അനുസ്മരണം: ഉപദേശസത്യങ്ങളുടെ പകരംവയ്ക്കാനില്ലാത്ത കാവലാൾ പാസ്റ്റർ കെ കെ ചെറിയാൻ യാത്രയായി | പാസ്റ്റർ ബൈജു സാം ബഥേൽ പെന്തകോസ്തൽ ചർച്ച്, ഓസ്ട്രേലിയ

കർത്താവിൽ അനുഗ്രഹീതനും പ്രസിദ്ധനും ഐ.പി.സി.യിലെ സീനിയർ ശുശ്രൂഷകരിൽ ഒരാളുമായിരുന്ന പാസ്റ്റർ കെ. കെ. ചെറിയാൻ പെന്തക്കോസ്തു നഭോമണ്ഡലത്തിൽ ജ്വലിച്ചുനിന്ന അനുഗ്രഹീത വാഗ്മിയും, ഉപദേശസത്യങ്ങളുടെ ഉറച്ച കാവലാളുമായിരുന്നു. അദ്ദേഹത്തിന്റെ വേർപാട് ഒരു വ്യക്തിയുടെ വിയോഗം മാത്രമല്ല; വചനസത്യങ്ങളോടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ ഒരു അധ്യായത്തിന്റെ അവസാനമാണ്.

News Middle Advt Banner

വിവാഹിതനാകുന്നതിന് മുമ്പുതന്നെ, “എടാ കുഞ്ഞേ, നീ വന്ന് ഞാൻ ഇരിക്കുന്ന ഡിസ്ട്രിക്ടിൽ, എന്റെ വീടിനോട് ചേർന്നുള്ള സഭയിൽ ശുശ്രൂഷകനായി വരണം” എന്ന് പറഞ്ഞ്, ദൈവനിയോഗം തിരിച്ചറിഞ്ഞ് എന്നെ ഐ.പി.സി. റാന്നി വെസ്റ്റ് ഡിസ്ട്രിക്ടിൽ ശുശ്രൂഷയ്ക്കായി കൊണ്ടുവന്ന ദൈവദാസനായിരുന്നു അച്ചായൻ. എന്നോടുള്ള വാത്സല്യം നിമിത്തം ഒരു മകനെപ്പോലെ എന്നെ കണ്ടു. എന്റെ വിവാഹം ആലോചിക്കുന്നതിലും വിവാഹം നടത്തുന്നതിലും എന്റെ ഓർഡിനേഷനിലും അദ്ദേഹം നൽകിയ പിന്തുണയും അനുഗ്രഹവും ഒരിക്കലും മറക്കാനാവില്ല.

ഒരുമിച്ച് ശുശ്രൂഷിക്കാനും ഒരുമിച്ച് യാത്ര ചെയ്യാനും ഒരേ ബൈബിൾ കോളേജിൽ ഒരുമിച്ച് പഠിപ്പിക്കാനും അവസരം ലഭിച്ചത് ജീവിതത്തിലെ വിലപ്പെട്ട അനുഭവങ്ങളാണ്. അച്ചായനോടൊപ്പമുള്ള ഓരോ യാത്രയും ഓരോ സംഭാഷണവും ഓരോ ശുശ്രൂഷാ അനുഭവവും ഇന്ന് വിലമതിക്കാനാവാത്ത ഓർമ്മകളായി മാറിയിരിക്കുന്നു.

ഉപദേശസത്യങ്ങളുടെ കാര്യത്തിൽ ആരോടും ഒരണുവിടപോലും വിട്ടുവീഴ്ച ചെയ്യാത്ത ദൈവദാസനായിരുന്നു പാസ്റ്റർ കെ. കെ. ചെറിയാൻ. വചനസംബന്ധമായ വിഷയങ്ങളിൽ തന്റെ ബോധ്യങ്ങളിൽ ഉറച്ചുനിൽക്കുകയും സത്യത്തെ സത്യമായി പ്രസംഗിക്കുകയും ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. ഇന്നത്തെ കാലത്ത് വംശനാശഭീഷണി നേരിടുന്നതുപോലെ വിരലിലെണ്ണാവുന്നവരായി അവശേഷിക്കുന്ന പ്രാപ്തരും ശക്തരുമായ ദൈവദാസന്മാരിൽ പകരംവയ്ക്കാനില്ലാത്ത പരിണതപ്രജ്ഞനായ ശുശ്രൂഷകനായിരുന്നു അദ്ദേഹം.

“അധികാരമോഹവും സ്ഥാനത്തിനുവേണ്ടിയുള്ള പരക്കംപാച്ചിലും ഒരാളിൽ ഉണ്ടാകുന്നുവെങ്കിൽ അത് ആ വ്യക്തിയുടെ ആത്മീയ പരാജയത്തിന്റെ തുടക്കമാണ്” എന്ന് അച്ചായൻ പലതവണ എന്നോട് പറഞ്ഞിട്ടുണ്ട്. ശുശ്രൂഷയെ സ്ഥാനമോ അധികാരമോ ആയി കാണാതെ, ദൈവം ഏൽപ്പിച്ച ഉത്തരവാദിത്വമായി കാണണമെന്ന വലിയ പാഠമാണ് അദ്ദേഹത്തിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്.

വചനശുശ്രൂഷയിൽ ഉപദേശവിഷയങ്ങളും അന്ത്യകാലശാസ്ത്രവും (Eschatology) ഇത്ര കൃത്യമായും വ്യക്തമായും ആഴത്തോടെയും സംസാരിച്ചിരുന്ന ദൈവദാസന്മാരിൽ തലയെടുപ്പോടെ എന്നും പാസ്റ്റർ കെ. കെ. ചെറിയാൻ നിലകൊള്ളും. വിശുദ്ധി, വേർപാട് തുടങ്ങിയ വിഷയങ്ങളിലും അദ്ദേഹം യാതൊരു അനുരഞ്ജനത്തിനും തയ്യാറായിരുന്നില്ല. ഉപദേശസത്യങ്ങളോടുള്ള ഈ കാർക്കശ്യത തന്നെയായിരുന്നു അച്ചായന്റെ എടുത്തുപറയേണ്ട സവിശേഷതകളിലൊന്ന്.

എന്നാൽ ഉപദേശങ്ങളിൽ ഉറച്ചുനിന്ന അതേ വ്യക്തിയിൽ വാത്സല്യവും സ്നേഹവും കരുതലും ദീർഘവീക്ഷണവും ഉദാരമനസ്കതയും അനുദിന ജീവിതത്തിലെ ലാളിത്യവും നിറഞ്ഞുനിന്നിരുന്നു. എല്ലാവരെയും സ്നേഹിക്കുകയും കഴിയുന്നവിധം ശുശ്രൂഷിക്കുകയും ചെയ്ത ദൈവദാസനായിരുന്നു അദ്ദേഹം. അതിഥിസൽക്കാരത്തോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും എടുത്തുപറയേണ്ടതാണ്. കർശനമായ വചനബോധ്യങ്ങൾക്കൊപ്പം ഹൃദയത്തിൽ നിറഞ്ഞ സ്നേഹവും കരുതലും ഉണ്ടായിരുന്ന വ്യക്തിത്വമായിരുന്നു പാസ്റ്റർ കെ. കെ. ചെറിയാന്റേത്.

അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായി വലിയൊരു നഷ്ടമാണ്. ഒരു പിതാവിനെപ്പോലെ സ്നേഹിക്കുകയും വഴികാട്ടുകയും ചെയ്ത ദൈവദാസന്റെ വേർപാട് വാക്കുകൾകൊണ്ട് വിവരിക്കാനാവാത്ത വേദനയാണ്. എന്നാൽ ക്രിസ്തുവിൽ പ്രത്യാശയുള്ളവർക്ക് വേർപാട് അവസാനമല്ല. കർത്താവിൽ വിശ്വസിച്ച് ജീവിച്ചവർക്കായി ഒരു മഹത്തായ പ്രത്യാശ മുന്നിലുണ്ട്.

അതീവ ദുഃഖത്തോടെയും അതേസമയം അനുഗ്രഹീതമായ പ്രത്യാശയോടെയും പ്രിയ അച്ചായന് വിട. അമ്മാമ്മയെയും മക്കളെയും കുടുംബാംഗങ്ങളെയും ദൈവം തന്റെ ആശ്വാസത്താൽ ശക്തിപ്പെടുത്തട്ടെ. അച്ചായന്റെ ശുശ്രൂഷയും വചനസ്നേഹവും സത്യത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടും വരും തലമുറകൾക്ക് പ്രചോദനമാകട്ടെ.

കർത്താവ് തന്റെ ആയിരമായിരം വിശുദ്ധന്മാരുമായി വരുന്ന ആ പൊൻപുലരിയിൽ വീണ്ടും കാണാം. ❤️

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading