭാതത്തിൽ അച്ചായന്റെ സ്പെഷ്യൽ ഇഞ്ചിച്ചായ… സ്നേഹത്തിന്റെ ആൾരൂപം, അതുകൊണ്ടുതന്നെ എപ്പോഴെങ്കിലും വഴക്കുപറഞ്ഞിട്ടുണ്ടെങ്കിൽ അപ്പന്റെ ഉപദേശമായി കരുതി.

റാന്നി വെസ്റ്റ് സെന്ററിലെ ശുശ്രൂഷക മീറ്റിങ്ങുകളിൽ അദ്ദേഹത്തിന്റെ ക്‌ളാസ്സുകൾ ഹൃദ്യമായി. സുവിശേഷത്തെ പൗലോസ് എത്രമാത്രം സ്നഹിച്ചിരുന്നു എന്ന വിവരണം, ശുശ്രൂഷയിലെ അച്ചടക്കം, വചനത്തോടുള്ള തീക്ഷണത എന്നിവയെല്ലാം ഞങ്ങളെ സ്വാധീനിച്ചു. കേരളത്തിന്റെ ഗ്രാമങ്ങളിലും ഇന്ത്യയുടെ പട്ടണങ്ങളിലും കെ കെ സിയുടെ സുവിശേഷ നാദം ഉയർന്നു. പ്രവചന ഗ്രന്ഥങ്ങൾ ആധികാരികമായും ലളിതമായും വ്യാഖ്യാനം ചെയ്തു.

അപ്പോസ്തോലിക പെന്തെക്കോസ്തു പ്രഭാഷകനാണു ക്രിസ്തുവിൽ മറഞ്ഞത്.

അമ്മാമയെയും മക്കളെയും കുടുംബാംഗങ്ങളെയും ദൈവം ആശ്വസിപ്പിക്കട്ടെ. നിത്യതയിൽ വീണ്ടും കാണുംവരെ പ്രിയ അച്ചായന് പ്രത്യാശയോടെ വിട!

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading