കഥ: ആ കൂടിക്കാഴ്ച യാദൃശ്ചികമായിരുന്നില്ല… | രാജി ബെന്നി, അബുദാബി
മണി പതിനൊന്ന് കഴിഞ്ഞിരുന്നു.
റൂമിലുള്ള എല്ലാവരും ജോലിക്ക് പോയി.
പക്ഷേ സാം മാത്രം അവിടെ ഇരുന്നു.
കയ്യിൽ ഒരു സി.വി…
മനസ്സിൽ നൂറുകണക്കിന് ചിന്തകൾ…
മൂന്ന് മാസമായി അവൻ ഒരു ജോലി തേടി നടക്കുന്നു.
വാതിലുകൾ പലതും മുട്ടി.
പക്ഷേ ഒന്നും തുറന്നില്ല.
ഓരോ നിരസിക്കലും അവന്റെ പ്രതീക്ഷയെ കുറച്ചുകൊണ്ടിരുന്നു.
എല്ലാവർക്കും പറയാനുള്ളത് ഒന്നുതന്നെ: ഇപ്പോഴത്തെ സാഹചര്യത്തിൽ ജോലി കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്.
നാട്ടിൽ അമ്മയും അനുജത്തിയും…
അവരുടെ മുഖം ഓർക്കുമ്പോൾ സാമിന്റെ നെഞ്ചിലെ ഭാരം വീണ്ടും കൂടും.
ഒരിക്കലും ജീവിതം ഇത്രയും കഠിനമായിരുന്നില്ല.
അപ്പ ഗൾഫിലായിരുന്നു.
അവനും അനുജത്തിയും ഒന്നും അറിയാതെ വളർന്നു.
നല്ല വിദ്യാഭ്യാസം…
നല്ല സൗകര്യങ്ങൾ…
ഒരു കുറവും അറിയാത്ത ബാല്യം.
പക്ഷേ, അപ്പ തന്റെ വേദനകളെല്ലാം മറച്ചുവെച്ചിരുന്നു.
അവരുടെ ചിരിക്ക് പിന്നിൽ
അപ്പയുടെ എത്രയോ രാത്രികളുടെ ഉറക്കമില്ലായ്മ ഉണ്ടായിരുന്നെന്ന്
അവർ ഒരിക്കലും അറിഞ്ഞിരുന്നില്ല.
പിന്നെ…
അപ്പയ്ക്ക് അസുഖം വന്നു.
ചികിത്സയ്ക്കായി ഒരുപാട് പണം ചെലവായി.
സമ്പാദ്യം മുഴുവൻ തീർന്നു.
അവസാനം…
വീട് പോലും നഷ്ടമായി.
അപ്പ പോയപ്പോൾ
സാമിന്റെ ജീവിതത്തിലെ തണലും നഷ്ടപ്പെട്ടു.
ഇനി അമ്മയെയും അനുജത്തിയെയും എങ്ങനെ നോക്കും?
ആ ചോദ്യത്തിന് മുന്നിൽ അവന് ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ.
എങ്ങനെയെങ്കിലും ഒരു ജോലി കണ്ടെത്തണം.
അപ്പയുടെ ഒരു സുഹൃത്തിന്റെ സഹായത്തോടെ സാം ഗൾഫിലെത്തി.
അപ്പ ജോലി ചെയ്തിരുന്ന കമ്പനിയിൽ ഒരു ജോലി കിട്ടുമെന്ന വലിയ പ്രതീക്ഷയോടെയാണ് അവൻ വന്നത്.
പക്ഷേ സാമ്പത്തിക പ്രതിസന്ധി അവിടെയും വില്ലനായി.
ഒരു ബെഡ് സ്പേസ്…
ഒരു ചെറിയ റൂം…
പ്രാരാബ്ധങ്ങൾക്കിടയിലും സ്നേഹത്തോടെ കഴിയുന്ന കുറെ മനുഷ്യർ…
പിന്നെ…
വലിയൊരു പ്രതീക്ഷ.
പക്ഷേ രണ്ട് മാസം കഴിഞ്ഞിട്ടും
ആ പ്രതീക്ഷയ്ക്ക് ജോലി, എന്ന മറുപടി കിട്ടിയില്ല.
വീണ്ടും വിസ പുതുക്കി.
ദിവസങ്ങൾ കടന്നുപോയി.
പണം കുറഞ്ഞു.
പ്രതീക്ഷയും കുറഞ്ഞു.
അങ്ങനെ ഒരു ഞായറാഴ്ച…
എല്ലാവരും റൂമിൽ ഉണ്ടായിരുന്നു.
അവരെ നോക്കിയപ്പോൾ സാമിന്റെ മനസ്സിൽ ഒരു ചിന്ത വന്നു:
ഈ പാവങ്ങളുടെ ചിലവിൽ ഞാൻ എത്ര ദിവസം കൂടി മുന്നോട്ടുപോകും?
അവന്റെ മനസ്സ് തകർന്നു.
മതി… എവിടെയെങ്കിലും പോയി ജീവിതം അവസാനിപ്പിക്കാം.
സാം പതുക്കെ റൂമിൽ നിന്ന് പുറത്തേക്കിറങ്ങി.
എങ്ങോട്ടാണ് പോകുന്നതെന്ന് അവനുതന്നെ അറിയില്ല.
പുറത്ത് കനത്ത ചൂട്.
അവൻ പതുക്കെ നടന്നു.
അപ്പോഴാണ് പിന്നിൽ നിന്ന് ഒരു ശബ്ദം കേട്ടത്.
മോനേ… എങ്ങോട്ടാ?
സാം തിരിഞ്ഞുനോക്കി.
വെള്ള വസ്ത്രം ധരിച്ച ഒരു അപ്പച്ചൻ.
അപ്പച്ചൻ സ്നേഹത്തോടെ ചോദിച്ചു:
ചർച്ചിലേക്കാണോ? വാ…
സാം ഒന്നും മിണ്ടിയില്ല.
അപ്പച്ചന്റെ കൂടെ നടന്നു.
നടക്കുന്നതിനിടയിൽ അവൻ ചിന്തിച്ചു:
ഇവിടെ വന്നതിനുശേഷം ഒരു ദിവസം പോലും ഞാൻ ചർച്ചിൽ പോയിട്ടില്ലല്ലോ…
നാട്ടിലായിരുന്നപ്പോൾ മമ്മിയുടെ നിർബന്ധം കൊണ്ടെങ്കിലും വല്ലപ്പോഴും ഞായറാഴ്ച ചർച്ചിൽ പോകുമായിരുന്നു.
അല്ലാത്തപ്പോൾ കൂട്ടുകാരുടെ കൂടെ കറങ്ങിനടക്കുകയായിരുന്നു പതിവ്.
പക്ഷേ ഇന്ന്…
തന്റെ ജീവിതം തന്നെ അവസാനിപ്പിക്കാനായി ഇറങ്ങിയ അവൻ
ഒരു അപ്പച്ചന്റെ കൂടെ ചർച്ചിലേക്ക് നടക്കുകയാണ്.
അവന്റെ മുഖത്തെ ആലോചന കണ്ട അപ്പച്ചൻ ചോദിച്ചു:
മോനെന്താ ഇത്ര ആലോചിക്കുന്നത്?
ആ ചോദ്യം കേട്ടപ്പോഴാണ് സാം തന്റെ ചിന്തകളിൽ നിന്ന് ഉണർന്നത്.
അപ്പച്ചൻ അവന്റെ തോളിൽ കൈവെച്ച് പറഞ്ഞു,
മോൻ ഒന്നും കൊണ്ട് ഭാരപ്പെടേണ്ട.
ദൈവമുണ്ട്,എല്ലാം ശരിയാകും,
നല്ല ജോലി ഒക്കെ കിട്ടും.
ജീവിതം ഒന്നും അവസാനിപ്പിക്കാൻ നോക്കണ്ട.
ആ വാക്കുകൾ കേട്ടപ്പോൾ സാം അറിയാതെ നിശ്ചലനായി.
മോനെ വേഗം നടക്ക് ആരാധന ഇപ്പോൾ ആരംഭിക്കും
അവൻ ഒന്നും പറഞ്ഞില്ല,
അവസാനം അവർ ഒരു ചർച്ചിന്റെ മുന്നിലെത്തി.
സാം അകത്തേക്ക് കയറി.
ഒരു നിമിഷം കഴിഞ്ഞ് അവൻ തിരിഞ്ഞുനോക്കി,
അപ്പച്ചനെ കാണാനില്ല,എങ്ങോട്ട് പോയി അറിയില്ല,
അവൻ അകത്തേക്ക് നടന്നു.
അന്ന് നടന്ന മീറ്റിംഗ് അവന്റെ ജീവിതത്തിലെ ഏറ്റവും അനുഗ്രഹിക്കപ്പെട്ട ദിവസങ്ങളിലൊന്നായി മാറി.
പാസ്റ്ററുടെ സന്ദേശം സാമിന്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു.
മീറ്റിംഗ് കഴിഞ്ഞപ്പോൾ പലരും അവന്റെ അടുത്തേക്ക് വന്നു.
അവന്റെ വിഷമം ചോദിച്ചു.
അവനെ ആശ്വസിപ്പിച്ചു.
ഒരാൾ പറഞ്ഞു:
വിഷമിക്കണ്ട.
മറ്റൊരാൾ പറഞ്ഞു:
ജോലി ശരിയാക്കാം.
വേറൊരാൾ പറഞ്ഞു,
ദൈവം വഴി തുറക്കും.
കുറെ നാളുകളായി അടഞ്ഞുകിടന്ന സാമിന്റെ ഹൃദയത്തിന്റെ വാതിൽ
അന്ന് പതുക്കെ തുറക്കുകയായിരുന്നു
മീറ്റിംഗ് കഴിഞ്ഞപ്പോൾ
സാമിന്റെ ഹൃദയത്തിൽ ഒരു സമാധാനം ഉണ്ടായിരുന്നു.
അപ്പ മരിച്ചതിന് ശേഷം
ഒരു രാത്രിപോലും സമാധാനത്തോടെ ഉറങ്ങാൻ കഴിയാതിരുന്ന സാം,
അന്ന് രാത്രി
ആദ്യമായി ശാന്തമായി കിടന്നു.
കണ്ണുകൾ അടച്ചു.
അവന്റെ ഹൃദയത്തിൽ നിന്ന് ഒരു പ്രാർത്ഥന ഉയർന്നു,
എനിക്ക് ജോലി കിട്ടിയാലും…
ഞാൻ നാട്ടിൽ പോയാലും…
ഞാൻ എവിടെ പോയാലും…
ദൈവം എന്റെ കൂടെയുണ്ട്.
അന്ന് സാം ഒരു സത്യം മനസ്സിലാക്കി.
താൻ ദൈവത്തെ മറന്നിരുന്നു.
ദൈവത്തെ മറന്നു.
ബൈബിൾ മറന്നു.
ചർച്ച് മറന്നു.
പക്ഷേ…
ദൈവം അവനെ മറന്നിരുന്നില്ല.
സാം ദൈവത്തിൽ നിന്ന് അകന്നപ്പോൾ
ദൈവം അവനിൽ നിന്ന് അകന്നില്ല.
മറിച്ച്,
ഒരു പടി കൂടി അടുത്തുവന്നു.
അവനെ തിരികെ വിളിക്കാൻ
ഒരു മനുഷ്യനെ വഴിയിൽ നിർത്തി.
ആ വെള്ള വസ്ത്രം ധരിച്ച അപ്പച്ചൻ ആരായിരുന്നു?
സാമിന് അറിയില്ല,എവിടെ നിന്നുവന്നു?
എവിടേക്ക് പോയി?
പക്ഷേ ആ ദിവസം മുതൽ സാം ഒരു കാര്യം മനസ്സിലാക്കി,
ചില മനുഷ്യർ നമ്മുടെ ജീവിതത്തിലേക്ക് വരുന്നത് വെറുതെയല്ല.
ചില കൂടിക്കാഴ്ചകൾ യാദൃശ്ചികമല്ല.
ചില വഴികൾ നമ്മൾ തിരഞ്ഞെടുക്കുന്നതല്ല ,
ദൈവം നമ്മളെ ആ വഴിയിലൂടെ നടത്തുന്നതാണ്.
അന്ന് സാം സമാധാനത്തോടെ ഉറങ്ങി.
അവന്റെ പ്രശ്നങ്ങൾ അപ്പോഴും തീർന്നിരുന്നില്ല.
ജോലി അപ്പോഴും കിട്ടിയിരുന്നില്ല.
സാഹചര്യങ്ങൾ അപ്പോഴും മാറിയിരുന്നില്ല.
പക്ഷേ…
അവന്റെ ഹൃദയത്തിന് മാറ്റം സംഭവിച്ചിരുന്നു
അവന് വീണ്ടും പ്രതീക്ഷ ലഭിച്ചിരുന്നു,
ദൈവത്തിലുള്ള പ്രതീക്ഷ.
രാജി ബെന്നി, അബുദാബി

- Advertisement -


Comments are closed.