കോട്ടയം: ചിരിച്ചും ചിന്തിച്ചും പാടിയും ചർച്ച ചെയ്തും അനുഭവങ്ങൾ പങ്കുവെച്ചും ക്രൈസ്തവ എഴുത്തുകാരും മാധ്യമപ്രവർത്തകരും ഒത്തുചേർന്ന കുടുംബസംഗമം അവിസ്മരണീയമായി. നവംബർ 21ന് കുമരകത്തുനിന്ന് ആലപ്പുഴയിലേക്ക് നടത്തിയ ബോട്ട് യാത്രയും അനുബന്ധ പരിപാടികളും പങ്കെടുത്തവർക്ക് നവ്യാനുഭവമായി.


ലോകമെമ്പാടുമുള്ള മലയാളി പെന്തെക്കോസ്ത് മാധ്യമപ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷനാണ് കുടുംബസംഗമം സംഘടിപ്പിച്ചത്. അസോസിയേഷൻ പ്രസിഡന്റ് റവ. പി.ജി. മാത്യൂസ്, ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ, മീഡിയ കൺവീനർ സജി മത്തായി കാതേട്ട് എന്നിവർ നേതൃത്വം നൽകി. സാഹിത്യ മത്സരങ്ങളിലെ വിജയികൾക്കുള്ള പുരസ്കാരങ്ങൾ മരുപ്പച്ച ചീഫ് എഡിറ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ, ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് പാസ്റ്റർ ജെ. ജോസഫ്, ശാരോൻ ഫെല്ലോഷിപ്പ് റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് പാസ്റ്റർ സാം ടി. മുഖത്തല എന്നിവർ വിതരണം ചെയ്തു. എബി മാത്യു (യുഎഇ) മികച്ച ലേഖനത്തിനും ഡോ. കുഞ്ഞുമോൻ പോത്തൻകോട് മികച്ച ഫീച്ചറിനും ആഷേർ മാത്യു (കാനഡ) മികച്ച ഓൺലൈൻ രചനയ്ക്കുമുള്ള പുരസ്കാരങ്ങൾ നേടി. ക്രൈസ്തവ സാഹിത്യ അക്കാദമി പ്രസിഡന്റ് ടോണി ഡി. ചെവൂക്കാരൻ, ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ്സ് അസോസിയേഷൻ പ്രസിഡന്റ് ചാക്കോ കെ. തോമസ്, ശാരോൻ റൈറ്റേഴ്സ് ഫോറം ജനറൽ സെക്രട്ടറി പാസ്റ്റർ അനീഷ് കൊല്ലംകോട് എന്നിവർ പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി. മികച്ച ഓൺലൈൻ രചനയ്ക്കുള്ള പുരസ്കാരം ആഷർ മാത്യൂവിനു വേണ്ടി ഫിന്നി കാഞ്ഞങ്ങാട് ഏറ്റുവാങ്ങി.

‘കേരള പെന്തെക്കോസ്ത്: വേരുകൾ, വർത്തമാനം, ദർശനം’ എന്ന വിഷയത്തിൽ നടന്ന ചർച്ച ശ്രദ്ധേയമായി. ക്രൈസ്തവ ബോധി പ്രസിഡന്റ് ഷാജൻ ജോൺ ഇടയ്ക്കാട് മോഡറേറ്ററായിരുന്നു. ഫിന്നി കാഞ്ഞങ്ങാട്, ജോജി ഐപ്പ് മാത്യൂസ്, ഫിന്നി പി. മാത്യു, പി.എസ്. ചെറിയാൻ, പി.സി. ഗ്ലെന്നി, സാം കൊണ്ടാഴി, സന്ദീപ് വിളമ്പുകണ്ടം, പാസ്റ്റർമാരായ ഫിന്നി ജോർജ്, മുളവന മോഹൻദാസ്, സാംകുട്ടി ചാക്കോ, സാം ടി. മുഖത്തല, ജെ. ജോസഫ്, അച്ചൻകുഞ്ഞ് ഇലന്തൂർ, അനീഷ് കൊല്ലംകോട്, ഡോ. ജെയിംസ് ജോർജ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
പി.എസ്. ചെറിയാൻ രചിച്ച ‘ജെൻസി വൈബും നിർമ്മിത ബുദ്ധിയും’, ‘ജീവിതം പകുത്തു നൽകുന്നവർ’, ‘കേരള ക്രൈസ്തവ സഭ: ചരിത്രവഴികളും സംസ്കാരവും’ എന്നീ മൂന്ന് പുസ്തകങ്ങൾ ഹാലേലൂയ്യാ ചീഫ് എഡിറ്റർ പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ, ബഥേൽ ബൈബിൾ കോളേജ് പ്രിൻസിപ്പൽ ഡോ. ജെയിംസ് ജോർജ് വെണ്മണി എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. പാസ്റ്റർ പോൾ മാള രചിച്ച ലഘുലേഖകൾ സ്വർഗീയധ്വനി ചീഫ് എഡിറ്റർ ഫിന്നി പി. മാത്യുവും പാസ്റ്റർ ഫിന്നി ജോർജ് പുനലൂരും ചേർന്ന് പ്രകാശനം ചെയ്തു.
പാസ്റ്റർ കെ.ജെ. ജോബ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ലിഷ കാതേട്ട്, മെർലിൻ ഷിബു, സാറാ ജോജി എന്നിവർ ഗാനങ്ങൾ ആലപിച്ചു. സൗഹൃദവും സാഹിത്യവും ആത്മീയ കൂട്ടായ്മയും സമന്വയിച്ച കുടുംബസംഗമം പങ്കെടുത്തവർക്ക് മറക്കാനാവാത്ത അനുഭവമായി.

- Advertisement -


Comments are closed.