ഐപിസി കേരള സ്റ്റേറ്റ് മുൻ വൈസ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ; സംസ്കാരം നവംബർ 5 ന്
ആലപ്പുഴ: ഐപിസി സീനിയർ ശുശ്രൂഷകനും ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ മുൻ വൈസ് പ്രസിഡന്റും ഐപിസി ആലപ്പുഴ വെസ്റ്റ് സെന്റർ ശുശ്രൂഷകനുമായിരുന്ന പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ആലപ്പുഴയുടെ ആത്മീയ ശുശ്രൂഷാരംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമായിരുന്ന അദ്ദേഹം ആലപ്പുഴയുടെ അപ്പോസ്തലൻ എന്ന പേരിലും അറിയപ്പെട്ടിരുന്നു.

പത്തനംതിട്ട ജില്ലയിലെ മല്ലശ്ശേരിയിൽ വിളവിനാൽ പന്തലോടിൽ കുടുംബത്തിൽ ജനിച്ച അദ്ദേഹം ദീർഘകാലം പെന്തെക്കോസ്ത് ശുശ്രൂഷാരംഗത്ത് സജീവമായിരുന്നു. ഐപിസിയുടെ കേരളത്തിലെ ആത്മീയവും സംഘടനാപരവുമായ പ്രവർത്തനങ്ങളിൽ നേതൃത്വപരമായ ഉത്തരവാദിത്വങ്ങൾ വഹിച്ച അദ്ദേഹം സഭയുടെ വളർച്ചയ്ക്കും ശുശ്രൂഷാ പ്രവർത്തനങ്ങൾക്കും വിലപ്പെട്ട സംഭാവനകൾ നൽകി. ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ വൈസ് പ്രസിഡന്റ് എന്ന നിലയിലും ആലപ്പുഴ വെസ്റ്റ് സെന്റർ ശുശ്രൂഷകൻ എന്ന നിലയിലും സഭയുടെ വിവിധ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്കുവഹിച്ചു.
ഭാര്യ പരേതയായ ലീലാമ്മ. മക്കൾ: വെസ്ലി പി. എബ്രഹാം (ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ മുൻ അംഗം, പി.വൈ.പി.എ മുൻ ട്രഷറർ), പ്രിൻസിലി. മരുമക്കൾ: മിനി വെസ്ലി, ബിനോയ്.
സംസ്കാരം നവംബർ 5 വ്യാഴാഴ്ച ആലപ്പുഴയിൽ നടക്കും. ഒക്ടോബർ 31 മുതൽ നവംബർ 4 ബുധനാഴ്ച വരെ എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ 8 വരെ ഭവനത്തിൽ പ്രാർത്ഥന ഉണ്ടായിരിക്കും. ഈ ദിവസങ്ങളിൽ ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്റ്റിലെ ശുശ്രൂഷകർക്കും വിശ്വാസികൾക്കും അനുശോചന സന്ദേശങ്ങൾ അറിയിക്കാനുള്ള അവസരമുണ്ടാകും.
നവംബർ 5ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ ഭവനത്തിൽ ശുശ്രൂഷകൾ നടക്കും. രാവിലെ 11 വരെ അനുശോചന സന്ദേശങ്ങൾക്കും പുത്രികാ സംഘടനകൾ ഉൾപ്പെടെയുള്ളവരുടെ ആദരാഞ്ജലികൾക്കും അവസരമുണ്ടാകും. തുടർന്ന് 11 മുതൽ 12 വരെ കുടുംബാംഗങ്ങൾക്കായുള്ള സമയവും വചനശുശ്രൂഷയും ക്രമീകരിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് ഒരു മണിക്ക് ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്റ്റിന്റെ കളർകോട് സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ നടക്കും.

- Advertisement -


Comments are closed.