നീറ്റ് പരീക്ഷ ക്രമക്കേട്: യുവതയെ കേൾക്കണം; അവരിലാണ് നാടിന്റെ ഭാവി
കോട്ടയം: മത്സരപ്പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രാജ്യത്തെ യുവജനങ്ങളും വിദ്യാർത്ഥികളും ഉയർത്തുന്ന ആശങ്കകൾക്ക് ക്രിയാത്മകമായ പരിഹാരം കണ്ടെത്താൻ ഭരണാധികാരികൾ തയ്യാറാകണമെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ആവശ്യപ്പെട്ടു.
പുതുതലമുറയുടെ ഊർജസ്വലത തെരുവിൽ പാഴാക്കാനുള്ളതല്ലെന്നും അവരുടെ ചിന്താശേഷിയും സർഗാത്മകതയും നാടിന്റെ വികസനത്തിനായി വിനിയോഗിക്കണമെന്നും സഭയുടെ പബ്ലിക് റിലേഷൻസ് വിഭാഗം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ യുവത കടുത്ത പ്രതിഷേധത്തിലും നിരാശയിലുമാണ്.
ആശയങ്ങളെ ആയുധങ്ങൾകൊണ്ട് നേരിടുന്ന കാഴ്ചകൾ ജനാധിപത്യ മൂല്യങ്ങളെ മുറിവേൽപ്പിക്കുന്നതാണെന്നും അതേസമയം പ്രതിഷേധങ്ങൾ അതിക്രമത്തിന്റെ പാതയിലേക്ക് നീങ്ങാതിരിക്കാൻ യുവസമൂഹവും ജാഗ്രത പാലിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.
ചോദ്യപേപ്പർ ചോർച്ച മാപ്പർഹിക്കാത്ത കുറ്റമാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ്. സംഭവങ്ങളിലെ മുഴുവൻ കുറ്റക്കാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ നടപടി സ്വീകരിക്കണം.
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയും തുടർന്നുണ്ടായ പരീക്ഷാ റദ്ദാക്കലുകളും ആയിരക്കണക്കിന് വിദ്യാർത്ഥികളെയും അവരുടെ കുടുംബങ്ങളെയും മാനസികമായി തളർത്തിയിട്ടുണ്ട്. സ്വപ്നങ്ങൾ തകർന്ന് ആത്മഹത്യ ചെയ്ത കുട്ടികളും കണ്ണീരണിഞ്ഞ അവരുടെ കുടുംബങ്ങളും സമൂഹത്തിന്റെ മനസ്സാക്ഷിക്കു മുന്നിൽ വലിയ ചോദ്യചിഹ്നമായി നിലകൊള്ളുന്നുവെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ മേഖല പൂർണമായും സുതാര്യവും അഴിമതിരഹിതവുമാകണമെന്ന ന്യായമായ ആവശ്യം കേൾക്കാനും അനുഭാവപൂർവം പരിഹാരം കണ്ടെത്താനും അധികൃതർ അടിയന്തരമായി തയ്യാറാകണമെന്നും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ആവശ്യപ്പെട്ടു.


- Advertisement -

Comments are closed.