ബിയോണ്ട് ബോർഡേഴ്സ് 2026 കോൺഫറൻസിന് അനുഗ്രഹ സമാപ്തി
തിരുവല്ല: കേരളത്തിലെ കുടിയേറ്റ, അതിഥി തൊഴിലാളി സമൂഹങ്ങളിലേക്ക് അവരുടെ ഹൃദയഭാഷകളിൽ ദൈവവചനം എത്തിക്കുന്നതിനായി സഭകളെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ‘ബിയോണ്ട് ബോർഡേഴ്സ് 2026 കോൺഫറൻസ്’ സമാപിച്ചു. സെപ്റ്റംബർ 7, 8 തീയതികളിൽ തിരുവല്ലയിലും പെരുമ്പാവൂരിലുമായി നടന്ന സമ്മേളനം ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലറി, ന്യൂ ലൈഫ് കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ട് (NLCI), ഫെയ്ത്ത് കംസ് ബൈ ഹിയറിംഗ് (FCBH) എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു.

മഞ്ഞാടി സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയിൽ നടന്ന ആദ്യ സമ്മേളനം STECI പ്രിസൈഡിംഗ് ബിഷപ്പ് മോസ്റ്റ് റവ. ഡോ. എബ്രഹാം ചാക്കോയുടെ അധ്യക്ഷതയിൽ BSI കേരള ഓക്സിലറി പ്രസിഡന്റ് മോസ്റ്റ് റവ. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂർ ഓൾ സെയിന്റ്സ് സി.എസ്.ഐ. ചർച്ചിൽ നടന്ന രണ്ടാം സമ്മേളനം അങ്കമാലി യാക്കോബായ സുറിയാനി രൂപത അധ്യക്ഷൻ H. G. മാത്യൂസ് മോർ അപ്രേം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
BSI MC & IT അസോസിയേറ്റ് ഡയറക്ടർ കാലേബ് മാർട്ടിൻ ഹിൽട്ടൺ, FCBH സൗത്ത് ഏഷ്യ ഏരിയ ഡയറക്ടർ ഡിസെക് സെക്വെര, FCBH ഏഷ്യ ഡിജിറ്റൽ എൻഗേജ്മെന്റ് കോർഡിനേറ്റർ ജോഷി കുര്യൻ, FCBH സൗത്ത് ഇന്ത്യ കോർഡിനേറ്റർ പാസ്റ്റർ മേശക്ക് അരുൺ, NLCI കേരള ക്ലസ്റ്റർ മാനേജർ ഷിബു കുര്യൻ, IEM കേരള കോർഡിനേറ്റർ റവ. ഷിബു ഐസക്, IEM മൈഗ്രന്റ് മിനിസ്ട്രി കോർഡിനേറ്റർ റവ. ഷിബു മാത്യു എന്നിവർ വിവിധ സെഷനുകൾ നയിച്ചു. NLCI-യുടെ അനിൽ ജോർജ് ആരാധനയ്ക്ക് നേതൃത്വം നൽകി.
ഓഡിയോ ബൈബിൾ, വീഡിയോ ബൈബിൾ, ബഹുഭാഷാ ഡിജിറ്റൽ തിരുവചന വിഭവങ്ങൾ, വാട്സ്ആപ്പ് ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി കുടിയേറ്റ സമൂഹങ്ങളിലേക്ക് സുവിശേഷം എത്തിക്കുന്നതിനുള്ള പ്രായോഗിക മാർഗങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു.
വൈദികർ, പാസ്റ്റർമാർ, സഭാ നേതാക്കൾ, സുവിശേഷകർ, കുടിയേറ്റ സമൂഹങ്ങളിൽ ശുശ്രൂഷ ചെയ്യുന്നവർ, ശിഷ്യത്വ പരിശീലകർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു. ഭാഷയും സംസ്കാരവും ദേശവും വ്യത്യസ്തമായ ജനതകളിലേക്ക് ക്രിസ്തുവിന്റെ സ്നേഹവും ദൈവവചനത്തിന്റെ പരിവർത്തന ശക്തിയും എത്തിക്കുന്നതിനായി അതിർവരമ്പുകൾ ഭേദിച്ച് മുന്നേറണമെന്ന ആഹ്വാനത്തോടെയാണ് സമ്മേളനം സമാപിച്ചത്.

- Advertisement -


Comments are closed.