ലേഖനം: ആരാണ് ശ്രേഷ്ഠന്മാർ? | ഗ്രേസൻ ജോൺ യോഹന്നാൻ

ജീവിതത്തിരക്കുകളുടെ ഓളങ്ങൾ സൃഷ്ടിച്ച തിരയിൽപ്പെട്ട്, ഒട്ടും മധുരമില്ലാത്ത ട്രാഫിക് ജാമിന്റെ കയ്പ് രുചിച്ച് മടുത്തു. എന്നാപ്പിന്നെ, “നടരാജനായി പട്ടണത്തിലേക്ക് പോകാം” എന്നു തീരുമാനിച്ചു.

News Middle Advt Banner

അങ്ങനെ മുന്നോട്ടുപോകവേ, റോഡരികിൽ വളരെ പ്രായംചെന്ന, നരയും ജരയും ബാധിച്ച ഒരു പാവം അപ്പൂപ്പൻ നിലത്ത് കുത്തിയിരിക്കുന്നത് കണ്ടു. അപ്പച്ചനോട് സുഖവിവരങ്ങൾ അന്വേഷിക്കാമെന്ന് മനസ്സിൽ ഒരു തോന്നൽ.

പെട്ടെന്നാണ് എന്റെ ദൃഷ്ടിയിൽ ഒരു കാര്യം പതിഞ്ഞത്. അപ്പൂപ്പന്റെ സമീപത്ത് മണ്ണിൽ വിരിച്ചിട്ടിരിക്കുന്ന ഒരു മുഷിഞ്ഞ ചാക്ക്. അതിനുള്ളിൽ കുറച്ച് ചുവന്ന ചീരക്കെട്ടുകൾ അടുക്കിവെച്ചിരിക്കുന്നു. വില തിരക്കി.

“എത്രയാ, അപ്പച്ചാ?”

കരിമ്പിൻ ജ്യൂസ് കലക്കിയ പെട്രോളിന്റെ പകുതി വില!

ചീരയും വാങ്ങി, അപ്പൂപ്പനോട് “ബൈ ബൈ” പറഞ്ഞ് വീണ്ടും നടത്തം ആരംഭിച്ചു.

ചെറിയൊരു ചാറ്റൽമഴയുണ്ട്. അല്പം ദൂരം പിന്നിട്ടപ്പോൾ മുന്നിൽ അതാ ഒരു ട്രാഫിക് പോലീസുകാരൻ! പുള്ളി കൈകൊണ്ട് എന്തൊക്കെയോ ആംഗ്യങ്ങൾ കാണിക്കുന്നുണ്ട്. പക്ഷേ, ആരും അനുസരിക്കുന്നില്ല.

അൽപ്പനേരം ആ നിയമപാലകന്റെ കഥകളി കണ്ടശേഷം വീണ്ടും യാത്ര തുടർന്നു.

അവിടെ അതാ ഒരു ചെറിയ ആൾക്കൂട്ടം. ഒരു പുതിയ കട തുറക്കുകയാണ്. പ്രതീക്ഷകളുടെ ഭാണ്ഡക്കെട്ടുകളുമായി നമ്മുടെ നാട്ടിൽ ഒരു പുതിയ സംരംഭം!

കാര്യം മനസ്സിലാക്കി—ഉണക്കിയ പഴവർഗങ്ങളാണ് അവിടുത്തെ വിൽപ്പനച്ചരക്ക്.

“പുതിയ കടയല്ലേ… ഒന്ന് കയറി നോക്കിയേക്കാം” എന്നു കരുതി.

അവിടെ നിർത്തിവെച്ചിരിക്കുന്ന കണ്ണാടിക്കൂട്ടിൽ നിരത്തിവെച്ചിരിക്കുന്ന വി.ഐ.പി. പഴങ്ങളെ ശ്രദ്ധിച്ചു.

എല്ലാം വിദേശികൾ! സ്വദേശികളാരും തന്നെയില്ല. എല്ലാവരും ആ എ.സി. മുറിയിലെ ശീതക്കാറ്റിൽ സുഖനിദ്രയിലാണ്.

പെട്ടെന്നാണ് ഞാനൊരു “സലാം” കേട്ടത്!

തിരിഞ്ഞുനോക്കിയപ്പോൾ…

നമ്മുടെ കജൂറിക്കാ… ഈന്തപ്പഴം!

പാവം! ഇതാണ് അവന്റെ പ്രവാസകാലം.

സ്വന്തം നാട്ടിൽ രാജാവിനെപ്പോലെ എല്ലാ പരിചരണങ്ങളും ഏറ്റുവാങ്ങി, തന്റെ സുഹൃത്തുക്കളോടൊപ്പം ജീവിച്ചവൻ. എന്നാൽ ഇപ്പോൾ അവൻ മറ്റൊരു രാജ്യത്ത്, പ്രവാസത്തിന്റെ കണ്ണാടിക്കൂട്ടിൽ ഒതുങ്ങി, ത്രാസിലേക്ക് യാത്രയാകുന്നു!

എന്തായാലും കയറിയതല്ലേ… ഒരു 100 ഗ്രാം കജൂറിക്കയെയും വാങ്ങി.

അങ്ങനെ തിരികെ വീട്ടിലെത്തി, മൊബൈലിൽ മാന്തിക്കൊണ്ടിരിക്കുമ്പോൾ ഒരു സംശയം മുളപൊട്ടി…

“ഇന്ന് ഞാൻ വാങ്ങിയതിൽ ആരാണ് യഥാർത്ഥ വി.ഐ.പി.—ചീരയോ ഈന്തപ്പഴമോ?”

സംശയം കൊടുമുടി കയറിയിട്ടും ഉത്തരം കിട്ടാത്തതുകൊണ്ട് ആശാന്റെ ഇൻസ്ട്രക്ഷൻ (AI) യോട് ചോദിച്ചു.

അവിടെ ലഭിച്ച പോഷകവിവരങ്ങൾ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി!

അപ്പോൾ ആരാണ് വി.ഐ.പി.?

ചീരയിൽ വിറ്റാമിൻ എ, സി, കെ, ഫോളേറ്റ് എന്നിവയുടെ മികച്ച ഉറവിടമാണ്. ഇരുമ്പും കാൽസ്യവും നല്ല അളവിൽ അടങ്ങിയിരിക്കുന്നു. കലോറി വളരെ കുറവാണ്.

ഈന്തപ്പഴത്തിൽ സ്വാഭാവിക പഞ്ചസാരയും കാർബോഹൈഡ്രേറ്റും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ പെട്ടെന്ന് ഊർജം ലഭിക്കാൻ സഹായിക്കുന്നു.

പക്ഷേ…

ഞെട്ടിപ്പോയി!

ഈ കാലമത്രയും എന്റെ മനസ്സിന്റെ ബി.പി.എൽ. (BPL) പട്ടികയിലായിരുന്നു ചീര!

ഈന്തപ്പഴമോ സുൽത്താനും!

ഇപ്പോൾ കാലത്തിന്റെ മേന്മകൊണ്ട് ഇവ രണ്ടിനെയും പരിശോധിക്കാൻ അവസരം കിട്ടിയപ്പോൾ…

നമ്മുടെ തൊടിയിലെ ചീര സൂപ്പർഹീറോ!

പക്ഷേ, അവന്റെ സ്ഥാനം എവിടെയാണ്?

തെരുവിന്റെ ഏതെങ്കിലും ഓരത്ത്, മണ്ണുനിറഞ്ഞ തറയിൽ, പഴഞ്ചൻ പായയിൽ കെട്ടുകളായി നിരത്തിവെച്ച്, പൊടിക്കാറ്റും സഹിച്ച്, ഏതെങ്കിലും സാധാരണക്കാരന്റെ വിയർപ്പുള്ള കൈകൾകൊണ്ട് വിൽക്കപ്പെടുന്നു!

എന്നാൽ നമ്മുടെ ഈന്തപ്പഴമോ?

എ.സി. മുറിയിൽ…

കണ്ണാടിക്കൂട്ടിൽ…

കയ്യുറ ധരിച്ച കച്ചവടക്കാരന്റെ കൈകളിൽ…

സ്വർണംപോലെ തൂക്കി വിൽക്കുന്നു!

എന്താണ് ഇവിടെ സംഭവിച്ചത്?

WHAT HAPPENED?

ഉത്തരം ഒന്നേയുള്ളൂ…

ഈന്തപ്പഴത്തിന് എണ്ണപ്പണത്തിന്റെ പി.ആർ. വർക്കുണ്ട്! അത്തറിന്റെ സുഗന്ധമുണ്ട്! മനോഹരമായ പാക്കേജിങ്ങുണ്ട്! പരസ്യമുണ്ട്!

പക്ഷേ, പാവം ചീരയ്ക്കോ?

അവനെ ഉയർത്താൻ ആരുമില്ല…

അവന് പബ്ലിസിറ്റി നൽകാൻ മാധ്യമങ്ങളുമില്ല…

പോരാത്തതിന്, പാവപ്പെട്ട കർഷകന്റെ വിയർപ്പിന്റെ മണവും!

ഈ കഥ നൽകുന്ന ഗുണപാഠം

പുറമേയുള്ള തിളക്കവും പദവിയും പ്രചാരണവും മാത്രം നോക്കി ആരെയും വിലയിരുത്തരുത്.

വളരെ പ്രൗഢിയുള്ള ഒരു സുഹൃത്തിനേക്കാൾ, നമ്മുടെ ആവശ്യസമയത്ത് ഉപകരിക്കുന്ന ഒരു സാധാരണക്കാരനായ സുഹൃത്തായിരിക്കാം കൂടുതൽ വിലപ്പെട്ടത്.

അതുകൊണ്ട്, വലിപ്പച്ചെറുപ്പമോ പദവിയോ പണമോ നോക്കാതെ എല്ലാവരോടും സ്നേഹത്തോടെ സൗഹൃദം സ്ഥാപിക്കാൻ നമുക്ക് സാധിക്കട്ടെ.

ചീര ബി.പി.എൽ. ആയിരിക്കാം…

ഈന്തപ്പഴം വി.ഐ.പി. ആയിരിക്കാം…

പക്ഷേ, മനുഷ്യരുടെ വില തീരുമാനിക്കുന്നത് അവരുടെ പുറംതിളക്കമല്ല; അവർ മറ്റുള്ളവർക്ക് നൽകുന്ന നന്മയാണ്.

ബൈബിൾ വ്യക്തമായി പറയുന്നു: ഉന്നതനു മീതെ ഒരു അത്യുന്നതൻ ഉണ്ട്. കുപ്പയിൽ കിടക്കുന്ന യാചകനെ ഒരു നിമിഷംകൊണ്ട് ഉയർത്താനും മാനിക്കാനും കഴിവുള്ള ദൈവത്തെയാണ് ബൈബിൾ നമുക്ക് പരിചയപ്പെടുത്തുന്നത്.

യേശു പറഞ്ഞു: “ദരിദ്രന്മാരോട് സുവിശേഷം അറിയിപ്പാൻ അവൻ എന്നെ അഭിഷേകം ചെയ്തിരിക്കുന്നു.”

മുഖപക്ഷമില്ലാത്ത ദൈവത്തിന് ജാതിയോ മതമോ വർണമോ വർഗമോ ഭാഷയോ അടിസ്ഥാനമാക്കിയുള്ള വിവേചനമില്ല. അവൻ ഏവരെയും സ്നേഹിക്കുന്നു. മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനും അവൻ നമ്മെ പ്രാപ്തരാക്കുന്നു.

ശ്രേഷ്ഠനായ മഹാപുരോഹിതൻ യേശുക്രിസ്തു മഹാദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നിടത്തോളം കാലം, അവനിൽ ആശ്രയിക്കുന്ന ഒരുവനും ലജ്ജിച്ചുപോകുകയില്ല.

അതുകൊണ്ട് നമുക്ക് വിശ്വസിക്കാം, ആശ്രയിക്കാം, പ്രഘോഷിക്കാം—വേർതിരിവുകളും അയിത്തവുമില്ലാത്ത ഈ നല്ല ദൈവത്തെ!

യഥാർത്ഥ ശ്രേഷ്ഠത പദവിയിലല്ല, സമ്പത്തിലല്ല, പുറംതിളക്കത്തിലുമല്ല; സ്നേഹത്തിലും കരുണയിലും മറ്റുള്ളവർക്ക് ചെയ്യുന്ന നന്മയിലുമാണ്.

ഗ്രേസൻ ജോൺ യോഹന്നാൻ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading