ലേഖനം: മനപ്പായസം | റ്റോജോ തോമസ്, ദുബായ്
നമ്മുടെ വീടുകളിൽ അടുക്കളയുണ്ട്. അടുക്കളയിൽ പാത്രങ്ങളുണ്ട്. അടുപ്പുണ്ട്. ചേരുവകളുണ്ട്. അവയെല്ലാം ചേർത്ത് പലതരം ഭക്ഷണങ്ങൾ ഉണ്ടാക്കുന്നു. എന്നാൽ മനുഷ്യന് മറ്റൊരു അടുക്കള കൂടിയുണ്ട്. അത് മനസ്സിന്റെ അടുക്കളയാണ്.

അവിടെ പാത്രങ്ങളില്ല.അവിടെ അടുപ്പില്ല. പുകയില്ല. എന്നാൽ അവിടെ പാചകം നടക്കുന്നുണ്ട്. അവിടെ സ്വപ്നങ്ങൾ വേവുന്നു.
ആഗ്രഹങ്ങൾ വേവുന്നു. പ്രതീക്ഷകൾ വേവുന്നു. പദ്ധതികൾ വേവുന്നു. മോഹങ്ങൾ വേവുന്നു. അഹങ്കാരം വേവുന്നു.
പകയും പ്രതികാരവും വേവുന്നു. അവിടെ പാകം ചെയ്യുന്ന ചിലതിനെ നാം വിളിക്കാം, “മനപ്പായസങ്ങൾ.”
മറ്റാരും കാണാത്തത്; എന്നാൽ നാം മനസ്സിൽ രുചിച്ചു കൊണ്ടിരിക്കുന്നതു. പണം കിട്ടിയിട്ടില്ല; പക്ഷേ എങ്ങനെ ചെലവാക്കണമെന്ന് തീരുമാനിച്ചു. സ്ഥാനം കിട്ടിയിട്ടില്ല; പക്ഷേ സ്ഥാനത്ത് ഇരുന്നുകൊണ്ട് ആരെ എങ്ങനെ നിയന്ത്രിക്കണമെന്ന് തീരുമാനിച്ചു. വീട് കിട്ടിയിട്ടില്ല; പക്ഷേ അതിലെ മുറികൾ എങ്ങനെ അലങ്കരിക്കണമെന്ന് തീരുമാനിച്ചു. ഒരു കാര്യം സംഭവിച്ചിട്ടില്ല; പക്ഷേ അതിന്റെ വിജയാഘോഷം വരെ മനസ്സിൽ നടത്തി.
ഇതാണ് മനുഷ്യന്റെ മനസ്സ്. യാഥാർത്ഥ്യത്തിൽ ഒന്നുമില്ലെങ്കിലും മനസ്സിൽ എല്ലാം സ്വന്തമാക്കാനുള്ള കഴിവ് മനുഷ്യനുണ്ട്.
ആദ്യം നമുക്ക് ഒരു കാര്യം വ്യക്തമാക്കാം. സ്വപ്നവും മനപ്പായസവും ഒന്നല്ല , സ്വപ്നം കാണുന്നത് തെറ്റല്ല. ബൈബിളിൽ ദൈവം മനുഷ്യർക്ക് ദർശനങ്ങളും സ്വപ്നങ്ങളും നൽകിയിട്ടുണ്ട്. യോസേഫിന് സ്വപ്നമുണ്ടായിരുന്നു. യോസേഫിന്റെ സ്വപ്നം അവനെ മുട്ടുകുത്തിച്ചില്ലേ?
അവന്റെ സ്വപ്നം അവനെ അഹങ്കാരിയാക്കാനല്ല, ദൈവത്തിന്റെ പദ്ധതിയിലേക്ക് നയിക്കാനായിരുന്നു. നെഹെമ്യാവിന് യെരൂശലേമിന്റെ മതിലുകളെക്കുറിച്ച് ഒരു ദർശനമുണ്ടായിരുന്നു.
മോശെയ്ക്ക് ദൈവത്തിന്റെ ജനത്തെക്കുറിച്ച് ഒരു ദൗത്യമുണ്ടായിരുന്നു.
അപ്പൊസ്തലനായ പൗലോസിന് സുവിശേഷം ലോകത്തിന്റെ അറ്റങ്ങളിലേക്ക് എത്തിക്കാനുള്ള ദർശനമുണ്ടായിരുന്നു.
അതുകൊണ്ട്:ദൈവത്തിൽ നിന്നുള്ള ദർശനം — അനുഗ്രഹമാണ്. പക്ഷേ: ദൈവത്തോട് ചോദിക്കാതെ നമ്മൾ തന്നെ പാകം ചെയ്യുന്ന സ്വപ്നം — മനപ്പായസമായേക്കാം.
ദൈവദർശനം നമ്മെ ദൈവത്തിലേക്ക് അടുപ്പിക്കും. മനപ്പായസം നമ്മെ നമ്മിലേക്കുതന്നെ അടുപ്പിക്കും. ദൈവദർശനം ചോദിക്കും: “കർത്താവേ, അങ്ങയ്ക്ക് എന്താണ് വേണ്ടത്?”
മനപ്പായസം ചോദിക്കും: “കർത്താവേ, എനിക്ക് വേണ്ടത് എപ്പോൾ തരാം?” ഇതാണ് വ്യത്യാസം.
മനപ്പായസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചേരുവ പലപ്പോഴും ഒരു ചെറിയ വാക്കാണ്: “ഞാൻ.” .
“ഞാൻ നേടണം.” . “ഞാൻ വിജയിക്കണം.” “എനിക്ക് സ്ഥാനം വേണം.” . “എന്റെ പേര് വരണം.” . “എന്നെ എല്ലാവരും അംഗീകരിക്കണം.” . “എന്റെ അഭിപ്രായം ജയിക്കണം.” . “എന്റെ മക്കൾ മറ്റുള്ളവരുടെ മക്കളേക്കാൾ മുന്നിലായിരിക്കണം.” . “എന്റെ ജീവിതം മറ്റുള്ളവരുടെ ജീവിതത്തേക്കാൾ മികച്ചതായിരിക്കണം.”
“ഞാൻ…” “എന്റെ…” “എനിക്ക്…” മനപ്പായസം കട്ടിയാകുന്നത് “ഞാൻ” കൂടുമ്പോഴാണ്.
മനപ്പായസത്തിന്റെ ചരിത്രം ഇന്നലെയോ ഇന്നോ ആരംഭിച്ചതല്ല. ഏദൻതോട്ടത്തിൽ പിശാച് ഹവ്വയോട് പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കുക. “നിങ്ങൾ ദൈവത്തെപ്പോലെ ആകും.” ദൈവം നൽകിയതിൽ തൃപ്തരാകാതെ, ദൈവം നൽകിയതിലും അധികം സ്വന്തമാക്കണം എന്ന ആഗ്രഹം അവിടെ ജനിച്ചു.അവിടെ ഒരു പഴം മാത്രമല്ല കണ്ടത്. ഒരു മനപ്പായസം പാകം ചെയ്തു. “എനിക്ക് ഇതും വേണം.” ദൈവം നൽകിയതെല്ലാം ഉണ്ടായിരുന്നിട്ടും, ഇല്ലാത്ത ഒന്നിലേക്കായിരുന്നു കണ്ണ്. ഇന്നും അതുതന്നെയാണ്. നമുക്ക് ഉള്ളതിലേക്കല്ല നമ്മുടെ കണ്ണ്. നമുക്ക് ഇല്ലാത്തതിലേക്കാണ്.
ഇന്നത്തെ കാലത്ത് മനപ്പായസങ്ങൾ പാകം ചെയ്യാൻ ഏറ്റവും വലിയ അടുപ്പുകളിൽ ഒന്നാണ് സോഷ്യൽ മീഡിയ.ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും നല്ല പത്ത് മിനിറ്റ് നാം സ്ക്രീനിൽ കാണുന്നു. അവരുടെ യാത്ര. അവരുടെ പുതിയ കാർ. അവരുടെ പുതിയ വീട്. അവരുടെ വിവാഹം. അവരുടെ ആഘോഷം. അവരുടെ വിജയം. അവരുടെ സന്തോഷം. പക്ഷേ അവരുടെ: കണ്ണുനീർ കാണുന്നില്ല. കടബാധ്യത കാണുന്നില്ല. കുടുംബപ്രശ്നം കാണുന്നില്ല. ഉറക്കമില്ലാത്ത രാത്രികൾ കാണുന്നില്ല. പരാജയങ്ങൾ കാണുന്നില്ല. നാം കാണുന്നത് ജീവിതത്തിന്റെ പ്രഭാപൂർണ്ണ നിമിഷങ്ങൾ ആണ്.
പക്ഷേ അതിനെ നമ്മുടെ മുഴുവൻ ജീവിതവുമായി താരതമ്യം ചെയ്യുന്നു. അവിടെ മനപ്പായസം തുടങ്ങുന്നു. “എനിക്കും അങ്ങനെ വേണം.” “എന്റെ ജീവിതം എന്തുകൊണ്ട് ഇങ്ങനെയാണ്?” “എനിക്ക് എന്തുകൊണ്ട് ഇത്രയൊന്നും ഇല്ല?” “എന്തുകൊണ്ട് അവന് കിട്ടുന്നു, എനിക്ക് കിട്ടുന്നില്ല?” അങ്ങനെ നന്ദിയുള്ള ഹൃദയം അസന്തുഷ്ടമായ ഹൃദയമായി മാറുന്നു.
മനപ്പായസം മനുഷ്യനെ അനുഗ്രഹം മറക്കാൻ പഠിപ്പിക്കുന്നു . ഇസ്രായേൽ ജനത്തെ ഓർക്കുക. ദൈവം അവരെ മിസ്രയീമിൽ നിന്ന് പുറത്തുകൊണ്ടുവന്നു. ചെങ്കടൽ പിളർന്നു. മന്ന നൽകി. പാറയിൽ നിന്ന് വെള്ളം നൽകി. പകൽ മേഘസ്തംഭം. രാത്രി അഗ്നിസ്ഥംഭം. എങ്കിലും അവർ പറഞ്ഞു:
“മിസ്രയീമിൽ അടിമകളായിരുന്ന കാലത്ത് യാതൊരു വിലയും കൊടുക്കാതെ തങ്ങൾ ധാരാളമായി കഴിച്ചിരുന്ന മീൻ, വെള്ളരിക്ക, മത്തങ്ങ, ഉള്ളി എന്നിവയെക്കുറിച്ച് മരുഭൂമിയിലെ യാത്രയ്ക്കിടയിൽ യിസ്രായേൽ മക്കൾ ഓർത്തു കരയുന്നു.” അവർക്ക് ലഭിച്ച അത്ഭുതങ്ങൾ മറന്നു. ഇല്ലാത്തതിനെക്കുറിച്ച് ചിന്തിച്ചു. ഇതാണ് മനപ്പായസത്തിന്റെ അപകടം. ഇല്ലാത്ത ഒന്ന്, ഉള്ള നൂറ് അനുഗ്രഹങ്ങളെ മറക്കിക്കുന്നു. ഇന്ന് നമുക്കും അങ്ങനെ തന്നെയല്ലേ? ദൈവം നൽകിയ കുടുംബം മറക്കുന്നു. ആരോഗ്യം മറക്കുന്നു. ജീവൻ മറക്കുന്നു. രക്ഷ മറക്കുന്നു. സഭ മറക്കുന്നു. വചനം മറക്കുന്നു. പ്രാർത്ഥിക്കാൻ കഴിയുന്നത് മറക്കുന്നു. പക്ഷേ കിട്ടാത്ത ഒരു കാര്യം മാത്രം ഓർത്ത് ദുഃഖിക്കുന്നു.
ലൂക്കോസ് 12ൽ യേശു പറഞ്ഞ സമ്പന്നനായ മൂഢനെ ഓർക്കുക. അവന്റെ വയലിൽ ധാരാളം വിളവുണ്ടായി. അവൻ ചിന്തിച്ചു: “ഞാൻ എന്തു ചെയ്യും?” പിന്നെ പറഞ്ഞു: “എന്റെ കളപ്പുരകൾ പൊളിച്ച് വലുതാക്കും.” ശ്രദ്ധിക്കുക: എന്റെ കളപ്പുര. എന്റെ വിളവ്. എന്റെ ധനം. എന്റെ ആത്മാവ്. എന്റെ ഭാവി. അവന്റെ പദ്ധതിയിൽ ഒരു വലിയ അഭാവമുണ്ടായിരുന്നു. “ദൈവം.”
അവൻ തന്റെ ഭാവിയെക്കുറിച്ച് പദ്ധതിയിട്ടു. പക്ഷേ തന്റെ ജീവിതത്തിന്റെ ദൈർഘ്യം അവന്റെ കൈവശമുണ്ടായിരുന്നില്ല.
ദൈവം പറഞ്ഞു: “മൂഢാ, ഈ രാത്രിയിൽ തന്നേ നിന്റെ പ്രാണനെ നിന്നോടു ചോദിക്കും.”
നമുക്ക് നാളേക്കുള്ള പദ്ധതിയുണ്ടാകാം; എന്നാൽ നാളെ നമുക്കുള്ളതല്ല.
പലപ്പോഴും നമ്മുടെ ജീവിതത്തിലെ ക്രമം ഇങ്ങനെയാണ്: മനപ്പായസം പാകം ചെയ്യുമ്പോൾ ദൈവത്തോട് ചോദിക്കാറില്ല.
ആദ്യം തീരുമാനം. പിന്നെ: “കർത്താവേ, ഇത് അനുഗ്രഹിക്കണമേ.” ആദ്യം വിവാഹം തീരുമാനിച്ചു. പിന്നെ പ്രാർത്ഥന. ആദ്യം ബിസിനസ് തുടങ്ങി. പിന്നെ ദൈവത്തോട് അനുഗ്രഹം ചോദിച്ചു. ആദ്യം സ്ഥാനം തേടി. പിന്നെ ദൈവത്തെ വിളിച്ചു. ആദ്യം സ്വന്തം വഴി തിരഞ്ഞെടുത്തു. പിന്നെ ദൈവത്തോട്: “കർത്താവേ, എന്റെ കൂടെ വരണമേ.” പക്ഷേ യഥാർത്ഥ ക്രിസ്തീയ ജീവിതം അങ്ങനെയല്ല.
നാം ദൈവത്തോട് പറയേണ്ടത് “കർത്താവേ, ഞാൻ പോകുന്ന വഴിയിൽ അങ്ങ് വരണമേ” എന്നല്ല. “കർത്താവേ, അങ്ങ് പോകുന്ന വഴിയിൽ എന്നെയും നടത്തണമേ” എന്നാണ്.
ഗെത്ത്സെമനെയിൽ യേശു പറഞ്ഞു:“എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം തന്നേ ഉണ്ടാകേണമേ.”ഇതാണ് ക്രിസ്തീയ ജീവിതത്തിന്റെ ഏറ്റവും വലിയ പാഠം.
നമ്മുടെ ജീവിതത്തിലും ഇതാണ് ആത്മീയ പക്വത. “ദൈവമേ, എനിക്ക് ഇഷ്ടമുള്ളത് തരണമേ” എന്നതിൽ നിന്ന്,“ദൈവമേ, അങ്ങയ്ക്ക് ഇഷ്ടമുള്ളത് എന്നിൽ സംഭവിക്കട്ടെ” എന്നതിലേക്ക് എത്തണം.
യേശുവിന്റെ ശിഷ്യന്മാർ പോലും ഒരു ഘട്ടത്തിൽ ചർച്ച ചെയ്തു:
“നമ്മിൽ ആർ വലിയവൻ?” മൂന്നര വർഷം യേശുവിനോടൊപ്പം നടന്നവർ. അത്ഭുതങ്ങൾ കണ്ടവർ. വചനങ്ങൾ കേട്ടവർ. എങ്കിലും മനസ്സിൽ: “ആരാണ് വലിയവൻ?” എന്ന ചോദ്യം. യേശു എന്താണ് ചെയ്തത്? അവൻ പറഞ്ഞു: “നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകൻ ആകട്ടെ.” ലോകത്തിന്റെ തത്വം: “വലിയവനാകുക.” ക്രിസ്തുവിന്റെ തത്വം: “വലിയവനാകണമെങ്കിൽ സേവിക്കുക.”
നമ്മുടെ ബന്ധങ്ങളിലും മനപ്പായസം വേവുന്നു. “അവൻ ആദ്യം വിളിക്കണം.” “അവൾ ആദ്യം മാപ്പ് പറയണം.” “അവർ എന്നെ ബഹുമാനിക്കണം.” “അവർ എന്റെ വില മനസ്സിലാക്കണം.” നാം മറ്റൊരാൾ എങ്ങനെ പെരുമാറണം എന്നതിന്റെ തിരക്കഥ മനസ്സിൽ എഴുതുന്നു. അത് നടക്കാതെ വന്നാൽ: വേദന. കോപം. നിരാശ. പക.
പക്ഷേ ക്രിസ്തു നമ്മോട് എന്താണ് പറഞ്ഞത്? ക്ഷമിക്കുക. സ്നേഹിക്കുക. പ്രാർത്ഥിക്കുക.
ക്രിസ്തീയ ജീവിതം മറ്റുള്ളവരെ നമ്മുടെ പ്രതീക്ഷയ്ക്കനുസരിച്ച് മാറ്റാനുള്ള ശ്രമമല്ല. ദൈവം നമ്മെ മാറ്റാൻ അനുവദിക്കുന്ന ജീവിതമാണ്.
മനുഷ്യൻ ഏറ്റവും കൂടുതൽ പാകം ചെയ്യുന്ന ഒരു പായസം: “നാളെ.”
“നാളെ പ്രാർത്ഥിക്കാം.” “നാളെ ബൈബിൾ വായിക്കാം.” “നാളെ ക്ഷമ ചോദിക്കാം.” “നാളെ സഭയിൽ കൂടുതൽ സജീവമാകാം.” “നാളെ ദൈവത്തിനായി ജീവിക്കാം.” പക്ഷേ യാക്കോബ് പറയുന്നു: “നാളെയെക്കുറിച്ച് നിങ്ങൾ അറിയുന്നില്ല.” നാളെ നമ്മുടെ കൈവശമുള്ളതല്ല. ഇന്നാണ് നമ്മുടെ കൈവശമുള്ള സമയം. നിങ്ങൾ സ്നേഹിക്കേണ്ട ഒരാൾ ഉണ്ടെങ്കിൽ — ഇന്ന് സ്നേഹിക്കുക. ക്ഷമിക്കേണ്ട ഒരാൾ ഉണ്ടെങ്കിൽ — ഇന്ന് ക്ഷമിക്കുക. ഇന്ന് പ്രാർത്ഥിക്കുക.
യോസേഫിന് സ്വപ്നം ഉണ്ടായിരുന്നു.പക്ഷേ സ്വപ്നം കണ്ടതിന് ശേഷം: കൊട്ടാരം വന്നില്ല. കുഴിയിലായി. പിന്നെ അടിമയായി. പിന്നെ വ്യാജാരോപണം.പിന്നെ തടവ്. എന്നാൽ ദൈവത്തിന്റെ പദ്ധതി അവിടേം കൊണ്ട് തീർന്നില്ല. നാം പലപ്പോഴും ചോദിക്കും: “ദൈവമേ, ഞാൻ പ്രാർത്ഥിച്ചല്ലോ. പിന്നെ എന്തുകൊണ്ട് ഇതു സംഭവിക്കുന്നു?” യോസേഫിന്റെ ജീവിതം നമ്മോട് പറയുന്നു:നിന്റെ വഴി തീർന്നു എന്ന് തോന്നിയാലും ദൈവത്തിന്റെ വഴി തീർന്നിട്ടില്ല.
ദാവീദിനെ രാജാവായി അഭിഷേകം ചെയ്തു. അഭിഷേകം ലഭിച്ച ഉടൻ രാജാവായില്ല. അവൻ വീണ്ടും ആടുകളെ മേയിച്ചു. പിന്നെ ഗോലിയാത്ത്. പിന്നെ ശൗലിന്റെ പിന്തുടർച്ച. പിന്നെ ഗുഹ. പിന്നെ കാത്തിരിപ്പ്.ദൈവം അവനെ സിംഹാസനത്തിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ്, സിംഹാസനം വഹിക്കാൻ കഴിയുന്ന മനുഷ്യനാക്കി.ഇതാണ് ദൈവത്തിന്റെ പരിശീലനം.
നാം ചോദിക്കുന്നു: “കർത്താവേ, എപ്പോൾ?”ദൈവം ചോദിക്കുന്നു: “നീ തയ്യാറായോ?”
ഇന്നത്തെ തലമുറയ്ക്ക് കാത്തിരിക്കാൻ ബുദ്ധിമുട്ടാണ്.
എല്ലാം എല്ലാം പെട്ടെന്ന് ലഭിക്കണമെന്നാണ് ആഗ്രഹം. ലോകം നമ്മെ തിടുക്കത്തിൽ എല്ലാം നേടാൻ പഠിപ്പിക്കുമ്പോൾ, ദൈവം നമ്മെ കാത്തിരിപ്പിലൂടെ വളരാൻ പഠിപ്പിക്കുന്നു. ലോകം ക്ഷണനേരത്തെ വിജയമാണ് ആഗ്രഹിക്കുന്നത്; എന്നാൽ ദൈവം ആഴമുള്ള സ്വഭാവമാണ് രൂപപ്പെടുത്തുന്നത്. അതുകൊണ്ടാണ് അവൻ പലപ്പോഴും പരീക്ഷണങ്ങളുടെയും കാത്തിരിപ്പിന്റെയും തീച്ചൂളയിലൂടെ നമ്മെ പതുക്കെ രൂപപ്പെടുത്തുന്നത്.” കാത്തിരിപ്പ് നമ്മെ തകർക്കാനല്ല. നമ്മെ തയ്യാറാക്കാനാണ്.
നമുക്ക് ഭാവിയെക്കുറിച്ച് പദ്ധതിയുണ്ടാകണം. പക്ഷേ ഭാവിയിൽ ദൈവമില്ലെങ്കിൽ ആ പദ്ധതി അപകടകരമാണ്. സദൃശവാക്യങ്ങൾ പറയുന്നു:“ നിന്റെ പ്രവൃത്തികളെ യഹോവെക്കു സമർപ്പിക്ക; എന്നാൽ നിന്റെ ഉദ്ദേശങ്ങൾ സാധിക്കും” . പദ്ധതി വേണം. പക്ഷേ പ്രാർത്ഥനയോടുകൂടിയ പദ്ധതി. സ്വപ്നം വേണം. പക്ഷേ ദൈവഹിതത്തോടുകൂടിയ സ്വപ്നം.ലക്ഷ്യം വേണം. പക്ഷേ ദൈവത്തെ മഹത്വപ്പെടുത്തുന്ന ലക്ഷ്യം.
നമ്മൾ നമ്മോടുതന്നെ ഈ ചോദ്യങ്ങൾ ചോദിക്കണം.
ഇത് ദൈവത്തിന്റെ ആഗ്രഹമാണോ, അതോ എന്റെ ആഗ്രഹമാണോ? ഇത് എന്നെ ദൈവത്തിലേക്ക് അടുപ്പിക്കുമോ, ദൈവത്തിൽ നിന്ന് അകറ്റുമോ? ഇത് ദൈവത്തിന്റെ മഹത്വത്തിനാണോ, അതോ എന്റെ മഹത്വത്തിനാണോ? ഇത് ലഭിക്കാത്തപ്പോൾ പോലും എനിക്ക് ദൈവത്തെ സ്നേഹിക്കാൻ കഴിയുമോ? ദൈവം “ഇല്ല” എന്നു പറഞ്ഞാൽ ഞാൻ “അതെ, കർത്താവേ” എന്നു പറയാൻ തയ്യാറാണോ?
ഇതാണ് വിശ്വാസത്തിന്റെ യഥാർത്ഥ പരീക്ഷ.
ഒരു വലിയ സത്യം. നമ്മുടെ ജീവിതം നമ്മുടെ സ്വന്തമല്ല. നാം ദൈവത്തിന്റേതാണ്. നമ്മുടെ സമയം ദൈവത്തിന്റേതാണ്. നമ്മുടെ കഴിവുകൾ ദൈവത്തിന്റേതാണ്. നമ്മുടെ സമ്പത്ത് ദൈവത്തിന്റേതാണ്. നമ്മുടെ മക്കൾ ദൈവത്തിന്റെ ദാനമാണ്.നമ്മുടെ ശുശ്രൂഷ ദൈവത്തിന്റേതാണ്. നമ്മുടെ ഭാവി ദൈവത്തിന്റെ കയ്യിലാണ്.
ജീവിതത്തിന്റെ നിയന്ത്രണകസേരയിൽ നാം ഇരിക്കേണ്ടതില്ല. അവിടെ ദൈവത്തെ ഇരുത്തുക.
“എന്റെ മനസ്സിന്റെ അടുക്കളയിൽ എന്താണ് വേവുന്നത്?” അവിടെ അസൂയയാണോ? അഹങ്കാരമാണോ? പകയാണോ?സ്ഥാനമോഹമാണോ? സമ്പത്തിന്റെ മോഹമാണോ? മറ്റുള്ളവരോടുള്ള താരതമ്യമാണോ? അല്ലെങ്കിൽ ദൈവം നൽകിയ ദർശനമാണോ? ഇന്ന് ആ അടുക്കള ദൈവത്തിന് സമർപ്പിക്കാം. നമ്മുടെ മനപ്പായസങ്ങളെ ദൈവത്തിന്റെ കയ്യിൽ ഏൽപ്പിക്കാം.
നമുക്ക് പറയാം: “കർത്താവേ, ഞാൻ ആഗ്രഹിക്കുന്നതെല്ലാം എനിക്ക് തരണമേ എന്നല്ല എന്റെ പ്രാർത്ഥന. എനിക്ക് ലഭിക്കേണ്ടത് എന്താണെന്ന് അങ്ങ് അറിയുന്നു. എനിക്ക് പോകേണ്ട വഴി അങ്ങ് അറിയുന്നു. എനിക്ക് എപ്പോൾ ലഭിക്കണം എന്ന് അങ്ങ് അറിയുന്നു. അതുകൊണ്ട് എന്റെ ഇഷ്ടത്തേക്കാൾ അങ്ങയുടെ ഇഷ്ടം തിരഞ്ഞെടുക്കാൻ എന്നെ പഠിപ്പിക്കണമേ.”
യോസേഫ് കുഴിയിൽ ആയിരുന്നപ്പോഴും ദൈവത്തിന്റെ പദ്ധതി പ്രവർത്തിച്ചു. ദാവീദ് ഗുഹയിൽ ആയിരുന്നപ്പോഴും ദൈവത്തിന്റെ പദ്ധതി പ്രവർത്തിച്ചു. മോശെ മരുഭൂമിയിൽ ആയിരുന്നപ്പോഴും ദൈവത്തിന്റെ പദ്ധതി പ്രവർത്തിച്ചു. പൗലോസ് തടവറയിൽ ആയിരുന്നപ്പോഴും ദൈവത്തിന്റെ പദ്ധതി പ്രവർത്തിച്ചു. നമ്മുടെ ഇപ്പോഴത്തെ സാഹചര്യം ദൈവത്തിന്റെ അവസാന അധ്യായമല്ല. നീ കാണുന്നത് ഇന്നാണ്.ദൈവം കാണുന്നത് നാളെയും അതിനപ്പുറവും ആണ്.
നമ്മുടെ ജീവിതത്തിന്റെ സാക്ഷ്യം ഇതായിരിക്കട്ടെ:
“എന്റെ മനസ്സിന്റെ ആഗ്രഹമല്ല, എന്റെ ജീവിതത്തിൽ ദൈവത്തിന്റെ ആലോചനയാണ് നിവൃത്തിയായത്.”
അതാണ് യഥാർത്ഥ വിജയം.അതാണ് യഥാർത്ഥ സമാധാനം. അതാണ് യഥാർത്ഥ അനുഗ്രഹം.“മനപ്പായസം മനസ്സിന് രുചിയാകാം; ദൈവഹിതമാണ് ആത്മാവിന് ജീവൻ നൽകുന്നത്.”
റ്റോജോ തോമസ്, ദുബായ്

- Advertisement -


Comments are closed.