വടശ്ശേരിക്കര: സുവിശേഷ പ്രവർത്തന രംഗത്ത് അരനൂറ്റാണ്ട് പൂർത്തിയാക്കിയ വടശ്ശേരിക്കരയിലെ ആദ്യകാല പെന്തക്കോസ്ത് സഭാ പ്രവർത്തകനും ക്രിസ്തീയ ശുശ്രൂഷാരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പാസ്റ്റർ പള്ളിപീടികയിൽ ഉമ്മൻ നേത്തടത്തിന്റെ ജീവിതവും ശുശ്രൂഷയും പ്രതിപാദിക്കുന്ന ജീവചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്തു. എക്സൽ വി.ബി.എസ്. സ്ഥാപകൻ ബിനു ജോസഫ് വടശ്ശേരിക്കര രചിച്ച ഗ്രന്ഥം റാന്നി എം.എൽ.എ. പഴകുളം മധു പ്രകാശനം ചെയ്തു. ഡിസ്ട്രിക്ട് പാസ്റ്റർ പാസ്റ്റർ സി.കെ. ഏബ്രഹാം ആദ്യപ്രതി ഏറ്റുവാങ്ങി. ബിനു ജോസഫ് അധ്യക്ഷത വഹിച്ചു.

ദൈവഹിതം തിരിച്ചറിഞ്ഞ് ജീവിക്കുമ്പോഴാണ് മനുഷ്യജീവിതം ധന്യമാകുന്നതെന്ന് പഴകുളം മധു എം.എൽ.എ. പറഞ്ഞു. സമൂഹത്തിന്റെ വെളിച്ചമായി പ്രശോഭിക്കാൻ ദൈവമക്കൾക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർധക്യസഹജമായ ക്ഷീണത്തിലായിരുന്നിട്ടും പാസ്റ്റർ ഉമ്മൻ നേത്തടം ചടങ്ങിൽ സന്നിഹിതനായത് ഏറെ ധന്യമായ നിമിഷമായി. അരനൂറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്റെ സുവിശേഷ പ്രവർത്തനവും ശുശ്രൂഷാ ജീവിതവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതാണ് ഗ്രന്ഥം. ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ലൈഫ് സോൺ പബ്ലിക്കേഷൻസിന്റെയും KIND-ന്റെയും നേതൃത്വത്തിലുള്ള എൽസൺ ബേബി, സി.ഒ. വർഗീസ് എന്നിവർ പുസ്തകം സദസ്സിന് പരിചയപ്പെടുത്തി.
കുടുംബത്തെ പ്രതിനിധീകരിച്ച് ഇവ.ഉമ്മൻ പി. ക്ലെമൻസൺ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉഷാ കേശവൻ, മാർത്തോമ്മാ സഭാ കൗൺസിൽ അംഗം ഫ്രെഡി ഉമ്മൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. സിബി താഴത്തിലത്ത്, പാസ്റ്റർമാരായ സാം തങ്കച്ചൻ, തോമസ് ഡാനിയേൽ, റെജി മണിയാറ്റ് എന്നിവർ ആശംസകൾ അർപ്പിച്ചു. എൽബീസ്, ഷൈനി ബിനോയ് എന്നിവർ നന്ദി പറഞ്ഞു.

- Advertisement -


Comments are closed.