യുപിഎഫ്കെ ജനറൽ കൺവെൻഷന് മുന്നോടിയായി 21 ദിവസത്തെ ഉപവാസ പ്രാർത്ഥന ആരംഭിച്ചു
KE News International Desk
കുവൈറ്റ് സിറ്റി: യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റിന്റെ (യുപിഎഫ്കെ) നേതൃത്വത്തിൽ ഒക്ടോബർ 21 മുതൽ 23 വരെ നടക്കുന്ന ജനറൽ കൺവെൻഷന്റെ അനുഗ്രഹത്തിനായി 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയ്ക്ക് തുടക്കമായി. കുവൈറ്റ് അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിന്റെ പുതിയ ശുശ്രൂഷകനായി ചുമതലയേറ്റ പാസ്റ്റർ പോൾസൺ കുര്യാക്കോസിനുള്ള സ്വീകരണവും ഇതോടനുബന്ധിച്ച് നടന്നു.

സെപ്റ്റംബർ 13 മുതൽ ഒക്ടോബർ 3 വരെയാണ് ഉപവാസ പ്രാർത്ഥന സംഘടിപ്പിച്ചിരിക്കുന്നത്. കുവൈറ്റ് സിറ്റിയിലെ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് (NECK) കോമ്പൗണ്ടിലെ ഹാൾ ഓഫ് ജോയിയിൽ സെപ്റ്റംബർ 13ന് വൈകിട്ട് ഏഴിന് നടന്ന ചടങ്ങിൽ പ്രാർത്ഥനയ്ക്ക് തുടക്കം കുറിച്ചു. കുവൈറ്റിലെ 18 പെന്തക്കോസ്ത് സഭകളുടെ കൂട്ടായ്മയായ യുപിഎഫ്കെ ഗൾഫ് മേഖലയിലെ ശ്രദ്ധേയമായ പെന്തക്കോസ്ത് ഐക്യവേദിയാണ്. ഒക്ടോബർ 21 ബുധനാഴ്ച മുതൽ 23 വെള്ളിയാഴ്ച വരെയാണ് ഈ വർഷത്തെ ജനറൽ കൺവെൻഷൻ നടക്കുന്നത്. കുവൈറ്റിലെത്തിയ പാസ്റ്റർ പോൾസൺ കുര്യാക്കോസിന്റെ ശുശ്രൂഷയ്ക്ക് ആശംസകൾ നേർന്ന് വിവിധ സഭാ പ്രതിനിധികളും ശുശ്രൂഷകരും സംസാരിച്ചു. കൺവെൻഷന്റെ വിജയത്തിനും സഭകളുടെയും വിശ്വാസ സമൂഹത്തിന്റെയും ആത്മീയ ഉണർവിനുമായി പ്രാർത്ഥനകൾ തുടരണമെന്ന് ഭാരവാഹികൾ അറിയിച്ചു.

- Advertisement -

Comments are closed.