അനുസ്മരണം: പാസ്റ്റർ കെ കെ ചെറിയാൻ – അന്ത്യകാല പ്രഭാഷണങ്ങളുടെ ആചാര്യൻ | സനു സണ്ണി ജോൺ
2021-ന്റെ അവസാനത്തോടെയാണ് പ്രവചനപഠനത്തിനായി കെ.കെ. ചെറിയാൻ സാറിന്റെ പത്തനംതിട്ട തോന്നിയാമലയിലുള്ള ഭവനത്തിൽ ഞാൻ ആദ്യമായി എത്തിയത്. പഠനം ആരംഭിക്കുന്നതിനു മുമ്പ് 41 ബൈബിൾ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടാണ് ചെറിയാൻ സാർ എന്നെ വരവേറ്റത്. ആ ചോദ്യങ്ങൾ കേട്ടപ്പോൾതന്നെ എനിക്ക് മനസ്സിലായി, ഞാൻ എത്തിച്ചേർന്നിരിക്കുന്നത് ബൈബിൾ പരിജ്ഞാനത്തിന്റെ ആഴങ്ങളിലേക്ക് എന്നെ നയിക്കാൻ കഴിവുള്ള ഒരു ഗുരുവിന്റെ സന്നിധിയിലേക്കാണെന്ന്.

തുടർന്ന് രണ്ടുവർഷത്തോളം ആ മഹാനുഭാവന്റെ ഭവനത്തിൽ താമസിച്ച് പ്രവചനപഠനം നടത്തുവാൻ എനിക്ക് അവസരം ലഭിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും അനുഗ്രഹീതമായ നാളുകളായിരുന്നു അവ.
ചെറിയാൻ സാർ ഒരു അധ്യാപകൻ മാത്രമായിരുന്നില്ല; വചനത്തിന്റെ ആഴങ്ങളിലേക്ക് ശിഷ്യനെ കൈപിടിച്ചുനടത്തുന്ന കർക്കശക്കാരനായ ഗുരുവും സ്നേഹനിധിയായ പിതൃതുല്യ വ്യക്തിത്വവുമായിരുന്നു.
വളരെ കർക്കശമായ രീതിയിലായിരുന്നു സാർ എന്നോട് ഇടപെട്ടിരുന്നത്. ഉപദേശവിഷയങ്ങൾ ഞാൻ പറഞ്ഞുകേൾപ്പിക്കുമ്പോൾ അതീവ ശ്രദ്ധയോടെ അദ്ദേഹം കേട്ടിരിക്കും. അബദ്ധവശാൽ എവിടെയെങ്കിലും തെറ്റു സംഭവിച്ചാൽ ശാസന ഉറപ്പായിരുന്നു. ഉപദേശവിഷയങ്ങളിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറായിരുന്നില്ല. വചനസത്യങ്ങൾ പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും കൃത്യത പുലർത്തണമെന്ന നിർബന്ധബുദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു.
അറിഞ്ഞ സത്യത്തിനുവേണ്ടി എന്തു വില കൊടുക്കാനും മടിക്കാത്ത ആ ജീവിതം എല്ലാ കാലഘട്ടങ്ങളിലും വിശ്വാസികൾക്ക് പ്രചോദനമായി നിലകൊള്ളും.
കർത്താവിന്റെ മടങ്ങിവരവിനെക്കുറിച്ച് ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന എല്ലാ വാക്യങ്ങളും ഏതു ഉറക്കത്തിൽ വിളിച്ചുചോദിച്ചാലും കാണാതെ പറയാൻ കഴിയണമെന്നത് സാർ എനിക്കു നൽകിയ കർശനമായ നിർദേശമായിരുന്നു. ആ നിർദേശം എന്റെ ജീവിതത്തിൽ വലിയ അനുഗ്രഹമായി മാറി. ഇന്ന് കർത്താവിന്റെ മടങ്ങിവരവിനെക്കുറിച്ചുള്ള ബൈബിൾ വാക്യങ്ങൾ കാണാതെ പറയുവാൻ എനിക്കു കഴിയുന്നതിനും നിരവധി ഇടങ്ങളിൽ ബൈബിൾ ക്ലാസുകൾ എടുക്കുവാൻ കഴിയുന്നതിന്റെയും പിന്നിൽ ആ ഗുരുശിക്ഷണത്തിന്റെ വലിയ പങ്കുണ്ട്.
“മൂത്തവർ ചൊല്ലും മുതുനെല്ലിക്ക, ആദ്യം കയ്ക്കും പിന്നെ മധുരിക്കും” എന്ന പഴഞ്ചൊല്ല് എന്റെ ജീവിതത്തിൽ അന്വർഥമായത് അങ്ങനെയാണ്. അന്ന് ശാസനയായി തോന്നിയ പല കാര്യങ്ങളും ഇന്ന് വിലമതിക്കാനാവാത്ത അനുഗ്രഹങ്ങളായി മാറിയിരിക്കുന്നു. ഒരു ഗുരുവിന്റെ കർക്കശതയ്ക്കു പിന്നിൽ ശിഷ്യന്റെ ഭാവിയെക്കുറിച്ചുള്ള ആഴമായ കരുതലുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നു.
ശിഷ്യന്മാരിൽ ഏറ്റവും അധികം വഴക്കുപറഞ്ഞിട്ടുള്ളതും ശാസിച്ചിട്ടുള്ളതും ഒരുപക്ഷേ എന്നെത്തന്നെയായിരിക്കും. എന്നാൽ ആ ശാസനകളുടെ മറുവശത്ത് സ്നേഹത്തിന്റെ ഒരു വലിയ ലോകമുണ്ടായിരുന്നു.
ചെറിയാൻ സാർ തന്റെ സഹധർമിണിയായ കുഞ്ഞുമോൾ അമ്മാമ്മയോട് (ജയ ചെറിയാൻ) എന്നെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഇന്നും എന്റെ ഹൃദയത്തിൽ മായാതെ നിൽക്കുന്നു:
“സണ്ണിക്ക് ഇവിടെ ഒരു കുറവും ഉണ്ടാകരുത്.”
ആ വാക്കുകളിൽ ഒരു ഗുരുവിന്റെ ഉത്തരവാദിത്വവും പിതാവിന്റെ കരുതലും ഒരുപോലെ നിറഞ്ഞുനിന്നിരുന്നു. എന്നെ ശാസിച്ചിരുന്ന അതേ വ്യക്തിത്വംതന്നെ എന്റെ ആവശ്യങ്ങളിൽ ഒരു കുറവും ഉണ്ടാകരുതെന്ന് ഉറപ്പുവരുത്തിയിരുന്നു. അതാണ് ചെറിയാൻ സാറിനെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാക്കുന്നത്.
സ്നേഹത്തോടെ എനിക്ക് ഭക്ഷണം വിളമ്പിത്തന്നിരുന്ന കുഞ്ഞുമോൾ അമ്മാമ്മയുടെ കരുതലും സദുപദേശങ്ങളും വിലമതിക്കാനാവാത്തതാണ്. സാറിന്റെ ഭവനം എനിക്ക് വെറുമൊരു പഠനകേന്ദ്രമായിരുന്നില്ല; സ്നേഹവും അച്ചടക്കവും ഒരുപോലെ അനുഭവിച്ചറിയാൻ കഴിഞ്ഞ ഒരു കുടുംബാന്തരീക്ഷം കൂടിയായിരുന്നു അത്.
ചില യാത്രകളിലും സാറിനോടൊപ്പം പങ്കെടുക്കുവാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുള്ള എന്റെ വീട്ടിൽ അദ്ദേഹം മൂന്നുതവണ വന്നു താമസിച്ചു. എന്റെ മമ്മി തയ്യാറാക്കിയ ഭക്ഷണത്തെ അദ്ദേഹം പ്രത്യേകം അനുമോദിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും, കുഞ്ഞുമോൾ അമ്മാമ്മ തയ്യാറാക്കുന്ന രുചികരമായ വിഭവങ്ങളോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം എനിക്ക് അറിയാമായിരുന്നു.
ജോർജ് ശാസ്ത്രി, വരിയാപുരം യോഹന്നാച്ചൻ, പി.എം. ഫിലിപ്പ് സാർ, പാസ്റ്റർ ടി.ജി. ഉമ്മൻ, ക്യാപ്റ്റൻ ശമുവേൽ തുടങ്ങിയ ദൈവദാസന്മാരെക്കുറിച്ചുള്ള അനുഭവങ്ങളും ഓർമകളും എന്നോടു പങ്കുവയ്ക്കാൻ സാറിന് വലിയ താത്പര്യമായിരുന്നു. അവരുടെ ജീവിതാനുഭവങ്ങളിലൂടെ വിശ്വാസത്തിന്റെ ചരിത്രവും ദൈവപ്രവർത്തനങ്ങളുടെ വഴിത്താരകളും എനിക്കു പരിചയപ്പെടുത്തിത്തന്നു.
ഗൗരവത്തിന്റെയും കർക്കശതയുടെയും പുറംചട്ടയ്ക്കുള്ളിൽ അധികമാർക്കും അറിയാൻ കഴിയാത്ത ഒരു സ്നേഹനിധിയായ ചെറിയാൻ സാറിനെ അടുത്തറിയാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഫോണിൽ സംസാരിക്കുമ്പോൾ പലപ്പോഴും അദ്ദേഹം എന്നെ ‘സാം’ എന്നാണ് വിളിച്ചിരുന്നത്. സാം അദ്ദേഹത്തിന്റെ മകന്റെ പേരാണ്. ആ വിളിയിൽപോലും ഒരു പിതാവിന്റെ വാത്സല്യം എനിക്കു അനുഭവിക്കാൻ കഴിഞ്ഞിരുന്നു.
എന്റെ തുടർന്നുള്ള ജീവിതത്തിൽ ചെയ്യേണ്ട നിർണായകമായ പല കാര്യങ്ങളും അദ്ദേഹം വ്യക്തമായി പറഞ്ഞുതന്നു. എന്റെ ജീവിതത്തിന്റെ ദിശ നിർണയിക്കുന്നതിൽ ആ നിർദേശങ്ങൾ വലിയ പങ്കുവഹിച്ചു. ചെറിയാൻ സാർ എന്നെ സെമിനാരിയിൽ പഠിക്കാൻ അയച്ചു. തന്റെ ബൈബിൾജ്ഞാനം എനിക്കു പകർന്നുതന്നു. അതോടൊപ്പം തന്റെ ഗ്രന്ഥങ്ങളും പഠനക്കുറിപ്പുകളും കൈമാറി. അറിവ് സമ്പാദിക്കുന്നതിൽ മാത്രം ഒതുങ്ങാതെ, പഠിച്ച സത്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എന്നെ പഠിപ്പിച്ചു.
ചെറിയാൻ സാറിന്റെ ശിക്ഷണത്തിൽ ദൈവവചനം പഠിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ അനുഭവങ്ങളിലൊന്നാണ്. ആ നാളുകൾ ഞാൻ ഒരിക്കലും മറക്കില്ല. അദ്ദേഹം പഠിപ്പിച്ചുതന്ന ഓരോ പാഠവും എന്റെ ജീവിതത്തിൽ സൂക്ഷിക്കും. വചനസത്യങ്ങളിൽ ഉറച്ചുനിൽക്കാനും കർത്താവിന്റെ മടങ്ങിവരവിനെക്കുറിച്ചുള്ള സന്ദേശം വിശ്വസ്തതയോടെ പങ്കുവയ്ക്കാനും ആ ഗുരുശിക്ഷണം എന്നെ പ്രാപ്തനാക്കി.
അന്ത്യകാല പ്രവചനങ്ങളെക്കുറിച്ചുള്ള ആഴമായ ബൈബിൾപഠനത്തിലൂടെ ക്രൈസ്തവ കൈരളിയുടെ ഹൃദയങ്ങളിൽ കർത്താവിന്റെ മടങ്ങിവരവിനായുള്ള പ്രത്യാശയും കാത്തിരിപ്പും ഉണർത്തിയ ആചാര്യനാണ് കെ.കെ. ചെറിയാൻ സാർ. പ്രവചനവിഷയങ്ങളെ കേവലം കൗതുകകരമായ പഠനങ്ങളായി അവതരിപ്പിക്കുകയല്ല, മറിച്ച് വിശ്വാസികളെ ആത്മീയമായി ഒരുക്കുകയും കർത്താവിന്റെ വരവിനായി ജാഗരൂകരാക്കുകയും ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ ശുശ്രൂഷയുടെ സവിശേഷത.
അദ്ദേഹത്തിൽനിന്നു പഠിച്ച ഓരോ പാഠവും എനിക്കു ലഭിച്ച വലിയ നിക്ഷേപമാണ്. ഒരു ഗുരുവിന്റെ മഹത്വം അദ്ദേഹം നേടിയ അറിവിൽ മാത്രമല്ല, ആ അറിവ് ശിഷ്യന്റെ ജീവിതത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്നതിലുമാണ്. ആ അർഥത്തിൽ ചെറിയാൻ സാർ എന്റെ ജീവിതത്തിൽ എന്നും ഒരു വഴികാട്ടിയായി നിലകൊള്ളും.
കാലം കടന്നുപോകും. തലമുറകൾ മാറിവരും. എന്നാൽ വചനസത്യങ്ങൾക്കുവേണ്ടി നിലകൊണ്ട ജീവിതങ്ങളും അവ പകർന്നുനൽകിയ ഗുരുക്കന്മാരും വിസ്മരിക്കപ്പെടുകയില്ല. അറിഞ്ഞ സത്യത്തിൽ ഉറച്ചുനിൽക്കാനും പഠിച്ച വചനം വിശ്വസ്തതയോടെ പകർന്നുനൽകാനും ചെറിയാൻ സാർ എന്നെ പഠിപ്പിച്ചു.
എന്റെ പ്രിയപ്പെട്ട ആചാര്യാ , അങ്ങയുടെ ശിക്ഷണത്തിൽ പഠിക്കാൻ ലഭിച്ച അവസരത്തെ ഓർത്ത് ഞാൻ ദൈവത്തോടു നന്ദി പറയുന്നു. അങ്ങ് പകർന്നുനൽകിയ അറിവും അച്ചടക്കവും സ്നേഹവും എന്റെ ജീവിതത്തിൽ എന്നും വഴികാട്ടിയായിരിക്കും.
കർത്താവിന്റെ മടങ്ങിവരവിന്റെ ഈടുറ്റ സന്ദേശങ്ങൾകൊണ്ട് ക്രൈസ്തവ കൈരളിയെ പുളകംകൊള്ളിച്ച പ്രിയ ആചാര്യാ, അങ്ങയോടുള്ള നന്ദി വാക്കുകളിൽ ഒതുക്കാനാവില്ല.
ആചാര്യാ, നന്ദി! ഹൃദയം നിറഞ്ഞ നന്ദി!

- Advertisement -


Comments are closed.