ലേഖനം: സ്വയം പ്രശംസയില്ലാത്തവൻ | ലിജി കോശി

ലോകം മുഴുവൻ തന്നെ അറിയണമെന്ന് ആഗ്രഹിക്കാത്ത, തന്റെ മഹത്വം സ്വയം വിളിച്ചുപറയാത്ത, മറിച്ച് തന്റെ പ്രവർത്തികളിലൂടെ സ്നേഹവും ത്യാഗവും എന്താണെന്ന് ലോകത്തിന് കാണിച്ചുകൊടുത്ത മഹത് വ്യക്തിത്വമാണ് യേശുക്രിസ്തു.

News Middle Advt Banner

ഇന്നത്തെ ലോകം സ്വയംപ്രശംസകളുടെ ലോകമാണ്. അർഹതയില്ലാത്ത സ്ഥാനങ്ങളും വ്യാജപ്രശസ്തിയും അധർമ്മത്തിന്റെയും നുണക്കഥകളുടെയും പിൻബലത്തിൽ കെട്ടിപ്പൊക്കിയവർ നിരവധിയാണ്. നന്മ ചെയ്യുമ്പോൾ പോലും അത് മറ്റുള്ളവർ അറിയണമെന്നും അതിലൂടെ തനിക്ക് അംഗീകാരവും സ്ഥാനമാനങ്ങളും ലഭിക്കണമെന്നും ആഗ്രഹിക്കുന്നവരാണ് പലരും. എന്നാൽ, ഈ ലോകത്തിന്റെ പതിവുകളിൽനിന്ന് തികച്ചും വ്യത്യസ്തനായി നിലകൊണ്ട വ്യക്തിത്വമാണ് ക്രിസ്തു.

യേശു രോഗികളെ സുഖപ്പെടുത്തി, വിശക്കുന്നവർക്ക് ആഹാരം നൽകി, പാപികളെന്ന് മുദ്രകുത്തപ്പെട്ടവരെ ചേർത്തുനിർത്തി, നിരാശരായവർക്ക് പ്രത്യാശയും അഗതികൾക്ക് ആശ്വാസവും പകർന്നു. എന്നാൽ, ഇതൊന്നും മനുഷ്യരുടെ പ്രശംസയോ കൈയടിയോ നേടുന്നതിനുവേണ്ടിയായിരുന്നില്ല. ഓരോ പ്രവർത്തനത്തിലൂടെയും മനുഷ്യജീവിതത്തിൽ ദൈവസ്നേഹം വെളിപ്പെടുത്തുകയായിരുന്നു അവിടുന്ന്. സ്വന്തം മഹത്വത്തേക്കാൾ മറ്റുള്ളവരുടെ നന്മയ്ക്കും സന്തോഷത്തിനുമായിരുന്നു ക്രിസ്തു പ്രാധാന്യം നൽകിയത്.

യഥാർത്ഥ മഹത്വം സ്വയം പുകഴ്ത്തുന്നതിലല്ല, ജീവിതംകൊണ്ട് അത് തെളിയിക്കുന്നതിലാണെന്ന വലിയ പാഠമാണ് ക്രിസ്തു നമുക്ക് നൽകുന്നത്. ശിഷ്യന്മാരുടെ കാലുകൾ കഴുകിയ ഗുരുവിനെ മറ്റെവിടെയാണ് നമുക്ക് കാണാനാകുക? അധികാരമുണ്ടായിട്ടും അഹങ്കരിക്കാത്ത, മഹത്വമുണ്ടായിട്ടും താഴ്മ സ്വീകരിച്ച, മഹോന്നതനായ ദൈവപുത്രനാണ് നമ്മുടെ ക്രിസ്തു.

തന്നെ സ്നേഹിച്ചവരെ മാത്രമല്ല യേശു സ്നേഹിച്ചത്. തന്നെ അപമാനിച്ചവരെയും നിന്ദിച്ചവരെയും അവിടുന്ന് സ്നേഹിച്ചു. തന്നെ ഉപദ്രവിച്ചവർക്കുപോലും ക്ഷമയും സ്നേഹവും പകർന്നു. ശത്രുക്കൾക്കുവേണ്ടി പ്രാർത്ഥിച്ച ആ ജീവിതമാണ് ക്രിസ്തീയ സ്നേഹത്തിന്റെ ഏറ്റവും വലിയ മാതൃക.

എന്നാൽ, ക്രിസ്തുവിനെ അനുഗമിക്കുന്നു എന്ന് അവകാശപ്പെടുന്ന നാം എത്രത്തോളം അവിടുത്തെ സ്വഭാവം നമ്മുടെ ജീവിതത്തിൽ പകർത്തുന്നുണ്ട്? നമ്മുടെ നന്മകൾ മറ്റുള്ളവർ അറിയാതെ പോകുമ്പോൾ നമുക്ക് വിഷമം തോന്നാറില്ലേ? നമ്മുടെ പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കാതെ വരുമ്പോൾ മനസ്സ് അസ്വസ്ഥമാകാറില്ലേ? മറ്റുള്ളവർ നമ്മെ അഭിനന്ദിക്കാതിരിക്കുമ്പോൾ നിരാശപ്പെടാറില്ലേ?

ഈ ചോദ്യങ്ങളെല്ലാം നാം നമ്മോടുതന്നെ ചോദിക്കേണ്ടതാണ്. കാരണം, ക്രിസ്തുവിനെക്കുറിച്ച് സംസാരിക്കുന്നതിനേക്കാൾ പ്രധാനമാണ് ക്രിസ്തുവിന്റെ സ്വഭാവം നമ്മുടെ ജീവിതത്തിലൂടെ വെളിപ്പെടുന്നത്.

മത്തായി 6:3-ൽ യേശു നൽകുന്ന ഉപദേശം ശ്രദ്ധേയമാണ്: ” നിന്റെ വലങ്കൈ ചെയ്യുന്നത് ഇടങ്കൈ അറിയരുത്.” മനുഷ്യരുടെ പ്രശംസയ്ക്കുവേണ്ടിയല്ല, ദൈവസന്നിധിയിൽ ഹൃദയശുദ്ധിയോടെ നന്മ ചെയ്യണമെന്ന വലിയ ആത്മീയസത്യമാണ് ഈ വചനത്തിലൂടെ ക്രിസ്തു നമ്മെ പഠിപ്പിക്കുന്നത്.

സ്വയം പ്രശംസിക്കാത്ത ക്രിസ്തു നമ്മെ പഠിപ്പിക്കുന്നത് പ്രശസ്തരാകാനല്ല, പ്രസക്തരാകാനാണ്; ഉയർന്നുനിൽക്കാനല്ല, മറ്റുള്ളവരെ ഉയർത്താനാണ്; അംഗീകാരം നേടാനല്ല, സ്നേഹം പകരാനാണ്.

നമ്മുടെ പേരുകൾ മനുഷ്യരുടെ അധരങ്ങളിൽ നിറയണമെന്നതിലുപരി, നമ്മുടെ പ്രവർത്തനങ്ങളിലൂടെ ക്രിസ്തുവിന്റെ സ്നേഹം മറ്റുള്ളവരുടെ ഹൃദയങ്ങളിൽ നിറയണമെന്നാണ് നാം ആഗ്രഹിക്കേണ്ടത്. നാം ചെയ്യുന്ന നന്മകളുടെ മഹത്വം സ്വയം വിളിച്ചുപറയേണ്ടതില്ല. നമ്മുടെ ജീവിതത്തിലൂടെ മറ്റുള്ളവർ അനുഭവിക്കുന്ന നന്മതന്നെ അതിന് സാക്ഷിയാകട്ടെ.

കാരണം, യഥാർത്ഥ ക്രിസ്തീയ ജീവിതം സ്വയം പ്രശംസിക്കുന്നതിലല്ല, സ്വന്തം ജീവിതത്തിലൂടെ ക്രിസ്തുവിനെ മഹത്വപ്പെടുത്തുന്നതിലാണ് വേരൂന്നിയിരിക്കുന്നത്.

ലിജി കോശി

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading