വിശ്വാസത്തിനുവേണ്ടി പീഡനം സഹിക്കുന്നവർക്കായി ലോകം ചുവപ്പണിയുന്നു: ‘റെഡ് വീക്ക്’ സന്ദേശവും ആഗോള-ഇന്ത്യൻ ക്രൈസ്തവ പീഡനത്തിന്റെ നേർചിത്രവും | മിനി തര്യൻ, യു.എസ്.എ
നവംബർ മാസത്തിലെ തണുത്ത സന്ധ്യകളിൽ പാരീസിലെ നോട്രെ-ഡാം കത്തീഡ്രൽ മുതൽ റിയോ ഡി ജനീറോയിലെ ‘ക്രൈസ്റ്റ് ദ റിഡീമർ’ പ്രതിമ വരെയുള്ള ലോകപ്രശസ്ത സ്മാരകങ്ങൾ ചുവപ്പ് വെളിച്ചത്തിൽ തിളങ്ങുമ്പോൾ, അത് വെറുമൊരു ദീപാലങ്കാരമല്ല; മറിച്ച് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ക്രൈസ്തവരുടെ കണ്ണീരിനും സഹനത്തിനും ഒപ്പമുള്ള ലോകത്തിന്റെ ഐക്യദാർഢ്യ പ്രഖ്യാപനമാണ്.

വിശ്വാസത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്നവർക്കായി ആഗോള കത്തോലിക്കാ സന്നദ്ധ സംഘടനയായ എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (Aid to the Church in Need – ACN) എല്ലാ വർഷവും നവംബറിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ക്യാമ്പയിനാണ് ‘റെഡ് വീക്ക്’ (Red Week). 2026 നവംബർ 15 മുതൽ 22 വരെയാണ് ഈ വർഷത്തെ റെഡ് വീക്ക് ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി നവംബർ 18 ‘റെഡ് വെനസ്ഡേ’ (Red Wednesday) ആയി ആചരിച്ചു.
രക്തസാക്ഷികളുടെ രക്തത്തെയും വിശ്വാസത്തിനുവേണ്ടി സഹിക്കുന്നവരുടെ ത്യാഗത്തെയുമാണ് ചുവപ്പ് നിറം പ്രതീകവൽക്കരിക്കുന്നത്. 2015-ൽ ഇറാഖിലെയും സിറിയയിലെയും ക്രൈസ്തവർ നേരിടുന്ന ദുരിതങ്ങളിലേക്ക് ലോകശ്രദ്ധ ആകർഷിക്കുന്നതിനായി ബ്രസീലിലെ ക്രൈസ്റ്റ് ദ റിഡീമർ പ്രതിമയിൽ ACN ചുവപ്പ് വെളിച്ചം തെളിയിച്ചതോടെയാണ് ഈ മുന്നേറ്റത്തിന് തുടക്കമായത്. ഇന്ന് ലണ്ടനിലെ സെന്റ് ജോർജ്ജ് കത്തീഡ്രൽ, ഓസ്ട്രിയൻ പ്രസിഡൻഷ്യൽ പാലസ്, യൂറോപ്യൻ പാർലമെന്റ് മന്ദിരങ്ങൾ തുടങ്ങി 130-ലധികം പ്രധാന കത്തീഡ്രലുകളും ആയിരക്കണക്കിന് ദേവാലയങ്ങളും ഈ ക്യാമ്പയിന്റെ ഭാഗമായി ചുവപ്പണിയുന്നു. പ്രത്യേക പ്രാർത്ഥനാ കൂട്ടായ്മകൾ, സാക്ഷ്യപ്പെടുത്തലുകൾ, ബോധവൽക്കരണ പരിപാടികൾ എന്നിവയിലൂടെ മതസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം ലോകത്തെ ഓർമ്മിപ്പിക്കുകയാണ് ഈ ആഴ്ച ചെയ്യുന്നത്.
ആഗോള ക്രൈസ്തവ പീഡനം: ഞെട്ടിക്കുന്ന കണക്കുകൾ
ദീപാലങ്കാരങ്ങൾക്കും പ്രാർത്ഥനകൾക്കും അപ്പുറം, ആഗോളതലത്തിൽ ക്രൈസ്തവർ നേരിടുന്ന പ്രതിസന്ധി മുൻപെന്നത്തേക്കാളും ഭീകരമാണെന്നാണ് ഏറ്റവും പുതിയ അന്താരാഷ്ട്ര റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (ACN) (2024–2026 റിപ്പോർട്ട്), ഓപ്പൺ ഡോർസ് (Open Doors) (വേൾഡ് വാച്ച് ലിസ്റ്റ് 2026) എന്നിവ പുറത്തുവിട്ട കണക്കുകൾ ഇങ്ങനെയാണ്:
ACN റിപ്പോർട്ട് പ്രകാരം ലോകമെമ്പാടുമുള്ള 41.3 കോടി (413 Million) ക്രൈസ്തവർ മതസ്വാതന്ത്ര്യം ഗുരുതരമായി ലംഘിക്കപ്പെടുന്ന രാജ്യങ്ങളിലാണ് ജീവിക്കുന്നത്. ഇതിൽ ഏകദേശം 22 കോടി (220 Million) വിശ്വാസികൾ തട്ടിക്കൊണ്ടുപോകൽ, നിർബന്ധിത പലായനം, തീവ്രവാദ ആക്രമണങ്ങൾ തുടങ്ങിയ നേരിട്ടുള്ള പീഡനങ്ങൾക്ക് ഇരയാകുന്നു.
ഓപ്പൺ ഡോർസിന്റെ 2026-ലെ കണക്കനുസരിച്ച് ലോകത്തെ ഓരോ 7 ക്രൈസ്തവരിൽ ഒരാൾ വീതം (ഏകദേശം 38.8 കോടി പേർ) വിശ്വാസത്തിന്റെ പേരിൽ കടുത്ത വിവേചനവും പീഡനവും അനുഭവിക്കുന്നുണ്ട്. ഏഷ്യയിൽ ഇത് അഞ്ചിൽ രണ്ട് പേർ എന്ന നിരക്കിലും ആഫ്രിക്കയിൽ അഞ്ചിൽ ഒരാൾ എന്ന നിരക്കിലുമാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ വിശ്വാസത്തിന്റെ പേരിൽ ലോകമെമ്പാടും 4,849 ക്രൈസ്തവർ കൊല്ലപ്പെട്ടു. ഇതിൽ 93 ശതമാനവും (4,491 പേർ) ആഫ്രിക്കയിലെ സഹാറൻ മേഖലയിലാണ്; നൈജീരിയയിൽ മാത്രം ശരാശരി പ്രതിദിനം 12 പേർ എന്ന കണക്കിൽ 3,490 ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്.
ഇതേ കാലയളവിൽ 3,632 പള്ളികളും ക്രൈസ്തവ സ്ഥാപനങ്ങളും ആക്രമിക്കപ്പെടുകയും 4,712 വിശ്വാസികൾ വിചാരണ കൂടാതെ തടവിലാക്കപ്പെടുകയും ചെയ്തു. ഉത്തരകൊറിയ, സൊമാലിയ, യെമൻ, സുഡാൻ, എറിത്രിയ, സിറിയ, നൈജീരിയ, പാകിസ്ഥാൻ, ലിബിയ, ഇറാൻ എന്നിവയാണ് ക്രൈസ്തവർക്ക് ഏറ്റവും അപകടകരമായ ആദ്യ 10 രാജ്യങ്ങൾ.
ആഗോളതലത്തിലെ ഈ കണക്കുകൾക്കിടയിൽ, ഇന്ത്യയിലെ ക്രൈസ്തവ സമൂഹം നേരിടുന്ന വെല്ലുവിളികളും അതീവ ആശങ്കാജനകമാണ്. ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ വെറും 2.3 ശതമാനം (ഏകദേശം 7.23 കോടി) മാത്രം വരുന്ന ക്രൈസ്തവ സമൂഹം അടുത്ത കാലത്തായി നമുക്ക് അറിവുള്ളത് പോലെ വലിയ തോതിലുള്ള അസഹിഷ്ണുതയാണ് നേരിടുന്നത്:
ഓപ്പൺ ഡോർസിന്റെ 2026-ലെ വേൾഡ് വാച്ച് ലിസ്റ്റിൽ ക്രൈസ്തവർക്ക് ഏറ്റവും കൂടുതൽ പീഡനം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 12-ാം സ്ഥാനത്താണ്.
ഇന്ത്യയുടെ അക്രമ സൂചിക (Violence Score) ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണെന്നും (16.7-ൽ 16.1), വിശ്വാസത്തിന്റെ പേരിലുള്ള അറസ്റ്റുകളുടെയും തടങ്കലുകളുടെയും കാര്യത്തിൽ ഇന്ത്യ ലോകത്ത് ഒന്നാമതാണെന്നും (1,622 അറസ്റ്റുകൾ) റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (UCF) കണക്കുകൾ പ്രകാരം 2014-ൽ 127 ആയിരുന്ന ഇന്ത്യയിലെ ക്രൈസ്തവർക്കെതിരായ അക്രമങ്ങൾ 2025-ൽ 835 ആയി ഉയർന്നു (തുടർച്ചയായ അഞ്ചാം വർഷവും റെക്കോർഡ് വർദ്ധനവ്). 2026 ഒക്ടോബർ വരെ മാത്രം 474 അക്രമ സംഭവങ്ങൾ UCF രേഖപ്പെടുത്തിയിട്ടുണ്ട്. ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ (EFI-RLC) 2025-ൽ 747 അക്രമ സംഭവങ്ങളും സ്ഥിരീകരിച്ചു.
ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിൽ നിലവിലുള്ള കർശനമായ മതപരിവർത്തന നിരോധന നിയമങ്ങൾ മറയാക്കി നൽകുന്ന വ്യാജ പരാതികളാണ് പലപ്പോഴും ആക്രമണങ്ങൾക്ക് വഴിവെക്കുന്നത്. സമാധാനപരമായി വീടുകളിൽ നടക്കുന്ന പ്രാർത്ഥനാ കൂട്ടായ്മകൾ (House Churches) പോലീസ് റെയ്ഡ് ചെയ്ത് പാസ്റ്റർമാരെയും വിശ്വാസികളെയും അറസ്റ്റ് ചെയ്യുന്നത് പതിവായിരിക്കുന്നു.
ഉത്തർപ്രദേശ് (2025-ൽ 217 കേസുകൾ, 2026-ൽ ഇതുവരെ 104 കേസുകൾ), ഛത്തീസ്ഗഡ് (2025-ൽ 177, 2026-ൽ ഇതുവരെ 87) എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രാജസ്ഥാൻ, മധ്യപ്രദേശ്, ഹരിയാന, കർണാടക, ജാർഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിലും അക്രമങ്ങൾ വ്യാപകമാണ്. 2026 മെയ് മാസത്തിന് ശേഷം പശ്ചിമ ബംഗാളിലും പള്ളികൾക്കും പ്രാർത്ഥനാ യോഗങ്ങൾക്കും നേരെ 60-ഓളം ആക്രമണങ്ങൾ രേഖപ്പെടുത്തി.
നിയമപരമായ വേട്ടയാടലുകൾക്ക് പുറമെ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ ആദിവാസി-ദളിത് ക്രൈസ്തവ കുടുംബങ്ങൾ കുടിവെള്ളവും തൊഴിലും നിഷേധിക്കൽ, ഗ്രാമങ്ങളിൽ നിന്ന് പുറത്താക്കൽ, നിർബന്ധിത മതപരിവർത്തനം (‘ഘർ വാപസി’), ശവസംസ്കാര നിഷേധം തുടങ്ങിയ ക്രൂരമായ സാമൂഹിക ബഹിഷ്കരണവും നേരിടുന്നുണ്ട്. ഇതിനുപുറമെ, 2023-ൽ മണിപ്പൂരിലുണ്ടായ വംശീയ കലാപത്തിൽ തകർക്കപ്പെട്ട നൂറുകണക്കിന് ദേവാലയങ്ങൾ ഇനിയും പുനർനിർമ്മിക്കപ്പെട്ടിട്ടില്ലെന്നും പതിനായിരക്കണക്കിന് ക്രൈസ്തവർ ഇപ്പോഴും അഭയാർത്ഥി ക്യാമ്പുകളിലാണ് കഴിയുന്നതെന്നും റിപ്പോർട്ടുകൾ ഓർമ്മിപ്പിക്കുന്നു.
മതസ്വാതന്ത്ര്യം എന്നത് ഓരോ മനുഷ്യന്റെയും ഭരണഘടനാപരവും അടിസ്ഥാനപരവുമായ അവകാശമാണെന്ന് ഓർമ്മിപ്പിക്കുകയാണ് റെഡ് വീക്ക് ചെയ്യുന്നത്. ദേവാലയങ്ങളിൽ തെളിയുന്ന ചുവപ്പ് വെളിച്ചം വെറുമൊരു കാഴ്ചയല്ല; മറിച്ച്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നമ്മുടെ സ്വന്തം രാജ്യത്തും പ്രത്യേകാൽ ഉത്തര ഭാരതത്തിൽ വിശ്വാസത്തിനുവേണ്ടി എല്ലാം നഷ്ടപ്പെട്ട സഹോദരങ്ങളെ ലോകം മറന്നിട്ടില്ല എന്ന ഉറപ്പും അവർക്കായുള്ള പ്രാർത്ഥനയുടെ ആഹ്വാനവുമാണ്.
പ്രാർത്ഥനചങ്ങലയിൽ നമുക്കും കൈകോർക്കാം. സ്വാതന്ത്ര്യത്തോടെ ഭയമില്ലാതെ കർത്താവിനെ ആരാധിപ്പാനും സത്യസുവിശേഷം അറിയിപ്പാനും എല്ലാവർക്കും ഇട വരട്ടെ.
സുവിശേഷത്തിന് ബന്ധനമില്ല 🙏🏻
രക്തസാക്ഷികളുടെ രക്തം സഭയുടെ വിത്താണ് – സഭ പിതാവ് തെർത്തുല്യൻ.
(വിവരങ്ങൾക്ക് കടപ്പാട്: Aid to the Church in Need (ACN), Open Doors World Watch List 2026, United Christian Forum (UCF) & Evangelical Fellowship of India (EFI) Reports)

- Advertisement -


Comments are closed.