ലേഖനം: സ്ത്രീകൾക്ക് പാസ്റ്റർ, അധ്യക്ഷൻ അഥവാ മൂപ്പൻ ആകാൻ കഴിയുമോ | സിബി ബാബു യു.കെ.

ആദ്യം തന്നെ ഒരു Pastor /Shepherd(ഇടയൻ), അധ്യക്ഷൻ (Bishop/Overseer) മൂപ്പൻ (Elder), എന്നീ ശുശ്രൂഷകൾ തിരുവെഴുത്തിൽ പ്രകാരം എന്താണ് എന്നാണ് ഞാൻ വിശദീകരിയ്ക്കാൻ പോകുന്നത്. ബൈബിൾ നാം പഠിക്കുമ്പോൾ Pastor/ Shepherd(ഇടയൻ), അധ്യക്ഷൻ (Bishop/Overseer)

News Middle Advt Banner

മൂപ്പൻ (Elder), എന്നീ ശുശ്രൂഷകൾ ഒരു രാജസിംഹാസനത്തിൽ ഇരുന്ന് മറ്റുള്ളവരെ ഭരിക്കാനുള്ള സ്ഥാനങ്ങളായിട്ടല്ല ബൈബിളിൽ കാണുന്നത്. അവ ദൈവത്തിന്റെ ജനത്തെ സ്നേഹത്തോടെ പരിപാലിക്കാനും, ശുശ്രൂഷിക്കാനും, ആത്മീയമായി നയിക്കാനും ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങളാണ് എന്ന് നാം ആദ്യം മനസിലാക്കണം. യേശുക്രിസ്തു വളരെ വ്യക്തമായി പറഞ്ഞു: “നിങ്ങളിൽ വലിയവനാകുവാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകനായിരിക്കേണം.” (മർക്കോസ് 10:43). ലോകത്തിന്റെ രീതി എന്നത് ഞാൻ വലിയവനാണ്, അതുകൊണ്ട് മറ്റുള്ളവർ എന്നെ സേവിക്കണം എന്നതാണ്. എന്നാൽ ക്രിസ്തുവിന്റെ രീതി അതിന്റെ വിപരീതമാണ്: ഞാൻ വലിയവനാണെങ്കിൽ, ഞാൻ മറ്റുള്ളവരെ ശുശ്രൂഷിക്കണം എന്നതാണ്.

മത്തായി 23:6-ൽ കാണുന്നത്: “അത്താഴത്തിൽ പ്രധാനസ്ഥലവും പള്ളിയിൽ മുഖ്യാസനവും, അങ്ങാടിയിൽ വന്ദനവും മനുഷ്യർ റബ്ബീ എന്നു വിളിക്കുന്നതും അവർക്കു പ്രിയമാകുന്നു“. മർക്കോസ് 12:38–39:ൽ “ദീർഘവസ്ത്രം ധരിച്ചു നടക്കുവാനും, പള്ളികളിൽ മുഖ്യാസനങ്ങളും വിരുന്നുകളിൽ പ്രധാനസ്ഥലങ്ങളും ഇഷ്ടപ്പെടുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊൾവിൻ.” ഇവിടെ മുഖ്യാസനം എന്നത് വെറുമൊരു കസേരയെയോ ഇരിപ്പിടത്തെയോ മാത്രം സൂചിപ്പിക്കുന്നതല്ല. അത് മറ്റുള്ളവരെക്കാൾ തങ്ങൾക്ക് ഉയർന്ന സ്ഥാനവും പ്രാധാന്യവും ബഹുമാനവും വേണമെന്ന മനോഭാവത്തെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. അതുകൊണ്ടാണ് യേശു തുടർന്നും പറയുന്നത്: “നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആയിരിക്കണം എന്ന്.” (മത്തായി 23:11)

യേശു തന്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകിയപ്പോൾ, കർത്താവ് ഒരു ഉപദേശം പറയുക മാത്രമല്ല, നേതൃത്വത്തിന്റെ യഥാർത്ഥ മാതൃക സ്വന്തം ജീവിതത്തിൽ കാണിച്ചു തരുകയാണ് ചെയ്തത്.

“ഞാൻ കർത്താവും ഗുരുവുമായിരിക്കെ നിങ്ങളുടെ കാലുകൾ കഴുകിയെങ്കിൽ, നിങ്ങളും തമ്മിൽ തമ്മിൽ കാലുകൾ കഴുകേണ്ടതാകുന്നു.”(യോഹന്നാൻ 13:14–15). അതിനാൽ ക്രിസ്തീയ നേതൃത്വം എന്നത് എല്ലാവരുടെയും മുകളിൽ ഇരിക്കുന്ന സ്ഥാനത്തിനുപരി ; താഴേക്ക് ഇറങ്ങിച്ചെന്ന് മറ്റുള്ളവരെ കാലുകൾ കഴുകുന്നതാണ്(താഴ്മ ഉള്ള ഹൃദയം ഉണ്ടാകുന്നതാണ് ).

ഈ ശുശ്രൂഷ ഒരു വലിയ സിംഹാസനം അന്വേഷിക്കുന്നതല്ല; തന്റെ ക്രൂശ് ചുമക്കുന്നതാണ്.

മറ്റുള്ളവരുടെ ബഹുമാനം അന്വേഷിക്കുന്നതല്ല; മറ്റുള്ളവരെ ബഹുമാനിക്കുന്നതാണ്. ഇതാണ് ക്രിസ്തു കാണിച്ച യഥാർത്ഥ മാതൃക.

പത്രൊസ് മൂപ്പന്മാരോട് പറയുമ്പോഴും ഇതേ ആത്മാവിലാണ് പറയുന്നത്: “നിങ്ങളുടെ ചുമതലയിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിച്ചുകൊൾവിൻ, നിർബ്ബന്ധത്താലല്ല, ദൈവത്തിന്നു ഹിതമാംവണ്ണം മനഃപൂർവ്വമായും ദുരാഗ്രഹത്തോടെയല്ല, ഉന്മേഷത്തോടെയും ഇടവകകളുടെമേൽ കർത്തൃത്വം നടത്തുന്നവരായിട്ടല്ല. ആട്ടിൻകൂട്ടത്തിന്നു മാതൃകകളായിത്തീർന്നുകൊണ്ടും അദ്ധ്യക്ഷത ചെയ്‍വിൻ.” (1 പത്രൊസ് 5:2–3). അതുകൊണ്ട് ഒരു Pastor /Shepherd(ഇടയൻ), അധ്യക്ഷൻ (Bishop/Overseer) മൂപ്പൻ (Elder), ആട്ടിൻകൂട്ടത്തിന് മുകളിലായി നിൽക്കുന്ന ഒരാളല്ല; ആട്ടിൻകൂട്ടത്തിന്റെ നടുവിൽ നിന്ന് അവരെ ശുശ്രൂഷിക്കുന്ന ഒരാളാണ്.

യേശു തന്നെ തന്റെ വരവിന്റെ ഉദ്ദേശ്യം വ്യക്തമാക്കിയിട്ടുള്ളത് ഇങ്ങനെയാണ് “മനുഷ്യപുത്രൻ ശുശ്രൂഷിക്കപ്പെടുവാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുക്കുവാനും അത്രേ വന്നിരിക്കുന്നു.” (മർക്കോസ് 10:45).

വെളിപ്പാട് പുസ്തകത്തിന്റെ തുടക്കത്തിൽ തന്നെ നമുക്ക് കാണാം, യോഹന്നാൻ തന്റെ പേരിനോടൊപ്പം ഒരു വലിയ പദവി ഒന്നും ഉയർത്തിക്കാട്ടുന്നില്ല; അവൻ തന്നെ “അവന്റെ ദാസനായ യോഹന്നാൻ” എന്ന് പരിചയപ്പെടുത്തുന്നു (വെളിപ്പാട് 1:1). ഇതാണ് ക്രിസ്തീയ നേതൃത്വത്തിന്റെ സൗന്ദര്യം. ക്രിസ്തുവിൽ പദവി, അധികാരം, നേതൃത്വം, ഇവയൊക്കെ ഉണ്ടാകാം എന്നാൽ ഇതൊന്നും അഹങ്കാരമോ, ആധിപത്യമോ, സിംഹാസന മനോഭാവമോ, നമ്മിൽ ഉണ്ടാക്കുന്നതാകരുത് എന്നതാണ് വ്യക്തമായ കാര്യം. സാത്താൻ ഈ വിഷയത്തിൽ പലരെയും തെറ്റിച്ചു കളയുന്നു എന്ന് നാം മറന്നു പോകരുത്.

ദൈവ സഭയിൽ ഏറ്റവും ഉയർന്ന സ്ഥാനം എന്നത്, മറ്റുള്ളവരുടെ മുകളിൽ നിൽക്കുന്ന ഒരു സ്ഥാനം ആയിട്ടല്ല, മറ്റുള്ളവരുടെ കാലുകൾ കഴുകാൻ കഴിയുന്ന താഴ്മയുടെ സ്ഥാനമായിട്ടാണ് കാണേണ്ടത്.

അതുകൊണ്ട് Pastor /Shepherd(ഇടയൻ), അധ്യക്ഷൻ (Bishop/Overseer) മൂപ്പൻ (Elder), എന്നത് ഒരു സിംഹാസനം, പദവി, അധികാരചിഹ്നം എന്നതിലുപരി അതൊരു ദൗത്യമാണ്, ഉത്തരവാദിത്വമാണ്, ആട്ടിൻകൂട്ടത്തിനുവേണ്ടി ജീവൻ സമർപ്പിക്കുന്ന ഹൃദയമുള്ള ഒരു ശ്രുശുഷ ആണ്. ഞാൻ വലിയവനാണ് എന്ന് കാണിക്കുന്നതിൽ അല്ല ക്രിസ്തീയ നേതൃത്വത്തിന്റെ മഹത്വം; “ഞാൻ ക്രിസ്തുവിന്റെ ദാസനാണ്” എന്ന് ജീവിതംകൊണ്ട് കാണിക്കുന്നതിലാണ്.

അതിനാൽ Pastor/ Shepherd(ഇടയൻ), അധ്യക്ഷൻ (Bishop/Overseer) മൂപ്പൻ (Elder), എന്നീ പദവികൾ ഒരു സ്ഥാനമാനമോ അധികാരമോ എന്നതിലുപരി , ക്രിസ്തു കാണിച്ചുതന്ന എളിമയുള്ള ഒരു ദൈവീക ശുശ്രൂഷയാണ്. യേശുക്രിസ്തു ഒരു രാജകീയ പദവിയിൽ ഇരിക്കാതെ, ശിഷ്യന്മാരുടെ കാലുകൾ കഴുകി ഒരു നല്ല ദാസനായി മാറിയതുപോലെ, ദൈവജനത്തെ സ്നേഹത്തിലും താഴ്മയിലും ശുശ്രൂഷിക്കുന്നവരാണ് ശരിക്കുമുള്ള ഇടയന്മാർ. യോഹന്നാൻ 5:41 “ഞാൻ മനുഷ്യരിൽനിന്നു മഹത്വം വാങ്ങുന്നില്ല.” അതുപോലെ യോഹന്നാൻ 5:44 ൽ “ഏകദൈവത്തിൽനിന്നുള്ള മഹത്വം അന്വേഷിക്കാതെ അന്യോന്യം മഹത്വം വാങ്ങുന്ന നിങ്ങൾക്ക് എങ്ങനെ വിശ്വസിപ്പാൻ കഴിയും?” എന്ന് യേശു ചോദിക്കുന്നു:

ഇവിടെ യേശു പഠിപ്പിക്കുന്നത് മനുഷ്യരിൽ നിന്നുള്ള അംഗീകാരവും ബഹുമാനവും അന്വേഷിക്കുന്നതിനു പകരം ദൈവത്തിൽ നിന്നുള്ള അംഗീകാരമാണ് അന്വേഷിക്കേണ്ടത് എന്നതാണ്.

ഇനി നമുക്ക് സ്ത്രീകൾ ഈ ശുശ്രുഷകളിലേക്ക് കടന്ന് വരുന്നതിനെ പറ്റി നമുക്ക് ചിന്തിക്കാം. സ്ത്രീകൾക്ക് ഈ ശുശ്രുഷകളിലേക്ക് മാത്രം കടന്നുവരാൻ സാധ്യമല്ല എന്നാണ് ബൈബിളിൽ നിന്ന് നമുക്ക് കാണാൻ സാധിക്കുന്നത്. ഇതിനെ ഒരു വലിയ അധികാര പദവി ആയി കാണുന്നവർ ആണ് സ്ത്രീകൾക്കും ഈ ശുശ്രൂഷയിലേക്ക് കടന്ന് വരാം എന്ന് വാദിക്കുന്നവർ , ഈ ശുശ്രൂഷയുടെ യഥാർത്ഥ ആത്മീയ അർത്ഥവും കാതലായ ശുശ്രൂഷയുടെ ആഴവും മനസ്സിലാക്കാത്തവരാണ് ഇവർ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. സ്ത്രീകൾ സഭയിൽ ഒരു Pastor /Shepherd(ഇടയൻ), അധ്യക്ഷൻ (Bishop/Overseer) മൂപ്പൻ (Elder), എന്ന ഔദ്യോഗിക സ്ഥാനം വഹിച്ചിരുന്നതായി വ്യക്തമായി തെളിയിക്കുന്ന ഒരു ഉദാഹരണം പോലും ബൈബിളിൽ ഇല്ല.

എന്നാൽ, ഇതിനർത്ഥം സഭാ ശുശ്രൂഷകളിൽ നിന്ന് സ്ത്രീകൾ പൂർണ്ണമായി മാറ്റിനിർത്തപ്പെട്ടിരിക്കുന്നു എന്നല്ല. ദൈവവചനത്തിൽ സ്ത്രീകൾ പ്രവചന വരങ്ങൾ ഉപയോഗിക്കുകയും, സുവിശേഷ വ്യാപനത്തിൽ സജീവമായി പങ്കാളികളാകുകയും, സഭയെ വിശ്വസ്തതയോടെ ശുശ്രൂഷിക്കുകയും, വചനസത്യങ്ങൾ മറ്റുള്ളവർക്ക് പകർന്നുനൽകുകയും ചെയ്തതായി നാം കാണുന്നുണ്ട്.

തിരുവെഴുത്തുകൾ പരിശോധിക്കുമ്പോൾ, ക്രിസ്തുവിൽ സ്ത്രീയും പുരുഷനും ഒരുപോലെ കൃപയ്ക്കും രക്ഷയ്ക്കും അവകാശികളാണ്. എന്നാൽ സഭയിലെ ഭരണപരമായ ആത്മീയ അധികാരസ്ഥാനങ്ങൾ, അപ്പൊസ്തലിക ലേഖനങ്ങളിൽ ഉള്ള സഭാക്രമം അഥവാ ദൈവീക ക്രമം, ദൈവീക വ്യവസ്ഥ എന്നിവ സംബന്ധിച്ച്, തിരുവെഴുത്തുകളിലെ വാക്യങ്ങളെയും അവിടെ നൽകപ്പെട്ട പശ്ചാത്തലത്തെയും മുൻനിർത്തി, Pastor /Shepherd(ഇടയൻ), അധ്യക്ഷൻ (Bishop/Overseer) മൂപ്പൻ (Elder), എന്നീ സ്ഥാനങ്ങളിൽ സ്ത്രീകൾക്ക് വരാൻ സാധിക്കുകയില്ല എന്ന് തന്നെയാണ് നമുക്ക് മനസിലാക്കാൻ കഴിയുന്നത്.

സ്ത്രീയെ ദൈവം ഉപയോഗിക്കുമോ എന്ന ഒരു ചോദ്യം വരുമ്പോൾ ആദ്യം തന്നെ ഒരു കാര്യം ഉറപ്പിച്ചു പറയട്ടെ, ദൈവം സ്ത്രീകളെ ഉപയോഗിക്കുന്നു എന്ന് തന്നെയാണ് അതിൽ ഒരു സംശയവും ഇല്ല. തിരുവെഴുത്തിന്റെ പല പുസ്തകങ്ങളും നാം പരിശോധിക്കുമ്പോൾ അതിനെ നിഷേധിക്കാൻ നമുക്ക് സാധ്യമല്ല. ദൈവത്തിന്റെ വേലയിൽ സ്ത്രീകൾക്ക് വലിയ ഒരു സ്ഥാനമുണ്ട്.

സഭയുടെ ആത്മീയ മേൽനോട്ടവും സഭാ ഭരണാധികാരവും(ക്രിസ്തുവിൽ ഉള്ള ഭരണാധികാരം) ദൈവം ആരുടെ കൈകളിലാണ് ഏൽപ്പിച്ചിരിക്കുന്നത് എന്നത് ബൈബിളിന്റെ തുടക്കം മുതൽ അവസാനം വരെ ദൈവം തന്റെ ജനത്തെ എങ്ങനെ ക്രമീകരിച്ചുവെന്ന് നോക്കി മനസ്സിലാക്കേണ്ടതാണ്.

ഉല്പത്തി മുതൽ നാം നോക്കുമ്പോൾ ദൈവം തന്റെ സ്വരൂപത്തിലും, സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കുകയും ഉത്തരവാദിത്വങ്ങൾ മനുഷ്യനെ ഏൽപ്പിക്കുകയും ചെയ്തു. ആദാം ആദ്യം നിർമ്മിക്കപ്പെട്ടു പിന്നെ ഹവ്വാ, എന്ന് പൗലോസ് തന്റെ ലേഖനത്തിലൂടെ പറയുമ്പോൾ, അത് സൃഷ്ടിയുടെ ദൈവത്താലുള്ള ഒരു ക്രമത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇരുവരും ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടവരാണ്. എന്നാൽ ദൈവത്തിന്റെ സൃഷ്ടിയിൽ സമത്വത്തിനുള്ളിൽ തന്നെ ഉത്തരവാദിത്വത്തിന്റെ ക്രമമുണ്ട്. ഇന്നത്തെ മനുഷ്യചിന്തയ്ക്ക് ഏറ്റവും ബുദ്ധിമുട്ടുള്ളതും ഇത് തന്നെയാണ്. കാരണം മനുഷ്യൻ തുല്യതയെ പലപ്പോഴും ഒരേ സ്ഥാനവും, ഒരേ അധികാരവും, ഒരേ ഉത്തരവാദിത്വവും, എന്ന രീതിയിൽ മനസ്സിലാക്കുന്നു. എന്നാൽ ദൈവത്തിന്റെ ക്രമം അങ്ങനെയല്ല. ശരീരത്തിലെ ഓരോ അവയവത്തിനും പ്രാധാന്യമുണ്ട്, എന്നാൽ ഓരോ അവയവത്തിനും ഒരേ ദൗത്യമല്ല. അതുപോലെ ക്രിസ്തുവിന്റെ ശരീരത്തിൽ സ്ത്രീക്കും പുരുഷനും ഒരേ മഹത്വമുണ്ടെങ്കിലും, ദൈവം ഏൽപ്പിക്കുന്ന എല്ലാ ഉത്തരവാദിത്വങ്ങളും ഒരേ രീതിയിലാണെന്ന് തിരുവെഴുത്ത് നമ്മെ പഠിപ്പിക്കുന്നില്ല.

പാപം ലോകത്തിൽ പ്രവേശിക്കുന്നതിന് മുമ്പേ തന്നെ ദൈവം സ്ഥാപിച്ച സൃഷ്ടിക്രമമാണിത് എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. അതിനാൽ സ്ത്രീ, പുരുഷ ആത്മീയ ഉത്തരവാദിത്വത്തെക്കുറിച്ചുള്ള ഓരോ ചർച്ചയും അത് പഴയ സമൂഹത്തിന്റെ പുരുഷാധിപത്യ ചിന്തയല്ലേ? എന്ന ഒറ്റ ചോദ്യത്തിൽ മാത്രം അവസാനിപ്പിക്കാൻ കഴിയില്ല. പൗലോസ് 1തിമൊഥെയൊസ് 2-ൽ സ്ത്രീയുടെ ഉപദേശവും, പുരുഷന്റെമേൽ അധികാരവും സംബന്ധിച്ച് സംസാരിക്കുമ്പോൾ, അതിന്റ കാര്യ കാരണങ്ങൾ നമ്മുടെ സംസ്കാരത്തിൽ നിന്നല്ല പൗലോസ് എടുക്കുന്നത്; “ആദാം ആദ്യം നിർമ്മിക്കപ്പെട്ടു, പിന്നെ ഹവ്വാ” എന്ന ദൈവീക വ്യവസ്ഥയിൽ, ദൈവീക ക്രമത്തിൽ അതിഷ്ഠിതമായ സൃഷ്ടിവിവരണത്തിൽ നിന്നാണ് എടുക്കുന്നത്. അതുകൊണ്ട് സഭയുടെ ആത്മീയ ക്രമത്തെക്കുറിച്ചുള്ള ഈ വിഷയം ഉല്പത്തിയുടെ മണ്ണിൽ തന്നെയാണ് വേരൂന്നിയിരിക്കുന്നത് എന്ന് വേണം പറയാൻ.

പിന്നീട് ദൈവം തന്റെ ജനത്തെ ഒരു ജനമായി, ഒരു വിശുദ്ധ ജാതിയായി വേർതിരിച്ചപ്പോൾ, അവിടെയും നാം ഒരു ദൈവത്തിന്റെ അതിശയകരമായ ക്രമം കാണുന്നു. ദൈവം മോശെയെ വിളിച്ചു. മോശ സ്വയം അധികാരം ഏറ്റെടുത്തു എന്നല്ല, ദൈവം അവനെ അയച്ചു എന്നാണ് അവിടെ നമുക്ക് കാണാൻ കഴിയുന്നത്. അഹരോനെയും ദൈവം തന്റെ പ്രത്യേക ശുശ്രൂഷയ്ക്കായി വേർതിരിച്ചു. അഹരോൻ പുരോഹിതനാകുന്നത് അവന്റെ വ്യക്തിപരമായ ആഗ്രഹം കൊണ്ടല്ല; ദൈവത്തിന്റെ വിളിയും, തിരഞ്ഞെടുപ്പും, നിയമനവുമാണ് അതിന്റെ അടിസ്ഥാനം. പുറപ്പാട് 28 മുതൽ ലേവ്യപുസ്തകത്തിലെ പൗരോഹിതക്രമം വരെ നോക്കിയാൽ, ദൈവത്തിന്റെ സന്നിധിയിൽ സേവിക്കാനുള്ള ഉത്തരവാദിത്വം മനുഷ്യൻ സ്വയം തിരഞ്ഞെടുക്കുന്ന ഒരു തൊഴിൽ ആയിരുന്നില്ലെന്ന് വ്യക്തമാണ്. ദൈവം ഏൽപ്പിക്കുന്നതാണ് ശുശ്രൂഷ; അത് മനുഷ്യൻ സ്വന്തമായി എടുക്കുന്നതല്ല എന്നതാണ് ഇവിടെ വ്യക്തമാകുന്നത്.

ഇവിടെ അടുത്ത ഒരു ദൈവീക ക്രമം, ദൈവീക വ്യവസ്ഥ നാം കാണുന്നത് സമാഗമനക്കൂടാരം പണിയപ്പെട്ടപ്പോൾ, അതിന്റെ വിശുദ്ധോപകരണങ്ങൾ ആരും ഇഷ്ടമുള്ള രീതിയിൽ കൈകാര്യം ചെയ്തില്ല എന്നതാണ്. നിയമപെട്ടകം ആരും തങ്ങളുടെ ഇഷ്ടപ്രകാരം ചുമന്നില്ല. അതിന് ദൈവം നിർദ്ദേശിച്ച ക്രമമുണ്ടായിരുന്നു. ലേവ്യരുടെ ഇടയിൽ അതിനുള്ള ഉത്തരവാദിത്വം നിശ്ചയിക്കപ്പെട്ടു. പ്രത്യേകിച്ച് നിയമപെട്ടകം ചുമക്കുന്നത് കോഹാത്ത്യർക്കു ഏൽപ്പിക്കപ്പെട്ടിരുന്നു; ദാവീദിന്റെ കാലത്തും പിന്നീട് നിയമപെട്ടകം ചുമക്കേണ്ടത് ലേവ്യർ ആയിരിക്കണമെന്ന് വ്യക്തമായി പറയുന്നു. 1ദിനവൃത്താന്തം 15:2-ൽ ദാവീദ് തന്നെ പറയുന്നു: “ദൈവത്തിന്റെ പെട്ടകം ചുമപ്പാൻ ലേവ്യരല്ലാതെ ആരെയും നിയമിച്ചിട്ടില്ല.” ഇത് വളരെ ശക്തമായ ഒരു ആത്മീയ ചിത്രം ആണ് നമുക്ക് നൽകുന്നത്. അത് ദൈവത്തിന്റെ വിശുദ്ധമായ കാര്യങ്ങൾ മനുഷ്യന്റെ ഇഷ്ടപ്രകാരം കൈകാര്യം ചെയ്യാൻ കഴിയില്ല. ദൈവം പറഞ്ഞ ക്രമത്തിൽ തന്നെയാണ് അവ കൈകാര്യം ചെയ്യേണ്ടത് എന്നാണ്.

ഉസ്സയുടെ സംഭവം ഇതിലും ശക്തമായ ഒരു ദൈവീക മുന്നറിയിപ്പാണ്. പെട്ടകം വീഴാതിരിക്കാൻ കൈ നീട്ടിയ ഉസ്സയുടെ ഉദ്ദേശ്യം ഒരു പക്ഷെ ഉസ്സായുടെ കണ്ണിലും, മനുഷ്യന്റെ കണ്ണിലും നല്ലതായിരിക്കാം. എന്നാൽ ദൈവം പറഞ്ഞ രീതിക്ക് വിരുദ്ധമായി പെട്ടകത്തെ കയറി പിടിക്കാൻ തുനിഞ്ഞപ്പോൾ അവിടെ ദൈവത്തിന്റെ വിശുദ്ധിയെക്കുറിച്ചുള്ള ഭയഭക്തി ജനത്തിന് വെളിപ്പെട്ടു. ഇവിടെ നമുക്കുള്ള ഒരു വലിയ ആത്മീയ പാഠം എന്നത് നമ്മുടെ നല്ല ഉദ്ദേശ്യം മാത്രം ദൈവിക ക്രമത്തിന് പകരമാകില്ല എന്നതാണ്. മനുഷ്യന്റെ ഉദ്ദേശം നല്ലതായിരിക്കാം; പക്ഷേ ദൈവത്തിന്റെ വിശുദ്ധകാര്യങ്ങളിൽ ഇടപെടുന്നതിനുള്ള ദൈവത്തിന്റെ നിർദ്ദേശം അതിലും വളരെ പരമ പ്രധാനമാണ്.

പഴയനിയമത്തിൽ പുരോഹിതന്മാരുടെ കൂട്ടത്തിലേക്ക് നാം നോക്കിയാലും ഇതേ ദൈവീക വ്യവസ്ഥ, ദൈവീക ക്രമമാണ് നമുക്ക് കാണാൻ കഴിയുന്നത് . അഹരോനിൽനിന്നുള്ള പുരോഹിതവംശമാണ് യാഗപീഠത്തിലും, വിശുദ്ധസ്ഥലത്തിലും, അതി വിശുദ്ധസ്ഥലത്തിലും, പുരോഹിതശുശ്രൂഷ നിർവഹിച്ചത്. ഒരു സ്ത്രീ പുരോഹിതയായി നിയമിക്കപ്പെട്ടതായി പഴയനിയമത്തിൽ ഒരിടത്തും നമുക്ക് കാണാൻ കഴിയില്ല. അതിന് ഒരു മാതൃകയും ബൈബിളിൽ ഇല്ല. ഇതിന്റെ അർത്ഥം സ്ത്രീകൾ ദൈവത്തിന് പ്രിയപ്പെട്ടവരല്ല എന്നോ, ദൈവം സ്ത്രീകളോട് സംസാരിക്കുകയില്ല എന്നോ, ദൈവം സ്ത്രീകളെ ഉപയോഗിക്കുകയില്ല എന്നുമല്ല. മറിച്ച്, ഒരു പ്രത്യേക വിശുദ്ധ ഔദ്യോഗിക ഉത്തരവാദിത്വം ദൈവം എങ്ങനെ ക്രമപ്പെടുത്തിയിരുന്നു എന്നതാണ് ഇവിടെ കാണുന്നത്.

ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ദെബോരയെ നമുക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. അവൾ ന്യായാധിപതിയായിരുന്നു. ഹുൽദാ, മിര്യാം എന്നിവർ പ്രവാചികയായിരുന്നു. അന്നാ ദേവാലയത്തിൽ ദൈവത്തെ സേവിച്ചുകൊണ്ടിരുന്നു. പുതിയനിയമത്തിൽ ഫിലിപ്പോസിന്റെ നാല് പുത്രിമാർ, പ്രവാചകിമാർ ആയിരുന്നു, ഫേബെ, പ്രിസ്കില്ല,

മറ്റു സ്ത്രീകൾ ഇവരുടെ ശുശ്രൂഷയെ തിരുവെഴുത്ത് ബഹുമാനത്തോടെ രേഖപ്പെടുത്തുന്നു. അത്കൊണ്ടു തന്നെ സ്ത്രീകളുടെ ശുശ്രൂഷയെ മിണ്ടാതാക്കുന്നത് ബൈബിളിന്റെ മാർഗമല്ല. സ്ത്രീകളെ ദൈവം ഉപയോഗിച്ചുവെന്ന സത്യം ഉപയോഗിച്ച് കൊണ്ട് ദൈവം പറഞ്ഞിട്ടില്ലാത്ത ഒരു ഔദ്യോഗിക സഭാ സ്ഥാനം സൃഷ്ടിക്കാനും നമുക്ക് ആർക്കും കഴിയില്ല.

പുതിയ നിയമത്തിൽ ഫേബെ എന്ന ശുശ്രൂഷക പാസ്റ്റർ ആയിരുന്നു എന്നാണ് ഇന്ന് പലരുടെയും വാദം. എന്നാൽ പൗലോസ് ഫേബെയെ കെംക്രെയ സഭയിലെ ശുശ്രൂഷക (ഡീക്കൻ )എന്നാണ് പരിചയപ്പെടുത്തുന്നത് (റോമർ 16:1–2). എന്നാൽ ഇതൊരു Pastor /Shepherd(ഇടയൻ), അധ്യക്ഷൻ (Bishop/Overseer) മൂപ്പൻ (Elder), ശുശ്രൂഷ അല്ല എന്ന്‌ വ്യക്തമായി സ്നേഹത്തോടെ പറയട്ടെ. ഡീക്കനും പാസ്റ്ററും ഒരേ പദവിയല്ല എന്ന് ആദ്യം മനസിലാക്കുക. ബൈബിളിൽ ഡീക്കൻ എന്നത് ശുശ്രൂഷകൻ/ ശുശ്രൂഷക എന്ന അർത്ഥത്തിലും,– Pastor /Shepherd(ഇടയൻ), അധ്യക്ഷൻ (Bishop/Overseer) മൂപ്പൻ (Elder), എന്നത് ആട്ടിൻകൂട്ടത്തെ മേയിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ശുശ്രൂഷ എന്ന നിലയിലുമാണ് കാണുന്നത്. ഇത് വേറിട്ട ഉത്തരവാദിത്വങ്ങളായി ബൈബിൾ പഠിപ്പിക്കുന്നു ( 1 തിമൊഥെയോസ് 3:1–13; തീത്തൊസ് 1:5–9.)

അതുകൊണ്ട് ഫേബെയെ ശുശ്രൂഷകയായി (ഡീക്കൻ) ആണ് നമുക്ക് കാണാൻ കഴിയുന്നത്. (റോമർ 16:1), കാരണം 1 തിമൊഥെയോസ് 3:1–13-ൽ പൗലോസ് (അദ്ധ്യക്ഷൻ/മേൽവിചാരകൻ), (ഡീക്കൻ/ശുശ്രൂഷകൻ) എന്നീ ഉത്തരവാദിത്വങ്ങളെ വേർതിരിച്ച് സംസാരിക്കുന്നു. ഡീക്കനും പാസ്റ്ററും ഒരേ ഓഫീസുകളാണെന്ന് ബൈബിൾ ഒരിടത്തും പറയുന്നില്ല.

അടുത്ത വാദം പ്രിസ്കില്ല അപ്പൊല്ലോസിനെ പഠിപ്പിച്ചു” എന്നതാണ് (പ്രവൃത്തികൾ 18:26). എന്നാൽ ഈ വചന ഭാഗം വായിക്കുമ്പോൾ ഇങ്ങനെയാണ് അവിടെ എഴുതിയിരിക്കുന്നത്. “ അപ്പൊല്ലോസ് പള്ളിയിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചുതുടങ്ങി; അക്വിലാസും പ്രിസ്കില്ലയും അവന്റെ പ്രസംഗം കേട്ടാറെ അവനെ ചേർത്തുകൊണ്ടു ദൈവത്തിന്റെ മാർഗ്ഗം അധികം സ്പഷ്ടമായി അവന്നു തെളിയിച്ചുകൊടുത്തു” എന്നാണ്. ഇവിടെ പ്രിസ്കില്ല, അപ്പൊല്ലോസിനെ പഠിപ്പിച്ചു എന്ന് പറയുന്നില്ല, അക്വിലാസും പ്രിസ്കില്ലയും അപ്പൊല്ലോസിന്റെ പ്രസംഗം കേട്ടാറെ അവനെ ചേർത്തുകൊണ്ടു ദൈവത്തിന്റെ മാർഗ്ഗം അധികം സ്പഷ്ടമായി അവന്നു തെളിയിച്ചുകൊടുത്തു എന്നാണ്. ഇതു ഏതു രീതിയിലും ആകാം, ഒരു പക്ഷെ പ്രിസ്കില്ല തന്റെ ഭർത്താവായ അക്വിലാസിനോട് ചേർന്ന് തന്റെ സാക്ഷ്യത്തിലൂടെ തെളിയിച്ചു കൊടുക്കാം, അതുമല്ലെങ്കിൽ വചന ഭാഗങ്ങളിലൂടെ തെളിയിച്ചു കൊടുക്കാം, ഇതിൻറെ അർഥം പ്രിസ്കില്ലാ അപ്പൊല്ലോസിനെ ഒരു Pastor / Shepherd(ഇടയൻ), അധ്യക്ഷൻ (Bishop/Overseer) മൂപ്പൻ (Elder)ആയി അവനെ പഠിപ്പിച്ചുവെന്നോ എന്നല്ല.

ഒരു സഹോദരനും സഹോദരിയും, അല്ലെങ്കിൽ ഭർത്താവും ഭാര്യയും, ദൈവവചനം പരസ്പരം പങ്കുവെക്കുകയും ഒരാളുടെ സംശയം മറ്റൊരാൾ നീക്കിക്കൊടുക്കുകയും ചെയ്യുന്നത് ക്രിസ്തീയ സഹവാസത്തിന്റെയും ശുശ്രൂഷയുടെയും ഭാഗമാണ്. അതിനെ നേരിട്ട് സ്ത്രീകൾക്ക് പാസ്റ്ററാകാം എന്ന നിഗമനത്തിലേക്ക് കൊണ്ടുപോകുന്നത് വചനത്തിൽ ഇല്ലാത്ത ഒരു നിഗമനമാണ്.

പ്രിസ്കില്ലയുടെ ശുശ്രൂഷയെ നാം ബഹുമാനിക്കണം; എന്നാൽ അവൾ അപ്പൊല്ലോസിനെ ദൈവവചനം വിശദീകരിച്ചു എന്ന സംഭവവും, അവൾ സഭയുടെ ഇടയൻ/അദ്ധ്യക്ഷൻ ആയിരുന്നു എന്നതും ഒരേ കാര്യമല്ല. ഒരു വ്യക്തി മറ്റൊരാളെ ദൈവവചനം ബോധിപ്പിച്ചതുകൊണ്ട് മാത്രം ആ വ്യക്തി സഭയുടെ പാസ്റ്ററോ അദ്ധ്യക്ഷനോ ആകുന്നില്ല.

അല്ലെങ്കിൽ ഒരു സഹോദരൻ മറ്റൊരു സഹോദരനോട് വചനം വിശദീകരിച്ചാൽ, അതുകൊണ്ട് അവൻ ആ സഹോദരന്റെ പാസ്റ്ററാകുമോ? ഒരിക്കലും ഇല്ല. അതുകൊണ്ട് പ്രിസ്കില്ലയുടെ ഉദാഹരണം സ്ത്രീകൾക്ക് ആത്മീയമായി ശുശ്രൂഷിക്കാം എന്നതിന് നല്ല തെളിവാണ്; എന്നാൽ സ്ത്രീ Pastor /Shepherd(ഇടയൻ), അധ്യക്ഷൻ (Bishop/Overseer) മൂപ്പൻ (Elder), ആയിരിക്കണം എന്നതിന് നേരിട്ടുള്ള തെളിവല്ല.

പുതിയനിയമത്തിൽ യേശു തന്റെ പന്ത്രണ്ട് അപ്പൊസ്തലന്മാരെ തിരഞ്ഞെടുക്കുമ്പോഴും ഈ ദൈവീക ക്രമം നമുക്ക് കാണാം. അന്നത്തെ കാലത്ത് യേശുവിനെ അനുഗമിച്ച സ്ത്രീകൾ വളരെ അധികം ഉണ്ടായിരുന്നു എന്നാണ് നമുക്ക് തിരുവചനത്തിലൂടെ മനസിലാക്കാൻ കഴിയുന്നത്; അവരിൽ പലരും അത്യന്തം വിശ്വസ്തരായിരുന്നു. യേശുവിന്റെ ശുശ്രൂഷയ്ക്ക് പിന്തുണ നൽകിയ സ്ത്രീകൾ ഉണ്ടായിരുന്നു. ക്രൂശിന്റെ ചുവട്ടിൽ നിന്ന സ്ത്രീകൾ ഉണ്ടായിരുന്നു. ഉയിർത്തെഴുന്നേറ്റ കർത്താവിനെക്കുറിച്ചുള്ള ആദ്യ സാക്ഷികളിൽ സ്ത്രീകൾ ഉണ്ടായിരുന്നു. എന്നാൽ പന്ത്രണ്ട് അപ്പൊസ്തലന്മാരുടെ ഔദ്യോഗിക തിരഞ്ഞെടുപ്പിൽ യേശു പുരുഷന്മാരെ മാത്രമാണ് തിരഞ്ഞെടുത്തത്. ഇത് യാദൃശ്ചികമായ ഒരു തിരഞ്ഞെടുപ്പായി മാത്രം നമുക്ക് കാണാൻ കഴിയില്ല. ഇവിടെ സംഭവിച്ചത് ദൈവത്തിന്റെ ഒരു ക്രമം ആയിരുന്നു. സ്ത്രീകളെക്കുറിച്ചുള്ള യേശുവിന്റെ ബഹുമാനം പൂർണ്ണമായിരിക്കെ തന്നെ, സഭയുടെ അപ്പൊസ്തലിക അടിത്തറ സ്ഥാപിക്കുന്നതിനായി അവൻ തിരഞ്ഞെടുത്ത പന്ത്രണ്ടിൽ പുരുഷന്മാരെയാണ് നിയമിച്ചത്. അതുപോലെ, യൂദാ ഇസ്കര്യോത്ത് വിട്ടുപോയപ്പോൾ പന്ത്രണ്ടാമത്തെ അപ്പൊസ്തലനായി മത്ഥിയാസിനെയാണ് തിരഞ്ഞെടുക്കുന്നത് (അപ്പൊസ്തലപ്രവൃത്തികൾ 1:23–26.) അവിടെയും തിരഞ്ഞെടുപ്പിനായി പരിഗണിച്ചവരുടെ കൂട്ടത്തിൽ ഒരു സ്ത്രീയെ ഉൾപ്പെടുത്തിയതായി ബൈബിൾ പറയുന്നില്ല; പുരുഷന്മാരിൽ നിന്നാണ് മത്ഥിയാസിനെതിരഞ്ഞെടുക്കുന്നത്.

ഇവിടെ ഒരു സൂക്ഷ്മമായ ആത്മീയ സത്യം ഉണ്ട്. ഒരു സ്ത്രീ യേശുവിന്റെ ശിഷ്യയാകുന്നതിൽ യാതൊരു തെറ്റുമില്ല. അവൾക്ക് കർത്താവിനെ സ്നേഹിക്കാം, കർത്താവിനെ അനുഗമിക്കാം, സാക്ഷ്യം പറയാം, സുവിശേഷം പ്രസംഗിക്കാം, പ്രാർത്ഥിക്കാം, പ്രവചിക്കാം, അനേകരെ ക്രിസ്തുവിലേക്ക് നയിക്കാം. എന്നാൽ ഈ പറഞ്ഞ ശിഷ്യത്വവും അപ്പൊസ്തലിക ഔദ്യോഗിക സ്ഥാനവും ഒരേ കാര്യമല്ല എന്ന് നാം മനസിലാക്കണം. അതുപോലെ തന്നെ ശുശ്രൂഷയും, സഭയുടെ ആത്മീയ മേൽനോട്ട അധികാരവും, ഒരേ കാര്യമല്ല.

ഇതാണ് 1 തിമൊഥെയൊസ് 2-ലും 3-ലും പൗലോസ് വളരെ ഗൗരവമായി കാണിക്കുന്നത്. “ഉപദേശിപ്പാനോ പുരുഷന്റെമേൽ അധികാരം നടത്തുവാനോ ഞാൻ സ്ത്രീയെ അനുവദിക്കുന്നില്ല” എന്ന് പറഞ്ഞതിന് ശേഷം പൗലോസ് വീണ്ടും സൃഷ്ടിയുടെ ക്രമത്തിലേക്ക് മടങ്ങുന്നു. തുടർന്ന് പൗലോസ് സഭയുടെ അധ്യക്ഷന്റെ യോഗ്യതകൾ പറയുന്നു. 1 തിമൊഥെയൊസ് 3:2-10 വരെയുള്ള വാക്യങ്ങൾ ഓരോന്നായി പരിശോധിച്ചാൽ, സഭയുടെ അധ്യക്ഷൻ (മൂപ്പൻ) എന്ന ഉത്തരവാദിത്വം ദൈവം പുരുഷനാണ് നൽകിയിരിക്കുന്നത് എന്ന് വളരെ വ്യക്തമായി മനസ്സിലാക്കാം.

അതുകൊണ്ട് സഭയിലെ ഒരു Pastor /Shepherd(ഇടയൻ), അധ്യക്ഷൻ (Bishop/Overseer) മൂപ്പൻ (Elder), എന്നീ നിലകളിൽ സഭയ്ക്ക് മേൽ ആത്മീയ ഭരണാധികാരം നടത്തൽ, സഭയുടെ ആത്മീയ മേൽനോട്ടവും അച്ചടക്ഷണ നടപടികളും അന്തിമമായി തീരുമാനിക്കാനുള്ള അധികാരം. എന്നിവയെക്കുറിച്ചുള്ള ഈ അപ്പൊസ്തലിക ക്രമം അവഗണിച്ചിട്ട്, സ്ത്രീകളുടെ മറ്റു ശുശ്രൂഷകളെ മാത്രം എടുത്ത് “അതുകൊണ്ട് പാസ്റ്റർ സ്ഥാനവും സ്ത്രീകൾക്ക് സ്വാഭാവികമായി ലഭിക്കണം” എന്ന് പറയുന്നത് തിരുവെഴുത്തിന് ചേർന്നതല്ല എന്ന് മാത്രവുമല്ല, ഇത് വചന വിരുദ്ധവും ആണ്.

വെളിപ്പാട് പുസ്തകം 4, 5 അധ്യായങ്ങളിലേക്ക് നാം കടന്നു വരുമ്പോൾ 24 മൂപ്പന്മാരെ ആണ് നമുക്ക് അവിടെ കാണാൻ കഴിയുന്നത്. പഴയ,പുതിയ നിയമ ദൈവജനത്തിന്റെ പ്രതിനിധികൾ ആണിവർ. അതായത്

പഴയനിയമത്തിലെ 12 ഗോത്രപിതാക്കന്മാരെയും പുതിയനിയമത്തിലെ 12 അപ്പൊസ്തലന്മാരെയും ചേർത്ത് ദൈവത്തിന്റെ പൂർണ്ണ സഭയെയും ദൈവജനത്തെയും പ്രതിനിധീകരിക്കുന്ന ആത്മീയ രൂപമാണ് നമുക്കിവിടെ കാണാൻ കഴിയുന്നത്. പഴയനിയമത്തിൽ ദൈവാലയത്തിൽ ശുശ്രൂഷ ചെയ്യാൻ ദാവീദ് രാജാവ് ക്രമീകരിച്ച 24 പുരോഹിതഗണങ്ങളെ ഇത് ഓർമ്മിപ്പിക്കുന്നു. (1 ദിനവൃത്താന്തം 24). സ്വർഗ്ഗീയ സിംഹാസനത്തിന് ചുറ്റും ഇരുന്ന് പൊൻകിരീടം ധരിച്ച് ആരാധന നടത്തുന്ന ‘മൂപ്പന്മാർ’ ആയി പുരുഷന്മാരെയാണ് യോഹന്നാൻ തന്റെ ദർശനത്തിൽ കാണുന്നത്. ഈ 24 പേരിൽ ഒരു സ്ത്രീയെപ്പോലും നമുക്ക് കാണാൻ കഴിയുന്നില്ല. ഈ 24 പേർ പഴയനിയമത്തിലെയും പുതിയനിയമത്തിലെയും അപ്പൊസ്തലിക, പൗരോഹിത്യ പശ്ചാത്തലത്തെ പ്രതിനിധീകരിക്കുമ്പോൾ, അത് ആരംഭം മുതൽ ദൈവം സ്ഥാപിച്ച ആത്മീയ നേതൃത്വത്തിന്റെ ഒരു ചിത്രം നമുക്കിവിടെ കാണാൻ കഴിയും.

ഇവിടെ നമുക്ക് വളരെ ഭയഭക്തിയോടെ ഒരു കാര്യം പറയേണ്ടിവരും: സഭയ്ക്ക് ദൈവം നൽകിയിട്ടില്ലാത്ത ഒരു അധികാരം സ്വയം സൃഷ്ടിക്കാനുള്ള അവകാശം ആർക്കുമില്ല. എന്നാൽ ദൈവവചനം, ഒരു സ്ഥാനത്തിന്റെ സ്വഭാവവും യോഗ്യതയും നിർവചിച്ചിട്ടുണ്ടെങ്കിൽ, സഭയ്ക്ക് അതിനെ പുനർനിർവചിക്കാനും, മറ്റാനും കഴിയില്ല. മനുഷ്യർ അതിന് ഒരു പുതിയ പേര് കൊടുത്താൽ അത്‌ ദൈവിക ക്രമം ആയി മാറുകയില്ല. ഒരു സ്ഥാനത്തിന് പുതിയൊരു പദവി നൽകിയാൽ അതിന്റെ ആത്മീയ ഉത്തരവാദിത്വം ആയി മാറുകയുമില്ല. സ്ത്രീയുടെ തല, പുരുഷൻ, പുരുഷന്റെ തല ക്രിസ്തു, ക്രിസ്തുവിന്റെ തല ദൈവം ഇതാണ് ദൈവ വ്യവസ്ഥ.

ഇന്ന്‌ പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് “കാലം മാറിയില്ലേ?” അതെ കാലം മാറി. എന്നാൽ കാലം മാറിയാലും വചനം മാറുന്നില്ല. സംസ്കാരം മാറിയാലും ക്രിസ്തുവിന്റെ അധികാരം മാറുന്നില്ല. മനുഷ്യരുടെ കാഴ്ചപ്പാട് മാറിയാലും; ദൈവത്തിന്റെ ഹിതവും, ദൈവത്തിന്റെ വിശുദ്ധിയും മാറുന്നില്ല. ലോകം ഒരു കാര്യത്തെ സാധാരണയാക്കി കുഴപ്പം ഒന്നും ഇല്ല എന്ന്‌ കാണുന്നത് കൊണ്ടു ദൈവ സഭ അതിനെ വെള്ള പൂശി വിശുദ്ധമാക്കേണ്ടതില്ല. അതുപോലെ ലോകം ഒരു കാര്യം തെറ്റായി കണ്ടു എന്നതുകൊണ്ട് സഭ സ്ത്രീകളുടെ ശുശ്രൂഷകളെ അടിച്ചമർത്തുകയും ചെയ്യേണ്ടതില്ല. സഭയ്ക്ക് ലോകത്തിന്റെ മാതൃകയും വേണ്ട, മതത്തിന്റെ അന്ധതയും വേണ്ട. സഭയ്ക്ക് വചനത്തിന്റെ വെളിച്ചമാണ് വേണ്ടത്. ദൈവത്തിനു മഹത്വം.

അതുകൊണ്ട് സ്ത്രീകൾക്ക് ദൈവം നൽകിയിരിക്കുന്ന ശുശ്രൂഷകളെ നാം കൂടുതൽ ബഹുമാനിക്കണം. ഒരു അമ്മ മക്കളെ കർത്താവിന്റെ വഴിയിൽ വളർത്തുന്നത് ചെറിയ ശുശ്രൂഷയല്ല. ഒരു സ്ത്രീ വർഷങ്ങളോളം മുട്ടുകുത്തി സഭയ്ക്കുവേണ്ടി പ്രാർത്ഥിക്കുന്നത് ഒരു ചെറിയ ശുശ്രൂഷയല്ല. ഒരു സുവിശേഷപ്രവർത്തക ആയ സ്ത്രീ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് ആത്മാക്കളോട് ക്രിസ്തുവിനെ പ്രസംഗിക്കുന്നത് ഒരു ചെറിയ ശുശ്രൂഷയല്ല. ഒരു അധ്യാപിക കുട്ടികളെ വചനത്തിൽ വളർത്തുന്നത് ഒരു ചെറിയ ശുശ്രൂഷയല്ല. ഒരു ഭാര്യ തന്റെ കുടുംബത്തെ ദൈവഭയത്തിൽ നയിക്കാൻ സഹായിക്കുന്നത് ഒരു ചെറിയ ശുശ്രൂഷയല്ല. എന്നാൽ ഒരു സഭയുടെ പ്രധാന വേദിയിൽ നിൽക്കാൻ കഴിയുന്നതാണ് ശുശ്രൂഷയുടെ അളവുകോൽ എന്ന ചിന്ത തന്നെ തെറ്റാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ചിലപ്പോൾ മനുഷ്യൻ ഏറ്റവും വലിയ ശുശ്രൂഷയെ തനിക്കു കിട്ടുന്ന ഏറ്റവും വലിയ വേദിയായി കണക്കാക്കുന്നു. എന്നാൽ ദൈവ രാജ്യത്തിന്റെ അളവുകോൽ നിനക്ക് കിട്ടുന്ന വേദിയുടെ വലിപ്പമല്ല; വിശ്വസ്തതയാണ്. ഒരു പക്ഷെ താങ്കളെ ദൈവം വലിയ വേദികളിൽ, ആയിരങ്ങളുടെ നടുവിൽ ശ്രുശ്രുഷ ചെയ്യിപ്പിച്ചു എന്ന് വരാം, പത്രോസിന്റെ ഒറ്റ പ്രസംഗത്തിൽ മൂവായിരം പേര് രക്ഷിക്കപ്പെട്ടു, കർത്താവായ യേശു ക്രിസ്തു ജന മദ്ധ്യേ നിന്ന് പ്രസംഗിച്ചിട്ടുണ്ട്, ഇത് തെറ്റാണന്ന്‌ അല്ല ഞാൻ പറയുന്നത്, ഇത് നമ്മുടെ ശ്രുശ്രുഷയുടെ ആകാമാന അളവ് കോലായി കാണരുത് എന്നാണ്.

ഒരു വ്യക്തി ജനക്കൂട്ടത്തിനു മുമ്പിൽ നിൽക്കുന്നതിലും മഹത്തായത് ദൈവത്തിന്റെ മുമ്പിൽ വിശ്വസ്തനായി നിൽക്കുന്നതാണ്. അതുകൊണ്ട് ഒരു സ്ത്രീക്ക് ദൈവം നൽകിയ ശുശ്രൂഷയുടെ മഹത്വം അവൾക്ക് ഒരു പ്രത്യേക ഔദ്യോഗിക സ്ഥാനമില്ല എന്ന കാരണത്താൽ കുറയുന്നില്ല. ദൈവം ഏൽപ്പിച്ച സ്ഥാനത്ത് വിശ്വസ്തമായി നിൽക്കുന്നതാണ് യഥാർത്ഥ മഹത്വം.

അതുപോലെ പുരുഷന്മാർക്കും ഈ വചനം ഒരു പ്രത്യേക ഉത്തരവാദിത്വമാണ് നൽകുന്നത് . “പുരുഷന്മാർക്ക് അധികാരമുണ്ട്” എന്നതുകൊണ്ട് പുരുഷന് ഇഷ്ടമുള്ളതെല്ലാം ചെയ്യാനുള്ള അവകാശമില്ല. സഭയുടെ കാവൽസ്ഥാനത്ത് നിൽക്കുന്ന പുരുഷൻ ആദ്യം ക്രിസ്തുവിന് കീഴ്പ്പെട്ടു നിൽക്കുന്നവനായിരിക്കണം. സഭയുടെ കാവൽസ്ഥാനത്ത് ദൈവം ആക്കി വെച്ചിരിക്കുന്ന ദൈവ ദാസൻ ക്രിസ്തുവിന്റെ ആട്ടിൻകൂട്ടത്തിന്റെ കാവൽക്കാരനാണ്. ഇത് അധികാരവും, ആധിപത്യവും കാണിക്കാനുള്ള ഒരു അവകാശമല്ല; ജീവൻ കൊടുത്ത് ദൈവ സഭയെ കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വമാണ്. ഇതാണ് ക്രിസ്തുവും നമ്മുക്ക് കാണിച്ചിച്ചു തന്നത്. ക്രിസ്തു തന്റെ ജീവൻ കൊടുത്തു വാങ്ങിയതാണ് അവന്റെ സഭ. അത് അവന്റ ശരീരം ആണ്, അത് അവന്റെ കാന്തായായ മണവാട്ടി ആണ്.

അതിനാൽ ഈ വിഷയത്തെ സ്ത്രീയും പുരുഷനും തമ്മിലുള്ള പോരാട്ടമാക്കി മാറ്റരുത്. ഇത് സ്ത്രീയുടെ അവകാശവും പുരുഷന്റെ അവകാശവും തമ്മിലുള്ള മത്സരമല്ല. ഇത് ക്രിസ്തുവിന്റെ സഭയിൽ ക്രിസ്തുവിന്റെ ക്രമം നിലനിൽക്കണമെന്നുള്ള ദൈവീക നിയമം ആണ്.

ഒരു സ്ത്രീയെ ദൈവം ഉപയോഗിക്കുന്നു എന്ന് കണ്ടാൽ ഒരിക്കലും അവളെ താഴ്ത്തരുത്. പക്ഷേ അവൾക്ക് ദൈവം നൽകിയിട്ടില്ലാത്ത ഒരു സ്ഥാനം കൊടുത്തുകൊണ്ട് അവളുടെ മേൽ ഒരു ഭാരവും ചുമത്തരുത്. ഓർക്കുക ദൈവം നൽകിയിട്ടില്ലാത്ത അധികാരം ഏറ്റെടുക്കുന്നത് ഒരു ഉയർച്ചയല്ല. ദൈവം നൽകിയ സ്ഥാനത്ത് വിശ്വസ്തതയോടെ നിൽക്കുന്നതാണ് ഏറ്റവും വലിയ ഉയർച്ച. പ്രിയ ദൈവ ജനമേ സാത്താൻ നമ്മെ ഈ കാര്യത്തിൽ വഞ്ചിപ്പിക്കരുത്.

മോശെയിലൂടെ നാം കാണുന്നത് ദൈവം ഏൽപ്പിച്ചതാണ് താൻ നിർവഹിച്ചത് എന്നാണ്. അഹരോൻ ദൈവം ഏൽപ്പിച്ചതാണ് നിർവഹിച്ചത്. ലേവ്യർ ദൈവം ഏൽപ്പിച്ച വിശുദ്ധ വസ്തുക്കളുടെ ഉത്തരവാദിത്വം ആണ് നിർവഹിച്ചത്. പുരോഹിതന്മാർ ദൈവം നിശ്ചയിച്ച ക്രമത്തിൽ ശുശ്രൂഷ ചെയ്തു . അപ്പൊസ്തലന്മാർ കർത്താവ് ഏൽപ്പിച്ച ദൗത്യം നിർവഹിച്ചു. സഭയിലെ മൂപ്പന്മാരും അധ്യക്ഷന്മാരും തങ്ങൾക്ക് ഏൽപ്പിച്ച ആട്ടിൻകൂട്ടത്തെ കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വം നിർവഹിച്ചു. ഈ മുഴുവൻ ചരിത്രത്തിലൂടെയും നാം കടന്നുപോകുമ്പോൾ ഒരു ദൈവീക ശബ്ദം നമുക്ക് കേൾക്കൻ കഴിയും:

“ദൈവത്തിന്റെ കാര്യങ്ങൾ ദൈവത്തിന്റെ ക്രമത്തിൽ, ദൈവം പറഞ്ഞത് പോലെ തന്നെ ചെയ്യുക.”

ഇന്ന് നമ്മുടെ തലമുറയ്ക്ക് ഇതാണ് വീണ്ടും കേൾക്കേണ്ട ദൈവ ശബ്ദം.

ദൈവം സ്ത്രീകളെ ഉപയോഗിക്കുന്നു എന്ന സത്യം നാം ഉറക്കെ പറയണം. എന്നാൽ അതോടൊപ്പം ദൈവം തന്റെ സഭയ്ക്ക് നൽകിയിരിക്കുന്ന ആത്മീയ ക്രമവും നാം ഉറക്കെ പറയണം. ഈ രണ്ടിനെയും തമ്മിൽ ശത്രുക്കളാക്കേണ്ടതില്ല. സ്ത്രീയുടെ ശുശ്രൂഷയെ ബഹുമാനിക്കുകയും, തിരുവെഴുത്തിലെ സഭാ അധികാരക്രമത്തെ അതേ സമയം ബഹുമാനിക്കുകയും ചെയ്യാം.

അവസാനമായി ഇത് വായിക്കുന്നവരോടുള്ള ചോദ്യം ഒരു സ്ത്രീയെക്കുറിച്ചോ ഒരു പുരുഷനെക്കുറിച്ചോ അല്ല.

ക്രിസ്തുവിന്റെ സഭ ആരുടേതാണ് എന്നാണ് ? അതെ അത് ക്രിസ്തുവിന്റേതാണ്.

സഭയുടെ കർത്താവ് ആരാണ് എന്നാണ് ? അത് ക്രിസ്തുവാണ്.

സഭയുടെ അന്തിമ അധികാരം ആര്‍ക്കാണ്? അത് മനുഷ്യർക്കല്ല ദൈവമാകുന്ന ദൈവ വചനത്തിനാണ്. വചനം ജഡമായിത്തീർന്ന ക്രിസ്തുവാണ്.

ദൈവം ഉപയോഗിക്കുന്നവരെ നമുക്ക് ദൈവ സ്നേഹത്തോടെ ചേർത്തുപിടിക്കാം.

ദൈവം നൽകുന്ന കൃപ വരങ്ങളെ നമുക്ക് ദൈവത്തിൽ അവരെ ആദരിക്കാം.

സ്ത്രീകളുടെ ശുശ്രൂഷയെ ദൈവത്തിൽ നമുക്ക് ബഹുമാനിക്കാം.

പുരുഷന്മാരുടെ ഉത്തരവാദിത്വത്തെ ദൈവത്തിൽ നമുക്ക് ഓർമ്മിപ്പിക്കാം.

എന്നാൽ ഒരു കാര്യം നാം മറന്നു പോകരുത് “ ദൈവം വിശുദ്ധമായി വേർതിരിച്ചിരിക്കുന്ന കാര്യങ്ങളിൽ മനുഷ്യന്റെ കൈ കടത്തരുത്”.

നിയമപെട്ടകം വീഴാതിരിക്കാൻ ഉസ്സാ കൈ നീട്ടിയപ്പോൾ അവന്റെ ഉദ്ദേശ്യം നമുക്ക് മനസ്സിലാക്കാം; എന്നാൽ ദൈവത്തിന്റെ വിശുദ്ധിയെ നാം അതിനേക്കാൾ ഭയപ്പെടണം. അതുപോലെ ഇന്നും നമ്മുടെ ഉദ്ദേശ്യം നല്ലതായിരിക്കാം. നമ്മുടെ കാലത്തിന്റെ ആവശ്യങ്ങൾ യഥാർത്ഥമായിരിക്കാം. നമ്മുടെ പല വാദങ്ങൾക്കും മനുഷ്യ സഹജമായ കാരണങ്ങൾ ഉണ്ടാകാം. എന്നാൽ സഭയെക്കുറിച്ച് സംസാരിക്കുമ്പോൾ അവസാന ചോദ്യം ഇതായിരിക്കണം: “ദൈവവചനം എന്താണ് പറയുന്നത്?”കാരണം സഭയെ സംരക്ഷിക്കുന്നത് മനുഷ്യരുടെ ബുദ്ധിയല്ല. സഭയെ സംരക്ഷിക്കുന്നത് മനുഷ്യരുടെ പുതിയ ആശയങ്ങളുമല്ല. സഭയെ സംരക്ഷിക്കുന്നത് ദൈവ വചനമാകുന്ന ദൈവമാണ്.

അതിനാൽ ഇന്നത്തെ നമ്മുടെ തലമുറയ്ക്ക് വേണ്ടത് ഒരു പുതിയ സഭയല്ല; വചനത്തിലേക്ക് തിരിച്ചുവരുന്ന ഒരു സഭയാണ്. കാലത്തിന്റെ ശബ്ദത്തെക്കാൾ വചനത്തിന്റെ ശബ്ദം കേൾക്കുന്ന സഭ.

മനുഷ്യരുടെ അംഗീകാരത്തെക്കാൾ ദൈവത്തിന്റെ അംഗീകാരം അന്വേഷിക്കുന്ന സഭ.

ശുശ്രൂഷയെ സ്നേഹിക്കുന്ന, എന്നാൽ ശുശ്രൂഷയെക്കാൾ ക്രിസ്തുവിനെയും, അവന്റെ വചനത്തെയും സ്നേഹിക്കുന്ന സഭ.

നാം നിത്യതയിൽ ചെല്ലുമ്പോൾ ദൈവം നമ്മോട് ചോദിക്കുന്ന ഒരു ചോദ്യം,

“നിനക്ക് എത്ര വലിയ ശുശ്രൂഷ ഉണ്ടായിരുന്നു?” എന്നല്ല, “ഞാൻ നിന്നെ ഏൽപ്പിച്ചതിൽ നീ എത്ര വിശ്വസ്തനായിരുന്നു?” എന്നാണ്.

അന്ന് മനുഷ്യരുടെ പദവികൾ ഒന്നും നമ്മെ രക്ഷിക്കുകയില്ല. ജനക്കൂട്ടത്തിന്റെ കൈയടിയും നമ്മെ രക്ഷിക്കുകയില്ല. നമ്മുടെ കഴിവുകളും നമ്മെ രക്ഷിക്കുകയില്ല.

വചനത്തോടുള്ള വിശ്വസ്തത മാത്രമാണ് അന്ന് നമ്മെ നിലനിർത്തുന്നത്.

അതുകൊണ്ട് ദൈവം ഏൽപ്പിക്കാത്തത് നാം ഏറ്റെടുക്കാതിരിക്കട്ടെ. ദൈവം ഏൽപ്പിച്ചതിനെ നാം ഉപേക്ഷിക്കാതിരിക്കട്ടെ. ദൈവം ഉപയോഗിക്കുന്നവരെ നാം നിരസിക്കാതിരിക്കട്ടെ. എന്നാൽ ദൈവവചനത്തിൽ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധമായ അതിരുകൾ നാം മറികടക്കാതിരിക്കട്ടെ.

സഭയുടെ Pastor /Shepherd(ഇടയൻ), അധ്യക്ഷൻ (Bishop/Overseer) മൂപ്പൻ (Elder), എന്നീ പ്രധാന ആത്മീയ പദവികൾ മനുഷ്യന്റെ അവകാശമല്ല; ദൈവം ഏൽപ്പിച്ച ഉത്തരവാദിത്വമാണ്. ഇതൊരു ആത്മീയ ശുശ്രൂഷ ആണ്.

ഈ ഉത്തരവാദിത്വത്തെ, ഈ ആത്മീയ ശുശ്രൂഷയെ മനുഷ്യന്റെയും, ലോകത്തിന്റെയും കയ്യിൽ കൊടുക്കാതെ, ക്രിസ്തുവിന്റെ കാൽക്കൽ വെച്ച്, വചനത്തിന്റെ വെളിച്ചത്തിൽ, ഭയഭക്തിയോടെ കാത്തുസൂക്ഷിക്കുകയാണ് നമ്മുടെ വിളി.

 

സിബി ബാബു യു.കെ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading