ലേഖനം: പത്ഥ്യമാക്കുന്ന ഉറവ | പാസ്റ്റർ സണ്ണി പി സാമുവൽ
യോർദ്ദാൻ നദീതടം ഹെർമ്മോൻ സമതലം മുതൽ ചെങ്കടലിന്റെ കിഴക്കേ കൊമ്പായ അക്വാബ ഉൾക്കടൽ വരെയുള്ള 420 കിലോമീറ്റർ ദൂരം ആണ്. ഈ ഭൂപ്രദേശത്തെ യോർദ്ദാൻ വിള്ളൽ താഴ്‌വര (Jordan Rift Valley) എന്നാണു പൊതുവേ വിളിച്ചുവരുന്നത്. ഈ 420 കിലോമീറ്റർ ദൂരത്തെ നാലു മേഖലകളായിട്ടാണു തിരിച്ചിരിക്കുന്നത്. വടക്കൻഭാഗം ഹെർമ്മോൻ സമതലം മുതൽ ഗലീലക്കടലിന്റെ വടക്കുവരെ 64 കിലോമീറ്റർ ദൂരം. ഗലീലക്കടലിന്റെ തെക്കുമുതൽ ചാവുകടലിന്റെ വടക്കുവരെ 112 കിലോമീറ്റർ ദൂരം “ലോവർ യോർദ്ദാൻ വാലി.” ചാവുകടൽ തടം 63 കിലോമീറ്റർ. ചാവുകടലിന്റെ തെക്കുമുതൽ അക്വാബാ മുനമ്പുവരെ 160 കിലോമീറ്റർ ദൂരം “വാദി അരാബ.” ഇതിന്റെ കൂടെ ഗലീലക്കടലിന്റെ 21 കിലോമീറ്റർ ദൂരം കൂടി ചേർക്കുമ്പോൾ ആകെ ദൂരം 420 കിലോമീറ്റർ എന്നു കിട്ടുന്നു. ഇതു ഏകദേശ കണക്കാണ്.

ചാവുകടൽ രൂപപ്പെടുന്നതിനു മുമ്പു യോർദ്ദാൻ നദി വിള്ളൽ സമതലത്തിലൂടെ ഒഴുകി ചെങ്കടലിൽ നിർബന്ധിച്ചിരുന്നു. ഉപ്പുകടൽ രൂപപ്പെടുന്നതിനു മുമ്പു ഈ ഭൂപ്രദേശം “നീരോട്ടം ഉള്ളതും യഹോവയുടെ തോട്ടം പോലെയും മിസ്രയീംദേശം പോലെയും ആയിരുന്നു” (ഉല്പത്തി:13:10). ഇവിടം പണ്ടു മഴക്കാടുകൾ നിറഞ്ഞതായിരുന്നു എന്നു പുരാവസ്തുശാസ്ത്രം പറയുന്നു. ചാവുകടലിന്റെ അടിത്തട്ടിൽ നിന്നുള്ള 15000 വർഷം പഴക്കമുള്ള അവസാദവസ്തുക്കളെ പഠനങ്ങൾക്കു വിധേയമാക്കിയാണു ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത്. ജർമ്മൻ റിസർച്ച് സെൻറർ ഫോർ ജിയോ സയൻസസിലെ (GFZ) ഡാനിയേല മുള്ളറും അഖീം ബ്രായറും ഹീബ്രു യൂണിവേഴ്സിറ്റിയിലെ ഗവേഷകരും ചേർന്നു നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് 2022 ഏപ്രിൽ പ്രസിദ്ധീകരിച്ച യെരൂശലേം പോസ്റ്റ് (https://www.jpost.com/science/article-705318 ), സയൻസ് ഡെയിലി (https://www.sciencedaily.com/releases/2022/04/220427100454.htm ), GFZ (https://www.gfz.de/en/press/news/details/neues-aus-der-klimageschichte-des-toten-meeres ) എന്നീ ശാസ്ത്രീയ മാഗസിനുകളുടെ ലിങ്ക്സിൽ ലഭ്യമാണ്. യോർദ്ദാന്റെ വൻകാടിനെക്കുറിച്ചും അതിലെ സിംഹത്തെകുറിച്ചും വൻകാടിന്റെ ചുറ്റുമുള്ള എപ്പോഴും പച്ചയായിരിക്കുന്ന മേച്ചല്പുറങ്ങളെക്കുറിച്ചും (പുൽമേട്) ബൈബിളിൽ പ്രതിപാദനം ഉണ്ടല്ലോ (യിരെ:12:5;49;19;50:44). ഈ പ്രവചനവാക്യങ്ങളിൽനിന്നു ഞാൻ മനസ്സിലാക്കുന്നതു, ഇന്നത്തെ നെഗേവുമരുഭൂമി മുഴുവൻ ഒരുകാലത്തു യോർദ്ദാന്റെ നീരോട്ടമേഖല (Catchment area) ആയിരുന്നിരിക്കണം എന്നാണ്. ഇന്നത്തെ യിസ്രായേലിന്റെ ഭൂവിസ്തൃതിയുടെ 60% വരുന്ന 14475 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ നെഗേവ് മരുഭൂമി പരന്നുകിടക്കുന്നു. ചരിത്രരേഖകൾപ്രകാരം എ.ഡി., പതിമൂന്നാം നൂറ്റാണ്ടിൽ കുരിശുയുദ്ധങ്ങളുടെ കാലംവരെ യോർദ്ദാൻസമതലങ്ങളിൽ ഏഷ്യൻ സിംഹങ്ങൾ ഉണ്ടായിരുന്നു. അങ്ങനെയെങ്കിൽ ഉപ്പുകടൽ രൂപപ്പെടുന്നതിനു മുമ്പു ഇവിടം ഘോരവനം ആയിരുന്നിയിക്കണം. സിംഹങ്ങളുടെ ഇരയായ മൃഗസമ്പത്തും ഇവിടെ ധാരാളമായി ഉണ്ടായിരുന്ന ഒരു ആവാസവ്യവസ്ഥയായരിക്കണം ഇവിടം. അന്നു ഈ പ്രദേശം സിദ്ദീംതാഴ്‌വര എന്നാണു അറിയപ്പെട്ടിരുന്നത്. ഇപ്പോൾ അതു ഉപ്പുകടൽ ആകുന്നു (ഉല്പത്തി:14:3). അന്നു ഈ വിശാലഭൂപ്രദേശത്തിൽ സൊദോം, ഗൊമോറ, ആദ്മ, സെബോയിം, ബേല എന്നീ പഞ്ചനഗരരാഷ്ട്രങ്ങളും; ശാലേം തലസ്ഥാനനഗരിയാക്കി രാജതാഴ്‌വര എന്നും ശാവേതാഴ്‌വര എന്നും പേരുള്ള പ്രദേശവും ഉൾപ്പെട്ട വിശാലരാജ്യവും ഉണ്ടായിരുന്നു. മൽക്കീസേദെക് അവിടം വാണിരുന്നു (ഉല്പത്തി:14:17,18). അന്നു ഇവിടമെല്ലാം താഴ്‌വര എന്ന വാക്കിനാൽ പരിചയപ്പെടുത്തുന്നതിനാൽ, യെഹൂദ്യമലനാടും തെക്കു അരാബാ മലനിരകളും ഇല്ലായിരുന്നുവെന്നു അനുമാനിക്കാം. ഇവയെല്ലാം ചാവുകടൽ ഉണ്ടായതിന്റെ ഉല്പന്നങ്ങളാണ്.
ചാവുകടലിന്റെ (Dead Sea) നിലവിലെ അളവുകളും വിസ്തൃതിയും താഴെ പറയുന്നപ്രകാരമാണ്. നിലവിൽ ചാവുകടലിന്റെ വിസ്തൃതി (Surface Area) ഏകദേശം 590 മുതൽ 605 ചതുരശ്ര കിലോമീറ്റർ (sq km) വരെയാണ്. സമുദ്രനിരപ്പിൽ നിന്നും നോക്കുമ്പോൾ ഭൂമിയിലെ ഏറ്റവും താഴ്ന്ന പ്രദേശമാണിത്. യിസ്രായേൽ വാട്ടർ അതോറിറ്റിയുടെ ഒടുവിലത്തെ കണക്കുകൾ പ്രകാരം ചാവുകടലിന്റെ ഉപരിതലം ആഗോള സമുദ്രനിരപ്പിൽനിന്നു ഏകദേശം 441.33 മീറ്റർ താഴെയാണ്. ചാവുകടലിന്റെ ഏറ്റവും കൂടിയ ആഴം (Water Column) ഏകദേശം 280 മുതൽ 300 മീറ്റർ വരെയാണ്. അങ്ങനെ മൊത്തം സമുദ്രനിരപ്പിൽനിന്നു ചാവുകടലിന്റെ ഏറ്റവും അടിത്തട്ടിലേക്കുള്ള ആകെ ദൂരം (Total depth from sea level) കണക്കാക്കിയാൽ അതു ഏകദേശം 728-741 മീറ്റർ താഴെയാണ്. ലോകത്തിലെ ഏറ്റവും ആഴമേറിയ ഉപ്പുവെള്ള തടാകമാണിത്. ചാവുകടലിൽ (Dead Sea) നിലവിലുള്ള മൊത്തം ജലത്തിന്റെ അളവു ഏകദേശം 114 ക്യുബിക് കിലോമീറ്റർ (km³) ആണ്. ഈ 114 ക്യുബിക് കി.മീ. വെള്ളത്തിൽ 34 ശതമാനത്തിലധികവും വെറും ഉപ്പും മറ്റു ധാതുക്കളുമാണ് (Minerals). അതുകൊണ്ടുതന്നെ ഇതിൽ അടങ്ങിയിരിക്കുന്ന യഥാർത്ഥ ശുദ്ധജലത്തിന്റെ അളവു ഇതിലും വളരെ കുറവാണ്. 1960-കളിൽ ചാവുകടലിൽ ഏകദേശം 143 ക്യുബിക് കിലോമീറ്റർ വെള്ളമുണ്ടായിരുന്നു. കഴിഞ്ഞ പതിറ്റാണ്ടുകളിലെ ശക്തമായ ബാഷ്പീകരണം കാരണം ഇതിൽ നിന്നും ഏകദേശം 29 ക്യുബിക് കിലോമീറ്ററിലധികം വെള്ളം അന്തരീക്ഷത്തിലേക്കു വറ്റിപ്പോയിക്കഴിഞ്ഞു. യോർദ്ദാൻനദിയിൽ നിന്നുള്ള ജലത്തിന്റെ ഒഴുക്കു കുറഞ്ഞതും ശക്തമായ ബാഷ്പീകരണവും കാരണം ചാവുകടലിലെ ജലനിരപ്പു ഓരോ വർഷവും ഏകദേശം 1 മീറ്റർ വീതം താഴ്ന്നുകൊണ്ടിരിക്കുകയാണ്. അതിനാൽ ഇതിന്റെ അളവുകൾ നിരന്തരം മാറിക്കൊണ്ടിരിക്കുന്നു.
1930-ൽ ചാവുകടലിനു (Dead Sea) ഇന്നത്തേതിനേക്കാൾ വളരെ കൂടുതൽ വിസ്തൃതിയും ആഴവുമുണ്ടായിരുന്നു. മനുഷ്യനിർമ്മിതമായ കാരണങ്ങളാൽ (യോർദ്ദാൻ നദിയിലെ ജലം തിരിച്ചുവിട്ടതു ഉൾപ്പെടെ) ജലനിരപ്പു താഴുന്നതിനു മുമ്പുള്ള അതിന്റെ യഥാർത്ഥ അളവുകൾ താഴെ പറയുന്നവയാണ്. 1930-ൽ ചാവുകടലിന്റെ ആകെ വിസ്തൃതി (Surface Area) 1,050 ചതുരശ്ര കിലോമീറ്റർ (sq km) ആയിരുന്നു. അതായത്, അക്കാലത്തുണ്ടായിരുന്ന വിസ്തൃതിയുടെ 40%-ത്തിലധികം ഇന്നു നഷ്ടപ്പെട്ടു കഴിഞ്ഞു. അക്കാലത്തു ചാവുകടലിന്റെ ഉപരിതലം ആഗോള സമുദ്രനിരപ്പിൽ നിന്നും ഏകദേശം 390 മീറ്റർ താഴെയായിരുന്നു (-390 meters). ഇന്നു ജലനിരപ്പു സമുദ്രനിരപ്പിൽനിന്നു 441 മീറ്ററിലധികം താഴെയാണ്. 1930-ൽ വെള്ളത്തിന്റെ മാത്രം ആഴം (കൂടിയ ആഴം) ഏകദേശം 340 മുതൽ 350 മീറ്റർ വരെയായിരുന്നു. ഇന്നത്തെക്കാൾ ഏകദേശം 50 മീറ്ററിലധികം അധികം വെള്ളം അന്നു തടാകത്തിലുണ്ടായിരുന്നു എന്നു സാരം. സമുദ്രനിരപ്പിൽ നിന്നും ചാവുകടലിന്റെ ഏറ്റവും താഴെയുള്ള അടിത്തട്ടിലേക്കുള്ള ആകെ ദൂരം അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഇതു ഏകദേശം 730 മുതൽ 740 മീറ്റർ വരെയാണ്. അക്കാലത്തു ഈ ആഴത്തിന്റെ പകുതിയോളം ഭാഗം വെള്ളത്താൽ മൂടപ്പെട്ടിരുന്നു. ചാവുകടലിന്റെ തെക്കൻ ഭാഗം (Southern Basin) 1930-കളിൽ പൂർണ്ണമായും വെള്ളത്തിനടിയിലായിരുന്നു. എന്നാൽ ഇന്നതു പൂർണ്ണമായി വറ്റി വരണ്ടു, വെറും ഉപ്പുപാടങ്ങളായി (Evaporation pans) മാറിയിരിക്കുകയാണ്.
ചാവുകടലിനെ വീണ്ടും 1930-ലെ പഴയ അളവുകളിലേക്കു -1,050 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിലേക്ക്- തിരികെ എത്തിക്കാൻ ഏകദേശം 50 മുതൽ 55 ക്യുബിക് കിലോമീറ്റർ (km³) വെള്ളം ആവശ്യമാണ്. സമുദ്രനിരപ്പുവരെ നിറയ്ക്കാൻ 410-500 ക്യുബിക് കി.മീ. വെള്ളവും വേണം. ലോകത്തിലെ ഏറ്റവും വലിയ നദിയായ ആമസോൺ വിചാരിച്ചാൽ വെറും 3 ദിവസത്തെ ഒഴുക്കുകൊണ്ടു ചാവുകടലിനെ പഴയപടി നിറയ്ക്കാം. ഇതു ഈറി തടാകത്തിലെ (Lake Erie) മുഴുവെള്ളത്തിനും തുല്യമാണ്. അതു വീണ്ടും വറ്റിപ്പോകാതിരിക്കാൻ എല്ലാ വർഷവും 1.4 മുതൽ 1.8 ക്യുബിക് കി.മീ. വെള്ളം വീതം അധികമായി വേണ്ടിവരും.
തെക്കേദേശം
നെഗേവു മരുഭൂമിയെയാണു തെക്കേദേശം എന്നു വിശേഷിപ്പിച്ചിരിക്കുന്നത്. ചാവുകടൽ കവിഞ്ഞൊഴുകി നെഗേവു മരുഭൂമിയെ പൂർണ്ണമായും ഹരിതാഭവും ഫലഭൂയിഷ്ടവുമാക്കാൻ പ്രതിവർഷം 0.6 മുതൽ 1.3 ക്യുബിക് കിലോമീറ്റർ (km³) വരെ ശുദ്ധജലം ആവശ്യമാണ്. നിലവിൽ യിസ്രായേൽ തങ്ങളുടെ അത്യാധുനിക ഡ്രിപ്പ് ഇറിഗേഷൻ (തുള്ളിനന) സാങ്കേതികവിദ്യ ഉപയോഗിച്ചാണു ഈ മരുഭൂമിയുടെ ഒരു നിശ്ചിത ശതമാനം കൃഷിഭൂമിയാക്കി മാറ്റിയിട്ടുള്ളത്. ഇതിനായി പ്രതിവർഷം ഏകദേശം 0.3 മുതൽ 0.5 ക്യുബിക് കിലോമീറ്റർ വെള്ളമാണ് അവർ നിലവിൽ ഉപയോഗിക്കുന്നത്.
തുള്ളിനന രീതി
ആധുനിക തുള്ളിനന (Modern Drip Irrigation) സംവിധാനം കണ്ടുപിടിച്ചതു യിസ്രായേലിലാണ്. കൃഷിരംഗത്തു വിപ്ലവം സൃഷ്ടിച്ച ഈ കണ്ടുപിടിത്തത്തിനു പിന്നിൽ പോളണ്ടിൽ ജനിച്ച യിസ്രായേലി ജലവിഭവ എഞ്ചിനീയറായ സിംഖ ബ്ലാസും (Simcha Blass) അദ്ദേഹത്തിന്റെ മകൻ യെശയ്യാഹുവുമാണ്. ആ ചരിത്രം യാദൃശ്ചികമായ ആ കണ്ടെത്തൽ ആയിരുന്നു.
1930-കളിൽ യിസ്രായേലിലെ ഒരു കൃഷിസ്ഥലത്തുകൂടി നടക്കുകയായിരുന്ന സിംഖ ബ്ലാസ് ഒരു അത്ഭുതക്കാഴ്ച കണ്ടു. വരണ്ട പ്രദേശത്തെ ഒരു വരി മരങ്ങളിൽ ഒരെണ്ണം മാത്രം മറ്റു മരങ്ങളെ അപേക്ഷിച്ചു വളരെ പച്ചപ്പോടും വലിപ്പത്തോടും കൂടി വളർന്നുനിൽക്കുന്നു.
അതിനെക്കുറിച്ചു കൂടുതൽ അന്വേഷിച്ച അദ്ദേഹം മരത്തിന്റെ ചുവട്ടിലായി മണ്ണിൽ ഒളിച്ചുകടന്നിരുന്ന ഒരു ജലസംഭരണി പൈപ്പിൽ ചെറിയൊരു സുഷിരമുള്ളതായി കണ്ടെത്തി. അതിലൂടെ വെള്ളം തുള്ളിത്തുള്ളിയായി (Drip) നിരന്തരം ആ മരത്തിന്റെ വേരുകളിലേക്കു വീണുകൊണ്ടിരിക്കുന്നതു കണ്ടു. മണ്ണിൽ വെള്ളം കെട്ടിനിർത്താതെ, വേരുകളിലേക്കു നേരിട്ടു ആവശ്യത്തിനുമാത്രം ഈർപ്പം നല്കുന്നതാണു ചെടിയുടെ മികച്ച വളർച്ചയ്ക്കു കാരണമെന്നു അദ്ദേഹം തിരിച്ചറിഞ്ഞു. ഈ ആശയത്തിൽനിന്നു ഒരു ജലസേചനരീതി വികസിപ്പിക്കാൻ ബ്ലാസ് ശ്രമിച്ചെങ്കിലും തുടക്കത്തിൽ വലിയ വെല്ലുവിളികൾ നേരിട്ടു. പൈപ്പുകളിൽ ചെറിയ സുഷിരങ്ങൾ ഇടുമ്പോൾ വെള്ളത്തിലുള്ള ചെറിയ മണൽത്തരികളും അഴുക്കും കാരണം ഈ സുഷിരങ്ങൾ പെട്ടെന്നു അടഞ്ഞുപോകുമായിരുന്നു. 1950-കളിൽ പ്ലാസ്റ്റിക് സാങ്കേതികവിദ്യ വികസിച്ചതോടെ ബ്ലാസിനും മകനും ഒരു പുതിയ വഴി തുറന്നുകിട്ടി. അവർ പൈപ്പുകളിൽ ചെറിയ സുഷിരങ്ങൾക്കു പകരം, പ്ലാസ്റ്റിക് കൊണ്ടുള്ള പ്രത്യേക ഘടകങ്ങൾ (Emitters/Drippers) നിർമ്മിച്ചു. ഇവയ്ക്കുള്ളിലെ വലിയ വളഞ്ഞുപുളഞ്ഞ പാതകളിലൂടെ വെള്ളം കടന്നുപോകുമ്പോൾ ഘർഷണം (Friction) കാരണം വെള്ളത്തിന്റെ വേഗത കുറയുകയും, പൈപ്പുകൾ അടഞ്ഞുപോകാതെ കൃത്യമായ അളവിൽ വെള്ളം തുള്ളികളായി പുറത്തേക്കു വരികയും ചെയ്തു. വർഷങ്ങൾ നീണ്ട പരീക്ഷണങ്ങൾക്കൊടുവിൽ 1959-ൽ അവർ ആദ്യത്തെ പ്രായോഗിക തുള്ളിനന സംവിധാനം വിജയകരമായി വികസിപ്പിച്ചു. ഹീബ്രു ഭാഷയിൽ ‘ഇറ്റിക്കുന്ന ഉപകരണം’ എന്നർത്ഥം വരുന്ന ‘തഫ്തെഫെത്’ (Taftefet) എന്നാണു ഇതിനു പേരിട്ടത്. തുടർന്നു 1960-ൽ ഈ സാങ്കേതികവിദ്യയ്ക്കു അവർ പേറ്റന്റ് സ്വന്തമാക്കി. തന്റെ കണ്ടുപിടിത്തം വൻതോതിൽ ഉല്പാദിപ്പിക്കുന്നതിനായി സിംഹ ബ്ലാസ് യിസ്രായേലിലെ നെഗേവ് മരുഭൂമിയിലുള്ള ‘കിബ്ബുറ്റ്സ് ഹാറ്റ്സെറിം’ (Kibbutz Hatzerim) എന്ന കാർഷിക സമൂഹവുമായി കൈകോർത്തു. അങ്ങനെ 1965-ൽ ‘നെറ്റാഫിം’ (Netafim) എന്ന ലോകത്തിലെ ആദ്യത്തെ തുള്ളിനന കമ്പനി സ്ഥാപിതമായി. ഹീബ്രുവിൽ നെറ്റാഫിം എന്നാൽ ‘വെള്ളത്തുള്ളികൾ’ എന്നാണ് അർത്ഥം.
ഈ കണ്ടുപിടിത്തത്തിന്റെ പ്രാധാന്യം
ജലലാഭം:- സാധാരണ ജലസേചന രീതികളെ അപേക്ഷിച്ച് 70% മുതൽ 90% വരെ ജലലാഭം ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കുന്നു.
മരുഭൂമിയിലെ കൃഷി:- ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് യിസ്രായേൽ തങ്ങളുടെ വരണ്ട നെഗേവ് മരുഭൂമിയെ ഹരിതാഭമായ കൃഷിഭൂമിയാക്കി മാറ്റി.
ആഗോള വിപ്ലവം:-ഇന്നു ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള 150-ലധികം രാജ്യങ്ങളിലെ ദശലക്ഷക്കണക്കിനു കർഷകർ വരൾച്ചയെ പ്രതിരോധിക്കാനും വിളവു വർദ്ധിപ്പിക്കാനും ഈ യിസ്രായേലി സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.
ഉപസംഹാരം
എന്നാൽ ആയിമാണ്ടു വാഴ്ചക്കാലത്തു പാലസ്തീനിന്റെ ഭൂപ്രകൃതി ഇളകിമറിയുകയും ആലയത്തിൽനിന്നു പത്ഥ്യമാക്കുന്ന ഉറവ പെട്ടിപ്പുറപ്പെടുകയും ചെയ്യുമ്പോൾ ഈ ഭൂവിഭാഗം അതിന്റെ പണ്ടത്തെ സ്ഥിതിയിലേക്കു മടങ്ങിവരും. ഉപ്പുകടൽ നിറഞ്ഞു കവിഞ്ഞൊഴുകും. തെക്കേദേശത്തിന്റെ ജലദാരിദ്രം മാറും. “അന്നാളിൽ, മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും; മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും” (യെശയ്യാ: 35:6). “ഞാൻ (യഹോവ) മരുഭൂമിയിൽ ദേവദാരു, ഖദിരമരം, കൊഴുന്തു, ഒലിവുവൃക്ഷം എന്നിവ നടും; ഞാൻ നിർജ്ജനപ്രദേശത്തു സരളവൃക്ഷവും പയിൻ മരവും പുന്നയും വെച്ചുപിടിപ്പിക്കും യഹോവയുടെ കൈ അതു ചെയ്തു എന്നും യിസ്രായേലിന്റെ പരിശുദ്ധൻ അതു സൃഷ്ടിച്ചു എന്നും അവരെല്ലാവരും കണ്ടു അറിഞ്ഞു വിചാരിച്ചു ഗ്രഹിക്കേണ്ടതിന്നു തന്നേ”(യെശയ്യാ:41:19,20). “ഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു; അതു ഇപ്പോൾ ഉത്ഭവിക്കും; നിങ്ങൾ അതു അറിയുന്നില്ലയോ? അതേ, ഞാൻ മരുഭൂമിയിൽ ഒരു വഴിയും നിർജ്ജനപ്രദേശത്തു നദികളും ഉണ്ടാക്കും.
ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ജനത്തിന്നു കുടിപ്പാൻ കൊടുക്കേണ്ടതിന്നു ഞാൻ മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു നദികളും നല്കിയിരിക്കുന്നതുകൊണ്ടു കാട്ടുമൃഗങ്ങളും കുറുക്കന്മാരും ഒട്ടകപ്പക്ഷികളും എന്നെ ബഹുമാനിക്കും” (യെശയ്യാവ് 43:19,20).
അതേ, പാലസ്തീനിന്റെ ആവാസവ്യവസ്ഥ ആകെ മാറും. വനം, പുൽമേട്, കൃഷിഭൂമി; ഉറവ, നീരൊഴുക്ക്, അരുവി, തോടുകൾ; വന്യമൃഗങ്ങൾ, കാർഷികമേഖലയെ സമ്പന്നമാക്കുന്ന വളർത്തുമൃഗങ്ങൾ എല്ലാം അവിടെ ഉണ്ടാകും. “നീ വേഗം ചെന്നു ഈ ബാല്യക്കാരനോടു സംസാരിച്ചു: യെരൂശലേം അതിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ബഹുത്വംനിമിത്തം മതിലില്ലാതെ തുറന്നുകിടക്കും എന്നു പറക.എന്നാൽ ഞാൻ അതിന്നു ചുറ്റും തീമതിലായിരിക്കും; ഞാൻ അതിന്റെ നടുവിൽ മഹത്വമായിരിക്കും എന്നു യഹോവയുടെ അരുളപ്പാടു”(സെഖ:2 :4,5). ഇതു പ്രവചനമാണ്. പ്രവചനം നിവൃത്തിക്കപ്പെടാനുള്ളതാണ്. ആതു നിവൃത്തിക്കപ്പെടും നിശ്ചയം.
പാസ്റ്റർ സണ്ണി പി സാമുവൽ

- Advertisement -


Comments are closed.