മൗണ്ട് സിയോൺ ബൈബിൾ സെമിനാരിക്ക് ചർച്ച് ഓഫ് ഗോഡിന്റെ പ്രമുഖ ദൈവശാസ്ത്ര പഠനകേന്ദ്രമായി ഔദ്യോഗിക അംഗീകാരം ലഭിച്ചു
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ജനറൽ അസംബ്ലി 2026-ൽ മൗണ്ട് സിയോൺ ബൈബിൾ സെമിനാരിക്ക് സുപ്രധാനമായ അന്താരാഷ്ട്ര അംഗീകാരം. ആഗോള ദൈവശാസ്ത്ര വിദ്യാഭ്യാസ കൂട്ടായ്മയുമായുള്ള ഔദ്യോഗിക രേഖയിൽ ഒപ്പുവെച്ചതോടെ, മൗണ്ട് സിയോൺ ബൈബിൾ സെമിനാരിയെ ചർച്ച് ഓഫ് ഗോഡിന്റെ പ്രമുഖ ദൈവശാസ്ത്ര പഠനകേന്ദ്രങ്ങളിലൊന്നായി വോട്ടവകാശത്തോടുകൂടി ഔദ്യോഗികമായി അംഗീകരിച്ചു.

ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻസിന്റെ മിഷനറി ആഘോഷ പരിപാടിക്ക് പിന്നാലെയാണ് ഔദ്യോഗിക ഒപ്പുവെക്കൽ ചടങ്ങ് നടന്നത്. ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻസിന്റെ പുതുതായി നാമനിർദേശം ചെയ്യപ്പെട്ട ജനറൽ ഡയറക്ടർ ഡോ. ഡേവിഡ് റാമിറസ് ചടങ്ങിന് ആതിഥേയത്വം വഹിച്ചു.
മൗണ്ട് സിയോൺ ബൈബിൾ സെമിനാരിയെ പ്രതിനിധീകരിച്ച് ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻസ് ദക്ഷിണേഷ്യാ സൂപ്രണ്ട് ബിഷപ്പ് സി. സി. തോമസ് ഔദ്യോഗിക രേഖയിൽ ഒപ്പുവച്ചു.
ആഗോള ദൈവശാസ്ത്ര വിദ്യാഭ്യാസ കൂട്ടായ്മയ്ക്ക് ദീർഘവീക്ഷണത്തോടെ നേതൃത്വം നൽകുകയും ലോകമെമ്പാടുമുള്ള ദൈവശാസ്ത്ര വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കുകയും ചെയ്യുന്ന ഡോ. ബ്ലെയ്ൻ വാൾട്രിപ്പിന്റെ നേതൃത്വത്തിനും സേവനത്തിനും മൗണ്ട് സിയോൺ ബൈബിൾ സെമിനാരി നന്ദി അറിയിച്ചു.
ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻസ് ദക്ഷിണേഷ്യാ സൂപ്രണ്ട് റവ. സി. സി. തോമസ്, ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. വൈ. റെജി, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ഡോ. ഷിബു കെ. മാത്യു, വിദ്യാഭ്യാസ ഡയറക്ടർ ഡോ. ജെയ്സൺ തോമസ് എന്നിവരുടെയും ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സഭാ കൗൺസിലിന്റെയും നിരന്തരമായ മാർഗനിർദേശത്തിനും പിന്തുണയ്ക്കും സെമിനാരി നേതൃത്വം ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.
മൗണ്ട് സിയോൺ ബൈബിൾ സെമിനാരി ആരംഭിച്ചതിന്റെ ശതാബ്ദി വർഷത്തിൽ ലഭിച്ച ഈ അംഗീകാരം സ്ഥാപനത്തിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.
അക്കാദമിക മികവും ബൈബിൾ സത്യങ്ങളോടുള്ള വിശ്വസ്തതയും ഉയർത്തിപ്പിടിച്ചുകൊണ്ട് ആഗോള ശുശ്രൂഷയ്ക്കായി ക്രിസ്തുകേന്ദ്രീകൃത നേതാക്കളെ സജ്ജരാക്കുക എന്ന സെമിനാരിയുടെ ദർശനത്തിന് ഈ അംഗീകാരം കൂടുതൽ ശക്തി പകരുമെന്ന് നേതൃത്വം അറിയിച്ചു.


- Advertisement -


Comments are closed.