എഫ്‌സിആർഎ ഭേദഗതി: സന്നദ്ധ സംഘടനകളുടെ പ്രവർത്തനം തടസ്സപ്പെടരുതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി.
ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്‌സിആർഎയിൽ നിർദേശിച്ചിരിക്കുന്ന ഭേദഗതികൾ മിഷനറി, സന്നദ്ധ, ജീവകാരുണ്യ സംഘടനകളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കരുതെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി. ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. സാധാരണ സഭാ നടപടികൾ നിർത്തിവച്ച് വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
വിദ്യാഭ്യാസം, ആരോഗ്യം, അനാഥ-വയോജന സംരക്ഷണം, ഗോത്രവർഗ ക്ഷേമം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന നിരവധി വിശ്വാസാധിഷ്ഠിത സംഘടനകളും സന്നദ്ധ സംഘടനകളും വിദേശ സംഭാവനകളെ ആശ്രയിച്ചാണ് സേവന പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് എം.പി. ചൂണ്ടിക്കാട്ടി.
വിദേശ സംഭാവനകളുടെ വിനിയോഗത്തിൽ സുതാര്യത ഉറപ്പാക്കുന്നതിനുള്ള നടപടികളെ സ്വാഗതം ചെയ്യുമ്പോഴും, നിയമാനുസൃതമായി പ്രവർത്തിക്കുന്ന സംഘടനകൾക്ക് അമിതമായ നിയമക്കുരുക്കുകളും ഭരണപരമായ തടസ്സങ്ങളും ഉണ്ടാകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിൽ പ്രവർത്തിക്കുന്ന ചെറിയ സന്നദ്ധ സംഘടനകൾക്ക് അധിക സാമ്പത്തികവും ഭരണപരവുമായ ബാധ്യതകൾ ഉണ്ടാകുന്ന വ്യവസ്ഥകൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
എഫ്‌സിആർഎ രജിസ്ട്രേഷനും പുതുക്കലിനും വ്യക്തവും സമയബന്ധിതവുമായ മാനദണ്ഡങ്ങൾ വേണമെന്നും, നടപടികളിൽ വീഴ്ച നേരിടുന്ന സംഘടനകൾക്ക് അപ്പീൽ നൽകുന്നതിനുള്ള വ്യക്തമായ സംവിധാനം ഒരുക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി. ആവശ്യപ്പെട്ടു.
നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാമെങ്കിലും, നിയമാനുസൃതമായി പ്രവർത്തിക്കുന്ന സംഘടനകളെ കേവലം സംശയത്തിന്റെ പേരിൽ തടയുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സന്നദ്ധ, ജീവകാരുണ്യ, മിഷനറി സംഘടനകളുടെ പ്രതിനിധികളുമായി സമഗ്രമായ കൂടിയാലോചന നടത്തിയ ശേഷമേ എഫ്‌സിആർഎയിൽ പ്രധാന മാറ്റങ്ങൾ നടപ്പാക്കാവൂ എന്നും എം.പി. ആവശ്യപ്പെട്ടു.
നിലവിൽ എഫ്‌സിആർഎ ഭേദഗതി ബില്ലിനെ ചൊല്ലി പ്രതിപക്ഷവും വിവിധ സംഘടനകളും ശക്തമായ ആശങ്കകൾ ഉയർത്തുന്ന സാഹചര്യത്തിലാണ് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ അടിയന്തര പ്രമേയ നോട്ടീസ്.

- Advertisement -


Comments are closed.