ലേഖനം: റോമൻ കത്തോലിക്കാമതവും വഴിതെറ്റിച്ച പോപ്പുമാരും ഭാഗം – 2

മൂന്നു ആഫ്രിക്കന്‍ പോപ്പുമാർ

റോമന്‍ കത്തോലിക്കാസഭയെ ഉപദേശത്തില്‍ വഴിതെറ്റിക്കുന്നതില്‍ ആഫ്രിക്കയില്‍ നിന്നുള്ള കറുത്തവര്‍ഗ്ഗക്കാരായ മൂന്നു പോപ്പുമാര്‍ വഹിച്ച പങ്കു ചിന്താതീതമാണ്. വിക്ടര്‍ ഒന്നാമന്‍, മില്‍റ്റിയാഡെസ്, ഗലേഷ്യസ് ഒന്നാമന്‍ എന്നിവര്‍ ആയിരുന്നു അവര്‍. എല്ലാക്കാലത്തും സമകാലികദുരൂപദേശങ്ങള്‍ ആഫ്രിക്കയില്‍നിന്നു നുഴഞ്ഞു കയറുന്നുണ്ടു എന്നതു സഭാചരിത്രത്തിലെ സത്യമാണ്. അടുത്തകാലത്തായി Fire Worship എന്ന പേരിൽ പെന്തക്കോസ്തു എന്ന വ്യാജേന ഒരു മൂവ്‌മെന്റ് ആരംഭിച്ചതും ആഫ്രിക്കയില്‍ നിന്നായിരുന്നല്ലോ. അതില്‍ ഒരാളെ Prophet Fire Oja എന്നാണു വിളിക്കുന്നതുപോലും!

ദുരുപദേശം സംഭാവന ചെയ്യുന്നതില്‍ ആഫ്രിക്കക്കുള്ള പങ്കു വിളിച്ചറിയിക്കുന്നതായിരുന്നു പാന്‍ഥെയ്‌നസു 180-190 കാലയളവില്‍ സ്ഥാപിച്ച അലെക്‌സാണ്‍ഡ്രിയായിലെ കാറ്റെക്കെറ്റിക്കല്‍ സ്‌കൂള്‍. ഈ സ്‌കൂള്‍ വിശുദ്ധ മര്‍ക്കോസാണു സ്ഥാപിച്ചതെന്ന വ്യാജവാദം ജെറോം ഉന്നയിച്ചിട്ടുണ്ടു. ഈ സ്‌കൂള്‍ ഉല്പാദിപ്പിച്ച ഏറ്റവും വലിയ ദുരൂപദേശകന്‍ ആയിരുന്നു ഒറിഗണ്‍. അദ്ദേഹം അടിസ്ഥാനപരമായി ജ്ഞാനാത്മവാദി (Gnostic) ആയിരുന്നു. ജ്ഞാനവാദം അഭിവൃദ്ധി പ്രാപിക്കുകയും ആദ്യകാല ക്രിസ്തുമതവുമായി അതിശക്തമായി ഇടപെഴുകുകയും ചെയ്ത പ്രാഥമിക ബൌദ്ധിക കേന്ദ്രം അലെക്‌സാണ്‍ഡ്രിയ ആയിരുന്നു. ഈ ഇഴഞ്ഞുകയറ്റം ശ്രദ്ധിക്കപ്പെടാതെയിരുന്നില്ല. എന്നാല്‍ ഒരു ആന്തരിക എതിരാളിയായി പ്രവര്‍ത്തിച്ചു എന്നതാണു ജ്ഞാനവാദത്തിന്റെ പ്രത്യേകത. അപ്പൊസ്തലികകാലത്തു തന്നേ ഇതിന്റെ ആരംഭം കുറിച്ചിരുന്നുവല്ലോ. രണ്ടാം നൂറ്റാണ്ടു ആയപ്പോഴേക്കും ഗ്രീക്കു ഫിലോസഫി, യൂദായിസം, ക്രിസ്ത്യാനിത്വം എന്നിവ ചേര്‍ന്നു ഒന്നിച്ചു തിളെച്ചുമറിയുന്ന ഒരു മൺകലമായി അലെക്‌സാണ്‍ഡ്രിയ എന്ന കോസ്‌മോപോളിസ് തീര്‍ന്നു. ബാസിലിഡെസ്, വാലന്റീനെസ് തുടങ്ങി ചരിത്രത്തിലെ പ്രഗത്ഭരും അപ്പോൾത്തന്നെ അപകടകാരികളുമായ ജ്ഞാനവാദചിന്തകര്‍ അവിടെ നിന്നു ഉദയം ചെയ്തു. Gnosis എന്നതു ദൈവികദാനമാണെന്നാണു കൂറിലോസും (Cyril) ഒറിഗണും സിദ്ധാന്തിച്ചത്. അലെക്‌സാണ്‍ഡ്രിയന്‍ ടെക്‌സ്റ്റു ടൈപ്പ് എന്നു വകതിരിച്ചിരിക്കുന്ന കയ്യെഴുത്തുപ്രതികള്‍ നോസ്റ്റിക് ഗോസ്പല്‍സ് ആണ്.

1) പോപ്പ് വിക്റ്റര്‍ ഒന്നാമൻ

വടക്കന്‍ ആഫ്രിക്കയിലെ പ്രാദേശിക ഗോത്രമായ ബെര്‍ബെര്‍ (Berbers) വംശത്തില്പെട്ടവനായിരുന്നു വിക്റ്റര്‍. അദ്ദേഹം റോൻ-ആഫ്രിക്കന്‍ സഭാധ്യക്ഷന്‍ ആയിരിക്കെ 189-ല്‍ റോമന്‍ ബിഷപ്പായി. ലിബിയായിലോ ട്യൂണീഷ്യയിലോ അദ്ദേഹം ജനിച്ചുവെന്നു കരുതപ്പെടുന്നു. പതിന്നാലാമത്തെ പോപ്പായി കണക്കാക്കപ്പെടുന്ന അദ്ദേഹം പതിനൊന്നു വര്‍ഷം പോപ്പ് (അന്നു ഈ പദവി ഇല്ലെങ്കിലും) ആയിരുന്നുവെന്നു കത്തോലിക്കാസഭ പറയുന്നു. റോമന്‍ പ്രവിശ്യയില്‍ ജനിച്ചു വളര്‍ന്നതിനാല്‍ അദ്ദേഹം ലത്തീന്‍ഭാഷയില്‍ പ്രാവീണ്യം നേടിയിരുന്നു. അക്കാലത്തു റോമന്‍ നോര്‍ത്ത്-ആഫ്രിക്ക ലത്തീന്‍ ക്രിസ്ത്യാനിത്വത്തിന്റെ സംഗമകേന്ദ്രം (Hub) ആയിരുന്നു. എന്നാല്‍ റോമില്‍ അപ്പോഴും ഗ്രീക്കു ക്രിസ്ത്യാനിറ്റിയായിരുന്നു പിടിമുറുക്കിയിരുന്നതു. വിക്റ്റര്‍ ബിഷപ്പ് ആയതോടെ അദ്ദേഹം മാസ്സും, ലിറ്റര്‍ജിയും, ബിഷപ്പിന്റെ ഔദ്യേഗിക എഴുത്തുകുത്തുകളും എല്ലാം ലത്തീനഭാഷയിലേക്കു മാറ്റി. മാത്രമല്ല, ആദ്യമായി തിയോളജിക്കല്‍ ട്രീറ്റീസു ലത്തീന്‍ഭാഷയില്‍ എഴുതിത്തുടങ്ങിയതും വിക്റ്റര്‍ ആയിരുന്നു. ഈ പരിവര്‍ത്തനത്തിന്റെ പാരമ്യത്തിലാണു ദെമസ്‌കോസു ഒന്നാമന്‍ ജെറോമിനെക്കൊണ്ടു ലത്തീന്‍ ബൈബിള്‍ പരിഷ്‌കരിപ്പിച്ചു ലത്തീന്‍ വള്‍ഗേറ്റ് ഉണ്ടാക്കിച്ചതു. ലത്തീന്‍ വള്‍ഗേറ്റ് കത്തോലിക്കാസഭയുടെ വിശ്വാസപാതത്തിനും അനവധിയായ ദുരൂപദേശത്തിനും വഴിത്തെറ്റലിനും കാരണമായി എന്നതു ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായമാണല്ലോ. രണ്ടാം നൂറ്റാണ്ടില്‍ നിയോ പ്ലേറ്റോണിസം തമ്മില്‍ തിരിച്ചറിയാന്‍ ആവാത്തവിധം ക്രിസ്ത്യാനിത്വത്തിനു സമാന്തമായി ഒഴുകി എന്നാണു The Lion Concise Book of Christian Thought-ല്‍ Tony Lane രേഖപ്പെടുത്തിയിരിക്കുന്നതു. ഗ്രീക്കു ഫിലോസഫിയില്‍നിന്നു സഭ ഒരുവിധം രക്ഷപ്പെട്ടുവരുമ്പോഴായിരുന്നു ലത്തീന്‍ തീയോളജിയുടെ രംഗപ്രവേശം. 21-ാം നൂറ്റാണ്ടിലും അതു കത്തോലിക്കാമതത്തെ വരിഞ്ഞുമുറുക്കി ബന്ധനത്തിലാക്കിയിരിക്കുന്നു.

പീയൂസ് ഒന്നാമന്‍ (Pious-I) ഉയിര്‍പ്പിന്‍ ദിനാചരണം ഞായറാഴ്ചയായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും റോമിലെ സഭകള്‍ മാത്രമേ അതു അംഗീകരിച്ചുള്ളൂ. റോമന്‍ പ്രവിശ്യാസഭകളും കിഴക്കന്‍സഭകളും തീയതി ആചരണത്തിൽ (അതായതു നീസാന്‍ 14-ാം തീയതി ക്രൂശീകരണവും 16-ാം തീയതി ഉയിര്‍പ്പും) നിലനിന്നു. ഇതില്‍ ക്ഷുഭിതനായ വിക്റ്റര്‍ ഒന്നാമന്‍ വിമതരെ (?) ശക്തമായി നേരിട്ടു. എഫേസോസിലെ പോളിക്രാറ്റസിനാല്‍ നയിക്കപ്പെട്ടിരുന്ന ഏഷ്യാമൈനറിലെ കിഴക്കന്‍ ബിഷപ്പസിനെ സഭാക്കൂട്ടായ്മയില്‍നിന്നു പുറത്താക്കുവാന്‍ ശ്രമിച്ചു. ഇതിനെതിരെ റോമന്‍ ബിഷപ്പ്സ് തന്നെ രംഗത്തുവന്നു. അവര്‍ ഞായറാഴ്ച ആചരണം അംഗീകരിച്ചിരുന്നുവെങ്കിലും വിക്റ്ററിന്റെ കടുത്ത തീരുമാനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയും; ലിറ്റര്‍ജിക്കല്‍ പാരമ്പര്യത്തിന്റെ പേരില്‍ ആഗോളസഭയുടെ സമാധാനത്തിനും ഐക്യത്തിനും ഭീഷണി ഉയര്‍ത്തിയതിനു അവര്‍ വിക്റ്ററിനെ നിശിതമായി ശാസിക്കുകയും ചെയ്തു. ഐറേനിയസു സമവായവുമായി മുന്നോട്ടുവന്നു. ഇങ്ങനെ പ്രതിസന്ധിക്കു വിരാമമായി. വിക്റ്റര്‍ വഴങ്ങി. പിന്നീടു നിഖ്യാസുന്നഹദോസിലാണു ഈ വിഷയത്തിനു ഒരു ഏകീകൃതതീര്‍പ്പു കല്പിച്ചതു.

അടിക്കുറിപ്പ്:-

പതിനാറാമത്തെ പോപ്പായിരുന്ന കല്ലിക്‌സ്റ്റസിനെ സഭയില്‍ ഏകപക്ഷീയ അമിതാധികം ഉപയോഗിച്ചു. ഇതു ദുരുപദേശം ആയിരുന്നു. റോമൻ ബിഷപ്പിനു വർദ്ധിത ആത്മികാധികാരം ഉണ്ടെന്നും അതിലൂടെ ഏതൊരു പാപിയോടും കാരുണ്യം കാണിപ്പാനും അധികാരമുണ്ടെന്നും ഒരു വാദം ഉയരുന്നുണ്ടായിരുന്നു. ഇതിനെ വിമര്‍ശിച്ചു De Pudicitia (On Modesty) എന്ന ലേഖനം തെര്‍ത്തുല്യന്‍ എഴുതി. വ്യഭിചാരമോ പരസംഗമോ ചെയ്ത ക്രിസ്ത്യാനികൾക്കു വീണ്ടും പ്രവേശനം അനുവദിച്ചതിനു എതിരെയായിരുന്നു ഈ കൃതി. ഇതിൽ തെർത്തുല്യൻ പാപങ്ങളെ, പരിഹരിക്കാവുന്ന തെറ്റുകൾ എന്നും ക്ഷമിക്കാനാവാത്ത “മഹാമാരി” കുറ്റകൃത്യങ്ങൾ എന്നും രണ്ടായി വിഭജിക്കുന്നു. വ്യഭിചാരവും പരസംഗവും രണ്ടാമത്തെ വിഭാഗത്തിൽ ഉൾപ്പെടുന്നു. ദൈവത്തിനു ഏതൊരു പാപവും ക്ഷമിക്കാൻ കഴിയുമെങ്കിലും, സ്നാനത്തിനുശേഷം ഭൂമിയിലെ സഭ ലൈംഗിക പാപികൾക്കു രണ്ടാമതും കൂട്ടായ്മയ നല്കരുതെന്നു അദ്ദേഹം വാദിച്ചു. അങ്ങനെ തെർത്തുല്യന്റെ നിലപാടു കാലിക്സ്റ്റസ് വിരുദ്ധആദ്യകാല വെല്ലുവിളിയായി വേറിട്ടുനിൽക്കുന്നു.

2) പോപ്പ് മെൽക്കിയാഡെസ്സ്

വടക്കൻ ആഫ്രിക്കയിൽ നിന്നുള്ള രണ്ടാമത്തെ പോപ്പ് ആയിരുന്നു മിൽറ്റിയാഡെസ് എന്നും പേരുള്ള മെൽക്കിയാഡെസ്സ്. 311 മുതൽ 314 വരെ ഇദ്ദേഹം റോമിലെ ബിഷപ്പ് ആയിരുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്താണു കുസ്തന്തീനോസ് മിലാൻ വിളംബരം (313) പുറപ്പെടുവിച്ചത്. മാത്രമല്ല പോപ്പിന്റെ ഭരണസിരാകേന്ദ്രം ആയി മാറിയ ലാറ്ററൽ കൊട്ടാരം നിർമ്മിച്ച എംപെറസ് കൊട്ടാരം ബിഷപ്പിനു ലഭിച്ചു. വിശ്വാസത്യാഗികളായ ബിഷപ്പിനെയും പുരോഹിതന്മാരെയും പുനർസ്നാനം നടത്തണമെന്ന ഡൊനാറ്റസ് മാഗ്നസിന്റെ പഠിപ്പിക്കലിനെ മിൽറ്റിയാഡെസ്, ലാറ്റെറൽ കൗൺസിലിൽവച്ചു (ഒക്ടോബർ 2-4, 313) തള്ളി. പുതിയ പല കീഴ്‌വഴക്കങ്ങൾക്കും ഇദ്ദേഹത്തിന്റെ ഭരണകാലം സാക്ഷിയായി. ഫാപ്പാമാരുടെ ജീവചരിത്രവഴികളായ ലിബർ പൊന്തിഫിക്കാലിസ് അനുസരിച്ചു വ്യാഴം, ഞായർ ദിവസങ്ങളിൽ ഉപവസിക്കാതിരിക്കുക എന്ന നിർദ്ദേശം വച്ചു.

പുളിപ്പിന്റെ അപ്പം

കൂടാതെ ഐക്യതയുടെ അടയാളമായി പാപ്പാ വാഴ്ത്തിയ അപ്പം റോമിലെ ബിഷപ്പിൽനിന്നു ചുറ്റുപാടുമുള്ള സഭകളുടെ ബിഷപ്പുമാരിലേക്കു സഭയുടെ ഒരു ശുശ്രൂഷകൻ കൊണ്ടുക്കൊടുക്കുന്ന രീതി നിലവിൽ വന്നു. ഇതു സ്വീകരിക്കുന്ന ബിഷപ്പ് അദ്ദേഹത്തിന്റെ അടുത്തു ദിവ്യബലിയിൽ ഇതു ഭക്ഷിക്കും. “ഫെർമെന്റം” എന്നാണു ഇ

ഈ അപ്പം അറിയപ്പെട്ടിരുന്നത്. സഭ ലോകത്തിനു പുളിപ്പായിരിക്കണം എന്നർത്ഥം. ഇത്തരം കീഴ്‌വഴക്കം മറ്റൊരു രീതിയിൽ രണ്ടാം നൂറ്റാണ്ടുമുതൽ ആചരിച്ചു വന്നിരുന്നുവെന്ന് അന്ത്യോഖ്യയിലെ ഇഗ്നേഷ്യസും ഐറേനിയസും രേഖപ്പെടുത്തിയിരിക്കുന്നു. ഒരു പട്ടണത്തിലേക്കു മറ്റൊരു പട്ടണത്തിലെ ബിഷപ്പ് സന്ദർശനത്തിനായി വരുമ്പോൾ, ലോക്കൽ ബിഷപ്പ് സന്ദർശക ബിഷപ്പിനു ഫെർമെന്റം കൊടുത്തുവിടുകയും അദ്ദേഹം അതു വാഴ്ത്തുവാൻ അനുവദിക്കുകയും ചെയ്തിരുന്നു. തങ്ങൾ ഒരേ വിശ്വാസക്കാർ ആണെന്നു സ്ഥാപിക്കാനാണു ഇങ്ങനെ ചെയ്തിരുന്നതു എന്നു പറയപ്പെടുന്നു. മെൽക്കിയാഡെസ് ചെയ്തതു എന്താണെന്നു വെച്ചാൽ റോമിലെ ചർച്ചസിന്റെ കീഴിൽ ചുറ്റുമുള്ള പ്രദേശങ്ങളിൽ സഭകൾ സംജാതമായപ്പോൾ അവ ഐക്യതയിൽ റോമുമായി ഒന്നായിരിക്കുന്നു എന്നതിന്റെ അടയാളമായി ഫെർമെന്റം കൊടുത്തു അയച്ചു. ഇങ്ങനെ കൊടുക്കുവാനായി Capsa, Pyx എന്നിങ്ങനെ മുദ്രയിട്ട വിശുദ്ധപാത്രങ്ങൾ(?) തയ്യാറാക്കി. പിൽക്കാലത്തു ഇതു പരിഷ്കരിച്ചു അരുളിക്ക എന്നു മലയാളത്തിൽ പേർ പറയുന്ന Monstrance ഇതിനായി തയ്യാറാക്കി. Acolytes എന്ന പദവിയുള്ള ശുശ്രൂഷകൻ വിശുദ്ധതുണിയിൽ(?) പൊതിഞ്ഞ ഈ പാത്രം നെഞ്ചോടുചേർത്തു പ്രത്യേക പ്രോട്ടോകോൾ പ്രകാരം കൊണ്ടുപോയി കൊടുക്കണമായിരുന്നു. “ലോകത്തെ പുളിപ്പിക്കുന്ന ക്രിസ്തുവിനെ ശരീരമായ ഫെർമെന്റം” എന്ന ഉപദേശം മെൽക്കിയാഡെസിന്റെ കാലത്തു ഔദ്യോഗികമായി നിലവിൽവന്നു. ഐക്യതയോടെ പേരു പറഞ്ഞു റോം മറ്റു സഭകളുടെമേൽ ദിവ്യബലിയുടെ മിച്ചം ഉപയോഗിച്ചു ആധിപത്യം സ്ഥാപിച്ചു. ഇതെല്ലാം വിഗ്രഹാരാധനയുടെ പുതിയ ഭാവങ്ങളായി പില്ക്കാലത്തു മാറി എന്നു പ്രത്യേകം പറയേണ്ടല്ലോ. പൗലോസ് ശ്ലീഹ പഠിപ്പിച്ച പുളിപ്പില്ലായ്മയും പുതിയപിണ്ഡവും എവിടെ? പകരം വന്ന ഫെർമെന്റം എവിടെ? മർമ്മം മഹതിയാം റോം എത്ര മനോഹരം. അല്ലേ?

(തുടരും)

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading