ബാഡ്മിന്റൺ ആവേശത്തിലേക്ക് അബുദാബി; കെ.ഇ. സെർവ് സിന്റെക് കപ്പ്‌ മത്സരങ്ങൾ ഇന്ന് 6 മണിക്ക് തുടക്കമാകും

അബുദാബി: യു.എ.ഇ.യിലെ ക്രൈസ്തവ സമൂഹത്തിനിടയിൽ കായിക സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശമുയർത്തി ക്രൈസ്തവ എഴുത്തുപുര (കെ.ഇ.) യു.എ.ഇ. ചാപ്റ്റർ സംഘടിപ്പിക്കുന്ന കെ.ഇ. സെർവ് ’26 – സിൻടെക് കപ്പ് ഇന്റർ ചർച്ച് ബാഡ്മിന്റൺ ടൂർണമെന്റിന്റെ അബുദാബി മേഖലാ മത്സരങ്ങൾ നവംബർ 22 ഞായറാഴ്ച നടക്കും. മുസഫ ഐകാഡ് 1-ലെ യൂണിവേഴ്സൽ സ്പോർട്സ് ഹബ് (USPORTS) ആണ് മത്സരവേദി. .അബുദാബിയിലെ വിവിധ ദൈവസഭകളെ പ്രതിനിധീകരിച്ച് ടീമുകൾ കോർട്ടിലിറങ്ങുന്നതോടെ കായികപ്രേമികൾക്ക് ആവേശകരമായ മത്സരങ്ങൾ ആസ്വദിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ആദ്യ സീസണിൽ ലഭിച്ച മികച്ച സ്വീകാര്യതയാണ് കൂടുതൽ വിപുലമായ രീതിയിൽ രണ്ടാം സീസൺ സംഘടിപ്പിക്കാൻ സംഘാടകർക്ക് പ്രചോദനമായത്. ഏഴ് എമിറേറ്റുകളിലായി നടക്കുന്ന മത്സരങ്ങളിൽ 60-ലധികം ടീമുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്
അൽ ഐനിലും ഷാർജയിലും പൂർത്തിയായ മേഖലാ യോഗ്യതാ മത്സരങ്ങൾ മികച്ച പങ്കാളിത്തത്തോടെയാണ് നടന്നത്. അതിന്റെ തുടർച്ചയായി അബുദാബിയിലും ആവേശകരമായ മത്സരങ്ങൾക്കാണ് വേദിയൊരുങ്ങുന്നത്.തികഞ്ഞ പ്രൊഫഷണലിസത്തോടും അച്ചടക്കത്തോടും കൂടി സംഘടിപ്പിക്കുന്ന ടൂർണമെന്റിലെ മത്സരങ്ങൾ ബി.ഡബ്ല്യു.എഫ് അംഗീകൃത അമ്പയർമാരുടെ നിയന്ത്രണത്തിലായിരിക്കും നത്തുന്നത്.
വിവിധ ദൈവസഭകളിലെ ശുശ്രൂഷകരും സഭാ പ്രതിനിധികളും കായികതാരങ്ങൾക്ക് പ്രോത്സാഹനവുമായി എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. സിൻടെക് ടെക്നിക്കൽ സർവീസസിന്റെ മുഖ്യ പങ്കാളിത്തത്തോടെയും ഹെഡ്ജസ് ഇൻഫർമേഷൻ ടെക്നോളജിയുടെയും മണിയാട്ട് ഗ്രൂപ്പിന്റെയും സഹകരണത്തോടെയുമാണ് ടൂർണമെന്റ് നടത്തുന്നത്. അഹല്യ മെഡിക്കൽ ഗ്രൂപ്പ് മത്സരവേദിയിൽ ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കും.
നവംബർ 29-ന് ഷാർജയിൽ നടക്കുന്ന സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളോടെ ടൂർണമെന്റിന് സമാപനമാകും.
വിജയികൾക്കും മികച്ച താരങ്ങൾക്കും അംഗീകാരം നൽകുന്നതിനപ്പുറം, വിവിധ സഭകളിൽ നിന്നുള്ള വിശ്വാസികൾക്ക് ഒരുമിച്ച് ഒത്തുചേരാനും സൗഹൃദബന്ധങ്ങൾ പുതുക്കാനും പരസ്പര ഐക്യം വളർത്താനുമുള്ള അവസരമാണ് കെ.ഇ. സെർവ് ’26 ഒരുക്കുന്നതെന്ന് സംഘാടകർ വ്യക്തമാക്കി. കായികവിനോദത്തിലൂടെ സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പകരുന്ന ഈ സംരംഭത്തിന് അബുദാബിയിലും മികച്ച പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading