കന്ധമാൽ ക്രൈസ്തവ കലാപ അന്വേഷണ റിപ്പോർട്ട് കാണാതായി; സി.ഐ.ഡി അന്വേഷണത്തിന് ഒഡീഷ സർക്കാർ ഉത്തരവ്
ഭുവനേശ്വർ: 2008-ൽ ഒഡീഷയിലെ കന്ധമാലിൽ നടന്ന ക്രൈസ്തവ വിരുദ്ധ കലാപത്തെക്കുറിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് എ.എസ്. നായിഡു കമ്മിഷന്റെ റിപ്പോർട്ട് കാണാതായ സംഭവത്തിൽ സി.ഐ.ഡി അന്വേഷണം നടത്താൻ മുഖ്യമന്ത്രി മോഹൻ ചരൺ മാജി നിർദേശം നൽകി. റിപ്പോർട്ട് അപ്രത്യക്ഷമായ സാഹചര്യത്തിൽ ഇതുസംബന്ധിച്ച വസ്തുതകൾ കണ്ടെത്തുന്നതിനാണ് അന്വേഷണം ആരംഭിക്കുന്നത്.
വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവായിരുന്ന സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ കൊലപാതകവും അതിനെത്തുടർന്ന് കന്ധമാൽ ജില്ലയിൽ ക്രൈസ്തവ സമൂഹത്തിനെതിരെ നടന്ന വ്യാപക അക്രമങ്ങളും അന്വേഷിക്കാനായിരുന്നു ജസ്റ്റിസ് എ.എസ്. നായിഡു കമ്മിഷനെ നിയോഗിച്ചിരുന്നത്. ബിജു ജനതാദൾ സർക്കാരിന്റെ ഭരണകാലത്താണ് കമ്മിഷൻ അന്വേഷണം നടത്തിയത്.
2008 ഓഗസ്റ്റ് 23-ന് സ്വാമി ലക്ഷ്മണാനന്ദ സരസ്വതി കൊല്ലപ്പെട്ടതിനെ തുടർന്ന് കന്ധമാലിൽ വ്യാപക അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ദേവാലയങ്ങൾക്കും ആയിരക്കണക്കിന് വീടുകൾക്കും നാശനഷ്ടമുണ്ടാകുകയും ചെയ്തതായി വിവിധ റിപ്പോർട്ടുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അക്രമത്തെ തുടർന്ന് പതിനായിരക്കണക്കിന് ആളുകൾ സ്വന്തം വീടുകൾ വിട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടിവന്നതായും രേഖകളിൽ പറയുന്നു.
രാജ്യത്തെ ഏറ്റവും ഗുരുതരമായ വർഗീയ-മതാതിക്രമ സംഭവങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന കന്ധമാൽ കലാപവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് കാണാതായ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികളെ കണ്ടെത്തണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.


- Advertisement -


Comments are closed.