സമൂഹത്തോട് പ്രതിബദ്ധതയുള്ള ഉത്തമ പൗരന്മാരായി വിദ്യാര്‍ത്ഥികള്‍ വളരണം: മന്ത്രി റോജി എം. ജോണ്‍

പെരുമ്പാവൂര്‍: വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം തൊഴില്‍ നേടുക മാത്രമല്ലെന്നും സമൂഹത്തോട് പ്രതിബദ്ധതയുള്ള ഉത്തമ പൗരന്മാരായി വളരുക എന്നതുകൂടിയാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍ പറഞ്ഞു.
മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘത്തിന്റെ ചുമതലയിലുള്ള പെരുമ്പാവൂര്‍ മാര്‍ത്തോമ്മാ കോളജ് ഫോര്‍ വിമണില്‍ നിന്ന് മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ റാങ്ക് നേടിയ വിദ്യാര്‍ഥിനികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച ‘മാര്‍ത്തോമ്മാ മെറിറ്റ് ഡേ 2026’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസം സമൂഹത്തിലെ അസമത്വങ്ങളെ നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ സമത്വശക്തിയാണെന്ന് മന്ത്രി പറഞ്ഞു. അതിനാല്‍ വിദ്യാഭ്യാസത്തെ ജീവിതത്തിലെ വിലപ്പെട്ട സമ്പത്തായി കണ്ട് മികവിലേക്ക് ഉയരാന്‍ വിദ്യാര്‍ഥികള്‍ പരിശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കോളജില്‍ നിന്ന് സര്‍വകലാശാലാതലത്തില്‍ റാങ്ക് നേടിയ 16 വിദ്യാര്‍ഥിനികള്‍ക്കും വിവിധ ബിരുദ, ബിരുദാനന്തര കോഴ്‌സുകളില്‍ ഉന്നതവിജയം നേടിയവര്‍ക്കും മന്ത്രി അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വിവിധ വിഷയങ്ങളിലായി കോളജിലെ വിദ്യാര്‍ഥിനികള്‍ 16 സര്‍വകലാശാല റാങ്കുകളാണ് കരസ്ഥമാക്കിയത്.
മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘം ജനറല്‍ സെക്രട്ടറി റവ. എബി കെ. ജോഷ്വാ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. പെരുമ്പാവൂര്‍ എം.എല്‍.എ. മനോജ് മുത്തേടന്‍, മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘം സഞ്ചാര സെക്രട്ടറി റവ. ജിജി വറുഗീസ്, നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.എന്‍. സംഗീത, വികാരി ജനറാള്‍ റവ. ഡോ. സി.എ. വറുഗീസ്, കോളജ് ട്രഷറാര്‍ പി.കെ. കുരുവിള, പ്രിന്‍സിപ്പാള്‍ ഡോ. സുജോ മേരി വറുഗീസ്, കൗണ്‍സിലര്‍ കെ.ബി. നൗഷാദ്, കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. വിനീദ് കുമാര്‍, ഡോ. മിന്നു സൂസന്‍ കോശി, അഡ്വ. ബീവി പരീദ് എന്നിവര്‍ അനുമോദന പ്രസംഗങ്ങള്‍ നടത്തി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading