അനുസ്മരണം: നല്ല ശമര്യക്കാരനായിരുന്ന എം. കെ. കുര്യൻ (ബേബിച്ചായൻ) | പാസ്റ്റർ എബ്രഹാം ജോസഫ്, മുൻ പ്രസിഡന്റ്, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്
കർത്താവിൽ പ്രിയപ്പെട്ട ബേബിച്ചായൻ (എം. കെ. കുര്യൻ) എന്റെ അടുത്ത സ്നേഹിതനായിരുന്നു. സ്നേഹവും കരുതലും വിനയവും സഹാനുഭൂതിയും ജീവിതത്തിൽ പകർത്തിയ അദ്ദേഹം, മറ്റുള്ളവരുടെ ആവശ്യങ്ങളിൽ തുണയാകാൻ എപ്പോഴും സന്നദ്ധനായിരുന്ന ഒരു യഥാർഥ ദൈവഭക്തനായിരുന്നു. അനേകരുടെ ജീവിതത്തിൽ ആശ്വാസവും പ്രത്യാശയും പകർന്നുനൽകിയ അദ്ദേഹത്തെ ഓർക്കുമ്പോൾ മനസ്സിൽ തെളിയുന്നത് ബൈബിളിലെ നല്ല ശമര്യക്കാരന്റെ ചിത്രമാണ്.

ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ സ്ഥാപക പ്രസിഡന്റായ പാസ്റ്റർ പി. ജെ. തോമസ് 1953-ൽ സ്ഥാപിച്ച ശാരോൻ ബൈബിൾ കോളേജിലെ ആദ്യ ബാച്ചിലെ വിദ്യാർഥിയായാണ് ബേബിച്ചായൻ ദൈവവചനം പഠിച്ചത്. ആ പഠനകാലം അദ്ദേഹത്തിന്റെ ആത്മീയജീവിതത്തിലും സുവിശേഷവേലയോടുള്ള കാഴ്ചപ്പാടിലും നിർണായക സ്വാധീനം ചെലുത്തി.
ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പ്രവർത്തനങ്ങളിൽ സ്ഥാപക നേതാവായ പ്രിയപ്പെട്ട തോമാച്ചായനോടൊപ്പം അദ്ദേഹം വിശ്വസ്തനായ സഹപ്രവർത്തകനായി നിലകൊണ്ടു. സുവിശേഷവേലയെക്കുറിച്ച് വ്യക്തമായ ദർശനവും ദൈവരാജ്യത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിക്കാനുള്ള ആഗ്രഹവും അദ്ദേഹത്തിനുണ്ടായിരുന്നു.
ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി അസമിൽ പ്രവർത്തിച്ച അദ്ദേഹം അവിടുത്തെ ഗവൺമെന്റിൽ ഉന്നത പദവികൾ അലങ്കരിച്ചിരുന്നു. അസമിലെ ജീവിതവും ഔദ്യോഗിക ഉത്തരവാദിത്വങ്ങളും അദ്ദേഹത്തിന്റെ ആത്മീയബന്ധങ്ങൾക്ക് ഒരിക്കലും തടസ്സമായില്ല. ശാരോൻ ഫെല്ലോഷിപ്പ് ചർച്ചുമായും തോമാച്ചായനുമായും അദ്ദേഹം നിരന്തരം ബന്ധം പുലർത്തിയിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ സ്നേഹിച്ചിരുന്നവർ വാത്സല്യപൂർവം ‘അസാം ബേബിച്ചായൻ’ എന്നു വിളിച്ചു.
അസമിൽനിന്ന് മടങ്ങിയെത്തിയശേഷം ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം കൂടുതൽ സജീവമായി പങ്കെടുത്തു. സഭയുടെ കൗൺസിലിൽ വിവിധ ഔദ്യോഗിക ചുമതലകൾ വഹിച്ച അദ്ദേഹം, ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങളെല്ലാം ആത്മാർഥതയോടെയും വിശ്വസ്തതയോടെയും നിർവഹിച്ചു.
പ്രത്യേകിച്ച്, സഭയുടെ ട്രഷററായി പ്രവർത്തിച്ച കാലഘട്ടം ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു അധ്യായമാണ്. സഭയുടെ ഇപ്പോഴത്തെ ഓഫീസ് കെട്ടിടത്തിന്റെ നിർമാണത്തിന് വഴിയൊരുക്കുന്നതിൽ അദ്ദേഹത്തിന്റെ മഹത്തായ പരിശ്രമങ്ങളും സമർപ്പണവും നിർണായക പങ്കുവഹിച്ചു. സഭയുടെ വളർച്ചയ്ക്കും പുരോഗതിക്കുമായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ നന്ദിയോടെ സ്മരിക്കേണ്ടതാണ്.
ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ സാമ്പത്തിക ആവശ്യങ്ങളിൽ കണക്കുകൂട്ടലുകളില്ലാതെ കൈയയച്ച് സഹായിച്ചിരുന്ന ഒരു ഉദാരമനസ്കനായിരുന്നു ബേബിച്ചായൻ. സഭയുടെ ആവശ്യങ്ങൾ സ്വന്തം ആവശ്യങ്ങളായി കണ്ട അദ്ദേഹം, ദൈവവേലയുടെ പുരോഗതിക്കായി തന്റെ കഴിവുകളും സമ്പത്തും സമയവും വിനിയോഗിക്കാൻ മടിച്ചിരുന്നില്ല. കൊടുക്കുന്നതിൽ സന്തോഷം കണ്ടെത്തുകയും മറ്റുള്ളവരുടെ ആവശ്യങ്ങളിൽ സഹായഹസ്തം നീട്ടുന്നതിലൂടെ ദൈവസ്നേഹം പ്രകടമാക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ജീവിതം നമുക്കെല്ലാവർക്കും മാതൃകയാണ്.
അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ ഏറ്റവും മനോഹരമായ സവിശേഷതകളിലൊന്ന് മറ്റുള്ളവരോടുള്ള പെരുമാറ്റമായിരുന്നു. സന്തോഷത്തോടും താഴ്മയോടും വിനയത്തോടും ബഹുമാനത്തോടും കൂടിയായിരുന്നു അദ്ദേഹം എല്ലാവരോടും ഇടപെട്ടിരുന്നത്. സ്ഥാനമാനങ്ങളോ സമ്പത്തോ വ്യക്തിപരമായ നേട്ടങ്ങളോ അദ്ദേഹത്തിന്റെ പെരുമാറ്റത്തെ സ്വാധീനിച്ചിരുന്നില്ല. മറ്റുള്ളവരെ ആദരിക്കാനും അവരുടെ വേദനകൾ മനസ്സിലാക്കാനും അവർക്കൊപ്പം നിൽക്കാനും അദ്ദേഹത്തിന് പ്രത്യേകമായൊരു മനസ്സുണ്ടായിരുന്നു.
വിശേഷിച്ച്, ദൈവദാസന്മാർ നേരിടുന്ന സാമ്പത്തികവും വ്യക്തിപരവുമായ ബുദ്ധിമുട്ടുകൾ അദ്ദേഹം ഹൃദയപൂർവം മനസ്സിലാക്കിയിരുന്നു. അവരുടെ പ്രയാസങ്ങളിൽ ആശ്വാസമാകാനും ആവശ്യങ്ങളിൽ സഹായിക്കാനും അദ്ദേഹം എപ്പോഴും സന്നദ്ധനായിരുന്നു. സഹായം അഭ്യർഥിച്ച് അദ്ദേഹത്തെ സമീപിക്കുന്നവരെ അവഗണിക്കുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നില്ല. ശുശ്രൂഷകനെന്നോ സാധാരണ വിശ്വാസിയെന്നോ വ്യത്യാസമില്ലാതെ ആർക്കും ഏതു സമയത്തും അദ്ദേഹത്തെ സമീപിക്കാമായിരുന്നു. ആരോടും വേർതിരിവ് കാണിക്കാതെ എല്ലാവരെയും സ്നേഹത്തോടെ സ്വീകരിച്ചിരുന്ന ആ വിശാലമനസ്കത അദ്ദേഹത്തെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാക്കി.
യഥാർഥ ക്രിസ്തീയജീവിതം വാക്കുകളിൽ മാത്രമല്ല, പ്രവൃത്തികളിലൂടെയാണ് വെളിപ്പെടേണ്ടതെന്ന് അദ്ദേഹം സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്നു. മറ്റുള്ളവരുടെ വേദനകൾ കണ്ടിട്ടും കാണാത്തതുപോലെ കടന്നുപോകാതെ, കഴിയുന്നിടത്തോളം സഹായിക്കാൻ മുന്നോട്ടുവന്ന അദ്ദേഹത്തിന്റെ ജീവിതം നല്ല ശമര്യക്കാരന്റെ ഉപമയെ ഓർമിപ്പിക്കുന്നു. സ്നേഹത്തെ പ്രവൃത്തിയാക്കി, കരുതലിനെ ആശ്വാസമാക്കി, വിശ്വാസത്തെ സേവനമാക്കി മാറ്റിയ ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
ഇന്ന് ബേബിച്ചായൻ നമ്മോടൊപ്പമില്ലെങ്കിലും അദ്ദേഹം പകർന്നുനൽകിയ സ്നേഹവും കരുതലും സഭയ്ക്കുവേണ്ടി നടത്തിയ സമർപ്പണവും അനേകർക്ക് നൽകിയ സഹായങ്ങളും നമ്മുടെ ഓർമകളിൽ എന്നും നിലനിൽക്കും. ഒരു മനുഷ്യന്റെ മഹത്വം അദ്ദേഹം നേടിയ സ്ഥാനങ്ങളിലോ സമ്പാദിച്ച സമ്പത്തിലോ മാത്രമല്ല, മറ്റുള്ളവരുടെ ജീവിതത്തിൽ എത്രമാത്രം നന്മ പകരാൻ കഴിഞ്ഞു എന്നതിലുമാണെന്ന് അദ്ദേഹത്തിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.
ദുഃഖത്തിലായിരിക്കുന്ന അദ്ദേഹത്തിന്റെ സഹധർമ്മിണിയെയും മൂന്നു മക്കളെയും കുടുംബാംഗങ്ങളെയും സ്വർഗസ്ഥനായ ദൈവം തന്റെ അളവറ്റ സ്നേഹത്താൽ ആശ്വസിപ്പിക്കുമാറാകട്ടെ. പ്രിയപ്പെട്ട ഒരാളുടെ വേർപാട് സൃഷ്ടിക്കുന്ന ശൂന്യത നികത്താൻ മനുഷ്യർക്ക് കഴിയില്ലെങ്കിലും ദൈവത്തിന്റെ സാന്നിധ്യവും ആശ്വാസവും അവർക്കു താങ്ങായിരിക്കട്ടെ. ഈ ദുഃഖവേളയിൽ കുടുംബാംഗങ്ങൾക്കുവേണ്ടി എല്ലാവരും പ്രാർഥിക്കണമെന്ന് സ്നേഹപൂർവം അഭ്യർഥിക്കുന്നു.
നമ്മെയെല്ലാം സ്നേഹിക്കുകയും കരുതുകയും നമുക്കുവേണ്ടി പ്രാർഥിക്കുകയും ദൈവവേലയിൽ പങ്കാളിയാകുകയും ചെയ്ത ആ നല്ല ശമര്യക്കാരൻ പ്രതിഫലം പ്രാപിക്കേണ്ടതിനായി നമ്മെ വിട്ട് അരുമനാഥന്റെ സന്നിധിയിലേക്ക് കടന്നുപോയിരിക്കുന്നു.
എങ്കിലും നമ്മുടെ പ്രത്യാശ ഇവിടെ അവസാനിക്കുന്നില്ല. കർത്താവ് ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ വീണ്ടും വരുമ്പോൾ തേജസ്കരിക്കപ്പെട്ട ശരീരത്തോടെ പ്രിയപ്പെട്ട ബേബിച്ചായനെ വീണ്ടും കാണാമെന്ന മഹത്തായ ക്രിസ്തീയ പ്രത്യാശയോടെ അദ്ദേഹത്തിന് വിടചൊല്ലുന്നു.
പ്രിയ ബേബിച്ചായാ, അന്ത്യമില്ലാത്ത നിത്യവിശ്രമത്തിൽ കർത്താവിനോടുകൂടെ ആയിരിക്കട്ടെ. താങ്കൾ പകർന്ന സ്നേഹവും നന്മയും ഞങ്ങളുടെ ഹൃദയങ്ങളിൽ എന്നും ജീവിക്കും.

- Advertisement -


Comments are closed.