ഹൈദരാബാദ്: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ–തെലങ്കാന സ്റ്റേറ്റ് പ്രവർത്തനങ്ങൾക്ക് ഒരു വർഷം പൂർത്തിയായി. 2025 സെപ്റ്റംബർ 15ന് സൗത്ത് ഏഷ്യൻ സൂപ്പർവൈസർ റവ. സി.സി. തോമസിന്റെ നേതൃത്വത്തിൽ നടന്ന സമർപ്പണ ശുശ്രൂഷയോടെയാണ് തെലങ്കാനയിലെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചത്. ചർച്ച് ഓഫ് ഗോഡ് സെൻട്രൽ ഈസ്റ്റ് റീജിയനിൽ ഏകദേശം രണ്ട് പതിറ്റാണ്ടോളം ശുശ്രൂഷ ചെയ്ത പാസ്റ്റർ പി.ജെ. ജോണിനെ തെലങ്കാന സ്റ്റേറ്റ് റെപ്രസെന്റേറ്റീവായി നിയമിച്ചു. 42 പാസ്റ്റർമാരും അവരുടെ സഭകളുമായാണ് പ്രവർത്തനങ്ങൾക്ക് തുടക്കമായത്.

ആദ്യ വർഷത്തിൽ വിവിധ വെല്ലുവിളികൾ നേരിട്ടെങ്കിലും, ദൈവം നൽകിയ ദർശനത്തിൽ ഉറച്ചുനിന്ന് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചതായി നേതൃത്വം അറിയിച്ചു. സ്നേഹവും ഐക്യവും നിലനിർത്തി വിവിധ മേഖലകളിൽ നിന്നുള്ള ദൈവദാസന്മാരെയും സഭകളെയും ഒരുമിപ്പിച്ച് പ്രവർത്തനങ്ങൾ വിപുലീകരിക്കാനും കഴിഞ്ഞു. ദൈവകൃപയാൽ തെലങ്കാനയിലെ ശുശ്രൂഷാ പ്രവർത്തനങ്ങളിൽ വളർച്ച കൈവരിക്കാനും പുതിയ ശുശ്രൂഷാ സാധ്യതകൾ തുറക്കാനും സാധിച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള അനേകം ദൈവമക്കളുടെ ആത്മാർത്ഥമായ പ്രാർത്ഥനയും സഹകരണവും പിന്തുണയുമാണ് ഈ വളർച്ചയ്ക്ക് പിന്നിലെന്ന് നേതൃത്വം വ്യക്തമാക്കി.
ദൈവം നൽകിയ ദർശനവും കാഴ്ചപ്പാടും മുൻനിർത്തി കൂടുതൽ ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ് തെലങ്കാന സ്റ്റേറ്റ്. വരും വർഷങ്ങളിൽ പ്രവർത്തനങ്ങളുടെ വളർച്ചയ്ക്കും ദൈവരാജ്യത്തിന്റെ വ്യാപനത്തിനുമായി എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും നേതൃത്വം അഭ്യർഥിച്ചു.

- Advertisement -


Comments are closed.