ലേഖനം: പഴമയും പുതുമയും | ബിജു ജോസഫ്, ഷാർജ

“ജ്ഞാനത്താൽ വീട് പണിയപ്പെടും; വിവേകത്താൽ അത് സ്ഥിരപ്പെടും; അറിവിനാൽ അതിൻ്റെ മുറികൾ സകലവിധ വിലയേറിയതും മനോഹരവുമായ വസ്‌തുക്കളാൽ നിറയും. സദൃശ്യവാക്യങ്ങൾ 24:3-4

ആകാശ ചുംബികളായ വലിപ്പമേറിയ സൗധങ്ങളും, ഭൂമിയോട് പറ്റിച്ചേർന്നിരിക്കുന്ന ചെറു ഭവനങ്ങളും ഉറപ്പോടെ നിലനിൽക്കണമെങ്കിൽ അടിസ്ഥാനം ശക്തിമത്തായിരിക്കണം. അടിസ്ഥാനം ശക്തിയുള്ളതാണെങ്കിൽ ഏറെക്കുറെ, ഏത് കാലാവസ്ഥയും അതിജീവിക്കാൻ അതിന് കഴിയും. ഇതുപോലെ തന്നെയാണ് നമ്മുടെ ജീവിതവും, നമ്മളിൽ നിന്നും ഉണ്ടാകുന്ന തലമുറകളുടെ ജീവിതവും.

പൂർവപിതാക്കന്മാരുടെ ശാസന കലർന്ന ഉപദേശങ്ങൾ,ലോകത്തിലെ ഒരു യൂണിവേഴ്സിറ്റിയിൽ നിന്നും പഠിച്ചു സമ്പാദിക്കുവാൻ കഴിയാത്ത, ജീവിതാനുഭവത്തിന്റെ ചുട്ടുപൊള്ളുന്ന പഥ്യപദേശങ്ങൾ ആയിരുന്നു. പഥ്യപദേശങ്ങൾ സ്വാഭാവികമായും കയ്പ്പു കലർന്ന ഒരു അനുഭവം ഉണ്ടല്ലോ. അത് പിൻതലമുറകൾക്ക് രസിക്കാത്തതായിരുന്നു അന്നും,ഇന്നും. ഇന്നലത്തെ തലമുറകൾ, ഇന്നത്തെ തലമുറകൾക്ക് പഴയ തലമുറയാണ്. അവരിന്ന് അനേക കുഞ്ഞുങ്ങളുടെ മാതാവും പിതാവും ആയിരിക്കുന്നു.

രണ്ടു തലമുറകളും ജീവിതം എന്ന യാഥാർത്ഥ്യത്തെ തിരിച്ചറിയുന്നത്, അഥവാ കാണുന്നത് വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെയാണ്. മുൻ തലമുറ കൈപ്പും പുളിപ്പും മധുരവും കലർന്ന ജീവിതയാഥാർത്ഥ്യങ്ങളുടെ രസത്തെ രുചിച്ചു അനുഭവസമ്പത്ത് കൈവരിക്കുന്നു. ഇതുതന്നെയായിരുന്നു അവരുടെ പൂർവികരും അഥവാ മുൻഗാമികളും അനുഭവിച്ച രസം. പക്ഷേ അന്ന് അവർ, അപക്വവേഷം ധരിച്ച അവരുടെ പ്രായം ആ രസത്തെ രുചിക്കുവാൻ വൈമനസ്യം കാണിച്ചു എന്ന് മാത്രം.

ഇവിടെ നമ്മൾ മനസ്സിലാക്കേണ്ട ഒരു സത്യം, കാലത്തോളം പഴക്കമുള്ള കാലമാണ് യഥാർത്ഥ അധ്യാപകൻ. നമ്മുടെ ഓരോ വളർച്ചയിലും,വളർച്ചയുടെ ഘട്ടങ്ങളിലും നമ്മളോട് ചേർന്ന് നടക്കുന്ന,കിടക്കുന്നനമ്മളുടെ നിഴലിനേക്കാൾ, നിഴലിനോളം യാഥാർത്ഥ്യമാണ് കാലം. അഥവാ വ്യക്തിത്വമുള്ള അദൃശ്യസത്യമാണ് കാലമെന്ന അധ്യാപകൻ. മൗനമായിരുന്നു അതിനെ കാണാനും കേൾക്കുവാനും മനസ്സിലാക്കാനും സാഹചര്യങ്ങൾ ഒരുക്കി നമ്മുടെ ഒരു സന്തതസഹചാരിയായി കൂടെ യാത്ര ചെയ്യുന്ന പലതിനും സാക്ഷ്യം നിൽക്കുന്ന സഹയാത്രികൻ. കാഴ്ചകളെയും കേൾവികളെയും ചിന്തകളെയും നിരൂപണങ്ങളെയും സ്പർശനങ്ങളെയും യഥാർത്ഥമായി തിരിച്ചറിയുന്ന വിവേചനം എന്ന യാഥാർത്ഥ്യബോധം അഥവാ സുബോധം ആ, അനുഭവസമ്പത്തിന് നമ്മൾ ഉടമസ്ഥരാകുമ്പോൾ ശബ്ദമില്ലാത്ത കയ്യടികൾ നൽകി കാലമെന്ന അധ്യാപകൻ അപ്പോഴും ഒരു മൂകസാക്ഷിയായി കൂടെ നിൽപ്പുണ്ടാവും. പിൻതലമുറകൾക്ക് യഥേഷ്ടം പങ്കിട്ടുകൊടുക്കാൻ തക്ക അനുഭവസമ്പത്ത്, ജീവിതാനുഭവ പഥ്യപദേശരസം അത് അവരുടെ കെട്ടുറപ്പുള്ള ജീവിതത്തിന് അടിസ്ഥാനമായി മാറും.ആ ശക്തിമത്തായ സമ്പത്തിന്റെ ഉറപ്പിൽ ആ ജീവിതം എന്ന കെട്ടിടം ഏത് കാലാവസ്ഥയെയും അതിജീവിച്ച്, അനേക സൗധങ്ങൾക്ക് സ്രഷ്ടാവാം ദൈവത്തിൻറെ “പുതു നിയമ” “സാക്ഷ്യസൗധ”മായി “ക്രിസ്തു പാറ” പോലെ ഉറച്ചുനിലനിൽക്കും.

 

ബിജു ജോസഫ്, ഷാർജ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading