അബുദാബിയിൽ ആവേശ കടലിരമ്പി, ഇനി ഫൈനലിലേക്ക്. കെ. ഈ സെർവ് 2026 സിൻടെക് കപ്പ് നോക്ഔട്ട് മത്സരങ്ങൾ അവസാനിച്ചു
അബുദാബി: യു.എ.ഇ.യിലെ വിവിധ എമിറേറ്റുകളിലായി ക്രൈസ്തവ എഴുത്തുപുര (കെ.ഇ.) യു.എ.ഇ. ചാപ്റ്റർ പ്രോജക്ട് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇന്റർ ചർച്ച് ബാഡ്മിന്റൺ ടൂർണമെന്റായ കെ.ഇ. സെർവ് 2026 – സിൻടെക് കപ്പിന്റെ അബുദാബി ക്വാളിഫയേഴ്സ് നവംബർ 22 ഞായറാഴ്ച വൈകിട്ട് മുസഫ ഐകാഡ് 1-ലെ യൂണിവേഴ്സൽ സ്പോർട്സ് ഹബ് (USPORTS) കോർട്ടിൽ ആവേശകരമായി നടന്നു.അൽ ഐൻ അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനും കെ.ഇ. എക്സ് ഒഫീഷ്യലുമായ പാസ്റ്റർ ജോൺ സി. കടമ്മനിട്ടയുടെ പ്രാർത്ഥനയോടെ ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. കെ.ഇ. ജനറൽ കൗൺസിൽ അംഗവും ഇഗ്നൈറ്റർ ചീഫ് എഡിറ്ററുമായ പാസ്റ്റർ റിബി കെന്നത്ത് അധ്യക്ഷത വഹിച്ചു. അബുദാബി ഐ.പി.സി. ശുശ്രൂഷകൻ പാസ്റ്റർ സാബു മാത്യു ഉദ്ഘാടന സന്ദേശം നൽകി.
തുടർന്ന് ഇമ്മാനുവേൽ ഇന്റർനാഷണൽ ചർച്ചിലെ പാസ്റ്റർ സാം കെ. തോമസ്, യു.പി.എ. ചർച്ചിലെ പാസ്റ്റർ എബി കെ. കുര്യന് ആദ്യ സർവ് കൈമാറി മത്സരങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചു. കെ.ഇ. യു.എ.ഇ. ചാപ്റ്റർ പ്രോജക്ട് വൈസ് പ്രസിഡന്റ് ബ്രദർ റോബിൻ ലാലച്ചൻ ടീമുകളെ പരിചയപ്പെടുത്തി. കെ.ഇ. ട്രഷറർ ബ്രദർ ക്രിസ്റ്റി ചെറിയാൻ സ്പോൺസർമാരെ പരിചയപ്പെടുത്തി. കെ.ഇ. യു.എ.ഇ. ചാപ്റ്റർ പ്രസിഡന്റ് ബ്രദർ ജിൻസ് ജോയി അമ്പയർമാരെ പരിചയപ്പെടുത്തി.

വാശിയേറിയ മത്സരങ്ങളിൽ വിവിധ സഭകളിൽ നിന്നുള്ള ടീമുകൾ മികച്ച കായിക മികവ് പ്രകടിപ്പിച്ചു. കായിക പ്രേമികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മത്സരങ്ങളിൽ മൂന്നു തലമുറകളിൽ ഉൾപ്പെട്ട താരങ്ങൾ മാറ്റുരച്ചു. പ്രായത്തെ അതിജീവിക്കുന്ന കായിക കരുത്തുമായി അബുദാബി സിഐ ചർച്ചിനെ പ്രതിനിധീകരിച്ച് 62 വയസ്സുള്ള ചാൾസ് ജോൺ റാക്കറ്റ് എടുത്തപ്പോൾ, മറു കോർട്ടിൽ എതിരിടാൻ ആകട്ടെ ചെറുമകനോളം മാത്രം പ്രായമുള്ള 16 കാരൻ അബുദാബി ബെഥേൽ എ ജി ചർച്ചിലെ ജോവിൻ ബിജു.
സ്മാഷുകളും ഷോട്ടുകളും, അന്തരീക്ഷത്തിൽ മൂളി പറന്നപ്പോൾ കാണികളിൽ ആവേശപെരുമഴ പെയ്തിറങ്ങി.
ഇതോടെ അൽ ഐൻ, ഷാർജ, അബുദാബി മേഖലകളിലെ ക്വാളിഫയേഴ്സ് മത്സരങ്ങൾ പൂർത്തിയായി. മൂന്ന് എമിറേറ്റ്സുകളിൽ നിന്നുമായി കോളിഫയറിൽ യോഗ്യത നേടിയ 14 ടീമുകൾ ഇനി ടൂർണമെന്റിന്റെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് നവംബർ 29-ന് ഷാർജയിൽ റാക്കറ്റ് എന്തും.
സിൻടെക് ടെക്നിക്കൽ സർവീസസിന്റെ മുഖ്യ പങ്കാളിത്തത്തോടെയും ഹെഡ്ജസ് ഇൻഫർമേഷൻ ടെക്നോളജി, മണിയാട്ട് ഗ്രൂപ്പ് എന്നിവയുടെ സഹകരണത്തോടെയുമാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. യാസ്മെഡും അഹല്യ മെഡിക്കൽ ഗ്രൂപ്പും മെഡിക്കൽ സഹായം നൽകുന്നു.
60-ലധികം ടീമുകൾ പങ്കെടുക്കുന്ന കെ.ഇ. സെർവിന്റെ രണ്ടാം സീസൺ യു.എ.ഇ.യിലെ വിവിധ ദൈവസഭകൾക്കിടയിൽ സൗഹൃദവും ഐക്യവും സാഹോദര്യവും ശക്തിപ്പെടുത്തുന്നതിനുള്ള ശ്രദ്ധേയമായ കായിക വേദിയായി മാറുകയാണ്.

- Advertisement -


Comments are closed.