മ്യാൻമറിൽ ബാപ്റ്റിസ്റ്റ് പാസ്റ്റർ സൈനിക ഭരണകൂടത്തിന്റെ പിടിയിലിരിക്കെ കൊല്ലപ്പെട്ടു

മ്യാൻമർ: മ്യാൻമറിലെ ചിൻ സംസ്ഥാനത്ത് 25 വർഷത്തിലേറെയായി സഭയെ ശുശ്രൂഷിച്ചിരുന്ന ബാപ്റ്റിസ്റ്റ് പാസ്റ്റർ റവ. വില്യം സൈനിക ഭരണകൂടത്തിന്റെ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടതായി അന്തർദേശീയ ക്രൈസ്തവ സംഘടനകൾ അറിയിച്ചു. അദ്ദേഹത്തോടൊപ്പം മറ്റൊരു ക്രൈസ്തവ വിശ്വാസിയായ നം സിയുവും കൊല്ലപ്പെട്ടു.

News Middle Advt Banner

ചുങ്ചുങ് ബാപ്റ്റിസ്റ്റ് സഭയുടെ പാസ്റ്ററായിരുന്ന വില്യത്തെയും നം സിയുവിനെയും കഴിഞ്ഞ മേയിലാണ് സൈന്യം അറസ്റ്റ് ചെയ്തത്. സൈനിക ഭരണകൂടത്തിനെതിരെ പോരാടുന്ന ഹഖാ ചിൻലാൻഡ് ഡിഫൻസ് ഫോഴ്സിനെ സഹായിച്ചുവെന്നാരോപിച്ചായിരുന്നു അറസ്റ്റ്. എന്നാൽ കുറ്റം തെളിയിക്കുന്ന നിയമനടപടിയോ വിചാരണയോ നടന്നതായി റിപ്പോർട്ടില്ല.

ജൂൺ 4നാണ് പാസ്റ്റർ വില്യം കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തിന്റെ സംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 26ന് ചുങ്ചുങിൽ നടന്നു. ഭാര്യയും അഞ്ച് മക്കളുമാണ് അദ്ദേഹത്തിനുള്ളത്.

2021ലെ സൈനിക അട്ടിമറിക്ക് ശേഷം മ്യാൻമറിൽ ക്രൈസ്തവരടക്കമുള്ള ന്യൂനപക്ഷ സമൂഹങ്ങൾ കടുത്ത സംഘർഷവും പീഡനവും നേരിടുകയാണ്. പാസ്റ്റർ വില്യം ശുശ്രൂഷിച്ചിരുന്ന ചുങ്ചുങ് ബാപ്റ്റിസ്റ്റ് സഭ 2021 ഒക്ടോബറിൽ കൊള്ളയടിച്ചശേഷം കത്തിച്ചുകളഞ്ഞിരുന്നു. ഗ്രാമത്തിലും തുടർച്ചയായ സൈനിക റെയ്ഡുകൾ നടന്നതായി റിപ്പോർട്ടുണ്ട്.

പാസ്റ്റർ വില്യത്തിന്റെ കൊലപാതകം നിയമനടപടികളോ വിചാരണയോ കൂടാതെയുള്ള വധശിക്ഷ (extrajudicial killing) ആണെന്ന് ബർമ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ റവ. ഡോ. റോബിൻ സ്റ്റൂപ്സ് ആരോപിച്ചു. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ അന്താരാഷ്ട്ര സമൂഹം, പ്രത്യേകിച്ച് അമേരിക്ക, നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചിൻ, കയാഹ്, കചിൻ, കാരൻ, ഷാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഏകദേശം 20 ലക്ഷം ക്രൈസ്തവർ താമസിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. വ്യോമാക്രമണം, ഷെല്ലാക്രമണം, കുടിയൊഴിപ്പിക്കൽ, മാനുഷിക സഹായം തടസ്സപ്പെടൽ എന്നിവ സംഘർഷബാധിത പ്രദേശങ്ങളിൽ വ്യാപകമാണ്.

ക്രൈസ്തവ ദേവാലയങ്ങളും സൈനിക ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്. 2025 മാർച്ചിൽ കചിൻ സംസ്ഥാനത്തെ സെന്റ് പാട്രിക്സ് കത്തീഡ്രൽ സൈനികർ കത്തിച്ചു നശിപ്പിച്ചതായും, ചിൻ സംസ്ഥാനത്തെയും കചിൻ സംസ്ഥാനത്തെയും മറ്റ് ക്രൈസ്തവ ആരാധനാലയങ്ങൾ വ്യോമാക്രമണങ്ങളിൽ തകർന്നതായും റിപ്പോർട്ടിൽ പറയുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading